ഷെല്ലി ആൻ ഫ്രേസറിനു കുഞ്ഞിനെയും തോളിലേറ്റി 32ാം വയസ്സിൽ ലോകനെറുകയിൽ നിൽക്കാമെങ്കിൽ നമുക്കും ആകും

0
346

എഴുതിയത് : Remya Binoy

പ്രിയപ്പെട്ട ഷെല്ലി ആൻ ഫ്രേസർ…
ഒരുപാട് അഭിമാനം… സ്നേഹം…

നീയിന്നലെ കുഞ്ഞിനെ തോളിലിട്ട് ലോക അത്ലറ്റിക് വേദിയിൽ വിക്ടറി ലാപ് നടത്തിയപ്പോൾ രോമാഞ്ചമണിഞ്ഞത് ഞങ്ങൾ ഓരോ അമ്മമാരുമാണ്. ഞങ്ങൾക്ക് നേടാൻ കഴിയാത്തതാണ് നീ നേടിയത്.
പക്ഷേ, നീ ജനിച്ചത് ഇങ്ങു കേരളത്തിലായിരുന്നെങ്കിൽ ഈ നേട്ടത്തിനായി നിനക്ക് ഒരുപാട് ഹർഡിൽസുകൾ ചാടിക്കടക്കേണ്ടി വരുമായിരുന്നു.

“പത്തു മുപ്പതു വയസ്സു കഴിഞ്ഞില്ലേ… ഇതൊക്കെ നിർത്തിക്കൂടേ…

 Remya Binoy
Remya Binoy

“വീട്ടിലിരുന്ന് ഇനിയെങ്കിലും ആ കുഞ്ഞിനെ നോക്കാനുള്ളേന്… നടക്കുന്നു ഓട്ടക്കാരിയാന്നും പറഞ്ഞ്.

“എന്റെ കർത്താവേ… ആ കുഞ്ഞിന്റെ മൊഖം കണ്ടോ… തള്ള നേരാംവണ്ണം നോക്കാത്ത കൊണ്ട് അതിനെപ്പഴും ഒരു സങ്കടവാ…

“കുഞ്ഞിന് വേണ്ടത്ര തടിയില്ല. അതെങ്ങനാ അതിനെ നോക്കാനും വല്ലതും കഴിപ്പിക്കാനുമൊന്നും തള്ളയ്ക്ക് നേരമില്ലല്ലോ.

“ഓടാനൊക്കെ പോകുന്നെ കൊള്ളാം, വീട്ടിലെ കാര്യങ്ങളിൽ വല്ല മുടക്കോം വന്നാ അപ്പ പറയാം.

“കോച്ചാണത്രെ കോച്ച്. ഏതോ ഒരുത്തന്റൊപ്പം കുഞ്ഞു നിക്കറുമിട്ട് വെട്ടം വയ്ക്കുന്നേന് മുന്നേ ഇറങ്ങും.”

ഇതൊന്നും ചാടിക്കടക്കാൻ നിനക്കെന്നല്ല, കെ.കെ. ജോസഫിനു പോലും കഴിയുമെന്നു തോന്നുന്നില്ല. അതാണ് വീട്ടുകാരും ബന്ധുജനങ്ങളും അയൽക്കാരുമായ ഞങ്ങളാച്ചിലർ…

***

പഠനത്തിലും കലാലയ രാഷ്ട്രീയത്തിലും സ്പോർട്സിലും കലകളിലും കരിയറിലുമൊക്കെ തിളങ്ങിയവരാണ് ഞങ്ങളിൽ പലരും. ക്യാംപസിലൊക്കെ ശരിക്കും ഫയർബ്രാൻഡ് ആയിരുന്നവർ. പക്ഷേ, ഉദ്യോഗമൊക്കെയായി വിവാഹം കഴിയുന്നതോടെ മുൻഗണനകൾ മാറ്റാൻ നിർബന്ധിതരാകുകയാണ് ഞങ്ങൾ. എത്ര വലിയ കായികതാരമാണെങ്കിലും, പാട്ടുകാരിയാണെങ്കിലും, നർത്തകിയാണെങ്കിലും, എഴുത്തുകാരിയാണെങ്കിലും, കരിയറിൽ നേട്ടങ്ങളുണ്ടാക്കിയവളാണെങ്കിലും അവളെ മിടുക്കിയായി അംഗീകരിക്കണമെങ്കിൽ അവൾ ‘വീടുനോക്കാൻ അറിയുന്നവളാ’കണമത്രെ. അതായത് രമണാ, നല്ല കുടംപുളിയിട്ട് മീൻകറി വയ്ക്കണം, തേങ്ങാ കൊത്തിയിട്ട് ബീഫ് ഉലർത്തണം, അമ്മിയിൽ അരച്ച് തീയൽ വയ്ക്കണം. ഇതൊന്നും ചെയ്യാൻ അറിയില്ലെങ്കിൽ അവൾ പാലാരിവട്ടം പാലം തകരാറില്ലാതെ പണിയിച്ചെടുത്താലും വീടിനു കൊള്ളാത്തവളാണത്രെ.

കുട്ടികൾ ഉണ്ടായതിനു ശേഷം ഏതാണ്ട് എട്ട് വർഷങ്ങൾ ഞാൻ പുസ്തകങ്ങൾ കൈകൊണ്ട് തൊട്ടിട്ടില്ല. വായനയൊക്കെ അന്ന് ഒരു ആർഭാടമായിരുന്നു. എന്റെ ശരീരമോ ആരോഗ്യമോ സന്തോഷങ്ങളോ മുൻഗണനകളിൽ എവിടെയും ഇല്ലായിരുന്നു. അക്കാലത്ത് എനിക്ക് ഒരു മനസ്സോ തലച്ചോറോ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. കീ കൊടുത്തു വിട്ട പാവയെ പോലെ ഓടി. എന്നിട്ടും മറ്റുള്ളവർ കനിഞ്ഞു നൽകുന്ന പ്രോഗ്രസ് റിപ്പോർട്ടിൽ ചുവന്ന വരകൾ മാത്രം ബാക്കിയായി. അന്നുവരെ യാതൊരു കോംപ്രമൈസും വേണ്ടിവന്നിട്ടില്ലാത്ത പങ്കാളി ഫുൾ എ പ്ലസുകാരനുമായി, “ഇങ്ങനൊരുത്തിയെ സഹിക്കുന്നതിന്.”

ഇതിനു പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താൻ ഞാനില്ല. കാരണം, ഞാൻ കണ്ട ഏറ്റവും വലിയ മെയിൽഷോവിനിസ്റ്റുകൾ സ്ത്രീകളാണ്. വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും നമ്മളെ വീട്ടുചുവരിനുള്ളിൽ തളയ്ക്കാൻ വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നവർ. ഏറിയാൽ നമുക്ക് ജോലിക്കു പോകാം. അതുപക്ഷേ കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമാണ്. അതിനപ്പുറം ആ പണം നമ്മുടെ ഒരാവശ്യത്തിനായി നീക്കിവച്ചാൽ, അല്ലെങ്കിൽ കൂട്ടുകാരോടൊത്ത് ഇടയ്ക്ക് ഓരോ യാത്ര പോയാൽ, നമ്മുടെ പണം മുടക്കി വാങ്ങി അല്പം നന്നായി വസ്ത്രം ധരിച്ചാൽ, ഇടയ്ക്കൊന്നു ബ്യൂട്ടി പാർലറിൽ പോയാൽ ഒക്കെ നമ്മൾ പിടിപ്പില്ലാത്തവരും ധാരാളികളാകും.

“അയ്യോ, ഇത് ഏതു കാലത്തെ കാര്യമാ ഈ പറയുന്നെ, ഞങ്ങളൊന്നും ഇങ്ങനല്ല ജീവിക്കുന്നെ” എന്ന് അദ്ഭുതം കൂറാൻ തോന്നുന്നുണ്ടോ? എന്നാൽ അറിയുക, നിങ്ങൾ ഒരു ന്യൂനപക്ഷം മാത്രമാണ്. കണ്ണു തുറന്ന് ചുറ്റുമുള്ള ജീവിതങ്ങൾ കൂടി ഒന്നു കാണുക. പ്രത്യേകിച്ച് ഇടത്തരക്കാരുടെയും അതിനു താഴെയുള്ളവരുടെയും. ഇത്തരം ഒരുപാട് സ്ത്രീകളെ നിങ്ങൾക്കവിടെ കണ്ടുമുട്ടാം. നിങ്ങളെ വിശ്വാസത്തിലെടുക്കാമെന്നു തോന്നിയാൽ അവർ സ്വന്തം കഥ നിങ്ങളോടു പറയും. അപ്പോഴും നിങ്ങൾക്ക് അവിശ്വസനീയതയാകും തോന്നുക, ഇക്കാലത്ത് ഇങ്ങനെ നടക്കുന്നുണ്ടല്ലോ എന്ന്.
വിദേശത്ത് ജോലി നേടി മാസം ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുന്ന ചില സ്ത്രീകളുടെ ജീവിതവും അവർ പറഞ്ഞ് അറിയാം. സ്വന്തം ശമ്പളത്തിൽനിന്ന് ഒരു രൂപ ചെലഴിക്കണമെങ്കിൽ, സ്വന്തം കുടുംബത്തിലേക്ക് പത്തു പൈസ ചെലവാക്കണമെങ്കിൽ ഒക്കെ ഇവർക്ക് ഭർത്താക്കന്മാരുടെ അനുവാദം വേണം. അതിനൊന്നും അനുവാദം നൽകാത്തവരുമുണ്ട്. “എല്ലാം ഞാൻ കൈകാര്യം ചെയ്യാം. നീ ഇതൊന്നും ഓർത്തു ടെൻഷൻ അടിക്കണ്ട” എന്നു “കരുതൽ” ഉള്ള പുരുഷോത്തമൻമാർ. അതു കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട്, സ്വന്തമായി ചിട്ടിയും സമ്പാദ്യവുമൊക്കെയുള്ള നമ്മുടെ നാട്ടിലെ തൊഴിലുറപ്പു ജോലിക്കാരികൾ എത്രയോ സ്വതന്ത്രരാണെന്ന്.

അപ്പോൾ പറഞ്ഞുവന്നത് ഇതാണ്. ഹൗ ഓൾഡ് ആർ യുവിലെ മഞ്ജു വാരിയർ കഥാപാത്രം മകളോട് ചോദിച്ചതു പോലെ ആരാണ് നമ്മുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി നിശ്ചയിച്ചത്…
ഷെല്ലി ആൻ ഫ്രേസറിനു കുഞ്ഞിനെയും തോളിലേറ്റി 32ാം വയസ്സിൽ ലോക നെറുകയിൽ നിൽക്കാമെങ്കിൽ നമുക്കും ഇതൊക്കെ ആകും. ആ യാത്രയിൽ പിന്നോട്ടു വലിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ഒരുപാട്പേരെ കണ്ടുമുട്ടുമെന്ന് ഉറപ്പ്. പക്ഷേ ആ എതിർപ്പുകൾ നമുക്ക് ഊർജമാകട്ടെ…

നമുക്ക് നമ്മുടെ ട്രാക്കിൽ ഒന്ന് ആഞ്ഞുനിൽക്കാം, എന്നിട്ട് ആ ത്രീ കമാൻഡ് സ്റ്റാർട്ടിനായി കാതോർക്കാം…

“ഓൺ യുവർ മാർക്, ഗെറ്റ് സെറ്റ്, ഗോ…”

(Remya Binoy)