ഇങ്ങനെ ഒരാള്‍; ഓരോ വീടും എമ്മാറിന് സ്വന്തം വീടുപോലെയാണ്

417

Remesh Aroor

ഇങ്ങനെ ഒരാള്‍

നിസ്വാര്‍ത്ഥമായി വലുപ്പച്ചെറുപ്പമില്ലാതെ മറ്റുള്ളവരുടെ സുഖ ദുഖങ്ങളില്‍ കൈ മെയ് മറന്ന് ഒപ്പം ചേരുന്ന ഒരാള്‍.. ഒരു കല്യാണ വീട്ടിലോ, മരണ വീട്ടിലോ അടിയന്തര വീട്ടിലോ നമ്മള്‍ക്കിയാളെ കാണാം.. ആരും ആവശ്യപ്പെടാതെ ആരുടേയും ക്ഷണത്തിനോ നിര്‍ദ്ദേശത്തിനോ കാത്തുനില്‍ക്കാതെ ഓരോ ജോലിയും എളുപ്പമെന്നോ കഠിനമെന്നോ വേര്‍തിരിവില്ലാതെ ഏറ്റെടുത്തു പൂര്‍ത്തീകരിക്കുന്ന മനുഷ്യര്‍..

അങ്ങനെ നേരിട്ടറിയാവുന്ന ഒരാളാണ് എമ്മാര്‍..ഇപ്പോള്‍ 63 വയസുണ്ട്.. ബാല്യകാലം മുതല്‍ ഈ മനുഷ്യനെ കാണുന്നതാണ്..അന്നും ഇന്നും ഒരേ മട്ട്..ഓരേ മുഖം, ഒരേ പെരുമാറ്റം..ഒരേ ശീലങ്ങള്‍..

കള്ളു കുടിച്ച നിലയിലോ..പുക വലിക്കുന്നതോ ഒരിക്കലും കണ്ടിട്ടില്ല…അരൂര്‍ കിഴക്കന്‍ മേഖലയില്‍ ഓരോ വീടും എമ്മാറിന് സ്വന്തം വീടുപോലെയാണ്…
ഏതാവശ്യത്തിനും എമ്മാറുണ്ടാവും..പന്തലിടാനും തര്‍പ്പായ കെട്ടാനും മുള ചുമക്കാനും വാര്‍പ്പ് തണ്ടിലേറ്റി കൊണ്ടുവരാനും കഴുകി മിനുക്കി പാചകപ്പുരയില്‍ എത്തിക്കാനും ഇല തുടയ്ക്കാനും എന്തിനും ഏതിനും വിളിപ്പുറത്തുണ്ടാകും..

Image may contain: 1 person, smiling, close-upകഴിഞ്ഞ ദിവസവും എമ്മാറിനെ കണ്ടു..

ചേട്ടന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കുകൊള്ളനെത്തിയ അയാള്‍ അവിടെ ഓരോ പണികളും ചെയ്ത് വിളമ്പിയും ഊട്ടിയും നടക്കുന്നത്.

പ്രായം നോക്കാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അയാളെ എമ്മാര്‍ എന്നാണ് വിളിക്കുന്നത്.

ആരുവിളിച്ചാലും ഓ..എന്നു വിളികേട്ട് ശ്രദ്ധയോടെ നില്‍ക്കും..

എമ്മാര്‍ എന്നത് ഒരു പേരാണെന്നും ഇനിഷ്യലാണെന്നുമൊക്കെയാണ് പലരും കരുതുന്നത്. മുന്നേ ഞാനും അങ്ങനെ കരുതിയിരുന്നു..പിന്നെപ്പോളോ അറിഞ്ഞു..അതയാളുടെ വിളിപ്പേരുമാത്രമാണെന്ന്..പേരു മറ്റെന്തോ ആണ്..
പക്ഷെ ആര്‍ക്കും അതറിയണമെന്നുമില്ല..

കര്‍ഷക തൊഴിലാളി ദമ്പതികളായ കണ്ടന്‍കോരനും താരയും മൂന്നാമത്തെ മകന് ചെല്ലപ്പന്‍ എന്നായിരുന്നു പേരിട്ടത്.

മൂത്ത മകനെ കുഞ്ഞപ്പെനെന്നും , രണ്ടാമത് ജനിച്ച പെണ്ണിനെ അവര്‍ കുഞ്ഞമ്മയെന്നും വിളിച്ചു. പിന്നെയാണ് ചെല്ലപ്പനുണ്ടായത്. ചെല്ലപ്പന് താഴെ ജനിച്ചയാള്‍ ബാബു..

എമ്മാര്‍ എന്നാല്‍ എന്താണെന്ന് തിരഞ്ഞപ്പോളാണ്..അതൊരു ആക്ഷേപ പേരാണെന്ന് തിരിച്ചറിഞ്ഞത്…

കടവില്‍ പറമ്പിലെ മുഹമ്മദ് കാക്കായാണ് ചെല്ലപ്പന് കുട്ടിക്കാലത്ത് അയല്‍പ്പക്കത്തെ ഏതോ വയസന്‍ കാക്കാ ചാര്‍ത്തിക്കൊടുത്ത വട്ടപ്പേരിനെക്കുറിച്ചു പറഞ്ഞു തന്നത്.

ഏതു പണിയും ഒരു മടിയും കൂടാതെ എടുക്കുന്ന ചെല്ലപ്പനെ ആക്ഷേപിച്ച് ഒരു ദിവസം മൂത്തകാക്കാ വിളിച്ചു..
ഹിമാര്‍ എന്ന്…
അതൊരറബി വാക്കാണ്..
ഹിമാര്‍ എന്നാല്‍ കഴുത…

മൂത്തകാക്കായുടെ വിളിയും പൊട്ടിച്ചിരിയും കേട്ട കുട്ടികള്‍ ആ വിളി ഏറ്റെടുത്തു..അന്നുമുതല്‍ അയാളെ കാണുന്നിടത്തൊക്കെ വെച്ച്
എവിടെനിന്നെല്ലാമോ ഹിമാര്‍.. ഹിമാര്‍ എന്ന വിളി മുഴങ്ങി..
കാലം പോകെ ആ വിളി ലോപിച്ചാണ് ‘എമ്മാര്‍’ ആയത്…കുട്ടികളൊക്കെ വളര്‍ന്നുവലുതായി, അവര്‍ക്കും കുട്ടികളായി.. അവരും അയാളെ വിളിച്ചു എമ്മാര്‍..

ചെല്ലപ്പന്‍ പക്ഷെ ആവിളി ഒരാക്ഷേപമായി കണ്ടില്ല..

എമ്മാര്‍ എന്നു വിളിച്ചവരുടെ പുരയിടത്തിലും അവരുടെ പാടത്തും അയാള്‍ പണിക്കുപോയി..പ്രതിഫലമായി അവര്‍ കൊടുത്ത കഞ്ഞിയും ചോറും കപ്പപ്പുഴുക്കും കഴിച്ച് അയാള്‍ വയറുനിറച്ചു..എമ്മാറെന്നു വിളികേട്ടാലും വിശപ്പിന്റെ വിളി കേള്‍ക്കേണ്ടല്ലോ എന്നയാള്‍ സമാധാനിച്ചു..പതുക്കെ ചെല്ലപ്പന്‍ അയാളുടെ പേരുമറന്നു..എമ്മാറായി പണി ചെയ്തു പണി ചെയ്തു വിശപ്പടക്കി ജീവിച്ചു…

പത്തമ്പതുവര്‍ഷമായി സ്വന്തം പേരില്‍ അയാളെ ആരും വിളിക്കാറില്ല..അമ്മയും അച്ഛനും കൂടി ആ പേരുമറന്നുകാണും…

വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ അടയന്തര വീട്ടിലെ പന്തിയില്‍ പ്രഭാത ഭക്ഷണം വിളമ്പുകയായിരുന്നു അയാള്‍..തിരക്കൊഴിഞ്ഞ നേരം അടുത്തുവന്നു കുശലം ചോദിച്ചു..

ആള്‍ നന്നെ ക്ഷീണിച്ചിരിക്കുന്നു..എണ്ണക്കറുപ്പിലെ മെഴുമെഴുപ്പ് മങ്ങിയതുപോലെ..

അയാള്‍ വിശേഷങ്ങളോരോന്നായി പറഞ്ഞു..

ഭാര്യ സുകുമാരി മൂന്നു മാസം മുമ്പ് മരിച്ചു…കുടലില്‍ അള്‍സര്‍ ബാധിച്ചതാണ്…
മൂന്നാഴ്ച മുമ്പ് അനിയന്‍ ബാബുവും മരിച്ചു.. പാമ്പുകടിച്ചതിനുശേഷം വിശ്രമത്തിലായിരുന്നു..

അച്ഛനും അമ്മയും നേരത്തേ പോയീ…ഇപ്പോ കുഞ്ഞമ്മ ചേച്ചിയുടെ കൂടെയാണ്.. കഴിഞ്ഞ ദിവസം ചേച്ചിയുമായി പിണങ്ങി..അന്നുമുതല്‍ നിരാഹാരമാണ്..

കറിക്ക് എരിവില്ല എന്നാണ് എമ്മാറിന്റെ സ്ഥിരം പരാതി…

പക്ഷെ എല്ലാവരും കറിക്കിടുന്നതുപോലെയുള്ള എരിവല്ല എനിക്കുവേണ്ടത്….കുറെ ഏറെ വേണം..സുകുമാരിക്കും അതായിരുന്നു ഇഷ്ടം…അത് പറഞ്ഞ് അയാള്‍ ചിരിച്ചു.

അതുകേട്ടപ്പോള്‍ കുടല്‍മാല കത്തിപ്പുകഞ്ഞു മരിച്ച സുകുമാരിയെ ഓര്‍മ്മ വന്നു

ഇപ്പോള്‍ എമ്മാറിനും വയറിന്റെ ഉള്ളില്‍ പുകച്ചിലും നീറ്റലുമാണ്..
പാണാവള്ളിയിലെ ഗിരീഷ് ഡോക്ടറാണ് സ്ഥിരമായി നോക്കുന്നത്. വേദന കൂടുമ്പോള്‍ ഒരോട്ടമാണ്…

വയറില്‍ തടവി പരിശോധിച്ച് മരുന്നു കുറിച്ച കൊടുത്ത് തോളില്‍ തട്ടി ഡോക്ടര്‍ പാതി ശാസനയോടെ പറയും..
നീ ഇനീം ഇങ്ങനെ എരിവ് കൂട്ടല്ലേ.. കുഴപ്പമാണേ..

അത്യാവശ്യത്തിനുമാത്രമുള്ള മരുന്നു വാങ്ങി താല്‍ക്കാലിക ശാന്തിയാകുമ്പോള്‍ അയാള്‍ മരുന്നു നിര്‍ത്തും..

കാശുവേണ്ടേ…എന്നും മരുന്നു കഴിക്കാന്‍.. മരുന്നുമാത്രം കഴിച്ചാല്‍ പോരല്ലോ..വിശപ്പും മാറണ്ടേ..

പെങ്ങളോട് വഴക്കിടുമെങ്കിലും കിട്ടുന്നതില്‍ പങ്ക് രണ്ടാളും പരസ്പരം പങ്കുവെയ്ക്കും.. ഇപ്പോള്‍ മുക്കത്തെ ചെമ്മീന്‍തൊണ്ടു കമ്പനിയില്‍ പണിക്കുപോകുന്നുണ്ട്..വയ്യാതാകുമ്പോള്‍ അതും മുടങ്ങും….

പക്ഷെ ഏതു വയ്യായ്കയാണെങ്കിലും നാട്ടില്‍ ഒരാവശ്യം വന്നാല്‍ എല്ലാ വേദനയും മാറ്റിവെച്ച് എമ്മാറെത്തും…

എത്രയോ കല്യാണങ്ങള്‍ക്ക് എമ്മാര്‍ സദ്യ വിളമ്പി..എത്രയോ മൃതദേഹങ്ങള്‍ക്ക് ചിതയിയൊരുക്കി…
രക്തബന്ധുവിനെ പോലെ നനഞ്ഞീറനായി വന്ന് എത്രയോ പേര്‍ക്കുവേണ്ടി ബലിയിട്ടു….
അവരെയോര്‍ത്ത് ആരും കാണാതെ കൈതപ്പുഴയുടെ ഓളപ്പരപ്പിലേക്ക് നോക്കി കണ്ണുതുടച്ചു…അവസാനത്തെ ആളും പോകുന്നതുവരെ അവിടെ തന്നെ നിന്ന് എല്ലവരെയും യാത്രയാക്കി, പിന്നെങ്ങോട്ടോ പോകുന്ന ഇങ്ങനെ ഒരാള്‍ വേറെ ഏതെങ്കിലും നാട്ടിലുണ്ടാവുമോ ചങ്ങാതിമാരേ…?