സംഘപരിവാറുകാരല്ലേ ശിക്ഷിക്കപ്പെടട്ടെ എന്ന സന്തോഷത്തിനു പകരം അവരുടെ വീണ്ടുവിചാരമില്ലായ്മ മൂലം വന്നു ഭവിച്ച നാശങ്ങളെക്കുറിച്ചു പരിതപിക്കാം

121

Remesh Aroor

വിദേശത്ത് ഉള്ളവരും വിദേശത്ത് പോകുന്നവരുമായ ഇന്ത്യക്കാരോട്

സൗദിയിലും കുവൈത്തിലും താമസിക്കുന്ന രണ്ട് ഇന്ത്യക്കാര്‍ അവിടുത്തെ ദേശീയ നിയമങ്ങള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ വാര്‍ത്തകള്‍ ഇന്നും കഴിഞ്ഞ ദിവസവുമായി വന്നിട്ടുണ്ട്. അതിലൊരാള്‍ കൊല്ലം കരുനാഗപ്പള്ളിക്കാരനാണ്. രണ്ടുപേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്നാണ് അവരുടെ പ്രൊഫൈലുകള്‍ വ്യക്തമാക്കുന്നത്.

സംഘപരിവാറല്ലേ ശിക്ഷിക്കപ്പെടട്ടെ എന്ന സന്തോഷത്തിനു പകരം രണ്ട് ഇന്ത്യക്കാരുടെ വീണ്ടുവിചാരം ഇല്ലായ്മ മൂലം വന്നു ഭവിച്ച നാശങ്ങളെക്കുറിച്ചു പരിതപിക്കാം..

ഇവരെ കാത്തിരിക്കുന്നത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ശിക്ഷകളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

മതനിന്ദ നടത്തിയ പാക്കിസ്ഥാന്‍കാരനായ ഒരു കോളെജ് അദ്ധ്യാപകന് ആ രാജ്യം വധശിക്ഷ വിധിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. വിവിധ മത രാഷ്ട്രീയ വിശ്വാസമുള്ള ലക്ഷക്കണക്കിനാളുകള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.

നമ്മള്‍ അതതു രാജ്യങ്ങളിലെയും ജോലി ചെയ്യുന്ന കമ്പനികളുടെയും നിയമങ്ങളും നിബന്ധനകളും അംഗീകരിച്ചുകൊണ്ടുള്ള കോണ്‍ട്രാക്റ്റില്‍ ഒപ്പുവെച്ചുകൊണ്ടാണ് അവിടുത്തെ ജോലികളില്‍ പ്രവേശിക്കുന്നത്. അതായത് ആ രാജ്യം എന്താണ് എന്നും എങ്ങിനെയാണ് നിയമ ലംഘനങ്ങളോട് പ്രതികരിക്കുന്നതെും കൃത്യമായി അറിയാവുന്നവര്‍ തന്നെയാണ്.

ഇതിനെക്കുറിച്ച് എതിരായും അനുകൂലമായും നമ്മള്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടാകാം. ഒന്നുമാത്രം മനസിലാക്കുക.. അവര്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് വധ ശിക്ഷയോ നാടുകടത്തലോ ദീര്‍ഘകാലം ജയില്‍ വാസമോ ചാട്ടയടിയോ വന്‍തുക പിഴ യോ നല്‍കുന്നതിനു കാരണം ആ രാജ്യങ്ങള്‍ പിന്തുടരുത് ഇസ്ലാമിക മത ശാസനങ്ങളും നിയമങ്ങളും ആണെന്നതാണ്.

അതേ സമയം ഇന്ത്യയെ പോലൊരു വിശാല ജനാധിപത്യ രാജ്യത്തിലുള്ളവര്‍ക്ക് ഇത്തരം നിയമങ്ങളും ശിക്ഷകളും ഒരിക്കലും ദഹിക്കുകയില്ല.. അതാണ് ഇന്ത്യന്‍ ജനാധിപത്യം നമ്മള്‍ക്ക് തന്നിട്ടുള്ള സ്വാതന്ത്ര്യം. ആരെയും എന്തിനെയും വിമര്‍ശിക്കാനും തിരുത്താനും ഇന്ത്യന്‍ ഭരണഘടനയും നിയമ സംവിധാനവും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു..

ഇന്നത്തെ നിലയില്‍ ഇന്ത്യ മുന്നോട്ടു പോയാല്‍, നമ്മളുടെ ഭരണഘടനാ അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയും ഇസ്ലാമിക രാജ്യങ്ങളെപോലെ ഒരു മതാധിഷ്ഠിത രാജ്യമായാല്‍, ഇവിടുത്തെ പൗരന്മാരും നേരിടാന്‍ പോകുന്നത് ഇസ്ലാമിക രാജ്യങ്ങളെക്കാളും കടുത്ത ശിക്ഷകളായിരിക്കുമെന്നതില്‍ ഒരു തര്‍ക്കവും വേണ്ട…

ഫെയ്‌സ് ബുക്കില്‍ തന്നെ കാണപ്പെട്ടുകൊണ്ടിരിക്കുന്ന ചില കൊലവിളികള്‍ അത് പച്ചയ്ക്ക് പറയുന്നുണ്ട്.

പറഞ്ഞുവരുന്നത് ഇത്രമാത്രം…

ഇന്ത്യന്‍ ഭരണ ഘടന നിലനിര്‍ത്താന്‍ നമ്മള്‍ അത് മുറുകെ പിടിക്കുക. അതില്‍ ഒരു രാഷ്ട്രീയവും കലര്‍ത്തരുത്. വിദേശത്ത് അന്നം തേടി പോകുന്ന ഇന്ത്യന്‍ ദേശീയതാ വാദികള്‍ അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ നില്‍ക്കുക…അതല്ല വീട്ടില്‍ തീ പുകയാന്‍ വിദേശത്ത് പോയേ ഒക്കൂ എങ്കില്‍ അവിടുത്തെ നിയമങ്ങള്‍ അനുസരിക്കുക..ഇല്ലെങ്കില്‍ പണികിട്ടും..

Advertisements