ചുറ്റുമൊന്നു നോക്കൂ, നമ്മുടെ സാന്ത്വനം ആഗ്രഹിക്കുന്ന, പുകത്തൂൺ പോലെ നീറുന്ന ഒരു വ്യക്തിയെ കാണുന്നില്ലേ ?

175

Remya Binoy

ആനന്ദവർഷം

രോഗികൾ,, ഭൂരഹിതർ, വിവാഹ സഹായം വേണ്ടവർ… ഇവരെയെല്ലാം നമ്മൾ ചേർത്തു പിടിക്കാറുണ്ട്. പക്ഷേ, വ്യഥിതമായ ആത്മാവുള്ളവരെയോ…? ഈ പറഞ്ഞവരെ പോലെ തന്നെയാണ് അവരും. നിലനിൽക്കാൻ കൈത്താങ്ങ് വേണ്ടവർ. മേൽപ്പറഞ്ഞവരിൽനിന്ന് ഒരു വ്യത്യാസം അവർക്കുണ്ട്. ഭൗതികമായ ഇല്ലായ്മകൾ ചുറ്റും നിൽക്കുന്നവർക്കു കാണാൻ കഴിയും. നല്ല മനസ്സുള്ളവർ കണ്ടറിഞ്ഞ് സഹായവും ചെയ്യും. പക്ഷേ വ്രണിത ഹൃദയങ്ങൾ ഒരിക്കലും സ്വയം വെളിപ്പെടില്ല. ഏറ്റം നിസ്സഹായവും നിശ്ശബ്ദവുമായ നിലവിളികളായി ഒടുങ്ങിപ്പോകും അവർ.

Remya Binoy
Remya Binoy

ഫെയ്സ്ബുക്ക് ചിലപ്പോൾ, ചില ആത്മഹത്യകളിൽ വിറങ്ങലിച്ചു നിൽക്കാറുണ്ട്. ഫ്രണ്ട്സ് ലിസ്റ്റിൽ 5000 പേരുള്ളവർ. വ്യക്തിജീവിതത്തിലും ഒരുപാടു സൗഹൃദങ്ങളാൽ വലയം ചെയ്യപ്പെട്ടവർ. എന്നിട്ടും അവരെ ജീവിതവുമായി ബന്ധിപ്പിക്കുന്ന കയറിന്റെ ഓരോ ഇഴകളും പൊട്ടിപ്പോകുന്നത് ആരും അറിയാതെ പോകുകയാണ്. അവരാരും പെട്ടെന്നൊരു ദിവസം മരണം തിരഞ്ഞെടുത്തവരാകില്ല. പലപ്പോഴായി അവർ ഇതേക്കുറിച്ച് സൂചനകൾ തന്നിരിക്കും. തിരഞ്ഞെടുക്കുന്ന കൂട്ടായ്മകളും ഷെയർ ചെയ്യുന്ന ചിത്രങ്ങളും ഉപയോഗിക്കുന്ന വാക്കുകൾ പോലും അത്രയേറെ ഇരുട്ടുനിറഞ്ഞതാകും.

ഇൻസ്റ്റഗ്രാമിലൊക്കെ ഇത്തരം ആളുകളുടെ കൂട്ടായ്മയുണ്ട്. അത് പലപ്പോഴും നന്മയ്ക്കായല്ല. ദുരന്തത്തിലേക്കാണ് അംഗങ്ങളെ കൊണ്ടുപോകുന്നത്. നാമറിയുന്ന എത്രയോ പേർ അവിടെ എത്തിപ്പെട്ടിട്ടുണ്ടാകും. ഡാർക് അക്കൌണ്ടുകൾ എന്നാണ് ഇത്തരം അക്കൗണ്ടുകളെ വിളിക്കുക. മാനസിക പ്രശ്നങ്ങളാലും ഏകാന്തതയാലും കുടുംബാംഗങ്ങളോടോ മറ്റുള്ളവരോടോ പങ്കുവയ്ക്കാൻ കഴിയാത്ത പലതരം ആകുലതകളാലും ഒറ്റപ്പെട്ടുപോയവരാണ് ഇത്തരം അക്കൗണ്ടുകൾക്കു പിന്നിലുള്ളത്. കൂടുതലും കൗമാരക്കാർ. തുടക്കത്തിൽ ആശ്വാസം തേടിയാണ് ഇവർ കൂട്ടായ്മയുടെ ഭാഗമാകുക. പക്ഷേ, മെല്ലെ മെല്ലെ മരണത്തിന്റെ ഒറ്റയടിപ്പാതയിലേക്ക് സ്വയമറിയാതെ അവർ നടന്നുതുടങ്ങും. ചുറ്റും നിൽക്കുന്നവരാകട്ടെ, അറിഞ്ഞുകൊണ്ടല്ലെങ്കിലും അതിനു പ്രേരണയാകുകയും ചെയ്യും. നമ്മുടെ കുടുംബാംഗങ്ങളിലും ബന്ധുക്കളിലും പോലും ഇത്തരം ദുരന്തത്തിലേക്ക് നടക്കുന്നവരുണ്ടാകും. അത്രമേൽ നിസ്സഹായരായ ആ ആത്മാക്കളെ മരണത്തിനോ ദുരന്തത്തിനോ വിട്ടുകൊടുത്ത ശേഷം നമുക്ക് പിന്നീട് എന്നെങ്കിലും സമാധാനമായി ഉറങ്ങാൻ കഴിയുമോ…

രാത്രിയുടെ ഏറ്റവും ഏകാന്തമായ നിമിഷങ്ങളിലാണ് പലരും ജീവിതവുമായുള്ള അവസാന നൂൽബന്ധം മുറിക്കുന്നത്. ആ ഒരു രാത്രിയുടെ ദൂരം മറികടന്നാൽ പിന്നെ ചിലപ്പോൾ ജീവിതത്തിലൊരിക്കലും ആ വ്യക്തി സ്വയംഹത്യയിലേക്കു പോകണമെന്നില്ല. കവയത്രി റോസ്മേരി എഴുതിയതു പോലെ “എന്റെ പ്രിയപ്പെട്ട ആത്മാവേ ഈ രാത്രി പുലരും വരെ നമുക്ക് കാത്തിരിക്കാം” എന്നു പറയാൻ ഒരാളുണ്ടായാൽ അവർ അതിനെ അതിജീവിക്കും. ഇരുണ്ട ദിനങ്ങളിൽ അത്തരം സഹയാത്രികരെയാണ് ഓരോരുത്തർക്കും ആവശ്യം.

ഒരുപാട് സ്നേഹവും വാത്സല്യവും ലഭിച്ച ഒരു ബാല്യമാണ് എന്റേത്. പക്ഷേ അപ്പോഴും ആരോടും പറയാനാകാത്ത ഒരുപിടി കദനങ്ങൾ ഉള്ളുപൊള്ളിച്ചു കൊണ്ടിരുന്നു. അന്നത്തെ നിസ്സഹായമായ കരച്ചിലുകൾക്ക് ഒരു കൂട്ടിരിപ്പുകാരിയുണ്ടായിരുന്നു – സുമ. എന്റെ ഹൃദയത്തിന്റെ മുറിവുകളിൽ തണുവുള്ള ലേപനമാകാൻ കഴിഞ്ഞ അവളില്ലായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷേ പഠനം പോലും മുഴുമിക്കാതെ പോയേനെ. പീഡിതമായ ആത്മാവുമായി, ചുള്ളിക്കാടിന്റെ കവിതയിലേതുപോലെ വിഹ്വല സമുദ്രസഞ്ചാരങ്ങൾ നടത്തേണ്ടി വന്നേനെ…

അത്തരമൊരാൾ കൂടെയുണ്ടെങ്കിൽ കൊടുങ്കാറ്റുകൾക്ക് നമ്മെ ഉലയ്ക്കാനായേക്കുമെങ്കിലും കടപുഴക്കാനാവില്ല. പുതുവർഷത്തിൽ പാലിക്കാൻ കഴിയാത്ത അനേകം പ്രതിജ്ഞകൾ എടുത്തുകൂട്ടാറുണ്ട് നമ്മളെല്ലാം. ഇത്തവണ വേറിട്ടൊരു പ്രതിജ്ഞ എടുത്താലോ… വേദനിക്കുന്ന മനസ്സുള്ള ഒരാൾക്കെങ്കിലും ആശ്വാസമാകുമെന്ന്. അവരെ കേൾക്കാൻ, അവർ നിങ്ങളെ വിശ്വസിച്ചു പറയുന്ന ഓരോ വാക്കും ഇരുചെവി അറിയാതെ ഹൃദയത്തിന്റെ ഉള്ളറകളിലൊന്നിൽ സൂക്ഷിക്കാൻ, കടന്നുപോകില്ല എന്നു തോന്നിക്കുന്ന ഒരു രാത്രിയിൽ കൂട്ടിരിപ്പുകാരിയാകാൻ, “പാപിയാണ് ഞാൻ” എന്നു വിലപിക്കുന്നവളോട് മഗ്ദലനക്കാരത്തി മറിയത്തെ പോലെ നാളെ ഉയിർപ്പിനു സാക്ഷ്യം വഹിക്കാൻ തക്ക വിശുദ്ധയാണു നീയെന്ന് തിരുത്താൻ നമുക്ക് ഓരോരുത്തർക്കുമാകും. അത്തരമൊരാളുടെ ആത്മാവിനു കാവാലാളാകുന്നതാകട്ടെ വരും വർഷത്തെ നമ്മുടെ ദൗത്യം.

ആ കൂട്ടുകെട്ട് നിങ്ങളെയും ആത്മവിശുദ്ധീകരണത്തിലേക്കു നയിക്കുമെന്നുറപ്പ്. Catharsis (കഥാര്സിസ്) എന്നൊരു ഗ്രീക്ക് സങ്കൽപ്പമുണ്ട്. കടുത്ത വേദനകൾക്ക് സാക്ഷ്യം വഹിക്കുന്നതിലൂടെ (കലയിലാണെങ്കിൽ അതു ശോകപര്യവസായിയായ പുസ്തകമോ, നാടകമോ ആകാം) കടുത്ത വിഷാദത്തെ മറികടന്ന് ആത്മശുചീകരണം നടത്തുന്ന പ്രക്രിയ ആണത്. അതേ, നാളെയൊരിക്കൽ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ ഓർമയായി തീരും ആ സഹയാത്ര.

2020 ആനന്ദവർഷമാകട്ടെ; നമുക്കും നമ്മളെ ആവശ്യമുള്ളവർക്കും.

ചുറ്റുമൊന്നു നോക്കൂ,നമ്മുടെ സ്നേഹം, സാമീപ്യം, സാന്ത്വനം ആഗ്രഹിക്കുന്ന, പുകത്തൂൺ പോലെ നീറുന്ന ഒരു വ്യക്തിയെ കാണുന്നില്ലേ… അയാൾക്കൊപ്പമാകാം ഇനി യാത്ര…

*രമ്യ ബിനോയ്

Advertisements