മത വിലാപ സാഹിത്യങ്ങൾ കൂടി വിദ്യാലയങ്ങളിൽ നിന്ന് ഒഴിവാക്കണം

28

ഷിജിൽ വലിയവളപ്പിൽ

സ്വഗോത്രസ്നേഹവും പരഗോത്ര വിദ്വോഷവും ആണ് മതത്തിന്റെ അടിസ്ഥാന സംഹിത. സ്വന്തം മതക്കാരോടു് മാത്രം തോന്നുന്ന പ്രത്യേക സ്നേഹത്തിലും, മതവിശ്വാസം വേറെയായതു കൊണ്ടു മാത്രം പ്രത്യേകിച്ച് മറ്റൊരു കാരണവും ഇല്ലാതെ ഒരാളോട് തോന്നുന്ന വിരോധവും ആണ് മതത്തിന്റെ മനശാസ്ത്ര രസതന്ത്രം. മതം വളരെ പഴയതാണു്. അതിലെ ധാർമ്മിക മൂല്യങ്ങൾ അതിൽ ആരോപിക്കപ്പെടുന്നവ മാത്രമാണ്. മത വിശ്വാസം കുട്ടികളിൽ വിദ്വോഷവും അന്ധവിശ്വാസവും ആത്മവിശ്വാസക്കുറവും, അശാസ്ത്രിയതയും വളർത്തുന്നത് കൊണ്ടാണു് ആധുനിക സമൂഹങ്ങൾ മതപഠനം നിയമം മൂലം നിരോധിക്കുന്നത്.വിദ്യാഭ്യാസം ഏറെക്കുറെ നമ്മുടെ സമൂഹത്തിൻ മത ചടങ്ങുകളാണ്. വിദ്യാരംഭത്തിൽ തുടങ്ങി, മതരാഗം ആലപിച്ച് ദക്ഷിണ നൽകി ഗുരുവിനോട് കീഴ്പ്പെട്ട്, ഗുരുമുഖത്തു നിന്ന് ദൈവികമെന്നോണം അടർന്നു വീഴുന്നവ ഭവ്യമായി സ്വീകരിക്കുന്ന അദ്ധ്യാപന, വിദ്യാഭ്യാസ രീതികൾ മാറണം. നന്നായി പഠിക്കാനും, നന്നായി പെരുമാറാനും, നല്ല വാക്ക് ഓതുവാനുള്ള ത്രാണി ഉണ്ടാവാനും, നല്ല കൂട്ടുകിട്ടാനും, നല്ല ചിന്ത ഉണ്ടാകാനും, നല്ല ഭാവി ലഭിക്കാനും, ഒക്കെ ഒരു സാങ്കൽപ്പിക ശക്തിയോട് വിലപിക്കുന്ന മത വിലാപ സാഹിത്യങ്ങൾ കൂടി വിദ്യാലയങ്ങളിൽ നിന്ന് ഒഴിവാക്കണം.