കാസ്‌ട്രോയെ വകവരുത്താൻ അമേരിക്ക നിയോഗിച്ചത് കാസ്ട്രോയുടെ കാമുകിയെ ! മാരീറ്റ, കഥയെ വെല്ലുന്ന ജീവിതത്തിന്റെ ഉടമ

546

എഴുതിയത്  : Remesh Aroor

കാസ്ട്രോയുടെ കാമുകി
——————–

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയുടെ കാമുകിയായിരുന്ന മാരീറ്റ ലോറന്‍സ് അന്തരിച്ചു. ജര്‍മനിയിലെ ഓബര്‍ ഹൗസ് നഗരത്തിലെ വൃദ്ധസദനത്തിലായിരുന്നു എണ്‍പതാം വയസില്‍ മാരീറ്റയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം.

ഓഗസ്റ്റ് 31 നായിരുന്നു അവരുടെ അന്ത്യമെങ്കിലും ലോക മാധ്യമങ്ങള്‍ ഒരാഴ്ച കഴിഞ്ഞാണ് മാരീറ്റയുടെ മരണ വിവരം അറിഞ്ഞത്. മകള്‍ മോണിക മെഴ്‌സിഡസ് പെരസ് ജിമിനസ് ആണ് അമ്മയുടെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

ജര്‍മന്‍ പൗരത്വമുള്ള മാരീറ്റ ഈ വര്‍ഷം ആദ്യമാണ് ന്യൂയോര്‍ക്കില്‍ നിന്നു ജര്‍മനിയിലെ വൃദ്ധസദനത്തിലെത്തിയത്.

1939 ല്‍ ജര്‍മനിയിലെ ബ്രേമന്‍ നഗരത്തിലായിരുന്നു മാരിറ്റയുടെ ജനനം. ജര്‍മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ബാല്യം. അമേരിക്കന്‍ അഭിനേത്രിയായിരുന്നു അമ്മ. പിതാവ് കപ്പിത്താനായിരുന്നു. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം മാരീറ്റായുടെ കുടുംബം യുഎസിലേക്ക് കുടിയേറി. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലെയിനിലായിരുന്നു താമസം.

കഥയെ വെല്ലുന്ന ജീവിതത്തിന്റെ ഉടമയാണ് മാരീറ്റ. 1959 ലാണ് കാസ്ട്രോയെ ഇവര്‍ കണ്ടുമുട്ടുന്നത്. മാരിറ്റയുടെ ആദ്യത്തെ പ്രണയം മൊട്ടിടുന്നു. കാസ്ട്രോയുടെ മനം കവര്‍ന്ന അവര്‍ കാസ്ട്രോയില്‍ നിന്ന് ഗര്‍ഭിണിയായെങ്കിലും ഗര്‍ഭം അലസി. മാരീറ്റയുടെ രണ്ടാമത്തെ കാമുകനും വെനസ്വേലയുടെ സര്‍വ സൈന്യാധിപനുമായിരുന്ന മര്‍ക്കോസ് പെരസ് ജിമിനസുമായുണ്ടായ ബന്ധത്തില്‍ ജനിച്ചതാണ് മോണിക. കാസ്‌ട്രോയുമായുള്ള ബന്ധത്തില്‍ മോണികയ്ക്ക് ഒരു ആന്‍ഡ്രൂ എന്ന മകന്‍ ജനിച്ചുവെന്നും അയാള്‍ ക്യൂബയില്‍ ഒരു ശിശുരോഗ വിദഗ്ദ്ധനായി ജീവിക്കുന്നുവെന്നും പറയപ്പെടുന്നു. അതേ സമയം ആന്‍ഡ്രൂ ഇവരുടെ ബന്ധത്തിലെ മകന്‍ തന്നെയാണോ എന്നത് തര്‍ക്കവിഷയമാണ്.

ഇതിനിടയില്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ മാരീറ്റായുടെ പ്രേമം മണത്തറിഞ്ഞു. മാരീറ്റായെ പണം കൊടുത്ത് സംഘടനയില്‍ അംഗമാക്കി. കാസ്ട്രോയെ എങ്ങനെയെങ്കിലും വകവരുത്തുകയെന്നതായിരുന്നു മാരീറ്റാക്ക് സിഐഎ നല്‍കിയ നിര്‍ദ്ദേശം. പക്ഷേ കാസ്ട്രോയുടെ
സ്നേഹത്തിന്റെ മുന്‍പില്‍ അവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഈ കാര്യം പിന്നീട് ഇവര്‍ തന്നെ വെളിപ്പെടുത്തി. കാസ്ട്രോയെ അത്രയ്ക്ക് അവര്‍ സ്നേഹിച്ചിരുന്നു.

1963 നവംബറില്‍ നടന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം ക്യൂബന്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് സംശയിച്ച അമേരിക്ക മാരിറ്റയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു.

1970വരെ അവര്‍ സിഐഎയുടെ ഏജന്റായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ഇവര്‍ സിഐഎയുടെ നോട്ടപ്പുള്ളിയായി മാറി. മാരീറ്റയെ വക വരുത്താന്‍ പലശ്രമങ്ങളും നടന്നുവെങ്കിലും വിജയിച്ചില്ല. 1995 വരെ സ്വയരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാന്‍ അവര്‍ക്ക് അനുമതിയുണ്ടായിരുന്നു.

പിന്നീട് അവരുടെ ന്യൂയോര്‍ക്കിലെ ജീവിതം പരിതാപകരമായി. മാതൃരാജ്യത്തിലെത്തി മരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. ജര്‍മന്‍ സര്‍ക്കാര്‍ പാസ്പോര്‍ട്ട് നല്‍കി അവരെ ജര്‍മനിയിലെത്തിച്ചു. ഒന്‍പത് മാസം ജര്‍മന്‍ മണ്ണില്‍ ജീവിച്ച് അവര്‍ യാത്രയായി.