വൃത്തി എന്നത് പരിഹസിക്കാൻ വേണ്ടി മാത്രമുള്ള ഒരു ജീവിത രീതിയല്ല

248

എഴുതിയത്  : Remesh M Toody

വൃത്തി എന്നത് പരിഹസിക്കാൻ വേണ്ടി മാത്രമുള്ള ഒരു ജീവിത രീതിയല്ല എന്ന് നമ്മൾ അറിയണം . മുൻപ് മേനക തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ എന്റെ മുന്നിൽ ക്യു നിന്ന സായിപ്പ് കടല കൊറിക്കുന്നതു കണ്ടു . അങ്ങേരു കടലയുടെ തൊലി മുഴുവൻ മറ്റൊരു കവറിൽ ശേഖരിച്ചു ഒടുവിൽ അത് വേസ്റ്റ് പേപ്പർ ബിന്നിൽ കൊണ്ട് പോയി ഇടാൻ നടക്കുന്നത് കണ്ട് . പക്ഷെ പാവത്തിന് അങ്ങനെ ഒരു സാധനം കണ്ട് കിട്ടിയില്ല .

എന്റെ വീട്ടിനു പിന്നിൽ സായിപ്പ് നടത്തിയ ഒരു കാപ്പി കമ്പനി ഉണ്ടായിരുന്നു . എന്റെ മാമന്മാർ അവിടെ ജോലി ചെയ്തത് കൊണ്ട് എനിക്ക് അവിടെ പ്രവേശനം ഉണ്ടായിരുന്നു . അവിടെ ഏവരും ശ്രദ്ധിക്കുന്നത് ഗേറ്റ് കഴിഞ്ഞു കമ്പനി വരെ ഉള്ള നടപ്പാതയിലെ അസാധാരണ വൃത്തിയാണ് . എന്റെ മാമൻ പോലും അന്ന് സ്ഥിരമായി സിഗരറ്റ് വലിക്കുന്ന കൂട്ടത്തിൽ ആയിരുന്നു . പക്ഷെ ഒരിക്കൽ പോലും വലിച്ചു തീർന്ന സിഗരറ്റ് കുറ്റിയോ, ഉപയോഗിച്ച തീപ്പെട്ടി കൊള്ളിയോ ആ വ്യവസായ ശാലയുടെ പരിസരത്തു ഒരിടത്തും അദ്ദേഹം നിക്ഷേപിക്കാറില്ലായിരുന്നു . അവയൊക്കെ ഒരു പാക്കറ്റിൽ ആക്കി വീട്ടിൽ കൊണ്ട് വന്നു അടുപ്പിൽ തള്ളും. ഇത് ഒരു സായിപ്പ് പഠിപ്പിച്ച ജീവിത രീതി ആയിരുന്നു . സായിപ്പിന് അത് പഠിപ്പിക്കാം . കാരണം അങ്ങേരു ആ വൃത്തി ജീവിതത്തിൽ കൊണ്ട് നടന്നിരുന്നു. അങ്ങേരു സിഗരറ്റ് വലിച്ചു അതിന്റെ അവശിഷ്ടം കമ്പനി പരിസരത്തു കൊണ്ട് പോയി ഇട്ടിരുന്നു എങ്കിൽ തൊഴിലാളികളും പാത്തും പതുങ്ങിയും അതെ വൃത്തികേട് ചെയ്യുമായിരുന്നു .

അതായതു വൃത്തിയും ഒരു തരത്തിൽ പറഞ്ഞാൽ മുകളിൽ നിന്ന് താഴേക്ക് വരണം . അല്ലാതെ വർഷത്തിൽ ഒരിക്കൽ വൃത്തി അഭിനയിച്ചത് കൊണ്ട് പരിസരം വൃത്തിയാകണം എന്നില്ല. വൃത്തി ജീവിത രീതി ആക്കിയവർ ഇത്തരം അഭിനയങ്ങൾ ഇല്ല എങ്കിലും വൃത്തിയുളളവർ ആയി തുടരും. കാരണം അവർ വൃത്തി ഉള്ളിൽ പേറി നടക്കുന്നവർ ആണ് . സാമൂഹ്യ ബോധം ഉള്ളവർ ആണ് . പക്ഷെ അങ്ങനെ ഉള്ളവർ ഇവിടെ വിരളമാണ് . ഒരു ജനതയെ മുഴുവൻ ഇത്തരത്തിൽ മാറ്റി തീർക്കണം എന്ന് നിർബന്ധം ഉള്ളവർ അതിനു വേണ്ടിയുള്ള ശ്രമം നടത്തിയേ ഒക്കൂ. സ്വന്തം ജീവിതത്തിലൂടെ മാത്രമല്ല അത് കാണിച്ചു കൊടുക്കേണ്ടത് , വൃത്തി നിർബന്ധമാക്കുന്ന തരത്തിൽ നിയമ നിർമാണം നടത്തുകയും അവ പ്രയോഗത്തിൽ വരുത്തുകയും വേണം . ഇവിടെ എല്ലാം കടലാസിൽ മാത്രമേ ഉണ്ടാകൂ. ജീവിതത്തിൽ അതൊന്നും കാണില്ല