ആനകളെ കിട്ടാതെ വരുമ്പോൾ കറുത്ത അംബാസഡര്‍ കാറുകളുടെ മുകളിലായിരിക്കും നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളത്ത്, മോഹനൻ ചേട്ടന്റെ പ്രവചനം ഫലിച്ചു

79

Remesh Aroor

ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നിരവധി ആനകളെ എഴുന്നള്ളിച്ച് ഉത്സവം നടക്കുന്നു. ടിഡിഎം ഹാളിനോട് ചേര്‍ന്ന് അവിനാശ് സറാഫിന്റെ ഫിലിപ്‌സ് ലൈറ്റുകളുടെ ഷോറൂമില്‍ മേനജരായിരുന്ന പള്ളുരുത്തിക്കാരന്‍ മോഹന്‍ ചേട്ടന്‍ പൊരിവെയിലത്ത് നില്‍ക്കുന്ന ആനകളെ നോക്കി അവിടെകൂടിനിന്ന ഞാനക്കമുള്ളവരോടായി കാര്യമായും പകുതി തമാശയായും പറഞ്ഞു..” ഈ ആനകളെയൊക്കെ ഇങ്ങനെ നിര്‍ത്തുന്നത് കഷ്ടമാണ്.ഒരിക്കല്‍ ആനകളെയൊക്കെ കിട്ടാതെ വരും..അപ്പോള്‍ കറുത്ത അംബാസഡര്‍ കാറുകളുടെ മുകളിലായിരിക്കും നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളത്ത്..അതാകുമ്പോള്‍ ആന വിരണ്ട് ഓടുമെന്ന പേടി കൂടാതെ ഉത്സവം കാണാല്ലോ….”മോഹന്‍ ചേട്ടന്റെ പ്രവചനം പോലെ സംഭവിച്ചു. പീച്ചി തുണ്ടത്ത് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന കുട്ടിശങ്കരന്‍ എന്ന ആന കുളിച്ച് കഴിഞ്ഞിട്ടും കനാലില്‍ നിന്ന് കയറാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കടുത്ത ചൂടായതിനാല്‍ രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ തൊട്ടടുത്ത കനാലില്‍ ഇറക്കിയത്. എന്നാല്‍ കുട്ടി ശങ്കരന്‍ തിരിച്ചു കയറാന്‍ മടിക്കുകയായിരുന്നു. ആനയെ കയര്‍ കെട്ടി കരയ്ക്ക് എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ ആഘോഷക്കമ്മിറ്റിക്കാര്‍ രണ്ടും കല്‍പ്പിച്ചൊരു തീരുമാനമെടുക്കുകയായിരുന്നു. ഓമ്‌നി വാനില്‍ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയാണ് എഴുന്നെള്ളിപ്പ് പൂര്‍ത്തിയാക്കിയത്. മറ്റ് രണ്ട് ആനകള്‍ക്കൊപ്പമായിരുന്നു ഓമ്‌നിയുടെ എഴുന്നെള്ളിപ്പും.’