സൂനാമിയെക്കാള്‍ വേഗത്തില്‍ വന്ന വെറുമൊരു സൂക്ഷ്മാണു ലോകത്തെ പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ്

69

Remesh Aroor

ഇന്നലെ രാവിലെ ഓഫീസില്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ അറിഞ്ഞു; കാനഡ പ്രിന്റ് എഡിഷന്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തുകയാണ്. അമേരിക്കയിലെ നാല് എഡിഷനുകളില്‍ ന്യൂയോര്‍ക്ക് എന്തായാലും ഷട്ട്ഡൗണ്‍ ചെയ്യും.. ഷിക്കാഗോ, ടെക്‌സസ് ടൊറന്റോ എഡിഷനുകളുടെ കാര്യം വൈകിട്ടത്തെ (അവിടുത്തെ രാവിലെ ) ഡയറക്ടേഴ്‌സ് ബോര്‍ഡ് മീറ്റിംഗ് കഴിഞ്ഞേ അറിയാനൊക്കൂ..വെബ്, ഡിജിറ്റല്‍ എഡിഷനുകളില്‍ ഒതുക്കി പത്രം തുടരും.. ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നവകാശപ്പെടുന്ന അമേരിക്കയെ, ഇറ്റലിക്കും സ്‌പെയിനിനും കാനഡയ്ക്കും പിന്നാലെ കൊറോണ കശക്കി നിലതെറ്റിച്ചിരിക്കുകയാണ്..കഴിഞ്ഞയാഴ്ച വരെ പൊരുതി തോല്‍പ്പിക്കും എന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞ പ്രസിഡന്റ് ട്രംപ് ഏറ്റവുമൊടുവില്‍ പറഞ്ഞത് കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങേണ്ടിവരുമെന്നാണ്.ഏതാനും ദിവസം മുമ്പുവരെ ജനനിബിഡമായിരു തെരുവുകള്‍ ഹോളിവുഡ് ഹൊറര്‍ സിനിമകളിലെ പോലെ ഭയത്തിന്റെ ഇരുളില്‍ ശൂന്യത പുതച്ചുനില്‍ക്കുന്നു. വല്ലപ്പോഴും കടന്നു പോകുന്ന ആംബുലന്‍സുകളുടെ സൈറന്‍ വിളികള്‍ നിശബദ്തയെ കൂടുതല്‍ ഭയാനകമാക്കുന്നു. ഏതെങ്കിലും ഒരു നാടോ രാജ്യമോ ഭൂഖണ്ഡമോ മാത്രമല്ല കൊറോണയുടെ പിടിയിലുള്ളത്…ലോകം മുഴുവനുമാണ്.മനുഷ്യന്‍ സൃഷ്ടിച്ച ക്രമങ്ങളെയും നിര്‍മ്മിതികളെയും നിയമങ്ങളെയും നേട്ടങ്ങളെയും മാത്രമല്ല മനുഷ്യനെ പൊളിച്ചടുക്കുകയാണ് മഹാമാരിയായ കൊറോണ. നിശബ്ദനായി സൂനാമിയെക്കാള്‍ വേഗത്തില്‍ വന്ന വെറുമൊരു സൂക്ഷ്മാണു ലോകത്തെ പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ്..അതിജീവിക്കുന്നവര്‍ പുതിയ ലോകത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇന്നലെ വരെ ജീവിച്ച ജീവിതമല്ല ഇനിജീവിക്കേണ്ടത് എന്ന ഉറപ്പായി കഴിഞ്ഞു.ജോലി കഴിഞ്ഞ് രാത്രിയില്‍ മടങ്ങുമ്പോള്‍ ജനശൂന്യമായ എറണാകുളം ന്യൂയോര്‍ക്കിലെ വിജനമായ തെരുവുകളെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ മൂന്നോ നാലോ ദശകത്തിലൊന്നും ഇത്ര വിജനമായി എംജി റോഡ് കണ്ടിട്ടേയില്ല.