സിനിമയിലെ അച്ഛൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
186 VIEWS

Remya Bharathy

സിനിമയിലെ അച്ഛൻ

സിനിമയാണ് കഥയാണ് എന്നൊക്കെ അറിഞ്ഞാലും ചില അച്ഛന്മാർ മനസ്സിൽ അങ്ങു കയറി ഇരിക്കും. തിലകന്റെയും, മുരളിയുടെയും, നെടുമുടി വേണുവിന്റെയും, മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഒക്കെ തുടങ്ങി, ആർക്കറിയാമിലെ ബിജു മേനോനും കാണേക്കാണെയിലെ സുരാജ് വെഞ്ഞാറമൂടും ഒക്കെ അച്ഛൻ വേഷങ്ങളിൽ പ്രിയപ്പെട്ടതായി നിലനിൽക്കുന്നുണ്ടെലും, പിന്നെ ആലോചിക്കുമ്പോഴും മനസ്സിൽ നിന്ന് ഇറങ്ങാൻ വിടാതെ ചില അച്ഛന്മാരെ ഉള്ളിൽ നിർത്തുന്ന ഒരാളാണ് സിദ്ധിഖ്. അതിൽ എനിക്ക് ഏറ്റവും പ്രിയം ഉയരെയിലെ പല്ലവി രവീന്ദ്രന്റെ അച്ഛനെയാണ്…. മനു അശോകിന്റെയും ബോബി സഞ്ജയുടെയും വീക്ഷണ കോണിൽ നമുക്ക് കാട്ടി തന്ന ഒരച്ഛനെ ഓർക്കുന്നു ഈ ഫാദർസ് ഡേയിൽ ആദ്യമായി കാണിക്കുമ്പോൾ മകളുടെ കോഴ്സിന് ചേരാനുള്ള പണം സ്വരുക്കൂട്ടുന്ന ഒരു അച്ഛന്റെ മുഖത്തെ വിവിധ ഭാവങ്ങൾ, അഭിമാനം ആകാംഷ, ആകുലത എല്ലാം ചേർത്തു മനോഹരമായി കാണിച്ചിരിക്കുന്നു…
തുടർന്ന് കാണിക്കുന്ന 65 ലിറ്ററിന്റെ വൈൽഡ് ക്രാഫ്റ്റ് ബാഗ് വാങ്ങി മകൾക്ക് സർപ്രൈസ് കൊടുക്കുന്ന അച്ഛനിലേക്ക് എത്തുമ്പോൾ കുറെ കൂടെ വ്യക്തമാക്കുന്നുണ്ട് ആ അച്ഛനെ.

മകളുടെ പ്രണയിതാവ് കുറച്ചു ടോക്സിക് ആണെന്ന് മനസ്സിലായിട്ടും ആദ്യമേ തന്നെ പല്ലവിയെ കുറ്റപ്പെടുത്തുന്നില്ല അച്ഛൻ. പകരം അവളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ഗോവിന്ദിനെ ചെന്നു കാണുകയും സംസാരിക്കുകയുമാണ്.
‘ഇപ്പോൾ നല്ല ഒരു ജോലിയില്ല എന്നത് എനിക്ക് ഒരു വിഷയമല്ല’ എന്ന് അയാൾ ഗോവിന്ദിനോട് പറയുമ്പോൾ അവൻ ചെറുതായി ഞെട്ടുന്നുണ്ട്. ഒരു പക്ഷെ അങ്ങനെ ഒരു അച്ഛൻ സംസാരിക്കുന്നത് അവൻ കേട്ടിരിക്കില്ല
“ചെറിയ പ്രായമാണ്. നിങ്ങൾ രണ്ടു പേരും, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവുന്നത് വരെ, പരസ്പരം ഒരു പ്രൈവറ്റ് സ്പേസ് കൊടുക്കുന്നത് രണ്ടു പേരുടെയും വളർച്ചക്ക് നല്ലതാണ്…”
ഇത്രയും തെളിച്ചമുള്ള ചിന്തകൾ ഉള്ള ഒരു അച്ഛനോളം ഭാഗ്യമെന്താണ് മക്കൾക്ക്.
ഇത് പറയാനാണോ നിങ്ങൾ ഇപ്പോൾ വന്നത് എന്നു ഗോവിന്ദ് ചോദിക്കുമ്പോൾ ഇത്തിരി ഗൗരവത്തിൽ, തികഞ്ഞ വാത്സല്യത്തിൽ അദ്ദേഹം ചോദിക്കുന്നുണ്ട്…
“ഞാനുള്ളപ്പോൾ ഞാൻ തന്നെ വേണ്ടേ അത് പറയാൻ.”
ഗോവിന്ദിന്റെ തിരക്കഭിനയിച്ചുള്ള പെരുമാറ്റം സഹിച്ചും എഴുന്നേറ്റ് പോകുമ്പോൾ ഒരു നിമിഷത്തെ മൗനം മുഖവുരയിട്ടു ആ അച്ഛൻ പറയുന്നുണ്ട്….
“അവളുടെ ചിരി ഇല്ലാതെ ആവുന്നത് എനിക്ക് ഇഷ്ടമല്ല…”
അതിലുണ്ട് എല്ലാം… ആ അച്ഛന് മക്കളോടുള്ള സ്നേഹവും കരുതലും വാത്സല്യവും അവനോടുള്ള ഭീഷണിയും…

മകള് ദൂരേക്ക് പഠിക്കാൻ പോകുന്നതിനെക്കാളും അയാളെ അലട്ടുന്നത് അവളുടെ തിരഞ്ഞെടുപ്പ് ശരിയാണോ എന്ന ചിന്തയാണ്. വഴക്കുണ്ടാക്കാതെ അത് അവളോട് ചോദിക്കുമ്പോൾ, അവൾ അതിന് ഉത്തരം കൊടുക്കുമ്പോൾ, അവളുടെ കാരണങ്ങൾ കേൾക്കുമ്പോൾ വികാരം കൈവെടിയാതെ അതിനെ അഭിമുഖീകരിക്കുമ്പോൾ, ഇതിനൊക്കെ എങ്ങനെയോ താൻ കൂടെ കാരണമായി എന്ന് ആ അച്ഛന് കുറ്റബോധം തോന്നിക്കാണുമോ?

 

കൂട്ടുകാരുടെ കൂടെ രാത്രി പുറത്തു ഹോട്ടലിൽ ഡിന്നർ കഴിക്കുമ്പോൾ വരുന്ന അച്ഛന്റെ ഫോണും ഗോവിന്ദിന്റെ ഫോണും പല്ലവി നേരിടുന്ന രീതികളിൽ ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നു. അച്ഛനോട് എല്ലാം തുറന്നു പറയുകയും കൂട്ടുകാരുടെ അന്വേഷണം പറയുകയും ചെയ്യുമ്പോൾ,ഗോവിന്ദിനോട് നുണ പറയേണ്ടി വരുന്നത് അവളുടെ കുഴപ്പമല്ല, നിസ്സഹായതയാണ്. നുണ പറച്ചിൽ പലപ്പോഴും ഒരു നിസ്സഹായതയാണ്. പല്ലവിയുടെ അച്ഛനെ പോലെ മകൾക്ക് എല്ലാം തുറന്നു പറയാവുന്ന ഒരു അച്ഛൻ എല്ലാ മക്കൾക്കും വേണം എന്ന് തോന്നി ആ ഒരു സീൻ കണ്ടപ്പോൾ….

മകളുടെ ജീവിതത്തിൽ വന്ന ദുരന്തത്തെ, പുറത്തേക്ക് ഒരു തേങ്ങൽ പോലും കാട്ടാതെ നേരിടാൻ നമ്മുടെ എല്ലാ അച്ഛന്മാർക്കും ഉള്ള കഴിവ് പല്ലവിയുടെ അച്ഛനും കാണിച്ചു. അവളുടെ നിയമ പോരാട്ടത്തിന് അവളുടെ ശക്തിയായി കൂടെ നിന്നു. ജീവിതത്തിൽ വീണ്ടും അവസരം അവളെ തേടി വന്നപ്പോൾ അവളെ മോട്ടിവേറ്റു ചെയ്തു മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. മറ്റെല്ലാ അച്ഛന്മാരെയും പോലെ വീണ്ടും മകളുടെ സന്തോഷങ്ങളിൽ ആശ്വസിക്കാൻ അയാൾ തുടങ്ങി…

എയർഹോസ്റ്റ്സ്സായി അവളുടെ ആദ്യത്തെ പറക്കലിന് അവളെ ഡ്രോപ്പ്‌ ചെയ്തതിന് ശേഷം അവളുടെ നെറുകയിൽ ചുംബിച്ച് അവളെ പറഞ്ഞു വിടുന്നത് കാണുമ്പോൾ അയാളുടെ ചങ്കിലെ കനം നമ്മുടെ ചങ്കിലേക്ക് കയറുന്നത് പോലെ…
പതിനാലാം വയസ്സു മുഴുവൻ മകൾ കണ്ട സ്വപ്നം, അത് തകർന്നിട്ടും, ഏച്ചു കെട്ടിയ സ്വപ്നം പോലെ അവൾ പറന്നുയരുന്നത് താഴെ നിന്ന് കാണുമ്പോൾ എന്തൊക്കെ ദൃശ്യങ്ങൾ അയാളുടെ ഉള്ളിലൂടെ കടന്നു പോയിക്കാണും …

ഒരിക്കൽ കൂടെ മകളുടെ ജീവിതത്തിലേക്ക് അതേ വ്യക്തി നിർഭാഗ്യവുമായി കടന്നു വരുമ്പോൾ, അയാൾക്ക് ഇനിയും സഹിക്കാൻ സാധിക്കുന്നില്ല. അവനെ പിന്തുടരുമ്പോൾ നമ്മുടെ മനസ്സിലും ആധിയാണ്. അയാൾ എന്താണാവോ ചെയ്യാൻ പോകുന്നത് എന്ന്. കാരണം അത്രയും നോവുണ്ട് അയാളുടെ ഉള്ളിൽ. അത്രയും സ്നേഹവും മകളോട്.അവനെ ഒറ്റക്ക് കിട്ടുന്നത് വരെ കാത്തിട്ടും, ഒത്തു കിട്ടിയപ്പോൾ തടഞ്ഞു നിർത്തി, തള്ളി താഴെയിട്ടു ദേഷ്യം തീരുന്നവരെ ഇടിക്കുമ്പോഴും നമുക്ക് അറിയാം എത്ര ഇടിച്ചാലും ദേഷ്യം തീരില്ല. കാരണം നമുക്ക് പോലും അത് തീരുന്നില്ലായിരുന്നു…

ഇടിച്ചിട്ടു തിരികെ നടക്കുമ്പോൾ അയാൾ ചോദിക്കുന്നുണ്ട്. “ദൃക്സാക്ഷികൾ ഉണ്ടോ എന്നല്ലേ നീ അന്ന് ചോദിച്ചത്. ഇതിന് നീ ദൃക്‌സാക്ഷികളെ കൊണ്ടു വാ” എന്ന്.ഒരു നിമിഷത്തിൽ എടുത്തു ചാടി വീണ്ടും മകളെ ബുദ്ധിമുട്ടിലേക്ക് വിടാതെ ചേർത്തു നിർത്താനുള്ള ആ മനുഷ്യന്റെ കരുതൽ നമുക്ക് കാണാം…
ഇങ്ങനെയുള്ള അച്ഛന്മാരാണ് മക്കളുടെ സൂപ്പർ ഹീറോകൾ ആവുന്നത്… എല്ലാ മക്കളും ഓരോ സൂപ്പർഹീറോ അച്ഛന്മാരെ അർഹിക്കുന്നു.

ഒരു പെണ്കുഞ്ഞിൽ ഒരു അമ്മ ജനിക്കുന്നത് ചെറുപ്പത്തിലേ പാവകളെ കൊണ്ടു കളിക്കുമ്പോൾ ആണെന്ന് പറയാറുണ്ട്… ഒരു ആണ്കുഞ്ഞിൽ ഒരു അച്ഛൻ ഉടലെടുക്കുന്നത് ഏത് പ്രായത്തിൽ ആവും? അതിന് അയാളുടെ ജീവിതത്തിലെ യഥാർഥ അച്ഛൻ പ്രഭാവം ചെലുത്തിക്കാണുമോ? വേണമെന്നില്ല എന്നു കൂടെ കാണിച്ചു തരുന്നുണ്ട് ചിത്രത്തിൽ ടോവിനോയുടെ കഥാപാത്രം.

ഒട്ടും അനുതാപം കാണിക്കാത്ത ഒരു അച്ഛൻ ആണ് അയാൾക്കും ഉളളത്. അല്ലേലും പൊതുവെ അച്ഛന്മാർക്കു സ്നേഹ പ്രകടനം വശമില്ല എന്നാണല്ലോ പറയാ. എന്നിരുന്നാലും വിശാൽ പല്ലവിയോട് കാണിക്കുന്നത് അവളുടെ അച്ഛന്റെ പിന്തുടർച്ച തന്നെയാണ് എന്നു വിശ്വസിക്കാനാനാണ് എനിക്കിഷ്ടം.
എവിടെയൊക്കെയോ ഒരു സാധാരണ യുവാവാവുകയും എന്നാൽ സാധാരണയിൽ കവിഞ്ഞ് എമ്പതി കാണിക്കുന്ന ഒരാളായി വിശാൽ പല്ലവിയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നതും, അവളിൽ വിശ്വസിക്കുന്നതും, അവളുടെ ആത്മാഭിമാനത്തെ ബഹുമാനിച്ചു കൊണ്ട് അവളെ സ്നേഹിക്കുന്നതും, ഏറ്റവും പ്രധാനമായ ഒരു ഘട്ടത്തിൽ സ്വന്തം ഭാവി പണയം വെച്ചു അവളിൽ വിശ്വസിക്കാൻ ധൈര്യം കാണിച്ചതും എല്ലാം, ഒരു പെണ്കുട്ടി അവളുടെ ജീവിതത്തിൽ അച്ഛന്റെ പിന്തുടർച്ചയായി ആഗ്രഹിക്കുന്ന ഒരാളാണ് അയാൾ. അതിന് ഭർത്താവോ കാമുകനോ ആവണമെന്നില്ല എന്നു മനോഹരമായി സിനിമ പറഞ്ഞു വെക്കുന്നു.

ഏതൊരു സാധാരണ പ്രേക്ഷകയെ പോലെയും വിശാലിന്റെ ക്ഷണം പല്ലവി സ്വീകരിക്കണമെന്നും അവർ ഒരുമിച്ചു ജീവിക്കണമെന്നും ഞാനും ആഗ്രഹിച്ചു. പക്ഷെ ചിന്തിക്കുമ്പോൾ ഈ ഒരു തീരുമാനം പുതിയ തലമുറയ്ക്ക് കൊടുക്കുന്ന മനോഹരമായ ഒരു ഉദാഹരണം കൂടെയാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു