കമലാ സുരയ്യ തന്ന വരം

293

മേരി ലില്ലി എഴുതുന്നു

കമലാ സുരയ്യ എന്ന മാധവിക്കുട്ടി ഇപ്പോള്‍ ഇല്ല . നീര്‍മാതള സുഗന്ധം പോലെ ആ ഗന്ധവും നമ്മളില്‍ നിന്നും അകന്നു പോയി. അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്. പക്ഷെ മനസ്സില്‍ ഒരുപാടു മോഹം ഉണ്ടായിട്ടും ഞാന്‍ അവരെ ഒരിക്കല്‍ പോലും കാണാന്‍ പോയില്ല. പിന്നീടൊരിക്കലും ഞാന്‍ അവരെ വിളിച്ചതുമില്ല.

അന്ന് ഞാന്‍ കോഴിക്കോട്‌ താമസിക്കുകയാണ്. കോഴിക്കോട്‌ നിന്നും ഇറങ്ങുന്ന പല പത്രങ്ങളിലും മാഗസിനുകളിലും ഞാന്‍ പല പേരില്‍ പല തരത്തില്‍ എഴുതുന്ന കാലം. എനിക്ക് പണത്തിനു ഒരു പാടു ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആകെ അറിയാവുന്ന ജോലി എഴുത്താണ്. ചന്ദ്രികയില്‍ നിന്നും ഇറങ്ങുന്ന എല്ലാത്തിലും ഞാന്‍ നിരത്തി എഴുതാറുണ്ട്. പ്രശസ്തരുടെ പ്രണയം തുടങ്ങി എന്‍റെ പല മാറ്ററുകളും സ്ഥിരമായി ചന്ദ്രിക പ്രസിദ്ധീകരങ്ങളില്‍ വന്നു കൊണ്ടിരുന്നു. കാശിനു ആവശ്യം വരുമ്പോള്‍ നേരെ ചന്ദ്രികയില്‍ പോയാല്‍ മതി. എഴുതിയതിന്‍റെ പ്രതിഫലം കിട്ടാന്‍ ഉണ്ടാകും. എന്‍റെ വീട്ടിലേക്ക് കയറി ചെല്ലുന്നത് പോലെ ആയിരുന്നു ഞാന്‍ ചന്ദ്രികയിലേക്ക് പോയിരുന്നത്. അവിടെ ഉള്ളവരുടെ സ്നേഹവും ആതിഥ്യ മര്യാദയും ഒരിക്കലും മറക്കാന്‍ കഴിയില്ല. സി.കെ. താനൂര്‍, നവാസ് പുനൂര്‍, പി.ഖാലിദ്, അസീസ്‌, നജീബ് കാന്തപുരം, പിന്നെ എല്ലാവരും മാഷ് എന്ന് വിളിക്കുന്ന ഒരു മാഷ്‌ …അദ്ദേഹത്തിന്‍റെ പേര് എനിക്ക് അറിയില്ല. ഇപ്പോള്‍ അദ്ദേഹം അവിടെ ഇല്ല. പകരം എന്‍റെ പഴയ ഒരു സുഹൃത്ത് ചന്ദ്രികയില്‍ ഉണ്ട്. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍. കുഞ്ഞിക്കണ്ണന്‍ അവിടെ എത്തിയശേഷം ഞാന്‍ ആകെ ഒറ്റ തവണ മാത്രമേ ചന്ദ്രികയില്‍ പോയിട്ടുള്ളൂ. കൊച്ചിയില്‍ നിന്നും വയനാട്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ ആരെയും കാണാന്‍ കഴിയാറില്ല. പക്ഷെ ഇവരെ ഒന്നും ഒരിക്കലും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അത്രയും സ്നേഹത്തോടെ ആണ് അവരൊക്കെ പെരുമാറിയിരുന്നത്. കൂടാതെ ആകാശവാണിയില്‍ ഇടയ്ക്കിടെ അനാമിക എന്ന പേരില്‍ ഒരുപാട് കഥകള്‍ അവതരിപ്പിച്ചു. അവിടെയും കുറെ നല്ല സൗഹൃദങ്ങള്‍. എഴുത്തില്‍ സജീവമായ ഒരു ജീവിതം. അതാണ്‌ കോഴിക്കോട് എനിക്ക് തന്നത്. വിവിധ ആഴ്ചപ്പതിപ്പുകളിലും സണ്‍‌ഡേ സപ്ലിമെന്‍റ് എന്നിവയിലായി കവിതകള്‍ അടക്കം ആറോ ഏഴോ മാറ്ററുകള്‍ പ്രസിദ്ധീകരിക്കാത്ത മാസങ്ങള്‍ കുറവായിരുന്നു. എന്‍റെ മുന്‍പില്‍ ഇരുന്നു കോഴിക്കോട് വെച്ചു ഒരു യുവകവി ആള്‍ അറിയാതെ മേരി ലില്ലി രണ്ടും കൈ കൊണ്ടും ആണോ കവിതകള്‍ എഴുതുന്നത്, ഏതു പുസ്തകം വാങ്ങിയാലും മേരി ലില്ലിയുടെ കവിതകള്‍ ഉണ്ടല്ലോ എന്ന് ഒരു മാസികയുടെ സബ് എഡിറ്ററിനോട് ചോദിക്കുന്നത് കേട്ടു ഞാന്‍ മിണ്ടാതെ ഇരുന്നു.

അക്കാലത്ത് മാധ്യമം പത്രത്തിന്‍റെ ശനിയാഴ്ച ഇറങ്ങുന്ന കുടുംബ മാധ്യമത്തില്‍ മിക്ക ആഴ്ചയും എന്‍റെ ഫീച്ചര്‍ ഉണ്ടാകും. കവര്‍ സ്റ്റോറിയായി. വ്യത്യസ്തത ഉള്ള മാറ്റര്‍ അന്വേഷിക്കുന്നതിനിടയിലാണ് എന്‍റെ അടുത്ത സുഹൃത്തും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി. ടി. നാസര്‍ ഒരു സ്റ്റോറി പറയുന്നത്. മാധവിക്കുട്ടി എഴുതിയ ജാനുവമ്മ പറഞ്ഞ കഥയിലെ നായിക കോഴിക്കോട്‌ ഉണ്ട്. ഇന്ത്യാവിഷന്‍ ചാനലിലെ ഗുഡ് മോര്‍ണിംഗ് കേരളയില്‍ ഒരിക്കല്‍ അവര്‍ വന്നിരുന്നു എന്നൊക്കെ. അന്ന് നാസര്‍ക്ക ഇന്ത്യാവിഷന്‍ ഡല്‍ഹി ഓഫീസിലാണ്. അഡ്രസ്‌ സംഘടിപ്പിച്ച് തന്നു. ഞാന്‍ മാധ്യമത്തില്‍ വിളിച്ചു സണ്‍‌ഡേ മാധ്യമം എഡിറ്റര്‍ ആയ പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവിനോട് സ്റ്റോറി എടുക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. പാറക്കടവ് പറഞ്ഞു ഐറ്റം എടുക്കുക. അജീബ്‌ കൊമാച്ചി പോയി ഫോട്ടോ എടുത്തോളും.

ആ സമയത്ത് ഞാന്‍ ഒലീവ്‌ ബുക്സില്‍ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം എന്ന ഒരു പുസ്തകത്തിനുള്ള മാറ്റര്‍ തയ്യാറാകുന്ന ജോലിയില്‍ ആയിരുന്നു. അന്ന് ഒലിവ് ബുക്സിന്‍റെ ചാര്‍ജ് പ്രശസ്ത സാഹിത്യകാരനായ അക്ബര്‍ കക്കട്ടില്‍ മാഷിനാണ്. അവിടെ വരുന്ന ഒരാള്‍ ചിരുതേയി അമ്മയുടെ നാട്ടുകാരനാണ്. ഒരു ദിവസം അയാളുടെ സഹായത്തോടെ ജാനുവമ്മ എന്ന ചിരുതേയി അമ്മയുടെ വീട്ടിലെത്തി. അവരെ കണ്ടു ഞാന്‍ അതിശയിച്ചു പോയി. ഒരു അതിസുന്ദരി. പക്ഷെ അവര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഇങ്ങനെ പലരും വന്നു അഭിമുഖം എടുത്തു കൊണ്ടു പോയിട്ടുണ്ട്. യാതൊരു ഗുണവും ഉണ്ടായിട്ടില്ല, പത്രത്തില്‍ വന്ന ഒരു ഫോട്ടോ പോലും അവര്‍ ഇതു വരെ കണ്ടിട്ടില്ല എന്നൊക്കെ പരാതി പറഞ്ഞു. അവരുടെ പൂച്ചക്കുട്ടി എന്‍റെ സാരിയില്‍ പിടിച്ചു കളിച്ചു കൊണ്ടിരുന്നു. മണി കുട്ടീന്നാ അയിന്‍റെ പേര്. അയിനു നിങ്ങളെ നല്ലോണം ഇഷ്ടപ്പെട്ടിട്ടുണ്ട്, അതോണ്ടാ നിങ്ങടെ മഞ്ഞ സാരീമല്ല് ഇങ്ങനെ കിടന്നു കുത്തിമറിയണത്. അല്ലെങ്കീ നിങ്ങള്‍ടെ സാരീമല്ല് ഇങ്ങനെ പിടിക്കേം ഇല്യ കുത്തിമറിയേം ഇല്യ എന്നൊക്കെ പറഞ്ഞു അവരൊന്നു തണുത്തപ്പോള്‍ എന്തായാലും ഫോട്ടോ എത്തിക്കും എന്നൊക്കെ ഉറപ്പു കൊടുത്തു ഞാന്‍ മാറ്റര്‍ എടുത്തു മടങ്ങി.

സണ്‍‌ഡേ മാധ്യമത്തില്‍ അച്ചടിച്ചു വന്ന ചിരുതേയി അമ്മ പറഞ്ഞ കഥ എന്ന ഫീച്ചര്‍ കണ്ടു ഞാന്‍ വിസ്മയിച്ചു . ഒരു ഫുള്‍ പേജ് കവര്‍ സ്റ്റോറി. അജീബ്‌ കൊമാച്ചി എടുത്ത ചിരുതേയി അമ്മയുടെയും അവരുടെ ഓമന പൂച്ചക്കുട്ടിയുടെയും ജീവന്‍ തുടിക്കുന്ന ചിത്രത്തോടൊപ്പം മാധവിക്കുട്ടിയുടെ മനോഹരമായ ഫോട്ടോയും വെച്ചു ഒരു മാറ്റര്‍. ആ മാറ്റര്‍ എഴുതിയതിനു നാസര്‍ക്ക ഡല്‍ഹിയില്‍ നിന്നും വരുമ്പോള്‍ എനിക്ക് വില കൂടിയ ഒരു പേന സമ്മാനം തന്നു. മാധവിക്കുട്ടി മരിച്ചപ്പോള്‍ ആ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിലും പുനപ്രസിദ്ധീകരിച്ചിരുന്നു. ഞാന്‍ എഴുതിയ ലേഖനങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു അത്.

മാധ്യമം സണ്‍‌ഡേയില്‍ മാറ്റര്‍ വന്നതിന്‍റെ പിറ്റേന്നു ദീപിക പത്രത്തിന്‍റെ കൊച്ചി യൂണിറ്റില്‍ നിന്നും പത്രാധിപ സമിതിയിലെ ചിലര്‍ മാധവിക്കുട്ടിയെ കാണാന്‍ പോയിരുന്നു. ആ എഡിറ്റര്‍മാരുടെ കൂട്ടത്തില്‍ എന്‍റെ മറ്റൊരു അടുത്ത സുഹൃത്തായ ജോര്‍ഡി ജോര്‍ജും ഉണ്ടായിരുന്നു. തലേന്ന് സണ്‍‌ഡേ മാധ്യമത്തില്‍ വന്ന സ്റ്റോറി കണ്ടിരുന്നോ എന്ന് മാധവിക്കുട്ടിയോടു ജോര്‍ഡി ചോദിച്ചു. അതിമനോഹരമായ ഒരു റൈറ്റ് അപ്പ്‌ ആണതെന്ന് അവര്‍ പറഞ്ഞത്രേ. ജോര്‍ഡി ഓഫീസില്‍ എത്തിയ ഉടനെ എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഒന്നു മാധവിക്കുട്ടിയെ വിളിച്ചു സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ നമ്പരും തന്നു. അവരെ എന്ത് വിളിക്കണം എന്നെനിക്കു അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ജോര്‍ഡി പറഞ്ഞു അമ്മ എന്ന് വിളിച്ചാല്‍ മതിയെന്ന്.

അങ്ങനെ പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് വിറയലോടെ വിളിച്ചു. ഞാന്‍ ഒരുപാടു ആരാധിക്കുന്ന എഴുത്തുകാരിയെ ആണ് വിളിക്കുന്നത്. ആദ്യം ഫോണ്‍ എടുത്തത് വേലക്കാരിയാണ്. ഇപ്പോള്‍ മാധവിക്കുട്ടിയുടെ സ്വരം എന്‍റെ കാതില്‍ പതിക്കുകയാണ്. ഞാന്‍ പേരു പറഞ്ഞു. അമ്മ എന്നെ അറിയുമോ എന്ന് ചോദിച്ചു. മാധ്യമത്തില്‍ ഒക്കെ മനോഹരമായ പ്രണയ കവിതകള്‍ എഴുതുന്ന കുട്ടി അല്ലെ എന്ന് മാധവിക്കുട്ടി തിരിച്ചു ചോദിച്ചു. എന്‍റെ ശരീരത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയി. എം.ടി. വാസുദേവന്‍ നായര്‍ എന്‍റെ കവിതാ സമാഹാരം ഏഴാമത്തെ ഋതു പ്രകാശനം ചെയ്തു സമാഹാരത്തിലെ കര്‍ണ്ണന്‍, തുലാവര്‍ഷ കോടതി തുടങ്ങിയ കവിതകളുടെ പേരു എടുത്തു പറഞ്ഞു പ്രശംസിച്ചപ്പോള്‍ പോലും ഇത്രത്തോളം ഞാന്‍ സന്തോഷിച്ചിരുന്നില്ല . തുടര്‍ന്ന് മാധവിക്കുട്ടി എന്നെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. കുട്ടി വന്നാല്‍ ഞാന്‍ എന്‍റെ മുറിയില്‍ ഇരുത്തും, ഇവിടെ കുറെ അശ്രീകരങ്ങളൊക്കെ വരും. അവരെയൊന്നും ഞാന്‍ എന്‍റെ മുറിയിലേക്ക് കടത്താറില്ല എന്നും പറഞ്ഞു. എഴുതുന്ന അതേ ലാഘവത്തോടെ ഉള്ള വാക്കുകള്‍. ഫോണ്‍ വെച്ച ഉടനെ നാസര്‍ക്കയെയും ജോര്‍ഡിയെയും വിളിച്ചു കാര്യം പറഞ്ഞു. ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം ഞാന്‍ പറയുന്നത് ഇവര്‍ രണ്ടു പേരോടും ആണ്. എനിക്ക് മനസിലെ സന്തോഷം അടക്കാന്‍ കഴിയുമായിരുന്നില്ല, അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചതായിരുന്നില്ല എന്‍റെ സന്തോഷം എന്നെ അറിയും എന്ന് പറഞ്ഞതില്‍ ആയിരുന്നു. എന്‍റെ കവിതകള്‍ നല്ലതാണ് എന്ന് പറഞ്ഞതില്‍ ആയിരുന്നു. പിന്നീട് ഞാന്‍ ഇന്ത്യാവിഷന്‍ ചാനല്‍ കൊച്ചി ഓഫീസില്‍ എത്തി. രണ്ടു വര്‍ഷത്തിനു ശേഷം വായന ദ്വൈവാരികയിലേക്ക് മാറി. അവിടെ നിന്നും രാഷ്ട്ര ദീപിക പത്രത്തിലേക്ക് പോയി. എല്ലാം കൊച്ചിയില്‍ തന്നെ. മാധവിക്കുട്ടിയെ കുറിച്ചു എന്തെങ്കിലും സംസാരം ഉണ്ടാകുമ്പോള്‍ ഞാന്‍ അന്തസ്സോടെ പറയും അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ അത് കേള്‍ക്കുമ്പോള്‍ പറയും. എന്നാല്‍ തീര്‍ച്ചയായും പോയി കാണണം. ഞങ്ങളും കൂടെ വരാം. അങ്ങനെ എങ്കിലും അവരെ ഒന്നു അടുത്ത് കാണാമല്ലോ. ഞാന്‍ ഒഴിഞ്ഞു മാറും. ഒടുവില്‍ അവര്‍ കൊച്ചി വിട്ടു പോകുന്നു എന്നറിഞ്ഞപ്പോള്‍ നാസര്‍ക്ക എന്നോട് പറഞ്ഞു-നിനക്കൊന്നു പോയി കാണാമായിരുന്നു. ഞാന്‍ നിശബ്ദയായി.

അവരെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടു ആയിരുന്നില്ല ഞാന്‍ പോകാതിരുന്നത്. അവരുടെ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും ഒരു കാര്യം എനിക്കറിയാം. പലരും ചെന്നു അവരോട് സങ്കടങ്ങള്‍ പറയും. കരയും. പിന്നീട് പോകാന്‍ നേരം അവരുടെ കൈയില്‍ നിന്നും പണത്തിനു പുറമെ കൈയില്‍ ഉള്ള വളകള്‍ പോലും വാങ്ങി കൊണ്ടു പോകുമായിരുന്നു. അവര്‍ ആര് എന്ത് ചോദിച്ചാലും കൊടുക്കുന്ന കര്‍ണനെ പോലെ ആയിരുന്നു. എനിക്ക് അവരുടെ മുന്നില്‍ ഇരുന്നു പറയാന്‍ ഒരു നല്ല വിശേഷവും ഇല്ല. ഉള്ളതാകട്ടെ ഒരു വലിയ ദുരന്ത കഥയാണ്‌. അത് കേട്ടാല്‍ അവരുടെ ഹൃദയം മഞ്ഞു പോലെ ഉരുകി പോകും. ഒടുവില്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ എനിക്ക് പണം തരും. സ്വര്‍ണ്ണം തരും. അപ്പോള്‍ അവരെ കളിപ്പിച്ചു സ്വര്‍ണവും പണവും വാങ്ങി കൊണ്ടു പോകുന്നവരും ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അതോര്‍ത്തു മാത്രം ഞാന്‍ ആ സ്നേഹനിധിയെ കാണാന്‍ പോയില്ല.

എന്‍റെ നിലപാട് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയുകയില്ല. ഇന്ത്യ ലോകബാങ്കില്‍ നിന്നും എടുത്ത കടം പോലെ എനിക്ക് ചുറ്റും കടം പെരുകുമ്പോഴും അക്കാര്യത്തില്‍ മാത്രം ഞാന്‍ അഭിമാനിയായത്‌ എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഒരുവേള ഒന്നും മോഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരാളെ സ്നേഹിക്കുക -ഈ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കാം. ഇനി കമലാ സുരയ്യയെ ഞാന്‍ കാണുകയില്ല. പക്ഷെ എന്‍റെ മനസ്സില്‍ മനസ്സില്‍ അവര്‍ ഒരിക്കലും മരിക്കുകയുമില്ല. അതിനാല്‍ അവരുടെ ക്ഷണം അന്തസ്സോടെ ഞാന്‍ എന്നും ഓര്‍ക്കും.

Advertisements
Previous articleബ്ലോഗ് അവാര്‍ഡുകള്‍ – 2009
Next articleഅഴിമതിയപ്പന്‍
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.