ഷാരൂഖ് ഖാനും ചാക്കോച്ചനും
Remya Bharathy
എന്നെ പോലെ ഇപ്പോ മുപ്പതുകളിലും നാല്പതുകളിലും നിൽക്കുന്ന ഒത്തിരി പെണ്ണുങ്ങളിൽ, സ്വന്തം കഥാപാത്രങ്ങളിലൂടെ, പ്രണയത്തെ ഉണർത്തിയ രണ്ടു പേര്. രണ്ടാളുടെയും ജന്മദിനം ഒരേ ദിവസം. ഒരാൾ ഒരു പാരമ്പര്യവും ഇല്ലാതെ കടന്നു വന്നു ബോളിവുഡ് കീഴടക്കിയപ്പോൾ, മറ്റെയാൾ ഇങ്ങു കേരളത്തിൽ, വലിയ പാരമ്പര്യത്തിന്റെ പിന്തുണയിൽ വന്നിട്ടും, സ്വന്തം കഴിവുകൊണ്ടു സമയമെടുത്തു ഒരു പേരുണ്ടാക്കി. ഇവര് കടന്നു വന്ന വഴികളും, അഭിനയിച്ച സിനിമകളും, അഭിനയമികവുകളും, കഷ്ടപ്പാടുകളും ഒന്നും എനിക്ക് പറയാനില്ല. അതൊക്കെ ഗൂഗിൾ ചെയ്താൽ കിട്ടും. യൂട്യുബിലും കാണും ഇഷ്ടം പോലെ ഡോക്യൂമെന്ററികൾ.
എനിക്ക് പറയാനുള്ളത്, ഇവരെ സ്ക്രീനിലും ടിവിയിലും ചിത്രങ്ങളിൽ കാണുമ്പോൾ ഉള്ളിൽ തോന്നിയ ആ പഴയ ആളലിനെ പറ്റിയാണ്.മിക്കവാറും എല്ലാവർക്കും ടീനേജിൽ ആരോടെങ്കിലും ഒക്കെ ക്രഷ് തോന്നിയിട്ടുണ്ടാവും. പ്രണയമല്ല, ക്രഷ്. അതിപ്പോ സിനിമ നടൻമാർ ആവാം, മറ്റു കലാകാരന്മാർ ആവാം, ഒരിക്കലും കാണാത്തവർ ആവാം, ചിലപ്പോൾ ചുറ്റിനും കാണുന്നവരോടും ആവാം. അങ്ങനെ തോന്നാത്തവരും കാണും കേട്ടോ. ഇത് ക്രഷ് തോന്നിയിട്ടുള്ള, ഇപ്പഴും തോന്നിക്കൊണ്ടിരിക്കുന്നവരെ പറ്റിയാണ്.ഈ ക്രഷ് എന്ന് പറയുമ്പോൾ, ആരാധനയേക്കാൾ ഒരു പൊടി മുകളിൽ, എന്നാൽ പ്രണയത്തെക്കാൾ ഒരു പൊടി താഴെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവരുടെ ഏതെങ്കിലും ഒന്നോ രണ്ടോ കഴിവുകളോ, നമ്മളെ ആകർഷിക്കുന്ന ഘടകങ്ങളോ ആവാം. അതിനപ്പുറം ആ വ്യക്തിയെ അറിയാനോ അടുക്കാനോ ജീവിതത്തിന്റെ ഭാഗമാക്കാനോ തോന്നാത്ത ഒരിഷ്ടം. അയാളുടെ സ്വഭാവത്തിന്റെയോ, സ്വകാര്യ ജീവിതത്തിന്റെയോ മറുവശത്തെ പറ്റി നമുക്ക് ഒരു ചിന്തയും കാണില്ല. എല്ലാർക്കും ഇങ്ങനെ ആണോ എന്നെനിക്ക് അറിയില്ല. എനിക്ക് ഇങ്ങനെ ആണ്.
പ്രായം കൂടും തോറും, ആളുകളിൽ നമ്മളെ ആകർഷിക്കുന്ന ഘടകം മാറിക്കൊണ്ടേ ഇരിക്കും. എങ്കിലും, ടീനേജിൽ ആ ക്രഷ് നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന ഫീൽ, അതൊരു ഒന്നൊന്നര ഫീലാണ്. ഈ പറഞ്ഞ ആളുകളെ ഈ ജന്മം നമ്മള് കാണില്ല എന്നറിയാം. ഈ കാണുന്നത് അവരുടെ ജീവിതമല്ല, അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും കഥകളും ആണെന്ന് അറിയാം. നമ്മളെക്കാൾ ഭ്രാന്തമായി ഒരായിരം ആളുകൾ ഇവരെ ആരാധിക്കുന്നുണ്ട് എന്നും അറിയാം. എന്നിട്ടും നമ്മൾ ഇങ്ങനെ ഇഷ്ടപ്പെട്ടുകൊണ്ടേ ഇരിക്കുക. ഇത്രയും നിസ്വാർത്ഥമായി നമ്മൾ വേറെ ആരെയെങ്കിലും സ്നേഹിച്ച് കാണുമോ?
അവരുടെ സിനിമകൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുക, അവർക്ക് നോവുമ്പോൾ നമ്മൾ വീണ്ടും വീണ്ടും നമ്മുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുക, കൂട്ടുകാരോട് ഇവരുടെ പേരും പറഞ്ഞ് അടി കൂടുക, ഇവരുടെ ചിത്രങ്ങൾ വെട്ടി സൂക്ഷിച്ച് വെക്കുക, ഇവരുടെ നായികമാരെ പോലെ വസ്ത്രം ധരിക്കുക, അവർ ധരിച്ചിരുന്ന പോലത്തെ അക്സസറീസ് ശേഖരിക്കുക.
ഇപ്പോൾ ഇരുന്ന് ആലോചിക്കുമ്പോൾ പൊട്ടി ചിരിക്കാവുന്ന ചെയ്തികൾ ആണ് ചെയ്തു വെച്ചേക്കുന്നത് എല്ലാം. എന്നാലും ഇന്നും ഇഷ്ടാ. ഇഷ്ടത്തിന്റെ രൂപം മാറിയെങ്കിലും. അവരുടെ പടങ്ങൾ ഇപ്പോഴും കാണും. ഇന്ന് അവരുടെ പടങ്ങൾ കാണുമ്പോൾ ഒരുക്കലും അന്ന് തോന്നിയ ചിന്തകളും വികാരങ്ങളും അല്ല തോന്നുന്നത്. അവരുടെ പടങ്ങളുടെ, അഭിനയത്തിന്റെ രീതികളും മാറി. പണ്ടത്തെ പോലെ അവരുണ്ടെങ്കിൽ ഏത് സിനിമയും ഇഷ്ടപ്പെടുന്ന അവസ്ഥയൊക്കെ മാറി, ഇഷ്ടമല്ലെങ്കിൽ, നന്നായിട്ടില്ലെങ്കിൽ അങ്ങനെ തന്നെ ചിന്തിക്കാനും പറയാനും തുടങ്ങി.
എങ്കിലും, അന്ന് കണ്ടിരുന്ന പടങ്ങൾ വീണ്ടും കാണുമ്പോൾ, ആ കാണുന്ന നിമിഷങ്ങളിൽ എവിടെയോ നമ്മൾ ആ പഴയ നമ്മുടെ മാനസികാവസ്ഥയിലേക്ക് പോവില്ലേ? എന്നിട്ട് തിരിച്ചു വരുമ്പോൾ മറ്റാരും കാണാതെ ചിരിക്കില്ലേ കാണാൻ ഇവരുടെ ഛായയുണ്ട് എന്ന് നമ്മൾ കണ്ടുപിടിച്ചു വായിൽ നോക്കിയിരുന്ന ചിലരെ ഓർമ വരില്ലേ? അന്ന് ഇവരുടെ പേരിൽ കൂട്ടുകാരോട് തല്ലു കൂടിയിരുന്നത് ഓർമ വരില്ലേ?
ഇന്നത്തെ കുട്ടികൾ ഇന്നത്തെ പ്രണയ നായകന്മാരെ ഇതുപോലെ ഇഷ്ടപ്പെടുന്നുണ്ടാവുമോ? സാധ്യതയില്ല, എന്തായാലും എവിടുന്നേലും ഒരു സിനിമയുടെ പോസ്റ്ററോ ഒരു മാസികയിലെ ചിത്രമോ, ഇവരുടെ സിനിമയിലെ പാട്ടുകളുടെ കേസെറ്റൊ സ്വന്തമാക്കാനുള്ള ആക്രാന്തവും കഷ്ടപ്പാടും ഒന്നും ഇവർക്ക് ഉണ്ടായിരിക്കില്ല. വിരൽത്തുമ്പത്ത് ഇവരുടെ ചിത്രങ്ങളും വീഡിയോകളും, കാണണം എന്ന് തോന്നുമ്പോൾ കാണാൻ പാകത്തിന് സിനിമകളും. ഇവരുടെ കഷ്ടപ്പാട് വേറെ രീതിയിൽ ആവാം. ഒരു കാലഘട്ടത്തെ, ഇന്ന് ഓർക്കുമ്പോഴും മനോഹരമായി ഓർക്കാൻ കാരണക്കാരായ രണ്ടു പേർക്ക് പിറന്നാൾ ആശംസകൾ. ആയുസ്സും സൗഖ്യങ്ങളും ഭാഗ്യങ്ങളും എക്കാലവും ഉണ്ടാവട്ടെ.ഇവിടെയും ആരെങ്കിലും ഒക്കെ കാണുമല്ലോ ല്ലേ ഇവരുടെ ഓർമ്മയുള്ള കൗമാരവും യവ്വനവും കടന്നു വന്നവർ