ജസിൻഡയുടെ പങ്കാളിയെ അടുത്തു കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ

0
841

Remya Binoy എഴുതുന്നു 

 

*ബേബി ബ്ലൂസ്…*

ഒരു ഹോട്ടലിൽ തനിയെ മുറിയെടുത്ത് 24 മണിക്കൂർ കിടന്നുറങ്ങുക – പ്രസവശേഷം ഏറെക്കാലം ഞാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും പങ്കുവച്ചിരുന്ന സ്വപ്നമായിരുന്നു അത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പതിവായി രാത്രി രണ്ടു മണിയോടെ വീട്ടിൽ എത്തുമ്പോൾ കുഞ്ഞ് ഉറക്കം തെളിഞ്ഞ് കാത്തിരിപ്പുണ്ടാകും. വയർ നിറയെ ഭക്ഷണം കഴിച്ച് ഉറങ്ങിയാലും ആ സമയത്ത് കുറച്ച് മുലപ്പാൽ കുടിച്ചേ പറ്റൂ കക്ഷിക്ക്. ഓടിപ്പോയൊന്ന് മേൽകഴുകി കുഞ്ഞിനെ എടുത്ത് മടിയിൽ വച്ച് ഇരിക്കുന്നതേ ഓർമയുണ്ടാകൂ. ആ ഇരിപ്പിൽ ഉറങ്ങും. കുഞ്ഞുങ്ങളാകട്ടെ, ഒരുപാടു നേരം കൂടി അമ്മയെ കണ്ട സന്തോഷത്തിൽ കളിക്കാൻ ആരംഭിക്കും. അതോടെ പാതിയുറക്കത്തിൽ അവരോടൊപ്പം കൂടും. ആ സമയത്ത് അടുത്തു കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടാകും നല്ല പാതി. എന്നിട്ടും “ഭാര്യ രാത്രി കയറി വരുന്നതു കൊണ്ട് അവന്റെ ഉറക്കം മുറിഞ്ഞു പോകുന്നു” എന്ന പരാതികളും ധാരാളം കേട്ടിട്ടുണ്ട്.

പ്രസവം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ തുടങ്ങുന്നതാണ് ഈ ഉറക്കമില്ലായ്മ. അമ്മയില്ലാത്തതിനാൽ “കുഞ്ഞിനെ അല്പനേരം നോക്കിത്തരൂ” എന്ന് ആരോടും ആവശ്യപ്പെടാൻ കഴിയില്ല. (വീക്കെൻഡുകളിൽ എത്തുന്ന ചേച്ചിമാർ മാത്രമാണ് രാത്രി ഉറക്കമിളച്ച് കുഞ്ഞിനെ നോക്കുന്ന ജോലി പങ്കുവച്ചിരുന്നത്). കുഞ്ഞിനെയും അമ്മയെയും നോക്കുമെന്ന വാഗ്ദാനവുമായി ഏജൻസികളിൽ നിന്നെത്തുന്ന മെയ്ഡ്, ടിവി ചാനലുകാർ സീരിയലുകൾ നിർത്തുന്ന പത്തു മണിക്ക് ഉറക്കമാകും. പിന്നെ, സിസേറിയന്റെ അപ്പോഴും ഉണങ്ങാത്ത മുറിവിന്റെ വേദനയും (രണ്ടു വട്ടവും അതു തെല്ലു പഴുക്കുകയും ചെയ്തു) പേറി, കരയുന്ന കുഞ്ഞിനെ തോളിലിട്ട് മുറിയിൽ അങ്ങുമിങ്ങും നടക്കും. വലിച്ചു വലിച്ച് പാൽ ബാക്കിയാകാത്ത മുലഞെട്ട് (അതു വിണ്ടുകീറി ഉണ്ടാകുന്ന മുറിവിന്റെ വേദനയുമുണ്ട് പീഡകളിൽ) നുണഞ്ഞ് കുഞ്ഞ് പ്രതിഷേധക്കരച്ചിൽ നടത്തുമ്പോൾ മാതൃത്വത്തിന്റെ മഹത്വമൊന്നും ഉള്ളിൽ ഉണരാറില്ല. ആ ഇരിപ്പിൽ ഞാനങ്ങു മരിച്ചുപോയിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.

ഉറക്കമിളപ്പ് മാസങ്ങളോളം നീളുമ്പോൾ ചിലപ്പോളെങ്കിലും ഡിപ്രഷനിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ വിവാഹമേ വേണ്ടെന്നു വയ്ക്കുമെന്ന് ഒരായിരം വട്ടം പ്രതിജ്ഞ എടുത്തിട്ടുണ്ട്. മരണം സ്വപ്നം കണ്ട് പോസ്റ്റ് നേറ്റൽ ഡിപ്രഷന്റെ ഏറ്റവും ഭയാനകമായ വേർഷനിൽ കൂടി കടന്നുപോയ ഇരുണ്ട ദിവസങ്ങൾ.

ഇന്ന് പത്രത്തിൽ കണ്ട ന്യൂസീലൻഡ് പ്രധാനമന്ത്രിയുടെ വിവാഹനിശ്ചയ വാർത്ത വായിച്ചപ്പോൾ അക്കാലങ്ങൾ വീണ്ടും ഓർമ വന്നു. ആ വാർത്തയിൽ ഏറെ സന്തോഷം തോന്നിയ ഒരു ഘടകം ഉണ്ട്. ജസിൻഡയുടെ പങ്കാളിയായ ടിവി ഷോ അവതാരകൻ ക്ലാർക്ക് ഗേയ്ഫോർഡ് ഇപ്പോൾ കുഞ്ഞിന്റെ കാര്യം നോക്കി മുഴുവൻ സമയവും വീട്ടിലിരിക്കുകയാണെന്ന്. അടുത്തു കണ്ടിരുന്നെങ്കിൽ അങ്ങേരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ. മിടുക്കിയായ കൂട്ടുകാരിയെ രാജ്യം ഭരിക്കാൻ പറഞ്ഞുവിട്ട് “ഇത് എന്റെയും കൂടി കുഞ്ഞാണ് ഞാൻ ഇവളെ നോക്കാം” എന്നു പറയാൻ കാണിച്ച ആ ആത്മാർഥതയ്ക്ക് എഴുന്നേറ്റ് നിന്ന് കയ്യടിക്കണം.

ഈ റോൾ റിവേഴ്സൽ ഇവിടെയും വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയിടെ ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു യുവ ദമ്പതികളെ പരിചയപ്പെട്ടു. ടെക്നോപാർക്കിൽ ജോലി ചെയ്യുകയാണ് ഇരുവരും. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. ഭാര്യയെ ലോവർ ബർത്തിൽ സുഖമായി ഉറങ്ങാൻ വിട്ട് ആ പയ്യൻ കുഞ്ഞിനെയുമെടുത്ത് മിഡിൽ ബർത്തിൽ കയറി. കുഞ്ഞിനെ സ്വെറ്റർ ഇടുവിച്ച് ഫ്ലാനലിൽ പൊതിഞ്ഞ് കൈക്കുള്ളിലൊതുക്കിയാണ് അവൻ ഉറങ്ങാൻ കിടന്നത്. ഇടയ്ക്ക് കുഞ്ഞുണർന്ന് കരഞ്ഞപ്പോൾ ഭാര്യയെ വിളിച്ചുണർത്തി ഫീഡ് ചെയ്യിക്കുന്നതും വയർ നിറഞ്ഞ കുഞ്ഞിനെയുമായി വീണ്ടും മിഡിൽ ബർത്തിൽ കയറുന്നതും കണ്ടു. എത്ര മനോഹരമായിരുന്നു ആ കാഴ്ച.

ഏതാനും വർഷം മുൻപ് കുഞ്ഞിനെ വാഷിങ് മെഷീനിലെ വെള്ളത്തിലിട്ട് കൊന്ന അമ്മയുടെ വാർത്ത കണ്ടപ്പോൾ അവരെ കുറ്റപ്പെടുത്താൻ തോന്നിയില്ല. അവർ കൊടുത്ത മൊഴി ഇന്നും ഓർമയുണ്ട്, കുഞ്ഞിന്റെ കരച്ചിൽ മൂലം മാസങ്ങളായി ഒന്നുറങ്ങിയിട്ട്, ആകെ ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി ചെയ്തു പോയതാണെന്ന്. ആ അമ്മ പറഞ്ഞത് വലിയൊരു സത്യമാണ്. ആ അവസ്ഥയിൽ കൂടി കടന്നുപോയവർക്കു മാത്രം മനസ്സിലാവുന്ന ഒരു സത്യം. അവർ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

മാതൃത്വം സുന്ദരമാണ്, മഹത്തരമാണ്, മണ്ണാങ്കട്ടയാണ് എന്നു പറഞ്ഞ് വർഷങ്ങളോളം സ്ത്രീയെ ഒരു ബന്ധുര കാഞ്ചനക്കൂട്ടിൽ അടച്ചിടുകയാണ്. പലപ്പോഴും അവരുടെ ആരോഗ്യവും കഴിവുകളും കരിയറും യൌവനവുമെല്ലാം നശിപ്പിക്കുന്ന ഒരു സ്വർണക്കൂട്ടിൽ. ഭർത്താവിനെക്കാൾ പല മടങ്ങ് കഴിവുള്ള പല മിടുക്കിക്കുട്ടികളും വീടിനുള്ളിലേക്ക് ഒതുങ്ങുന്നു. ജോലിക്കു പോകുന്നുണ്ടെങ്കിൽ കൂടി എക്സ്ട്രാ മൈൽ ഓടാൻ കഴിയാതെ അവർ കരിയറിൽ പാർശ്വവത്കരിക്കപ്പെട്ടു പോകുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ ശതമാനക്കണക്ക് നോക്കിയാൽ അതിപ്പോഴും ഒറ്റ നമ്പറിൽ ഒതുങ്ങിനിൽക്കുകയാകും. വിദേശത്തു ജോലിക്കു പോകുന്ന ദമ്പതികളിൽ ഈ മാറ്റം കൂടുതലായി കണ്ടുതുടങ്ങിയിട്ടുണ്ട്. ഭാര്യയെ ജോലിക്കയച്ച് വീട്ടിൽ കുഞ്ഞിനെ നോക്കി ഇരിക്കാൻ തയ്യാറാകുന്ന പുരുഷന്മാരെ പരിഹസിക്കുന്നവരുണ്ട്. അവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്, തികഞ്ഞ ആത്മവിശ്വാസവും നിസ്വാർഥമായ കുടുംബസ്നേഹവും ഉള്ളവരാകും ആ പുരുഷന്മാരെന്ന്.
പേരന്റിങ് ഒരു കൂട്ടുത്തരവാദിത്തമാണ്. പതിവ് നെട്ടോട്ടങ്ങളിൽനിന്ന് ഇടയ്ക്ക് ഭാര്യയ്ക്ക് ഒരു ബ്രേക്ക് കൊടുക്കുന്നത് അത്ര വലിയ ഹിറോയിസമൊന്നുമല്ല. ദൈനംദിന ജീവിതത്തിലെ ചുമതലകൾ തുല്യമായി പങ്കുവയ്ക്കാം. രണ്ടിലൊരാൾ ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നാൽ അത് സ്ത്രീയുടെ ബാധ്യത എന്ന് കരുതാതിരിക്കാം.
പുരുഷന്മാരെക്കാൾ സ്ത്രീകൾ മെയിൽ ഷോവിനിസ്റ്റുകളാകുന്നതു കണ്ടിട്ടുണ്ട്, മരുമക്കളുടെ കാര്യത്തിലാണെന്നു മാത്രം. അത്തരം അമ്മമാരും അമ്മായിമാരും തത്കാലം ഈ കുട്ടികളുടെ ജീവിതത്തിൽ നിന്ന് ഒന്നു പുറത്തിറങ്ങി നില്ക്കൂ. അല്ലെങ്കിൽ അവർ നാളെ നിങ്ങളോട് “കടക്കുപുറത്ത്” എന്നു പറയുക തന്നെ ചെയ്യും.