കിടപ്പറയിൽ റേപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സ്നേഹം കിട്ടിയാൽ അവളത് ആസ്വദിക്കുമത്രെ !

0
372

* രമ്യ ബിനോയ്

Freedom @ midnight എന്ന ഷോർട്ട് ഫിലിം കാണുകയായിരുന്നു. സ്ത്രീ ലൈംഗികതയെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് കേട്ടപ്പോൾ എന്തൊരു പ്രതീക്ഷ ആയിരുന്നു. മലയാളി ഈ വിഷയം തുറന്നു ചർച്ച ചെയ്തു തുടങ്ങിയല്ലോ എന്ന സന്തോഷവും. പക്ഷേ കണ്ടു തുടങ്ങി പകുതി എത്തും മുൻപേ വല്ലാതെ ചെടിച്ചു. ജീവിച്ചിരുന്നു എങ്കിൽ 75 വയസ്സ് ഉണ്ടാകുമായിരുന്ന എന്റെ അമ്മ പോലും ഇതിലെ നായിക ചന്ദ്രയെക്കാൾ സ്വത്വബോധം ഉള്ളവളായിരുന്നു.

സാരിയൊക്കെ ഉടുത്തുകൊണ്ട് ഓടിനടന്നു വീട്ടുജോലികൾ ചെയ്യുന്ന, നൈസ് ആയിട്ട് ചൂഷണം ചെയ്യുന്ന ഭർത്താവിന് ഇഷ്ടഭക്ഷണം ഉണ്ടാക്കിവിളമ്പുന്ന, അയാളുടെ തുണി നനച്ച് തേച്ചു കൊടുക്കുന്ന, അയാളുടെ അച്ഛനമ്മമാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വച്ചുവിളമ്പുന്ന സമ്പൂർണ കുലസ്ത്രീ. പകരം കിട്ടുന്നതോ തികഞ്ഞ പുച്ഛം, അവഗണന. അവളുടെ അധ്യാപക ജോലിയെ പോലും അവൻ ആട്ടിത്തുപ്പുകയാണ്. എന്നിട്ടും ആ കുലസ്ത്രീ പറയുന്നത് അതൊന്നുമല്ല അവളുടെ പ്രശ്നമെന്നാണ്, അവൻ ആരോടോ അല്പം വഴിവിട്ട് ചാറ്റ് ചെയ്തതാണത്രെ.

കിടപ്പറയിൽ റേപ്പ് ചെയ്യപ്പെടുമ്പോൾ കൂടെ സ്നേഹം കിട്ടിയാൽ അവളത് ആസ്വദിക്കുമത്രെ. അയാളുടെ സകല കൊള്ളരുതായ്കേം സഹിക്കുന്നത് റെസ്പെക്ട് ൻ ലവ് ഉള്ളത് കൊണ്ടാണത്രെ. പിന്നെ കരുതലും ലാളനേം ആണത്രേ പെണ്ണ് ഏറ്റവും കൊതിക്കുന്നത്. സത്യം പറഞ്ഞാൽ ചൊറിയണം തൊട്ടതു പോലെ നാവ് ചൊറിഞ്ഞു വരുന്നുണ്ട്. അവിടെയും ഇവിടെയും എന്തെങ്കിലും തെറിവാക്ക് തിരുകിയാൽ ഫെമിനിസവും ആധുനികതയുമാവില്ലെന്ന് ഇവരോടൊക്കെ ആരാണ് ഒന്നു പറഞ്ഞു കൊടുക്കുക.
സെക്സിൽ സ്ത്രീക്ക് ഇഷ്ടമുള്ള പൊസിഷൻ എന്താണെന്ന് അറിയുവോ എന്നൊക്കെ ചോദിച്ചു ചന്ദ്രേച്ചി ഞെട്ടിക്കുന്നുണ്ട്. ചുമ്മാ… വെറും ജാഡ. അതൊക്കെ മറ്റാരോടോ ചേട്ടൻ ചാറ്റ് ചെയ്തേന്റെ കൊതിക്കെറുവ് മാത്രം.

എല്ലാം കഴിഞ്ഞിട്ടോ… അതൊക്കെ നമ്മടെ ചന്ദ്രേടെ സ്വപ്നവാന്ന്. അപ്പഴാണ് ശരിക്കും മുഖവടച്ച് ആട്ടാൻ തോന്നിയത്, ത്ഫൂ…
ഇത്തരം സ്ത്രീവിരുദ്ധത പടച്ചു വിടുന്നതും പോരാഞ്ഞ് സ്ത്രീപക്ഷത്തെന്ന് ലേബലും. ഇന്നത്തെ 28കാരി പെൺകുട്ടികളൊന്നും ഇങ്ങനല്ല ചേട്ടാ. കണ്ണു തുറന്നു ചുറ്റും നോക്കിയാൽ മതി. ജൻഡർ അനുസരിച്ചുള്ള ജോലിവിഭജനത്തിന്റെ കാലമൊക്കെ കഴിഞ്ഞു.  ഇനി ഇതൊക്കെ കണ്ട് ഇതാണ് ശരിയായ വഴിയെന്നൊന്നും ധരിച്ചു വശാകല്ലേ എന്റെ മക്കളേ. പെൺകുട്ടികളേ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പൊസിഷൻ പങ്കാളിയോട് പറയുക തന്നെ വേണം. രതിമൂർച്ഛ എന്നത് എന്തെന്നറിയാതെ പത്തും നാല്പതും വർഷം സെക്സിനു വഴങ്ങേണ്ടി വന്ന സ്ത്രീകൾ ഉണ്ട്. ഇന്നുമുണ്ട് നമുക്ക് ചുറ്റും അത്തരക്കാർ. എനിക്ക് ഒന്നേ പറയാനുള്ളൂ. ജീവിതത്തിലെ അതിമനോഹരമായ ആ അനുഭവം മിസാക്കി കളയല്ലേ. നിങ്ങളതേ കുറിച്ച് പരസ്പരം തുറന്നു സംസാരിച്ചു തുടങ്ങൂ. പ്രിയപ്പെട്ട പുരുഷന്മാരേ… പങ്കാളിക്ക് പറയാൻ അവസരം കൊടുക്കൂ. മടി കൂടാതെ ചോദിക്കൂ, ചർച്ച ചെയ്യൂ. അതാണ് ശരിയായ വഴി. അല്ലാതെ ചുമ്മാ “സ്നേഹമൊണ്ടേൽ ഞങ്ങള് റേപ്പും ആസ്വദിക്കും” എന്നൊക്കെയുള്ള വികല ധാരണ ഉപേക്ഷിച്ചു കളയൂ. നമ്മടെ രാജശ്രീ ടീച്ചർടെ കതേലെ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത – ആർ. രാജശ്രീ) പെണ്ണുങ്ങളു പറയുമ്പോലെ ഈ സെക്സൊക്കെ നമ്മടേം കൂടി അവകാശമാണ് ട്ടോ…