ഗുരുവായൂരപ്പന്റെ പണം കൊണ്ട് കൊറോണ രോഗികളെ ചികിത്സിച്ചാല്‍ എന്താ കുഴപ്പം ?

67

Remesh Aroor

ഗുരുവായൂരപ്പന്റെ പണം കൊണ്ട് കൊറോണ രോഗികളെ ചികിത്സിച്ചാല്‍ എന്താ കുഴപ്പം ?

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് അറിഞ്ഞതോടെ സകല വര്‍ഗീയ വാദികളും വാലുപൊക്കിയിരിക്കുകയാണ്..അതില്‍ പുരോഗമനവാദത്തിന്റെ മുഖം മൂടി ഇട്ടവരും ഉണ്ട് എന്നതാണ് കൗതുകം.. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ഹിന്ദുക്കളുടെ കാശ് ഇപ്പോള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നത് തടയണം എന്ന്.

വേറൊരു ചോദ്യം മറ്റുമതങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്ന് കാശ് എടുക്കാത്തതെന്താണ്എന്നാണ് .കേരളത്തില്‍ മേയ് 6 ബുധനാഴ്ച വരെ 502 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ജീവന്‍ രക്ഷിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ കേരള സര്‍ക്കാര്‍ നല്‍കിയ ചികിത്സയ്ക്ക് ഓരോ വ്യക്തിക്കും നാല്-നാലര ലക്ഷം രൂപയെങ്കിലും ചെലവ് വരും..പതിനായിരക്കണക്കിന് ആളുകളെ ആശുപത്രിയില്‍ ക്വാറന്റൈനിലാക്കി നിരീക്ഷിച്ച് ചികിത്സ നല്‍കി…ക്ഷേമ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവിട്ടു…ഇനി ലക്ഷക്കണക്കിന് പേര്‍ വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരാനിരിക്കുന്നു. സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയാണ്.

ഗ്രാമങ്ങളിലെ സാധാരണ ആശാവര്‍ക്കര്‍മാര്‍ മുതല്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ , ശുചീകരണ തൊഴിലാളികള്‍..പോലീസുകാര്‍, ഫയര്‍ഫോഴ്‌സുകാര്‍, വൈദ്യുതി ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ ഇങ്ങനെ സകല ജാതിയിലും മതങ്ങളിലും പെട്ട മലയാളികള്‍ അര്‍പ്പണ ബോധത്തോടെ ഊണും ഉറക്കവും കളഞ്ഞ് ഈ മഹാമാരിക്കെതിരെ പോരാടുകയാണ്.

ഹിന്ദുക്കളെ അവരാരും ചികിത്സിക്കേണ്ടന്നോ, അവരെ ഞങ്ങള്‍ പരിചരിച്ചോളാമെന്ന് ഏതെങ്കിലും വര്‍ഗീയ വാദി പറഞ്ഞായിരുന്നോ..?
മറ്റ് മതക്കാരുടെ ആരാധനാലയങ്ങളില്‍ നിന്ന് പണ എടുക്കാത്തതെന്താണ് എന്നു ചോദിക്കുന്ന വിഷപ്പാമ്പുകളോട് തിരിച്ചു ചോദിക്കട്ടെ മറ്റ് ഏതുമതക്കാരുടെ ആരാധനാലയത്തിനാണ് സര്‍ക്കാര്‍ അങ്ങോട്ട് ബജറ്റ് വിഹിതം കൊടുക്കുന്നത്..? കഴിഞ്ഞ രണ്ട് മണ്ഡല കാലങ്ങളില്‍ അടക്കം ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഒരു രൂപ പോലും കാണിക്ക ഇടരുതെന്നും വഴിപാട് കഴിക്കരുതെന്നും പ്രചരണം നടത്തിയ വര്‍ഗീയ വാദികള്‍ക്ക് അറിയുമോ ശബരിമല ദേവസ്വത്തില്‍ ഭക്തര്‍ നല്‍കുന്ന ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലാ എന്ന്.. ഉണ്ടെങ്കില്‍ തെളിവു കൊണ്ടുവന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

എന്നാല്‍ ശബരിമല അടക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതം…(ഇത് മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും കൂടി നികുതി പണം ആണെന്ന് ഓര്‍ക്കണം..) വര്‍ഷാവര്‍ഷം കൃത്യമായി കൊടുക്കുന്നുമുണ്ട്. ഉദാഹരണത്തിന് 2019 ലെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ച തുക നോക്കൂ.ശബരിമലയുടെ വികസനത്തിന് 739 കോടി രൂപ.കൊച്ചി മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രത്യേകമായി 100 കോടി..
ഈ പണം ഹിന്ദുക്കളുടെ മാത്രമല്ല ഞങ്ങളുടേതും കൂടിയാണ്..അതുകൊണ്ട് കൊടുക്കാന്‍ പാടില്ല എന്ന് ഏതെങ്കിലും ഹിന്ദു ഇതര മതക്കാര്‍ പറഞ്ഞായിരുന്നോ..?

ഹൈന്ദവന്റെ പേരില്‍ കുത്തിത്തിരിപ്പിന് ഇറങ്ങിയിട്ടുള്ളവര്‍ തെളിവു സഹിതം മറുപടി പറയണം.ലോകം മുഴുവനുമുള്ള എല്ലാമതത്തിലും പെട്ട മലയാളികളും മറ്റ് സംസ്ഥാനങ്ങളിലെ മനുഷ്യ സ്‌നേഹികളും കേരളത്തിലെ ജനങ്ങളെ സഹായിക്കാനായി കഴിയാവുന്നതൊക്കെ ചെയ്യുന്നത് കണ്ടിട്ടും ഒരു പൈസ പോലും സഹായം ചെയ്യാതെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പേരില്‍ കുത്തിത്തിരിപ്പ് നടത്തുന്ന സാമൂഹിക ദ്രോഹികളേ നിങ്ങള്‍ക്കറിയില്ലേ. മാനവ സേവയാണ് മാധവ സേവ എന്ന് .മനുഷ്യന് സേവനം ചെയ്യുന്നതില്‍ പരം വേറൊരു ദൈവ പൂജയില്ലെന്ന് നിന്നെയൊക്കെ ഏത് ഭാഷയിലാണ് പറഞ്ഞ് മനസിലാക്കുക…? മനുഷ്യര്‍ ജീവിച്ചിരുന്നാലേ അമ്പലങ്ങളും പള്ളികളും മോസ്‌കുകളും കൊണ്ട് കാര്യമുള്ളെടോ. നിന്റെയൊക്കെ പ്രവൃത്തിവെച്ച് കൊറോണയൊക്കെ എത്ര ഭേദമാണ്!!!

Advertisements