അതിരെഴാ മുകിലേ…
രമ്യ ഭാരതി എഴുതിയത്
ഏറ്റവും കൂടുതൽ കേട്ട പാട്ടേതാണ് എന്ന് ചോദിച്ചാൽ, മനപ്പൂർവം കേട്ടതിൽ ഏറ്റവും അധികം കേട്ട പാട്ട് ചാരുലത എന്ന പേരിൽ, ‘അതിരെഴാ മുകിലേ..’ എന്ന് തുടങ്ങുന്ന പാട്ട് തന്നെയാണ്. ഒരിക്കൽ ഏതോ ഒരു ആർട്ടിക്കിളിൽ ആണ് ഈ പാട്ടിനെ കുറിച്ചു ആദ്യമായി വായിക്കുന്നത്. ആ കൊല്ലത്തെ, സിനിമയുടെ ഭാഗമല്ലാത്ത പാട്ടുകളുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പാട്ട് എന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഒന്ന് കേൾക്കണമല്ലോ എന്ന് കരുതി യൂട്യൂബിൽ തപ്പിയതേ ഓർമ്മയുള്ളൂ. എത്രവട്ടം കണ്ടു എന്നോ എത്രവട്ടം കേട്ടു എന്നോ കണക്കില്ല. പോരാത്തതിന് അടുത്ത കൂട്ടുകാർക്കൊക്കെ കേൾപ്പിച്ചും കാണിച്ചും കൊടുത്ത് അവരേ കൂടെ ഈ പാട്ടിന്റെ ആരാധകരാക്കി. ഇന്നും എന്തെങ്കിലും ഒരു സ്‌ട്രെസ് വരുമ്പോഴോ, ഞാൻ ok അല്ല എന്ന് തോന്നുമ്പോഴോ ഈ പാട്ടും ലൂപ്പിൽ ഇട്ട് വെച്ചു ഞാൻ കണ്ണടച്ചിരിക്കും.
എന്തു ഭംഗിയായിട്ടാണ് അത് എടുത്തു വെച്ചിരിക്കുന്നത്. ശ്രുതി ശരണ്യം എഴുതിയ വരികളും അവരുടെ തന്നെ സംവിധാനവും, സുദീപ് പാലനാടിന്റെ സംഗീതവും ശബ്ദവും, അഭിനയിച്ചിരിക്കുന്ന ബിജിപാൽ, ഹരിനാരായണൻ, പാർവതി മേനോൻ. ഓരോ രംഗവും എന്തു ഭംഗിയാണ് കാണാൻ. കണ്ടു കഴിഞ്ഞാലും കേട്ടു കഴിഞ്ഞാലും ചെവിയിലും കണ്ണിലും തലയിലും ഇങ്ങനെ കറങ്ങി തിരിഞ്ഞു നടക്കും.
ഈ പാട്ടെന്ന് പറയുമ്പോൾ പാട്ട് മാത്രമല്ല കേട്ടോ ആ സംഭാഷണങ്ങളും അടക്കമാണ്. അതിങ്ങനെ കേൾക്കുമ്പോൾ ആ രംഗങ്ങൾ ഓർമ വരും. ഓരോ വട്ടം ആ രംഗങ്ങൾ കാണുമ്പോഴും തോന്നിയ ഒരു സംശയമാണ്. കഥ നടക്കുന്ന കാലങ്ങൾ തമ്മിലുള്ള ബന്ധം എന്തായിരിക്കും എന്നത്. പുനർജന്മമാണോ, അതോ ഇന്നലെ സിനിമയിലെ പോലെ മറവിയാണോ എന്നൊക്കെ തോന്നിയിരുന്നു. ഈ പാട്ട് കണ്ടതിനും കേട്ടതിനും ശേഷവും മനസ്സിൽ മായാതെ നിൽക്കാനുള്ള ഒരു കാരണം ആ ഒരു നിഗൂഢതയാണ്. തീർച്ചയായും അത് തന്നെയാവും അണിയറപ്രവർത്തകരുടെയും ലക്ഷ്യം.
‘കഥയിൽ നിന്നിറങ്ങി വന്നവർ’ എന്ന വിഷയത്തിൽ ഒരു കഥയെഴുത്ത് മത്സരം വന്നപ്പോൾ ഒത്തിരി സിനിമകളും നോവലുകളും പുരാണവും കഥാപാത്രങ്ങളും എല്ലാം മനസ്സിൽ വന്നെങ്കിലും, ഇന്നും നിരന്തരമായി പല സുഹൃത്തുക്കളുടെയും സ്റ്റോറിയിലും സ്റ്റാറ്റസിലും വന്നുകൊണ്ടിരിക്കുന്ന, കഴിഞ്ഞ ദിവസവും കൂടെ സ്റ്റോറിയിൽ കണ്ട ഈ പാട്ട് മനസ്സിൽ വന്നു.പാട്ടിലെ കഥയിൽ കാണിക്കുന്ന രണ്ടു കാലഘട്ടവും രണ്ടു തലമുറകൾ ആയേക്കാം എന്നും, ഇവർ തമ്മിൽ ബന്ധം ഉണ്ടായേക്കാം എന്നും എന്റെ മനസ്സ് പറഞ്ഞു.
മുന്നേ എപ്പോഴോ ഇതിലെ കഥക്ക് പുറകെ നടന്നപ്പോൾ കിട്ടിയ, സത്യജിത് റേ യുടെ ചാരുലത എന്ന സിനിമയുടെയും, രവീന്ദ്രനാഥ ടാഗോറിന്റെ Nashtanirh (The Broken Nest) എന്ന നോവലിന്റെയും സംഗ്രഹങ്ങൾ ഒന്നൂടെ ഓടിച്ചു നോക്കി. അങ്ങനെ ഒരിക്കൽ കൂടെ ഈ പാട്ട് ലൂപ്പിൽ ഇട്ട്, എന്റെ ഭാവനയും ഈ പാട്ടിനിടയിലെ സംഭാഷണങ്ങളും ചേർത്തു ഞാൻ ഒരു ചെറിയ കഥയുണ്ടാക്കി. അതിനു സമ്മാനവും കിട്ടി.ഇടയിലെ ചിത്രങ്ങൾ അടക്കം കാണുമ്പോഴാവും വായനക്ക് സുഖം എന്നത് കൊണ്ട് കഥയുടെ ലിങ്ക് ഞാൻ താഴെ കമന്റിൽ കൊടുക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയു.