Remya Bharathy
മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടം? ഇത് കേൾക്കാത്ത, ചോദിക്കാത്ത മലയാളികൾ ഉണ്ടോ? ഞങ്ങടെ വീട്ടിലും ഉണ്ട് ഒരു മോഹൻലാൽ ഫാനും ഒരു മമ്മൂട്ടി ഫാനും ഒരു നിഷ്പക്ഷയും. ഞാൻ ഇടക്ക് ആലോചിക്കാറുണ്ട് എനിക്ക് എന്താണ് മമ്മൂട്ടിയോട് ഇത്തിരി ചായ്‌വ് കൂടുതൽ എന്ന്. കൂടുതൽ തവണ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട സിനിമകൾ അധികവും മോഹൻലാലിന്റെ ആണ്. മോഹൻലാലിനെ ഒത്തിരി ഇഷ്ടവുമാണ്. പക്ഷെ എന്തോ ഒരു ചായ്‌വ് കൂടുതൽ ഉണ്ട് മമ്മൂക്കയോട്. ചിലപ്പോൾ ഞാൻ ചെറുപ്പത്തിൽ കണ്ട മോഹൻലാലിന്റെ സിനിമകൾ അധികവും കോമഡിക്ക് പ്രാധാന്യം ഉള്ള സിനിമകളും, അന്ന് കണ്ട മമ്മൂട്ടി സിനിമകൾ കുറച്ചുകൂടെ ഇമോഷണലും ആയിരുന്നിരിക്കും. മമ്മൂക്കയോട് ഇഷ്ടം കൂടുതൽ തോന്നാനുള്ള യഥാർത്ഥ കാരണം എനിക്ക് ഇന്നലെയാണ് മനസ്സിലായത്. ഒരു സിനിമയാണ്. വീട്ടിൽ പണ്ട് സ്വന്തമായി കേസെറ്റ് ഉണ്ടായിരുന്ന ഒരു സിനിമ. ഒത്തിരി വട്ടം വീണ്ടും വീണ്ടും കണ്ട ഒരു സിനിമ. ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. ഫാസിൽ, മമ്മൂക്ക, സുഹാസിനിസ്, ഊട്ടി, ആഹാ.
ഇന്നലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഞങ്ങൾ കുറെ പെണ്ണുങ്ങൾ പഴയ ചില സിനിമകളെ പറ്റി പറയുകയായിരുന്നു. അന്ന് കണ്ണും മിഴിച്ചു ആസ്വദിച്ചു കണ്ട ചില സിനിമകൾ ഇന്നെങ്ങാനുമാണ് ഇറങ്ങിയിരുന്നതെങ്കിൽ ഉള്ള അവസ്ഥകൾ ആയിരുന്നു വിഷയം. ‘എന്റെ ഉപാസന’ യൊക്കെ പണ്ട് കണ്ടപ്പോൾ, തോന്നിയിരുന്നു, മമ്മൂക്കയുടെ കഥാപാത്രം ഇത്രേം പുറകെ ചെല്ലുന്നത് കണ്ടിട്ടും സുഹസിനിയുടെ കഥാപാത്രത്തിന് എന്താ ഒരു മയം ഇല്ലാത്തത്? അങ്ങോട്ട് കൂടെ ചെന്നൂടെ? എന്നൊക്കെ ചിന്തിച്ച കാലം. റേപ്പിനെ പറ്റിയൊന്നും വലിയ ബോധ്യമില്ലാത്ത കാലത്ത് ആണല്ലോ അത് കണ്ടത്. ഇന്നെങ്ങാനും ആവണം എഴുതിയും പറഞ്ഞും പിച്ചി ചീന്തിയേനെ.
പിന്നെ പാഥേയം. അതിലെ നായിക മകളെയും കൊണ്ട് പോയതിലും, മമ്മൂട്ടിയെ ഒറ്റിയതിലും, ഒറ്റക്കായതിലും ഒക്കെ ഉള്ള സങ്കടം. പിന്നെ ലാലു അലക്സിനോട് പാവം തോന്നിയത് കൊണ്ട് സഹിച്ചു. പക്ഷെ ഉള്ളിൽ ആ അമ്മയോട് ദേഷ്യം തന്നെ ആയിരുന്നു. ഒറ്റിയതിനും മമ്മൂട്ടിയെ വേണ്ട എന്നു വെച്ചതിനും. പിന്നെ ഹിറ്റ്ലർ. ഇന്നെങ്ങാനും ആയിരുന്നെങ്കിൽ ഓർക്കാൻ വയ്യ. ഒക്കെ ആ കാലഘട്ടത്തിന്റെ ആവാം.
അങ്ങനെ കുറെ സിനിമകൾ. അതൊക്കെ പറഞ്ഞു ചിരിക്കുന്നതിനിടെ ആണ്, ഞാൻ എനിക്ക് അന്ന് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നതും ഏറ്റവും കൂടുതൽ തവണ കണ്ടതും മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആണെന്ന് പറയുന്നത്. അതായത് ടൈപ്പ് ചെയ്യുന്നത്. ‘മണി’ എന്നടിച്ചപ്പോൾ ‘മണിവത്തൂരിലെ’ എന്നു auto text വന്നപ്പോഴേ ഞാൻ കരുതിയിരുന്നു. കത്തിയടിയുടെ ഇടയിൽ വെറുതെ ഫേസ്ബുക്ക് തോണ്ടാൻ വന്നപ്പോ ഉണ്ട് അവിടെ ദേ കിടക്കുന്നു, ആ സിനിമയുടെ ഒരു വാർത്ത. ‘സുക്കറണ്ണന്റെ AI ടെ ഒരു കാര്യമേ’ എന്നൊക്കെ മനസ്സിൽ പറഞ്ഞെങ്കിലും, എന്തായാലും സാധനം ഹോട്സ്റ്റാറിൽ കിടപ്പുണ്ട് എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം. അത് ഇനി ഗൂഗിളിൽ തപ്പാതെ കഴിഞ്ഞല്ലോ.
എന്തായാലും അണ്ണൻ കഷ്ടപ്പെട്ട് പറഞ്ഞതല്ലേ, നമ്മളോടുള്ള സ്നേഹം കൊണ്ടല്ലേ എന്നൊക്കെ കരുതി കാണാനിരുന്നു. ഇപ്പോഴും എന്തു രസാ കാണാൻ. മറ്റു പല സിനിമകളിൽ നിന്നും വ്യത്യസ്തമായി, കാലഘട്ടവും ടെക്നോളജിയും ഒക്കെ മാറിയെങ്കിലും, ഇന്നും പ്രാധാന്യം തോന്നുന്ന എത്രയെത്ര രംഗങ്ങൾ ആണ് ആ സിനിമയിൽ.പരസ്പരം ഇഷ്ടം തുറന്നു പറയുന്നത്, അവൾ വിവാഹാലോചന നിരസിക്കുമ്പോൾ ബഹളമുണ്ടാക്കാതെ പിന്മാറുന്നത്. വീണ്ടും സൗമ്യമായി ഒന്നൂടെ ശ്രമിച്ചു നോക്കുന്നത്, അവൾക്ക് തീരെ താൽപ്പര്യം ഇല്ല എന്നറിയുമ്പോൾ പൂർണ്ണമായും അവളെ അവളുടെ സ്വാതന്ത്ര്യത്തിൽ വിടുന്നത്.
അന്യമതസ്ഥയെ മരുമകൾ ആയി സ്വീകരിക്കാൻ തയ്യാറായ ഓർത്തഡോക്സ് ‘അമ്മ, പെണ്കുട്ടിയുടെ ഇഷ്ടത്തിന് വിവാഹം കഴിക്കാൻ സമ്മതിച്ച മറ്റൊരു കുടുംബം, രെജിസ്റ്റർ ഓഫീസിൽ വെച്ചു നടന്ന സിംപിൾ ആയ വിവാഹം അതിലെ വേഷങ്ങൾ പോലും, എത്ര മനോഹരം. അതിപ്പോൾ എല്ലാ ഫാസിൽ സിനിമകളിലെയും വേഷങ്ങൾ അടിപൊളി ആണ് ഈ സിനിമയിലെ കോട്ടുള്ള മിഡിയും ടോപ്പുമൊക്കെ ഞാനും കുറെ ഇട്ടു നടന്നിട്ടുണ്ട്. തമാശ അതല്ല. ഞാൻ വളർന്നു സാരി ഉടുക്കാറൊക്കെ ആയപ്പോൾ എന്റെ സെലക്ഷൻ പോയ പല സാരികളും ഈ സിനിമയിൽ സുഹാസിനി ഉടുത്ത പോലത്തെ കോട്ടന്റെയോ തിളക്കമില്ലാത്ത പട്ടിന്റെയോ ഒക്കെ സാരികൾ ആണ്. എത്ര കാലം കഴിഞ്ഞാലും ട്രെൻഡ് മാറാത്ത ഫാഷൻ ഐക്കൺ ആണ് ഫാസിൽ എന്നു തോന്നാറുണ്ട്.
സിനിമയിലേക്ക് തിരിച്ചു വന്നാൽ, വിവാഹ ശേഷം ഭാര്യ വീട്ടിൽ താമസിക്കുന്ന ഭർത്താവ്, ഭാര്യാ പിതാവ് വെച്ചു നീട്ടുന്ന സ്ത്രീധനം വേണ്ട എന്നു പറയുന്ന മരുമകൻ, സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ ഓർമ്മക്കായി ഒരു ഷാൾ അല്ലാതെ വേറെ ഒന്നും വേണ്ട എന്നു പറയുന്ന മകൾ, വളരെ ഊഷ്മളമായ അച്ഛൻ മകൾ ബന്ധം, ‘അമ്മ മകൻ ബന്ധം, സൗഹൃദങ്ങൾ, ആങ്ങള പെങ്ങൾ ബന്ധം. ആണുങ്ങൾ കൂടെ ഉണ്ടായിട്ടും, കാറോടിച്ചു പോകുന്ന നായിക, കുത്തിത്തീരുപ്പ് ഉണ്ടാക്കാത്ത കുടുംബക്കാർ അങ്ങനെ എന്തെന്തൊക്കെയോ എത്ര നോർമൽ ആയി ആണ് ആ സിനിമയിൽ കാണിച്ചിരിക്കുന്നത്. വിധിയല്ലാതെ മറ്റൊരു വില്ലൻ ഇല്ല ആ സിനിമയിൽ. അങ്ങനത്തെ സാഹചര്യങ്ങളും. മറ്റോരു നെഗറ്റീവും ഇല്ലാത്ത സിനിമ. അന്നത് കണ്ട യാഥാസ്ഥിതികർക്ക് കുരു പൊട്ടി കാണുമോ? സിനിമയല്ലേ എന്നു കരുതി കാണും.
പക്ഷെ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ഒരു ഐഡിയൽ മകൻ, കാമുകൻ, ഭർത്താവ്, മരുമകൻ, അളിയൻ, അച്ഛൻ അങ്ങനെ ഒരു ഉത്തമ പുരുഷനെ ഇതിൽ മമ്മൂട്ടിയുടെ കഥാപാത്രം കോറി ഇട്ടു കാണും. കാരണം ഇതിനു മുന്നേ കണ്ട മമ്മൂട്ടി സിനിമകളും പപ്പയുടെ സ്വന്തം അപ്പൂസിനും ഇതിനും ഇടയിൽ ഇറങ്ങിയ മറ്റു മമ്മൂട്ടി പടങ്ങളും എന്റെ ഉള്ളിൽ ഇല്ല.എന്റെ ചെറുപ്പത്തിൽ, വീട്ടിൽ ഈ സിനിമയുടെ കേസെറ്റുണ്ടായിരുന്നു. എത്ര വട്ടം കണ്ടു കാണും എന്നെനിക്ക് അറിയില്ല. അതിലെ മമ്മൂട്ടിയെ ആയിരിക്കും ഞാൻ ആദ്യമായി ഇഷ്ടപ്പെട്ടത്. മമ്മൂട്ടിയുടെ ഇമോഷണൽ സീനുകൾ അന്നേ ആഴത്തിൽ ഇറങ്ങി കാണും. അതിന്റെ ബാക്കി ആവാം, ഇപ്പോഴും ഒരു സിനിമയിൽ മമ്മൂട്ടിയുടെ ശബ്ദം ഇടറിയാൽ എനിക്ക് കരച്ചില് വരും. വാത്സല്യത്തിലും കൗരവരിലും ഒക്കെ അവസാനം ആവുമ്പോഴേക്ക് ഞാൻ കരഞ്ഞതിന് കണക്കില്ല. കരഞ്ഞു കഴിഞ്ഞു ആലോചിക്കും, ഇത് എത്ര വട്ടം കണ്ടതാ ഇനിയും എന്തിനാ കരയുന്നെ എന്ന്. എന്നാലും കരയും.
പപ്പയുടെ സ്വന്തം അപ്പൂസൊന്നും സിനിമ മുഴുവൻ കാണണ്ട. മമ്മൂക്കയും സുരേഷ് ഗോപിയും കൂടെ ഹോസ്പിറ്റലിൽ വെച്ചുള്ള സീനിന്റെ ക്ലിപ്പ് കണ്ടാൽ മതി, അല്ലേൽ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ എന്ന പാട്ട് ഒന്നു കണ്ടാൽ മതി. അതിന്റെ അവസാനം പാട്ട് നിർത്തി മമ്മൂക്ക വിങ്ങി പൊട്ടുകയും ശോഭന തിരികെ പോവുകയും ചെയ്യുന്ന സീനിലൊക്കെ ഞാൻ കരയുന്നത് ഓർത്താൽ എനിക്ക് പിന്നെ ചിരി വരും. എന്നാലും അടുത്ത വട്ടം കാണുമ്പോൾ പിന്നേം കരയും. അക്കാലത്തു ഞാൻ കണ്ട മോഹൻലാൽ സിനിമകൾ ഒക്കെ തമാശ പടങ്ങൾ ആയിരുന്നു. ചിത്രം, അരം പ്ലസ് അരം കിന്നരം, പൂച്ചക്കൊരു മൂക്കുത്തി, കിലുക്കം, യോദ്ധ ഇതൊക്കെയാണ് ഞാൻ വീണ്ടും വീണ്ടും കണ്ടിരുന്ന മോഹൻലാൽ ചിത്രങ്ങൾ. പക്ഷെ അതൊന്നും എന്തോ ഇമോഷണൽ ആയി എന്റെ മനസ്സിൽ കയറിയില്ല. അതു പോലെ തന്നെ അക്കാലത്തെ ഇടി പടങ്ങളും മമ്മൂട്ടിയുടെ പോലീസ് പടങ്ങളും എല്ലാം കാണുന്നു വിടുന്നു അത്രേ ഉണ്ടായിരുന്നുള്ളു.കാലം മാറുമ്പോൾ പലതും മാറും. പക്ഷെ ഏത് കാലത്തു കണ്ടാലും തള്ളി പറയാൻ തോന്നാത്ത ചില സിനിമകളും ഉണ്ടാവും. അങ്ങനെ ഒന്നായി തോന്നിയ ഒരു സിനിമയാണ് ‘ആരണ്യകം’. എപ്പോൾ കണ്ടാലും ഒരു കഥ വായിക്കുന്നത് പോലെ മനോഹരമായി തോന്നുന്ന ഒരു സിനിമ.
ഓരോ സിനിമകളും നമ്മൾ കാണുന്ന കാലഘട്ടത്തിന്റെ പ്രഭാവം ആണ് നമ്മളിൽ ഉണ്ടാക്കുക. ഞാനല്ലാതെ ഒരാൾ ഇപ്പറഞ്ഞ സിനിമകൾ കാണുമ്പോൾ, ഈ സിനിമകൾ ഓർക്കുമ്പോൾ ചിലപ്പോൾ വേറെ ഒരു അഭിപ്രായം ആവും ഉണ്ടാവുക. ഓരോരുത്തരും മമ്മൂട്ടി ഫാൻ ആവാനും മോഹൻലാൽ ഫാൻ ആവാനും ഇതുപോലെ കാരണമായ എന്തേലും ഒക്കെ കാണുമായിരിക്കും അല്ലേ?ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന, കാലത്തിനിപ്പുറവും സഞ്ചരിക്കുന്ന കുറെ നല്ല സിനിമകൾ ഉണ്ട് നമുക്ക് മലയാളത്തിൽ എന്നത് ആർക്കും തള്ളി കളയാനാവാത്ത സത്യമല്ലേ.