Remya Bharathy

രാവണന്റെ ക്ലൈമാക്സ്

പുരാണത്തിലെ രാവണന്റെ അല്ല. മണിരത്നത്തിന്റെ രാവണൻ സിനിമയുടെ ക്ലൈമാക്‌സ്. ഇന്നോളം കണ്ടതിൽ വെച്ചേറ്റവും മനോഹരമായി തോന്നിയ ക്ലൈമാക്സ്. രണ്ടു മനസ്സുകൾക്കുള്ളിൽ മിന്നി മായുന്ന ഒട്ടേറെ വികാരങ്ങൾ ഒരുമിച്ചു കൂട്ടി വെച്ച 10 മിനിട്ടുകൾ. കണ്ട അന്ന് തൊട്ട്, മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ ലൊക്കേഷൻ. നട്ട പൊരി വേനലിൽ കണ്ടാലും അനുഭവപ്പെടുന്ന അവിടത്തെ മഞ്ഞിന്റെ തണുപ്പ്. രാഗിണിയുടെ വെള്ള ദുപ്പട്ടയെ പറത്തുന്ന, വീരയുടെ കമ്പിളിയെ തൂക്കി എറിഞ്ഞ കാറ്റിന്റെ ശക്തി…

എ ആർ റഹ്മാന്റെ ശബ്ദത്തിൽ അവസാനം കേൾക്കുന്ന നാലു വരിയും ആ മാസ്മരിക സംഗീതവും… സിനിമയിലെ മറ്റെല്ലാ പാട്ടുകളും മാറ്റി നിർത്തി ഈ നാലു വരിയുടെ ഓഡിയോ തേടി നടന്ന ഞാനും.14 ദിവസം തടവിലാക്കപ്പെട്ടവൾ തിരികെ ഭർത്താവിന്റെ അടുത്തെത്തിയപ്പോൾ, സ്നേഹത്തോടെ സ്വീകരിക്കുന്ന ഭർത്താവിന് പകരം, സംശയിക്കുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് തോന്നിയ വേദന, ദേഷ്യം, തട്ടിക്കൊണ്ടു പോയവനോട് നടത്തിയ ചെറുത്തു നിൽപ്പിനെയും സ്വന്തം ആത്മാവിനെയും തൃണവൽഗണിക്കപ്പെടുന്നതിന്റെ നിരാശ…

 

നിർവികാരനായി ഭർത്താവ് അത് പറയുമ്പോൾ ആ ട്രെയിനിന്റെ ചെയിൻ വലിച്ചു പുറത്തിറങ്ങി അത് വീരയോട് ചോദിക്കാൻ തുണിഞ്ഞിറങ്ങിയപ്പോൾ അവളുടെ മനസ്സിലൂടെ എന്തൊക്കെ ദൃശ്യങ്ങൾ ഓടി പോയി കാണും….?ഒടുവിൽ വീരയുള്ള ഇടം കണ്ടെത്തി അവിടെ എത്തി അവന്റെ പേര് വിളിച്ചു കാറിയപ്പോൾ ദേഷ്യമായിരുന്നിരിക്കില്ലേ മനസ്സിൽ…. അതോ വീര ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല എന്നു ഉറപ്പിക്കാനായിരിക്കുമോ? തനിക്ക് വേണ്ടിയാണ് ഭർത്താവിനെ വീര വെറുതെ വിട്ടത് എന്ന ചിന്ത അവളുടെ തൊലിപ്പുറത്ത് അപമാനത്തിന്റെ പുഴുവരിക്കലായി തോന്നി കാണുമോ?

രണ്ടിടങ്ങളിലെ വിശ്വാസങ്ങൾ തകർന്നതിന്റെ നിരാശയായിരിക്കില്ലേ അവൾക്ക്? ഭർത്താവിനെ പറ്റി ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയതും, കഴിഞ്ഞ 14 ദിവസം കൊണ്ട് വീരയെ പറ്റി ഉണ്ടാക്കിയതും… മൊത്തം ആൺവർഗ്ഗത്തെ അവൾ ആ നേരം കൊണ്ട് വെറുത്തിരിക്കില്ലേ. തട്ടിക്കൊണ്ടു പോയപ്പോൾ തോന്നിയതിനെക്കാൾ നിസ്സഹായത തോന്നിക്കാണില്ലേ.

അങ്ങു അകലെ നിന്ന് വീര പൊങ്ങി വന്നപ്പോൾ, അയാളുടെ മുഖം കണ്ടപ്പോൾ അവളുടെ നെഞ്ചിൽ ഉള്ളിലെവിടെയോ കഴിഞ്ഞ ദിവസങ്ങളിൽ തോന്നിയ മൃദു വികാരം കൊള്ളിയാൻ പോലെ പൊങ്ങി വന്നിരിക്കുമോ? അതോ അവനോട് ചോദിക്കാനുള്ള ചോദ്യം മാത്രമാകുമോ മനസ്സിൽ? അല്ലെങ്കിൽ എന്തായിരിക്കും അവളുടെ സ്വരം താഴാൻ കാരണം? ആ നീല കണ്ണുകളിൽ എത്ര ഭാവങ്ങളാണ് മിന്നി മറിഞ്ഞത്…

ഇനി ഒരിക്കലും കാണില്ല എന്നു തോന്നിയവളെ വീണ്ടും കണ്ടപ്പോൾ വീരക്ക് തോന്നിയത് എന്താവും? നിയോഗമെന്നോ വിധിയെന്നോ? ഒരു ചതി എന്തായാലും തോന്നിയിരിക്കില്ല. അവൾ തന്നെ തേടി സ്വമേധയാ വരുമെന്ന് അവനു തോന്നിയിരിക്കുമോ? ആഗ്രഹിച്ചിരിക്കുമോ? മനുഷ്യനല്ലേ… ഒരിക്കൽ എങ്കിലും അവൻ വെറുതെ ഭാവനയിൽ കണ്ടു കാണില്ലേ? അല്ലെങ്കിൽ, കണ്ണുകെട്ടി തിരികെ അയച്ചപ്പോൾ തോന്നാത്ത സങ്കടത്തേക്കാൾ മുകളിൽ ഇപ്പോൾ നെഞ്ചു പടപടക്കുന്ന സന്തോഷം തോന്നാൻ എന്താണ് കാരണം?അവളുടെ കണ്ണീരു നിർത്താൻ വേണ്ടി,അവളെ ചിരിപ്പിക്കാൻ നോക്കുമ്പോൾ, അവർക്കിടയിൽ അതിനോടകം രൂപപ്പെട്ട അദൃശ്യമായ സൗഹൃദത്തെ വരച്ചു കാട്ടുന്നു.

 

അവളുടെ ചിരിയിൽ, അവനു നിലച്ചു പോയ ശ്വാസം തിരികെ വന്നെന്നു പറയുമ്പോൾ, അവനൊരു കൊച്ചു കുഞ്ഞിനെപ്പോലെ സന്തോഷിക്കുന്നത് ശ്രദ്ധിക്കാത്ത അടുത്ത നിമിഷത്തിൽ, ‘എന്റെ ഭർത്താവിനോട് എന്നെ പറ്റി എന്താണ് പറഞ്ഞത്?’ എന്നവൾ ചോദിക്കുമ്പോൾ,അവളുടെ ഭർത്താവിനോട് പറഞ്ഞ വാക്കുകൾ അവൻ അഭിമാനത്തോടെ ഓർക്കുമ്പോൾ, അവളുടെ ഉള്ളിൽ അവിശ്വാസത്തിന്റെ കണികകൾ ഉണ്ടായിരുന്നു എന്നയാൾ അറിഞ്ഞിരുന്നോ?

അയാളുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് എന്തിനായിരിക്കും?
‘എരിതീയിൽ വീണാലും തിളങ്ങുന്ന സൊക്കതങ്കം പോലത്തെ നിന്റെ ഭാര്യയെ ഈ എച്ചിൽ കയ്യിൽ വെച്ചു കാത്തതും, എന്റെ മനസ്സ് മാറുന്നതിന് മുന്നേ അവളെ ഇവിടെ നിന്ന് കൂട്ടി കൊണ്ടുപോ, നിന്റെ ഭാര്യക്ക് വേണ്ടി വേണമെങ്കിൽ എനിക്ക് നിന്നെ കൊല്ലാം, അതേ ഭാര്യക്ക് വേണ്ടി നിന്നെ വെറുതെ വിടുകയും ചെയ്യാം’ എന്ന് അയാൾ പറയുന്നത് കേൾക്കുമ്പോൾ, അവളുടെ മനസ്സിൽ ഒരാണിനോട് തോന്നാവുന്ന ഏറ്റവും ഉയരത്തിലുള്ള ബഹുമാനവും ആരാധനയും തോന്നിയിരിക്കില്ലേ?

അവൾ തന്റേതല്ല എന്നും ഒരിക്കലും ആ മനസ്സിൽ ഇടം കിട്ടില്ല എന്നറിഞ്ഞിട്ടും വീരക്ക് രാഗിണിയോട് തോന്നിയ പ്രണയം, അവളുടെ ഇഷ്ടാനിഷ്ടങ്ങളെ ബഹുമാനിച്ചു കൂടെ കൊണ്ടു നടന്ന പ്രണയം, അവളുടെ ഭർത്താവിനെ കൊല്ലാതെ, അവൾക്ക് തിരിച്ചു കൊടുക്കുന്ന പ്രണയം, ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്.വീരയുടെ കഥകൾ അറിഞ്ഞിട്ടും, തന്നോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ തിരിച്ചറിഞ്ഞിട്ടും, ഭർത്താവിനോട് പൂർണ്ണമായ വിശ്വാസ്യത പുലർത്തിയിട്ടും കേൾക്കേണ്ടി വന്ന പഴികൾ അല്ലെ ആ കണ്ണിൽ നിന്ന് ഉരുണ്ടു വീണത്…?

 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ, ദേവ് എന്നെ സംശയിച്ചു എന്നു പറഞ്ഞപ്പോൾ, അതു വരെ പ്രണയത്തിൽ നിറഞ്ഞു നിന്ന വീരയുടെ സിരകളിലേക്ക് വീരം ഇരച്ചു കയറിയത്, ആ കണ്ണുകളുടെ ഭാവം മാറിയത്, കൂർമ്മതയുടെ ഭാവങ്ങൾ നെറ്റിയിൽ തെളിഞ്ഞത്, ഉദ്ദേശം മനസ്സിലായവന്റെ അഹങ്കാരം നിഴലിച്ചത്… ഒരു ഞൊടിയിടയിൽ വീര വീണ്ടും യോദ്ധാവായത്..വീര പറയുന്നത് വിശ്വസിക്കാനാവാതെ, ദേവ് എന്റെ കൂടെ വന്നിട്ടില്ല എന്ന് നിഷ്കളങ്കമായി വാദിക്കുന്ന രാഗിണി, മഞ്ഞലകൾക്കിടയിൽ ദേവ് നടന്നു വരുന്നത് കാണുമ്പോൾ, ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സ് വീണുടയുന്നത് കാണാനാവും…

അത്രയും കാലം കൊണ്ട് ഉണ്ടാക്കിയ വിശ്വാസം, ജോലിയുടെ ആവശ്യത്തിന് തന്റെ മനസ്സിനെ, തന്റെ ചാരിത്ര്യത്തെ പണയം വെച്ച ഭർത്താവ് ആ നിമിഷം അവളുടെ മനസ്സിൽ മരിച്ചു കാണില്ലേ? ആ ഒരൊറ്റ നിമിഷം കൊണ്ട് വെറും 14 ദിവസത്തെ പരിചയം മാത്രമുള്ള വീരയെ അവൾ പ്രണയിച്ചു തുടങ്ങിക്കാണില്ലേ? അതോ ഇതിനു കാരണക്കാരി ആയി എന്ന കുറ്റബോധം കൊണ്ടു മാത്രമായിരിക്കുമോ അവൾ വീരയുടെ മുന്നിലേക്ക് ധൈര്യപൂർവ്വം കയറി നിന്നത്?

ആ നീക്കം ദേവ് പ്രതീക്ഷിച്ചിരിക്കുമോ? വീരയെ കൊല്ലാൻ വേണ്ടി അവളെ അപകടപ്പെടുത്താനും അവൻ തുനിഞ്ഞേക്കുമോ? ഭാര്യയെ പറ്റി മറ്റൊരു പുരുഷൻ ഇങ്ങനെ പറഞ്ഞാൽ ഒരാണിന്റെ ഉള്ളിൽ തോന്നുന്നത് എന്തൊക്കെയാവാം? അതിനുമപ്പുറം ഭാര്യയോടുള്ള വിശ്വാസം കൊണ്ടാവുമോ ദേവ് ഇത് ചെയ്തത്? ഇതു കഴിഞ്ഞും രാഗിണിയെ തിരികെ കിട്ടും എന്ന വിശ്വാസത്തിൽ ആവുമോ അവൻ അവസാന ആയുധമായി അവളെ ഉപയോഗിച്ചത്? ചതിയുടെ, വഞ്ചനയുടെ ദേവിന്റെ മുഖം ആ സീനിന് മാറ്റു കൂട്ടുന്നുണ്ടോ ? ധൈര്യമായി വെടിയുതിർത്തുകൊള്ളാൻ പറയുമ്പോൾ, ഒന്നൊന്നും പോര, പത്തോ നൂറോ വെടിയുണ്ടകൾ വേണ്ടി വരുമെന്നും, തന്റെ മുഖത്തെ സന്തോഷം നശിപ്പിക്കാൻ അവന്റെ വെടിയുണ്ടകൾക്ക് ആവില്ല എന്നു പറയുമ്പോഴും, അവനിലെ വീരന്റെ പോരാട്ടം തന്നെ അല്ലെ അത്?

 

അവളോടുള്ള സ്നേഹത്തിന്റെ, പ്രണയത്തിന്റെ, വാത്സല്യത്തിന്റെ കൈപ്പലം തലയിൽ വെച്ചു വീര അവളെ താഴേക്ക് തള്ളുമ്പോൾ, ആ അവസാന സ്പര്ശനത്തിലൂടെ അവൻ അവൾക്ക് യാത്രാമൊഴി ചൊല്ലിക്കാണുമോ? ആദ്യത്തെ ബുള്ളറ്റ് അവന്റെ നെഞ്ചിൽ പതിഞ്ഞപ്പോൾ ചിതറിയ ചോരക്കണങ്ങൾ അവൾക്ക് മേൽ പതിഞ്ഞപ്പോൾ അവൾ ഉറഞ്ഞു പോയിട്ടുണ്ടാവില്ലേ? തുരുതുരാ വന്ന നിറകൾ അവനെ പുറകിലേക്ക് തള്ളി ഇടാൻ പോയപ്പോൾ അവൾ ആഞ്ഞെണീറ്റു കൈകൾ നീട്ടിയത് അവനെ നഷ്ടപ്പെടാതിരിക്കാൻ സാധിക്കുമെന്ന് കരുതിയിട്ടാവുമോ?

അവൾ നെഞ്ചു കീറി വീരാ… എന്നു വിളിക്കുന്നത് അവസാനമായി കേട്ട്, അവളുടെ മുഖം അവസാനമായി കണ്ടു, ചിരിച്ചുകൊണ്ടു മരണത്തിലേക്ക് അവൻ തൂവലുകണക്കെ ഊർന്നിറങ്ങിക്കാണുമോ? അവസാനത്തെ യാത്രമൊഴിയാവുമോ നമ്മൾ ആ ബാക്ക്ഗ്രൗണ്ടിൽ എ ആർ റഹ്മാന്റെ ശബ്ദത്തിൽ കേൾക്കുന്നത്…

നാൻ വരുവേൻ…
മീണ്ടും വരുവേൻ….
ഉന്നൈ നാൻ തൊടുവേൻ…
ഉയിരാൽ തൊടുവേൻ…
…..
പൂർത്തിയാകാതെ പോയ പ്രണയങ്ങൾ ആണ് ഏറ്റവും മനോഹരം….

*

Leave a Reply
You May Also Like

ശ്രീനാഥ്‌ ഭാസിയോ ശ്രീനാഥ്‌ ആഭാസിയോ ? (ഹെഡ് ഫോൺ വച്ച് കേൾക്കുക)

ശ്രീനാഥ്‌ രവി ശ്രീനാഥ്‌ ഭാസി തുടർച്ചയായി വിവാദങ്ങളിൽ പെടുകയാണ്. എന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ മനസിലാകുന്നത് അദ്ദേഹത്തിന്റെ…

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ പ്രേക്ഷകർ വൻ വിജയമാക്കിയ…

ഗോകുലിനെയും സുരേഷേട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞെന്ന് രാധിക

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയാണ് പാപ്പൻ . ചിത്രം ബോക്സോഫീസ് കുതിപ്പ്…

‘പഞ്ചായത്ത് ജെട്ടി’ തുറക്കുന്നു

‘പഞ്ചായത്ത് ജെട്ടി’ തുറക്കുന്നു സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ്…