നിങ്ങൾക്കൊക്കെ അറിയുന്ന സിന്ദ്രല്ലയെ ഇങ്ങനെ ഒന്ന് കണ്ടു നോക്കൂ
ഞാൻ ആദ്യമായി വായിച്ച fairy tale ഇതാവും. പുസ്തകത്തിലെ ഒരു ചിത്രം കൊണ്ട് ബാക്കി കഥ മുഴുവൻ ഭാവനയിൽ കണ്ട കുട്ടിക്കാലം. പിന്നീട് ഒരു സമ്മാനമായി മുഴുവൻ ചിത്രങ്ങളുള്ള
100 total views

Remya Bharathy
Cinderella
സ്പോയിലർ അലർട്ട്….
(അറിയാവുന്ന കഥക്ക് എന്ത് അലർട്ട് എന്നാണോ?…)
ഞാൻ ആദ്യമായി വായിച്ച fairy tale ഇതാവും. പുസ്തകത്തിലെ ഒരു ചിത്രം കൊണ്ട് ബാക്കി കഥ മുഴുവൻ ഭാവനയിൽ കണ്ട കുട്ടിക്കാലം. പിന്നീട് ഒരു സമ്മാനമായി മുഴുവൻ ചിത്രങ്ങളുള്ള ഡിസ്നിയുടെ പുസ്തകം കിട്ടിയപ്പോൾ ഭാവനകളുടെ നിറം കൂടി. മനസ്സിൽ ആ നീല ഉടുപ്പും കണ്ണാടി ചെരുപ്പും ആഴത്തിൽ പതിഞ്ഞു.
പക്ഷെ അതിനൊപ്പം തന്നെ ക്രൂരയായ രണ്ടാനമ്മയും ദുഷ്ടകളായ സഹോദരിമാരും കൂടെ കൂടി. കൂട്ടത്തിൽ സൗന്ദര്യത്തെ പറ്റിയുള്ള ആദ്യകാല ചിന്തകളും. വളരെ മെലിഞ്ഞ ഒരാളും ഒരുപാട് തടിയുള്ള മറ്റൊരാളും അതു കൊണ്ടു തന്നെ സുന്ദരിയായ സിന്ദ്രല്ലയെ വെറുക്കുന്നു. രാജകുമാരന്റെ വധുവായി തിരഞ്ഞെടുക്കപ്പെടാൻ കൊതിക്കുന്ന നിരാലംബരായ പാവം പെണ്കുട്ടി. നല്ലവളായ മന്ത്രവാദിനി അമ്മൂമ്മ മന്ത്ര ശക്തിയാൽ അവളെ കൊട്ടാരത്തിൽ എത്തിക്കുന്നു. വഴിയിൽ കളഞ്ഞു പോയ ഒറ്റ കണ്ണാടി ചെറുപ്പുമായി അവളെ തേടി വരുന്ന രാജകുമാരൻ… പിന്നെ they lived happily ever after. കഴിഞ്ഞ കാലത്തെ കഥകൾ എല്ലാം ഇങ്ങനെ ആയിരുന്നല്ലോ…. അതിനെ മുഴുവൻ പൊളിച്ചെടുക്കുന്ന പുതിയ സിന്ദ്രല്ലയുടെ കഥ…
camila cabello- ഈ പേര് ഏറ്റവും കൂടുതൽ കേട്ടത് മോളുടെ വായിൽ നിന്നാണ് എന്നത് കൊണ്ടാണ് അവളുടെ കൂടെ ഇരുന്ന് സിനിമ കാണാൻ തുടങ്ങിയത്…ആ 112 മിനിട്ടും ഞങ്ങൾ മതിമറന്ന് ആസ്വദിക്കുകയായിരുന്നു. എന്താ പറ്റിയെ എന്നു ചോദിച്ചു ഏട്ടൻ വീണ്ടും വീണ്ടും എണീറ്റ് വരുന്ന മട്ടിനു അലറി ചിരിക്കുകയായിരുന്നു ഞങ്ങൾ രണ്ടു പേരും. കാണണം.എല്ലാവരും. പ്രത്യേകിച്ചും കുട്ടികൾ. മനസ്സിൽ ആദ്യം പതിയുന്ന fairy tale ഇതാവട്ടെ..എല്ലാം താളത്തിൽ നടക്കുന്ന മാറ്റങ്ങൾ ഒന്നും ഇല്ലാത്ത ഒരു രാജ്യം…
രാജാവിനും രാജ്ഞിക്കും, രാജകുമാരന് പുറമെ ഒരു രാജകുമാരി കൂടി. രാജ്യത്തിന്റെ പുരോഗതിക്ക് പറ്റുന്ന തരത്തിൽ ഉള്ള കുറെ നൂതന ആശയങ്ങൾ തലയിൽ കൊണ്ടു നടക്കുന്ന, കഴിവ് തെളിയിക്കാൻ വെമ്പി നിൽക്കുന്ന, നിഷ്കളങ്കയായ രാജകുമാരി. ഒരു ചൂടും ഇല്ലാതെ നടക്കുന്ന നമ്മുടെ രാജകുമാരനെ, ആണായത് കൊണ്ടു, കെട്ടിച്ചു രാജാവാക്കാനാണ് രാജാവിന്റെ പ്ലാൻ. വലിയ വലിയ രാജ്യങ്ങളിലെ രാജകുമാരിമാരെ ഒന്നും രാജകുമാരന് വേണ്ട. സാധാരണ കഥകളിലെ പതിവിനു വിപരീതമായി കുട്ടിക്കളിയും, രാജകാര്യങ്ങളിൽ വലിയ താൽപ്പര്യം ഇല്ലാത്തവനുമായ രാജകുമാരൻ…
രാജകുമാരന്റെ പാർട്ടിക്ക് പോവാൻ അവൾ ആഗ്രഹിച്ചത് തന്നെ അവൾക്ക് അവൾ സ്വയം ഡിസൈൻ ചെയ്ത വസ്ത്രം വലിയ വീട്ടിലെ പെണ്ണുങ്ങളെ കാണിച്ചു കൂടുതൽ കസ്റ്റമേഴ്സിനെ സംഘടിപ്പിക്കാനാണ്. അന്നത്തെ രാത്രിയിൽ അവൾക്ക് അവിടെ നിന്ന് രണ്ട് ഓഫറുകൾ കിട്ടുന്നു. രാജകുമാരന്റെ ഭാര്യയാവാനും, വേറെ ഒരു രാജ്യത്തെ രാജ്ഞിയുടെ പേഴ്സണൽ ഡ്രെസ്സ് മേക്കർ ആയി അവരോടൊപ്പം നാടുകൾ ചുറ്റാനും. അവൾ വളരെ ബഹുമാനത്തോട് കൂടെ രാജകുമാരന്റെ ഓഫർ നിരസിക്കുന്നു. റോയൽറ്റി എന്നു പറഞ്ഞ ചില്ല് കൊട്ടാരത്തിൽ ഇരിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല എന്നു പറയുന്നു. തിരിച്ചു പോകുന്നു. അവളോട് കൂടെ അവളുടെ ഇഷ്ടങ്ങളെ ബഹുമാനിച്ചു ജീവിക്കാനാണ് തനിക്കിഷ്ടം എന്നു തീരുമാനിക്കാൻ മാത്രം രാജകുമാരനെ motivate ചെയ്യാൻ സിന്ദ്രേല്ലക്ക് ആവുന്നു.
ഏറ്റവും മനോഹരമായി പോവുന്ന കഥ ഇവരുടെ ഒന്നും അല്ല. അത് രാജാവിന്റെയും രാജ്ഞിയുടെയും ആണ്. ഇരിപ്പിടങ്ങളുടെ ഉയര വ്യത്യാസം ചൂണ്ടി കാണിക്കുന്നത് തൊട്ട് രാജ്ഞിയുടെ വ്യത്യസ്തത നമ്മൾ തിരിച്ചറിയുന്നു. സ്വന്തം ചേംബറിൽ മുടി കൊഴിയുന്നത് വരെ ഞാൻ മുടി കൊതിക്കൊണ്ട് ഇരിപ്പുണ്ടാവും ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് ആളെ വിട്ടാൽ മതി, എന്ന രാജ്ഞിയുടെ ഡയലോഗിൽ രാജാവിന്റെ കൂടെ ഉള്ള രാജ്ഞിയുടെ സ്ഥാനം നമ്മളെ കാണിക്കുന്നു.
പോകെ പോകെ, രാജകുമാരൻ കല്യാണത്തിന് വിമുഖത കാണിക്കാൻ നമ്മളാണ് കാരണം എന്ന് പറയുന്നതും, അധികാരം കിട്ടിയപ്പോൾ നിങ്ങളുടെ പ്രണയം മാഞ്ഞു എന്നും, കാലമല്ല മാറിയത് നിങ്ങളാണ് എന്ന് രാജാവിനോട് പറയുമ്പോളും, രാജ്ഞിയെ നമ്മൾ കൂടുതൽ മനസ്സിലാക്കുന്നു. എല്ലാത്തിനും ഒടുവിൽ രാജാവിന് മാനസാന്തരം വരുന്നതും, രാജ്യ അഭിവൃദ്ധിയിൽ കൂടുതൽ താൽപ്പര്യമുള്ള രാജകുമാരിക്ക് ഭരണം കൈമാറുന്നതും, രാജകുമാരൻ സിന്ദ്രേല്ലയോടൊത്തു ജോലിയുമായി നാട് ചുറ്റാൻ പോകാൻ തീരുമാനിക്കുന്നതും എല്ലാം വല്ലാത്തൊരു അനുഭവം ആണ് മനസ്സിൽ. ചെറുപ്പത്തിൽ മനസ്സിൽ പതിഞ്ഞ പലതും കാലാനുസൃതമായി ഇങ്ങനെയും ആവാം അല്ലെ… എന്ന feel good അവസ്ഥ.
ഏറ്റവും ഹൃദ്യമായി തോന്നിയത്, പൊതുജനത്തിന് മുന്നിൽ രാജാവിനോട് you are wrong എന്ന് ഉറക്കെ വിളിച്ചു പറയാൻ അവസരം കിട്ടിയ രാജ്ഞിയുടെ സന്തോഷവും രാജ്ഞിയെ ചേർത്തു പിടിക്കുന്ന രാജാവിന്റെ സ്നേഹവും കണ്ടപ്പോളാണ്… സൗന്ദര്യം, രൂപം, രണ്ടാനമ്മ-വളർത്തുമകൾ ബന്ധങ്ങൾ എന്നിവയിൽ കാര്യമായ മാറ്റം വരുത്താതെ ഇരുന്നത് കഥയിൽ നിന്ന് വല്ലാണ്ട് മാറി പോകണ്ട എന്നു കരുതിയിട്ടാവും എന്ന് ആശ്വസിക്കാം. Fabulous Godmother ആയി ഒരു ആണ് രൂപം വന്നത് മനോഹരം ആയിരുന്നു. എലികൾ രൂപം മാറിയ മൂന്ന് കോമേടിയൻസും അടിപൊളി. മൊത്തത്തിൽ കണ്ടു കഴിഞ്ഞപ്പോൾ എല്ലാവരോടും ഉറക്കെ വിളിച്ചു പറയാൻ തോന്നി. നിങ്ങൾക്കൊക്കെ അറിയുന്ന സിന്ദ്രല്ലയെ ഇങ്ങനെ ഒന്ന് കണ്ടു നോക്കൂ എന്ന്…
101 total views, 1 views today
