ആൺമക്കളെ വളർത്തുന്ന മാതാപിതാക്കൾ കുറച്ച് കൂടി ശ്രദ്ധിച്ചില്ലെങ്കിൽ മക്കളുടെ ജീവനറ്റ ശരീരം ചുമക്കേണ്ടിവരും

158

Remany P V

ചില ആൺ, പെൺ ചിന്തകൾ

ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരേ രീതിയിൽ തന്നെ ഗർഭത്തിൽ ചുമന്ന് ഓരോ അമ്മയും പ്രസവിക്കുന്നു ‘വളർത്തുന്നതും അതുപോലെ. കുഞ്ഞുങ്ങൾ ഇത്തിരി വളരാൻ തുടങ്ങുമ്പോഴേക്കും കുഞ്ഞ് കിടന്ന് കളിക്കുന്ന പ്രായത്തിൽ തന്നെ പെൺകുട്ടികളെ എപ്പോഴും വസ്ത്രം ധരിപ്പിച്ച് കിടത്താൻ വീട്ടിലുള്ളവർ ശ്രദ്ധിക്കും പക്ഷേ ആൺ കുട്ടികൾ ജനിച്ച പടി കിടന്ന് കളിക്കുന്നത് ഒരു അഴകായി എല്ലാവരും കാണും.ആറ് മാസം പ്രായമായ പെൺകുഞ്ഞിനെ നാപ്പി കെട്ടിക്കാതെ കിടത്തിയതിന്, അയ്യേ, എടീ നീയെന്തെടുക്കുവാ കുഞ്ഞിനെ ജനിച്ച പടി കിടത്തിയിട്ട് എന്ന് ഗർജ്ജിക്കുന്ന എത്രയോ അമ്മമാരേയും, അമ്മായിയമ്മമാരേയും കണ്ടിട്ടുണ്ട് ഞാൻ.

അതേ ശ്രദ്ധയോടെ അവർ എല്ലാ കാര്യത്തിലും പെൺകുട്ടിക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടാക്കിക്കൊടുക്കും, പെണ്ണ് എന്തോ ഒരു രഹസ്യ സംഭവം ആണ്, അവിടെ തൊടുത്, ഇവിടെ തൊടരുത് അയ്യേ ഇച്ചീച്ചി ഇത് കേട്ട് കേട്ട് മടുക്കാത്ത ഒരു പെൺകുഞ്ഞും ഉണ്ടാവില്ല.ക്രമേണ ഞാനെന്തോ ഒരു രഹസ്യമാണ് മറ്റാരും കാണാൻ പാടാത്ത എന്തൊക്കെയോ രഹസ്യം എന്നിൽ ചുമക്കുന്നവളാണ് ഞാൻ എന്നൊന്നു ബോധം പെൺകുട്ടിയിൽ ഉണ്ടാകുന്നു അവളുടെ ലോകവും ഒരുതരം രഹസ്യ സ്വഭാവം ഉള്ളതാകുന്നു.അവൾ എന്തും രഹസ്യമായി ചെയ്യേണ്ടവൾ ആണെന്ന ബോധവും ഉണ്ടാകുന്നു.

എന്നാൽ ഇതേ സമയം ആൺകുട്ടിയോട് ആരും ഒരു അരുതുകളും പറയുന്നില്ല അവൻ ആണാണ് ഇത്തിരി തോന്യാസമൊക്കെ ആകാം എന്ന ഒരിളവും നമ്മളവന് നൽകുന്നു അവനൊരിക്കലും അവന്റെ ശരീരത്തെ കുറിച്ച് ബോധവാനാകുന്നില്ല അവന്റെ ലോകവും വിശാലമാണ് അവിടെ രഹസ്യ സ്വഭാവം തീരെ ഇല്ല. ഈയൊരു വ്യത്യാസം ആൺ, പെൺ എഴുത്തിലും കാണുന്നു.പെണ്ണ്, പലരും ഞങ്ങൾ ഏതോ വലിയ രഹസ്യം ഒളിപ്പിക്കുന്നവർ ആണെന്ന മട്ടിൽ, ജെട്ടിയിട്ടതും, ബ്രാ ധരിച്ചതും, ആർത്തവം വന്നതും മുഖക്കുരു മുളച്ചതും അവൻ അവിടെ തൊട്ടതും, ഇക്കിളി വന്നതും.പെൺശരീരത്തിന്റെ കാമനകളെ കുറിച്ച് പേർത്തും, പേർത്തും പറഞ്ഞ്, ഛേ…എന്താണിത് ഞങ്ങൾ ഒരു രഹസ്യമാണ് എന്ന് കൂടെക്കൂടെ വിളിച്ച് പറഞ്ഞ് നിർവൃതി അടയുന്നു.ഇങ്ങിനെ രഹസ്യം പേറി, രഹസ്യം സൂക്ഷിച്ച് എല്ലാം രഹസ്യമായി.

ഈ ഒരു രഹസ്യ സ്വഭാവം തന്നെയാണ് നമ്മൾ പെണ്ണുങ്ങളുടെ ശത്രുവും.നമുക്കൊരു രഹസ്യവും ഇല്ല… ആണും പെണ്ണും ശരീരത്തിന് രണ്ട് സ്വഭാവം അതിങ്ങിനെ എഴുതി വിളിച്ച് കൂവി സ്വയം വില കെടുത്തി ഒരു രഹസ്യമാകാതിരിക്കുക.ശരീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ച് പാടി സമയം കളയാതെ സ്വയം സ്വതന്ത്രയായി ജീവിക്കാൻ പഠിക്കുക ആരും ഒരുത്തരും നിങ്ങളുടെ പരിധി വിട്ട് നിങ്ങളിലേക്ക് വരില്ല.ആർത്തവം, മുഖക്കുരു, പെൺശരീരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് എഴുതി ആത്മരതി അനുഭവിക്കുന്ന ചില പെണ്ണെഴുത്തുകൾ കണ്ട് മടുത്ത്… അവർക്കും കൂടി ഉള്ളതാണിത്

പെണ്ണ് ഉണ്ടായ അന്ന് മുതൽ അവൾക്ക് ആർത്തവവും, മുഖക്കുരുവും, അങ്ങിനെ പലതും ഉണ്ടായിരുന്നു ഇതൊക്കെ എഴുതിയെഴുതി ഒരു മഹാ രഹസ്യമായി മാറാതെ ലോകത്തേക്ക് തുറക്കുന്ന കണ്ണും കാതുമായി ജീവിക്കാൻ പഠിക്കൂ.നിങ്ങൾ എഴുതേണ്ടതും പ്രവർത്തിക്കേണ്ടതും ഇന്നുകൾക്കാവശ്യമുള്ള നമുക്കാവശ്യമുള്ള തന്റേടം, പെണ്ണാണ് പെണ്ണാണ് എന്ന് താക്കീതോടെയുള്ള ഓർമ്മപ്പെടുത്തലിനെതിരെ നമുക്ക് താക്കീതുകളെ മറക്കാം, മുഖക്കുരുവും, ആർത്തവവും മറക്കാം നമുക്ക് വേണ്ടത് രാത്രി, പകൽ എന്ന വ്യത്യാസമില്ലാതെ ഏതിടത്തും നടന്ന് പോകാനുള്ള തന്റേടമാണ് തന്റേടം മാത്രം പോരാ ആണിന്റെ ചിന്തകൾ കൂടി മാറ്റേണ്ട ഉത്തരവാദിത്വം നമ്മളിൽ വന്ന് ചേർന്നിരിക്കുന്നു. സ്വന്തം കുടുംബത്തിൽ നിന്നും പഠിക്കാത്തത് നാട്ടുകാർ ഈ ആണുങ്ങളെ പഠിപ്പിച്ചു കൊടുക്കേണ്ടി വന്നതിൽ പ്രിയപ്പെട്ട പുരുഷുക്കളേ ലജ്ജിച്ച് തല താഴ്ത്തുക.

ആരേയും പേടിയില്ലെങ്കിൽ പുരയുടെ തൂണിനെയെങ്കിലും പേടിക്കണം എന്ന ഒരു ചൊല്ലുണ്ട്, അതങ്ങ് മാറ്റി ആരേം പേടിച്ചില്ലേലും ആണേ നീ പെണ്ണിനെ പേടിക്കണം എന്ന ചൊല്ലിലേയ്ക്ക് നമുക്ക് മാറ്റണം .ഈ ഭീരുക്കളായ പുരുഷൻമാർ മദ്യം, മയക്ക് മരുന്ന് എന്നിവയുടെ ബലത്തിലാണ് ക്രിമിനലുകളാകുന്നത് അതിനെതിരെയെല്ലാം നമുക്ക് യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. ഞാനൊരു പെണ്ണാണ് സന്ധ്യ കഴിഞ്ഞാൽ വീടണയേണ്ടവളാണ് പത്താണിന്റെ മുന്നിലൂടെ ഇരുട്ടത്ത് നടക്കാൻ പാടില്ലാത്തവളാണ് എന്ന ചിന്ത മാറ്റുക. നിങ്ങൾ മനുഷ്യരാകുക, ആൺമക്കളെ വളർത്തുന്ന മാതാപിതാക്കൾ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇല്ലെങ്കിൽ മക്കളുടെ ജീവനറ്റ ശരീരം ചുമന്ന് കൊണ്ട് പോകേണ്ട ഗതികേട് വരുന്ന കാലം വിദൂരമല്ല. ആണും, പെണ്ണും എന്നോർക്കാതെ മനുഷ്യർ എന്നോർക്കാൻ പഠിക്കൂ, അതിനനുസരിച്ച് ജീവിക്കൂ.