രണ്ടുപേര്‍ ചുംബിക്കുമ്പോള്‍…

1026

 

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍…

ലീപ് ഇയര്‍ എന്ന ഇംഗ്ലിഷ് ചിത്രം കണ്ടത് ഈയടുത്ത ദിവസമാണ്. അതിലെ കഥാപാത്രങ്ങളായ വൃദ്ധ ദമ്പതികള്‍ നായികയ്ക്കും നായകനും നല്‍കുന്ന ഒരു ഉപദേശമുണ്ട് – പരസ്പരം ചുംബിക്കുമ്പോള്‍ അത് ആദ്യത്തെ തവണയാണെന്ന മട്ടില്‍ ചുംബിക്കുക, അവസാനത്തേതും.
ചുംബനത്തെ കുറിച്ചു ഞാന്‍ കേട്ട ഏറ്റവും മനോഹരമായ വാചകമാണത്. എനിക്കു ചുംബനം സമരമാര്‍ഗമല്ല. പങ്കുവയ്ക്കലാണ്. എന്റെ വീട്ടില്‍ ഞങ്ങള്‍ സഹോദരങ്ങളും മക്കളും ഓരോ വട്ടവും കണ്ടുപിരിയുമ്പോള്‍ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും. കുട്ടികളൊക്കെ മുതിര്‍ന്നിട്ടും ഇന്നും ഞങ്ങള്‍ അതു തന്നെ ചെയ്യുന്നു. അങ്ങനെ സ്‌നേഹിക്കാന്‍ അപ്പൂപ്പനും ഒരുപാട് അമ്മമാരും സഹോദരങ്ങളുമുള്ളതുകൊണ്ടാകാം ഞങ്ങളുടെ കുഞ്ഞുങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണു വളരുന്നത്. ഞാനും ഭര്‍ത്താവും എല്ലാ ദിവസവും ഓഫിസിലേക്കു പോകും മുന്‍പ് പരസ്പരം ചേര്‍ത്തുപിടിച്ചു ചുംബിക്കും. മക്കള്‍ സ്‌കൂളിലേക്കിറങ്ങും മുന്‍പും അങ്ങനെ തന്നെ. ചേര്‍ത്തുപിടിക്കാനും ചുംബിക്കാനും കിട്ടുന്ന ഒരവസരവും ഞങ്ങള്‍ പാഴാക്കാറില്ല.
രണ്ടു പേര്‍ ചുംബിക്കുന്നതില്‍ അശ്ലീലം കാണുന്നവരുണ്ട്. അവര്‍ ഒരിക്കലും ചുംബനത്തിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടാകില്ല. വിവാഹത്തിന്റെ ആദ്യ നാളുകളിലെങ്ങോ രാത്രിയുടെ കരിമ്പടത്തിനുള്ളില്‍ നടന്ന ഒരു കാട്ടിക്കൂട്ടല്‍ മാത്രമായിരുന്നിരിക്കും അവരുടെ ചുംബനങ്ങള്‍. അത്തരക്കാരെ കാണുമ്പോള്‍ നമുക്കറിയാം, അവരുടെ കണ്ണുകള്‍ക്കു സ്‌നേഹത്തിന്റെ തിളക്കമുണ്ടാകില്ല. മറ്റുള്ളവരിലേക്കു കൂര്‍ത്തുനീളുന്ന നോട്ടങ്ങളില്‍ ഒളിപ്പിച്ചുവച്ച പകയും അമര്‍ഷവുമുണ്ടാകും. അവരോടു സഹതാപമേ എനിക്കു തോന്നാറുള്ളു.
എവിടെയോ വായിച്ചതോര്‍ക്കുന്നു. ഉദ്യോഗത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സ്‌നേഹിക്കാന്‍ മറന്നുപോയ ദമ്പതിമാര്‍. പൊരുത്തപ്പെടാന്‍ പറ്റില്ലെന്നായപ്പോള്‍ താമസം രണ്ടിടത്തായി. പിന്നെ അവര്‍ പിരിയാന്‍ തീരുമാനിക്കുന്നു. വക്കീലിനെ കാണുന്നു. കൗണ്‍സലിങ് ആയി. കൗണ്‍സലര്‍ അവരുടെ പ്രശ്‌നങ്ങള്‍ കേട്ട ശേഷം ഭര്‍ത്താവിനോടു പറയുന്നു, നിങ്ങള്‍ ഭാര്യയെ ഫോണില്‍ വിളിച്ച് സ്ഥിതി എന്ന ചിത്രത്തിലെ ഒരു ചെമ്പനീര്‍ പൂവിറുത്തു എന്ന ഗാനം കേള്‍പ്പിക്കൂ എന്ന്. ഭര്‍ത്താവ് അതു തന്നെ ചെയ്തു. അയാള്‍ക്ക് അവരോട് മറ്റൊന്നും പറയേണ്ടി വന്നില്ല. അവര്‍ വീണ്ടും ഒന്നായി.
ഇതു കഥയാണോ ജീവിതമാണോ എന്നറിയില്ല. പക്ഷേ, ഞാനതില്‍ വിശ്വസിക്കുന്നു. ജീവിതത്തിന്റെ സൗന്ദര്യം അറിയണമെന്നുണ്ടെങ്കില്‍ സ്‌നേഹിക്കണം. സ്‌നേഹിച്ചാല്‍ മാത്രം പോര അതു പ്രകടിപ്പിക്കുകയും വേണം.
മാധവിക്കുട്ടി എഴുതിയിട്ടുണ്ട്, “പ്രകടമാകാത്ത സ്‌നേഹം നിരര്‍ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും” എന്ന്. അതുകൊണ്ട് ക്ലാവ് പിടിച്ച നാണ്യക്കൂമ്പാരത്തിനു മേല്‍ ചടഞ്ഞിരിക്കാതെ, പുലര്‍മഞ്ഞു പെയ്യുന്ന യാമത്തില്‍ മൃദുമേനിയൊന്നു പുണരാനും നിറനീല രാവിലെ ഏകാന്തതയില്‍ മിഴിയിലെ നനവൊപ്പി മായ്ക്കാനും മടിക്കേണ്ടതില്ല. മറയില്ലാതെ സ്‌നേഹിക്കൂ, ഇതു ജീവിതത്തിലെ അവസാനത്തെ ദിനമാണെന്നമട്ടില്‍…

Remya Binoy