സ്‌ട്രെച്ച് മാർക്കിന്റെ പേരിൽ സ്ത്രീകളെ അവഹേളിക്കുന്ന പുരുഷന്മാരോട് …

217

എഴുതിയത്  : Remya Binoy

Queen of Imperfections*

Stephanie Rothstein Bruce എന്ന പ്രഫഷനൽ അത്്‌ലറ്റിന്റെ ഉദരത്തിന്റെ ബാഹ്യകാഴ്ചയാണ് ഇതോടൊപ്പമുള്ള ആദ്യ ചിത്രത്തിലേത്. 2016ലെ ഒളിംപിക്സിനു വേണ്ടി പരിശീലനം നടത്തുന്നതിനിടെയാണ്, രണ്ടു പ്രസവത്തിനു ശേഷമുള്ള തന്റെ വയറിന്റെ രൂപം ഇങ്ങനെ എന്നു പറഞ്ഞ് സ്റ്റെഫാനി ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്. പ്രസവശേഷം വണ്ണം കുറഞ്ഞ് രൂപം പഴയതു Image may contain: one or more peopleപോലെയായെങ്കിലും വലിഞ്ഞുപോയ ചർമം അങ്ങനെ തന്നെ നിലനിന്നു. എന്നാൽ താൻ പ്രസവത്തിനു ശേഷം കൂടുതൽ പവർഫുൾ ആയെന്നാണ് സ്റ്റെഫാനി പറയുന്നത്. കാഴ്ചയിൽ അഭംഗി എന്നു മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ആ കാഴ്ച തന്നെയോ ഭർത്താവിനെയോ തെല്ലും വിഷമിപ്പിക്കുന്നില്ലെന്നും അവർ പറയുന്നു. ഇതു വായിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകൾ പ്രതികരിച്ചു. സ്റ്റെഫാനി തങ്ങൾക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല എന്ന് അവർ ഓരോരുത്തരും പറഞ്ഞു. പ്രസവശേഷം വയറിലും കൈകാലുകളിലും വന്ന സ്ട്രെച്ച് മാർക്കുകളുടെ ചിത്രം അവർ ധൈര്യമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

***

അടുത്തിടെ ഒരു കൂട്ടുകാരി അയച്ചു തന്ന ഇത്തരമൊരു ചിത്രമാണ് വീണ്ടും ഈ ഓർമ ഉണർത്തിയത്. എന്റെ ആദ്യ ഗർഭകാലം ഒട്ടും സുന്ദരമായ സമയം ആയിരുന്നില്ല. അമ്മ അപകടത്തിൽ മരിച്ചു രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ അമ്മുവിനെ ഗർഭം ധരിച്ചത്. അത് രണ്ടു മാസം തികയും മുൻപ് ഏറെ വേണ്ടപ്പെട്ട ഒരാളുടെ പ്രവൃത്തികൊണ്ട് (ആ കഥ പിന്നീടൊരിക്കൽ പറയാം) ഞാൻ പ്ലാസെന്റ സെപ്പറേഷനും ബ്ലീഡിങ്ങും മൂലം ബെഡ്റെസ്റ്റിൽ ആയി. തുടർന്ന് ഹോർമോൺ ചികിത്സ വേണ്ടി വന്നു. അതോടെ കൃഷ്ണവർണയായ ഞാൻ കരിങ്കുട്ടിക്കാളിയെ പോലെയായി. പതിവിലും വലിയൊരു വയറു കണ്ട് പലരും ഇരട്ടക്കുട്ടികളാണോ എന്നു ചോദിച്ചു തുടങ്ങി. വയറു നിറയെ സ്ട്രെച്ച് മാർക്ക്. നെറ്റിയിൽ കരികൊണ്ട് പോറിയതു പോലെ കരുവാളിപ്പ്. കവിളുകൾ ഇടുമ്മിച്ചു തൂങ്ങി. ഇനിയൊരിക്കലും ഞാൻ പഴയതു പോലെയാവില്ലെന്നു തോന്നി. എനിക്ക് പക്ഷേ വിഷമമൊന്നും ഉണ്ടായില്ല. ഒരു സങ്കടക്കടൽ താണ്ടാനുള്ള കച്ചിത്തുരുമ്പായിരുന്നു എനിക്ക് ആ ഗർഭം. ബിനോയ്ക്ക് എന്നോടുള്ള ഇഷ്ടത്തിൽ കുറവു വരുമോ എന്നൊരു ആശങ്ക തോന്നിയെങ്കിലും മാലാഖക്കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിൽ കക്ഷി ലോകം പോലും കാണാത്ത അവസ്ഥയിലായിരുന്നു.

ചിത്രം എന്റെ ആദ്യ ഗർഭകാലത്തുള്ളത്.
ചിത്രം എന്റെ ആദ്യ ഗർഭകാലത്തുള്ളത്.

ബെഡ്റെസ്റ്റ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചതോടെ കാലുകൾ മുഴുവൻ നീരായി. അന്ന് സ്വന്തമായി വാഹനമില്ല. ഓഫിസിന് അഞ്ഞൂറു മീറ്റർ അകലെയാണ് താമസം. അങ്ങോട്ടു ഞാൻ ഒരു തരത്തിൽ നടന്നു പോകും. തിരികെ ഇറങ്ങുമ്പോളേക്കും കാലിൽ ചെരിപ്പു കയറാൻ പ്രയാസമാകും. അതുകൊണ്ട് ചെരിപ്പ് കയ്യിൽ പിടിച്ചാണ് ഞാൻ ഇറങ്ങിവരിക. ബിനോയ് കാത്തുനിൽപ്പുണ്ടാകും. കാണുന്നതേ ചെരിപ്പ് വാങ്ങിപ്പിടിക്കും. മറു കൈകൊണ്ട് എന്റെ ഇടംകയ്യിൽ കോർത്തുപിടിച്ച് പാതിരാത്രിക്കുള്ള ആ നടപ്പ് ഇന്നും മറക്കാൻ വയ്യ. എന്റെ വൈരൂപ്യം കക്ഷിയെ അലട്ടിയതേയില്ല.

ഒടുവിൽ ദൈവത്തിന്റെ മുഖവുമായി ഞങ്ങളുടെ ഓമനക്കുഞ്ഞ് വന്നു. പ്രസവരക്ഷ കൂടിയായതോടെ, നമ്മുടെ ഇതിഹാസകാരന്മാർ ദ്രാവിഡ സ്ത്രീകളായ ശൂർപ്പണഖയെയും താടകയെയും വർണിച്ചതു പോലെയുള്ള രൂപമായി എനിക്ക്. അപ്പോഴും ഒരു ട്രോഫി കിട്ടിയതു പോലെ കുഞ്ഞിനെ തോളിലേറ്റി എന്നെ ചേർത്തുപിടിച്ച് ബിനോയ് നടന്നു. 3 മാസം കഴിഞ്ഞപ്പോൾ ഞാൻ മെലിഞ്ഞുതുടങ്ങി. പക്ഷ വയറിലുണ്ടായ സ്ട്രെച്ച്മാർക്ക് പൂർണമായും മാഞ്ഞില്ല. എന്റെ അമ്പോറ്റിക്കുഞ്ഞിന്റെ പിറവിയുടെ ഓർമയാണ് എനിക്കത്. അതൊരിക്കലും എന്നെ അലോസരപ്പെടുത്തിയില്ല. അതുകൊണ്ടു തന്നെ ഇന്നുവരെ പരിഹാരം തേടിപ്പോയിട്ടുമില്ല.

Image result for stretch marksപിന്നീട് പല സൌഹൃദ സദസ്സുകളിലും സ്ട്രെച്ച്മാർക്ക് സംസാരവിഷയമായി. ഒരു കൂട്ടുകാരിയുടെ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. വിവാഹമോചിതയായ അവളുടെ ആദ്യ ഭർത്താവ് സ്ട്രെച്ച് മാർക്കിന്റെ പേരിൽ അവളുടെ മനസ്സിൽ ഏൽപ്പിച്ച പ്രഹരങ്ങൾ. ഓരോ തവണയും അയാൾക്കു മുന്നിൽ വസ്ത്രം അഴിക്കേണ്ടി വരുമ്പോൾ അവൾ എത്രമാത്രം അപമാനം സഹിച്ചിരിക്കും… ആ മുറിവുകളാകില്ലേ അവരുടെ അകൽച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുക… അങ്ങനെ അല്ലാത്ത ഒരുപാട് പുരുഷന്മാരെയും കണ്ടു…

പ്രിയപ്പെട്ട പുരുഷന്മാരേ… നിങ്ങളൊരു കാര്യം ഓർക്കൂ. ആണത്തത്തിന്റെ അടയാളപ്പെടുത്തലെന്ന മട്ടിൽ നിങ്ങൾ അഭിമാനത്തോടെ പേറിനടക്കുന്ന പിതൃത്വത്തിനു വേണ്ടി ഒരു സ്ത്രീ അനുഭവിച്ചതിന്റെ ബാക്കിപത്രമാണ് ആ പാടുകൾ. നിങ്ങളുടെ ഓമനക്കുഞ്ഞിന് സുഖവാസമൊരുക്കിയ ഉദരമാണത്. അവരുടെ വളർച്ചയ്ക്കു വേണ്ടിയാണ്, അന്നുവരെ ആലിലവയറെന്ന് നിങ്ങൾ ഓമനിച്ച ആ ഉദരം വലുതായതും പ്രസവശേഷം ചർമം ചുളുങ്ങി മടക്കുകളായി മാറിയതും. അതിനാൽ ആ ഉദരത്തിലെ പാടുകളും ചുളിവുകളും നിങ്ങളുടെ അഭിമാനമായി മാറട്ടെ.

എന്റെ കൂട്ടുകാരികളേ… നിങ്ങളുടെ ശരീരത്തിന്റെ ഉടമകൾ മറ്റാരുമല്ല, നിങ്ങൾ തന്നെയാണ്. അവിടേക്ക് വിധിയെഴുത്തുകളുമായി ആരും കടന്നുവരാൻ അനുവദിക്കരുത്. ആ അപൂർണതകളാണ് നിങ്ങളുടെ സൌന്ദര്യം. അതേ… അപൂർണതകളുടെ രാജ്ഞിമാരാണ് നമ്മളൊക്കെ…

 

(Remya Binoy)

Advertisements