ആ ചോദ്യങ്ങൾക്കു ഉത്തരം പറയാനാകാതെ തല കുനിച്ചാണ് ഇറങ്ങിയത്, എന്തൊരു ഗതികേടാണ് എന്റെ രാജ്യം നേരിടുന്നത്

0
529

Remesh Aroor

എറണാകുളം ബ്രോഡ് വെയിലെ ബലൂൺ കച്ചവടക്കാർ, സോപ്പ് കുമിളകൾ ഊതി വിടുന്ന പത്തു രൂപയുടെ പ്ലാസ്റ്റിക്ക് കളിപ്പാട്ടം വിൽക്കുന്നവർ. കപ്പലണ്ടി വറുത്ത് വിൽക്കുന്നവർ. ..
ഇങ്ങനെ താഴേക്കിടയിലെ eജാലികൾ ചെയ്യുന്ന അനേകായിരം പേർ നമ്മുടെ ചിന്തയിലോ ചർച്ചയിലോ പെടാതെ പോകുന്നുണ്ട്.

ദിവസവും 200…. 300 രൂപ മാത്രം വരുമാനമുള്ളവർ….

ഇത്തരക്കാരുടെ സമരങ്ങളോ ധർണകളോ അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളോ ഒരിടത്തും നമ്മൾ കണ്ടിട്ടില്ല… ശബ്ദമില്ലാത്തവർ…

ഞാൻ ദിനവും പട്ടണത്തിലേക്ക് വരുന്ന ബസിൽ ഒത്തിരി പരിചിത, മുഖങ്ങളുണ്ട്… കൂടുതലും 50.. 60 വയസുള്ള സ്ത്രീകൾ…

ഇവരെല്ലാം എന്തു ജോലിക്ക് പോകുന്നുവെന്ന് അറിയില്ലായിരുന്നു…

വ്യാപാരികൾ ഈയിടെ നടത്തിയ ഹർത്താൽ ദിനത്തിൽ ബസിൽ യാത്രികരുടെ തിരക്ക് തീരെയില്ല.. എങ്കിലും പതിവ് സ്ത്രീ യാത്രക്കാരുണ്.. പതിവായി സീറ്റ് പങ്കിടുന്ന പ്രായമായ ചേട്ടൻ പറഞ്ഞു…

കടകൾ തുറക്കാത്തത് കൊണ്ടാണ് തിരക്ക് കുറവ്.. ബസിൽ ഉള്ളവരിൽ കൂടുതലും വീട്ടുജോലിക്കു പോകുന്ന സ്ത്രീകളാണ്…

ശബ്ദമില്ലാത്ത മറ്റൊരു വിഭാഗം…

കഴിഞ്ഞ ദിവസം ഒരു മെഡിക്കൽ സ്ഥാപനം തേടിയുള്ള യാത്രയിൽ ആകസ്മികമായി ഒരു ട്രാവൽ ഏജൻസിയിൽ എത്തി..

മാധ്യമ പ്രവർത്തകനാണ് എന്നറിയിച്ചപ്പോൾ മാനേജരുടെ മുറിയിൽ തന്നെ സ്വീകരിക്കപ്പെട്ടു…

ആർമിയിൽ നിന്ന് വിരമിച്ച പാലക്കാട് സ്വദേശി മുകുന്ദനാണ് മാനേജർ…

പരോപകാരി..

നാട്ടിലെ ഇരുപതോളം പേർക്ക് തൊഴിൽ കിട്ടുന്നതിനായി ഓട്ടോറിക്ഷകൾ വാങ്ങി നൽകിയ വ്യക്തി..

ഒരു ഓട്ടോയിൽ നിന്ന് വെറും നൂറ് രൂപയാണ് വാടകയായി വാങ്ങുന്നത്…

ഇവിടെ കൊച്ചിയിൽ 350. രൂപയാണ് വാടക. !!

ഞാനത് സൂചിപ്പിച്ചു..

അദ്ദേഹം പറഞ്ഞു.
ഇത് നഗരമല്ലേ..
ഞങ്ങളുടേത് വെറും ഗ്രാമം..

ശരിയാണ് നഗരങ്ങളിൽ ജീവിക്കുന്നവർ ഗ്രാമങ്ങളെക്കുറിപ്പ് ആശങ്കപ്പെടാറില്ല…

മുകുന്ദൻ പറഞ്ഞു..

ട്രാവൽ ബിസിനസ് വലിയ പ്രതിസന്ധിയിലാണ്…

ലോകവ്യാപകമായ സാമ്പത്തിക മാന്ദ്യം… നാളെ എന്തു സംഭവിക്കുമെന്നറിയാൻ കഴിയാത്ത സ്ഥിതി….
ഓഫിസിലെ രണ്ടു പേരെ പിരിച്ചുവിടേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഞാൻ…
അതിലൊരു വനിത 15 വർഷമായി ഇവിടെ ജോലി ചെയ്തിരുന്നതാണ്…
വലിയ ശമ്പളമൊന്നുമായിരുന്നില്ല നൽകിയത്..
എങ്കിലും നഗരത്തിലെ വാടക വീട്ടിൽ അവർ കുടുംബത്തോടൊപ്പം, എങ്ങനെയൊക്കെയോ ജീവിച്ചിരുന്നു..
ജോലി പോയെന്നറിഞ്ഞ ദിവസം അവർ കരഞ്ഞുകൊണ്ടാണ് ഇവിടെ നിന്നിറങ്ങിയത്..

അവരെ എങ്ങനെയെങ്കിലും സഹായിക്കാൻ, കഴിയുമോ എന്നറിയാൻ രവിപുരത്ത് ദീപാ തീയേറ്ററിനടുത്ത് പരിചയമുള്ള ചില ഓഫിസുകളിൽ വിളിച്ചു..

അപ്പോളാണറിയുന്നത് മൂന്ന് മാസത്തിനകം, പത്തോളം സ്ഥാപനങ്ങൾ ആ കോംപ്ലക്സിൽ അടച്ചുപൂട്ടിയത്രേ…

സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം.. 30 പേരെങ്കിലും ഈ മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ രഹിതരായെന്ന് ചുരുക്കം…

ഇതൊക്കെ സമൂഹത്തിന്റെ/ സർക്കാരിന്റെ / യൂണിയനുകളുടെ / പാർട്ടികളുടെ / മാധ്യമങ്ങളുടെ ശ്രദ്ധയിലോ ചർച്ചകളിലോ പെടുന്നുണ്ടോ? മുകുന്ദന്റെ ചോദ്യം ഉള്ള് നീറ്റി….

ഭരണകക്ഷികൾ അധികാരം നിലനിർത്താൻ പരിശ്രമിക്കുന്നു..

പ്രതിപക്ഷം അധികാരം തിരിച്ചുപിടിക്കാൻ പരിശ്രമിക്കുന്നു..

കോടികളുടെ അഴിമതികളെ, ക്കുറിച്ച് വാചാലരാകുന്നു. പ്രതിഷേധങ്ങളും റാലികളും ഹർത്താലുകളും നടത്തുന്നു,.. പരസ്പരം ചെളി വാരിയെറിയുന്നു..

അമ്പലവും പള്ളിയും പണിയുന്നതിനായി വഴക്കിടുന്നു..
കോടതികളുടെ സമയം 40 ഉം 50 ഉം കൊല്ലം ഇതിനൊക്കെ വേണ്ടി ചെലവിടുന്നു..

വ്യവഹാരങ്ങൾക്കു വേണ്ടി കോടിക്കണക്കിന് പണം വ്യയം ചെയ്യുന്നു..
ഒരിടത്തും ഒരു സ്ഥാപനം പോലും.. ഒരു ഭരണാധികാരി പോലും. ഒരു രാഷ്ട്രീയക്കാരനോ മതമേലാളനോ പോലും ദൈനംദിന ജീവിതം ഉന്തി ഉരുട്ടാൻ വേണ്ടി പാടുപെടുന്ന കപ്പലണ്ടി കച്ചവടക്കാരനെയോ ബലൂൺ കച്ചവടക്കാനെയോ ,പോലെ മുന്നൂറോ.. നാന്നൂറോ രൂപ മാത്രം സമ്പാദിച്ച് അതിൽ തൃപ്തി കണ്ടെത്തുന്ന നിസ്വരെ ക്കുറിച്ച് ആശങ്കപ്പെടുന്നില്ല… ചർച്ച ചെയ്യുന്നില്ല…

രാജ്യത്ത് ഭൂരിപക്ഷം വരുന്ന കോടിക്കണക്കിന് സാധാണ ജനങ്ങളുടെ. സന്തോഷം.. ശുഭാപ്തി വിശ്വാസം.. സുരക്ഷ… ജീവിത നിലവാരം ഇതൊക്കെ ഈ രാജ്യത്ത് ആരെങ്കിലും ചർച്ച ചെയ്യുന്നുണ്ടോ സർ??

ഞാൻ പിരിച്ചുവിട്ട ആ സ്ത്രീയുടെ ജീവിതം എന്താകുമെന്നതാണ് ഇപ്പോഴത്തെ എന്റെ സങ്കടം.. എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?

മുകുന്ദന്റെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ തല കുനിച്ചാണ് ഇറങ്ങിയത്…

എന്തൊരു ഗതികേടാണ് എന്റെ രാജ്യം നേരിടുന്നത്..

വെറും മനുഷ്യൻ എന്ന നിലയിൽ ഈ ചോദ്യങ്ങൾ ഇന്നെന്റെയും ഉറക്കം കെടുത്തുന്നു,,,,