Remya Bharathy

സാറാസ്…

എപ്പോഴാണ് ഒരു പെണ്കുട്ടിയിൽ മാതൃത്വം കണ്ടു തുടങ്ങുന്നത്? അത് അവൾ ഗര്ഭിണിയാവുമ്പോളല്ല… പ്രസവിച്ചു കഴിഞ്ഞിട്ടല്ല…. അതിനും ഒക്കെ ഒരുപാട് മുന്നേ പാവകുട്ടികളുടെ അമ്മയായി അവൾ അഭിനയിച്ചു കളിക്കുന്ന കാലം മുന്നേ അവളിൽ മാതൃത്വം ഉണ്ട്. ഇത് എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല എന്ന വാസ്തവം ആണ് നമ്മൾ തിരിച്ചറിയേണ്ടത്. പെണ്കുട്ടിയാണെങ്കിൽ പാവക്കുട്ടി എന്ന കാലം ഒക്കെ മാറി വരുന്നുണ്ട്. Gender നെ പറ്റി തന്നെ ഒരുപാട് ശാസ്ത്രീയവും സാമൂഹ്യവുമായ മാറ്റങ്ങൾ വരുന്ന ഈ കാലത്ത്, മാതൃത്വം എന്ന മാനസിക അവസ്ഥക്കും മൂല്യമുണ്ടാകേണ്ടതല്ലേ…

ജനിച്ചു വളർന്ന ചുറ്റുപാടുകളോ അല്ലെങ്കിൽ നേരത്തെ പറഞ്ഞ തനതായ ചിന്താഗതികളോ പെണ്കുട്ടികളിൽ പരിചരണം എന്നൊരു കല ഉണ്ടാക്കി എടുക്കുന്നുണ്ട്. ഇതിൽ തന്നെ ഏറ്റ കുറച്ചിലുകൾ ധാരാളമാണ്. സ്നേഹവും ഇഷ്ടവും താൽപ്പര്യവും ഇഷ്ടക്കേടും അറപ്പും ഒക്കെ വേറെ വേറെ തന്നെ കാണേണ്ടുന്ന കാര്യങ്ങൾ ആണ്. എന്തെങ്കിലും ഒന്ന് ഇഷ്ടമല്ലെങ്കിൽ, അറപ്പുണ്ടെങ്കിൽ അതിനർത്ഥം അത്ര മാത്രമേ ഉള്ളു. അല്ലാതെ സ്നേഹമില്ല എന്നോ ആത്മാർത്ഥ ഇല്ല എന്നോ ആവുന്നില്ല. പക്ഷെ സമൂഹത്തിന്റെ ചിന്ത നേരെ തിരിച്ചാണ്.

നമ്മുടെ സമൂഹം, അതൊരു പ്രസ്ഥാനമായത് കൊണ്ടു തന്നെ എന്താണോ ഈ സമൂഹത്തിന്റെ അലിഖിത നിയമങ്ങൾക്ക് ശക്തി പകരേണ്ടത് അതിന് കൂടുതൽ സ്ഥാനം കൊടുക്കുകയും അംഗീകാരം കൊടുക്കാതെ ഏതൊക്കെയോ അറിയപ്പെടാത്ത നിയമങ്ങളിൽ തളച്ചിടുകയും ചെയ്തു. അതു കൊണ്ടാണ് നഴ്‌സുമാർ മാലാഖമാരാവുന്നതും എന്നാൽ വേണ്ടത്ര ശമ്പളം ഉയർത്താത്തതും, അമ്മമാർ സഹനത്തിന്റെയും ക്ഷമയുടെയും പര്യായമാവുന്നതും എന്നാൽ അവരുടെ മറ്റു കഴിവുകൾ തിരസ്കരിക്കപ്പെടുന്നതും. അവസ്ഥകൾ പതിയെ മാറി വരുന്നുണ്ടെങ്കിലും….

വിവാഹശേഷം ഇന്ന സമയത്തു കുഞ്ഞുങ്ങൾ ആവാം അല്ലങ്കിൽ ഇന്ന സമയം വരെ വേണ്ട എന്നൊക്കെ ചിന്തിക്കുന്നവരും പ്ലാൻ ചെയ്യുന്നവരും ഇന്നും കുറവാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു ഗർഭിണികൾ ആവുന്ന സ്ത്രീകൾ കൂടുതലും. പക്ഷെ സ്ത്രീയുടെ നേരത്തെ പറഞ്ഞ സ്വതസിദ്ധമായ മാതൃത്വം അതോടെ ഉണരുന്നു. സ്വന്തം ശരീരത്തിൽ മറ്റൊരു ജീവൻ ഉണ്ട് എന്ന ബോധ്യം നമ്മുടെ ഉൾബോധത്തിൽ എവിടെയോ കിടക്കുന്ന മാതൃത്വം നമ്മളിലേക്ക് എത്തിക്കുന്നു. പങ്കാളിയും വീട്ടുകാരും എല്ലാം ഇതിനെ നല്ല രീതിയിൽ തന്നെ കാരണമാകുന്നുമുണ്ട്. ഗർഭകാലത്ത് പതിയെ അവൾ ‘അമ്മ എന്ന അവസ്ഥയിലേക്കും കുഞ്ഞിന്റെ പിന്നീടുള്ള വളർച്ചയിലേക്കും കുഞ്ഞു വന്നതിനു ശേഷമുള്ള ജീവിതത്തിലേക്കും കുഞ്ഞിനോടൊപ്പമുള്ള കരിയർ ചിന്തകളിലേക്കും മാറുന്നു. ഇത് സാമാന്യമായി അധികം പേരിലും കാണുന്ന അവസ്ഥയാണ്. എന്നിട്ടും പോസ്റ്റ് പാർട്ടം ബുദ്ധിമുട്ടുകൾ നേരിടുന്നവർ എത്രയാണ്… അത് കാരണം കുട്ടികൾ ബാധിക്കപ്പെടുന്ന കേസുകളും…

ഇതൊന്നും അല്ലാതെ അവസ്ഥയെ കുറിച്ചാണ് സാറാസ് എന്ന സിനിമ പറയുന്നത്. അങ്ങനെ ഉള്ളവരും ഉണ്ട് എന്ന് കാണിക്കാനാണ് സിനിമ ശ്രമിക്കുന്നത്. വളരെ സ്വാഭാവികമായും ചിന്തിക്കാൻ പറ്റുന്ന അവസ്ഥയായിട്ടും മേൽ പറഞ്ഞ സമൂഹത്തിനു അംഗീകരിക്കാൻ പറ്റുന്നില്ല. ഇത് കണ്ട് നാളെ തൊട്ട് എല്ലാ സ്ത്രീകളും ഇങ്ങനെ ചെയ്താലോ എന്നു ഭയപ്പെടുന്ന പോലെ. അതിനാണ് ഞാൻ തുടക്കത്തിലേ പറഞ്ഞത് ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ചിന്ത മറിച്ചു തന്നെ ആണ്. പക്ഷെ താല്പര്യമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ സമൂഹത്തിൽ എന്താവും മാറ്റങ്ങൾ വരുത്തുക എന്നതാണ് വിഷയം… സ്വാഭാവികമായും അമ്മക്ക് ഒട്ടും താല്പര്യമില്ലാതെ ചുറ്റുമുള്ളവർക്ക് വേണ്ടി മാത്രം compromise ചെയ്ത് കുഞ്ഞിനെ പെറ്റു വളർത്തിയാലും, കുഞ്ഞിന്റെ വളർച്ച ഇന്നും അമ്മയെ ചുറ്റിപ്പറ്റി നിൽക്കുന്ന നമ്മുടെ സമൂഹത്തിൽ മാനസികമായോ സമൂഹികമായോ ഉള്ള പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാവാൻ അത് കാരണമാകുന്നില്ലേ?

ഒരു കുഞ്ഞിന്റെ സമൂഹത്തിലുള്ള പെരുമാറ്റം, സഹജീവികളോടുള്ള പെരുമാറ്റം ഇതിനൊക്കെ അവസാന ഉത്തരം വളരുന്ന സാഹചര്യം തന്നെ അല്ലെ. സിനിമയിൽ പറയുന്ന പോലെ ഇന്നും പല അച്ഛന്മാരുടെയും കടമ ജോലി കഴിഞ്ഞു വരുമ്പോൾ കളിപ്പിക്കുന്നതോ അങ്ങേ അറ്റം ഡയപ്പർ മാറ്റുന്നതോ വീട്ടു ജോലികളിൽ സഹായിക്കുന്നതിലോ ഒതുങ്ങുന്നില്ലേ? അപ്പഴും കുഞ്ഞിനെ വളർത്തൽ എന്ന ഉത്തരവാദിത്തം അമ്മയിൽ വന്ന് നിൽക്കുകയും സ്വാഭാവികമായി സ്വന്തം കുഞ്ഞ് എന്ന നിലയിൽ ‘അമ്മ അതിനെ സമീപിക്കുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം പോലെ തന്നെ സാമൂഹ്യ ആരോഗ്യം എന്നൊരു ഭാഗം കൂടെ ഒരു കുഞ്ഞിന്റെ മുകളിൽ ഉണ്ടാവണം. അതിന് അമ്മയുടെ മാനസിക ആരോഗ്യവും താൽപ്പര്യവും ക്ഷമതയും കൂടെ കണക്കാക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്…

വലിയ കുട്ടികളെ പഠിപ്പിച്ച ഒരു അനുഭവത്തിൽ പലപ്പോഴും ഈ കുട്ടി എന്താ ഇങ്ങനെ ആയെ എന്നുള്ള സംശയത്തിന് പലപ്പോഴും അടുത്ത parents meeting വരെയേ കാത്തിരിക്കേണ്ടി വരാറുള്ളൂ. പലപ്പോഴും നമ്മൾ തന്നെ പറയും ‘ഇപ്പൊ മനസ്സിലായി ആ കുട്ടി എന്താ ഇങ്ങനെ ആയെ എന്ന്…’ അല്ലെങ്കിൽ ‘ പാവം ആ കുട്ടി…’ എന്നു വരെ തോന്നി പോകും.

Parenthood എന്ന വാക്കിനെ പലരും കളിയാക്കി പറയുന്നു എങ്കിലും അത് വളരെ പ്രസക്തമായ ഒന്നാണ്. പണ്ട് കാലത്ത് ഈ വാക്കിന്റെ ആവശ്യമില്ലായിരുന്നു. സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഇളയ കുട്ടികളെ മൂത്തവർ വളർത്തുന്നത് തന്നെ ധാരാളമായിരുന്നു. ഇന്ന് സമൂഹം മാറി, കുട്ടികൾ ഇടപെടുന്നവരും കുട്ടികളോട് ഇടപെടുന്നവരും മാറി. കൂട്ടുകുടുംബങ്ങൾ മാറി. ഇന്ന് കുട്ടികൾ വളരുന്ന, അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ മാറി. എല്ലാം കണ്ടറിഞ്ഞും അനുഭവിച്ചും പഠിക്കാനുള്ള സാഹചര്യങ്ങൾ മാറി. ഇന്ന് ആ വാക്കിന് വളരെ അധികം പ്രാധാന്യമുണ്ട്. അതു പോലെ തന്നെ parenting ശരിയായ രീതിയിലാണോ എന്നു തിരിച്ചറിയാനും മാർഗങ്ങൾ വേണം.

ഇതിന്റെ ഒക്കെ ഇടയിലാണ് ഒട്ടും താൽപ്പര്യം ഇല്ലാതെ ഒരാൾ accidental pregnancy യെ അഭിമുഖീകരിക്കുന്നത്. ഈ ഒരു വിഷയത്തിൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ചിട്ടുള്ള രീതിയിൽ തന്നെ മുന്നോട്ട് പോകാൻ ഉള്ള അവകാശം ഈ ഒരു കാര്യത്തിൽ സ്ത്രീക്ക് ലഭിക്കുന്നതാണ് നമ്മുടെ സമൂഹത്തിന് നല്ലത്… മാനസിക ആരോഗ്യം കൂടെ കുട്ടികളുടെ അവകാശം ആവണം

You May Also Like

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം3) – ബൈജു ജോര്‍ജ്ജ്

സത്യത്തില്‍ പലപ്പോഴും അതിനുള്ള കാശു എന്റെ കൈയില്‍ ഉണ്ടാവാറില്ലെങ്കിലും ; ഞാന്‍ ആ കടയുടെ മുന്നില്‍ സജീവമായിത്തന്നെ നില്‍ക്കാറുണ്ടായിരുന്നു ; ഇന്റര്‍വെല്‍ അവസാനിക്കുന്നതിനുള്ള മണി മുഴങ്ങുന്നതുവരെ …..; ഇതിനിടയില്‍ ഏതെങ്കിലും പരിചയക്കാരന്റെ ഓസില്‍ ഞാന്‍ പപ്പടവടയും , ചായയും കഴിച്ചിട്ടുണ്ടായിരിക്കും ….,എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ തിന്നുന്നതുകണ്ട്. സായുജ്യമടയുവാന്‍ ആയിരുന്നു …..എന്റെ വിധി ..!

ഇതാണ് കറക്റ്റ് റിവ്യൂ : പികെ ആത്മീയമായി വെളിച്ചം വീശുന്ന സിനിമ.!

ഇന്ത്യന്‍ ടീം ഒരുമിച്ച് പികെ കണ്ടു. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ആത്മീയമായി വെളിച്ചം വീശുന്ന ചിത്രം

ബാഹുബലി എങ്ങനെയുണ്ടായി? : വീഡിയോ പുറത്ത്

എസ്.എസ് രാജമൌലി തിരക്കഥയും സംവിധാനവും ചെയ്ത ബാഹുബലി എന്നാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്

പൊടിയച്ചന്റെ ”റീ“ – രഘുനാഥന്‍ കഥകള്‍

പൊടിയച്ചന്റെ “റീ”യെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന്‍ നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.