ദൈവം കാക്കട്ടെ ജെനിയെ, പിന്നെ ആ 2500 പേരെ

299

Remya Binoy

ദൈവം കാക്കട്ടെ ജെനിയെ, പിന്നെ ആ 2500 പേരെ

(നിയമപരമായ മുന്നറിയിപ്പ് : മനക്കരുത്തുള്ളവർ മാത്രം വായിക്കുക)

“അന്ന് ഡാഡി ഉപദ്രവിച്ചത് എന്നെയാണ്. എന്തൊരു ക്രൂരമായിരുന്നു ആ അനുഭവം… ഓരോ മിനിറ്റിലും ഞാൻ വല്ലാതെ വേദനിച്ചു. ഒത്തിരി മുറിഞ്ഞു എനിക്ക്. ചോരയൊഴുകി…” സിംഫണി പറഞ്ഞുകൊണ്ടേയിരുന്നു.

“എനിക്ക് ഇപ്പോഴും മറക്കാൻ വയ്യ. ഡാഡി ദേഹത്ത് അമർന്നപ്പോൾ ശ്വാസംമുട്ടി മരിച്ചെന്നു തോന്നി. ദേഹം മുഴുവൻ മുറിവേറ്റു നീറുന്നുണ്ടായിരുന്നു…. ലിൻഡ ഓർമിച്ചെടുത്തു.

Image may contain: 1 person, glassesഅടുത്ത അനുഭവം പങ്കുവച്ചത് റിക്കിയെന്ന എട്ടു വയസ്സുകാരനാണ്: “ഡാഡി എന്നെ തല്ലിച്ചതച്ചു. അടിക്കാത്ത ഒരു ഭാഗവും ബാക്കിയില്ല…”
പിന്നെ ദുരനുഭവം പങ്കുവയ്ക്കാൻ വൊൾകാനോ വന്നു… പിന്നെ റിക്ക്.. അങ്ങനെയങ്ങനെ 2500 പേർ…

പക്ഷേ ഇവരെയെല്ലാം ഒറ്റപ്പേരിൽ നമുക്ക് വിളിക്കാം – ജെനി ഹെയ്ൻസ്. നാലു വയസ്സു മുതൽ ഏഴു വർഷം സ്വന്തം അച്ഛൻ അതിക്രൂരമായി ലൈംഗികമായി ആക്രമിച്ച പെൺകുട്ടി. അച്ഛന്റെ ക്രൂരതകളിൽനിന്നു രക്ഷ നേടാൻ ആ കുഞ്ഞുമനസ്സ് കണ്ടെത്തിയ തന്ത്രമായിരുന്നു മനസ്സു കൊണ്ട് മറ്റൊരാളാവുക എന്നത്. അങ്ങനെ അവൾ കണ്ടെത്തിയ കഥാപാത്രങ്ങളാണ് സിംഫണിയും ലിൻഡയും റെക്സും അടക്കമുള്ള 2500 പേർ. ഓരോ തവണ ആക്രമിക്കപ്പെടുമ്പോഴും അവൾ ഏതെങ്കിലും ഒരു കഥാപാത്രമായി സ്വയം സങ്കൽപ്പിച്ചു. അങ്ങനെ ആ സഹനങ്ങളെ അതിജീവിച്ച അവൾ 49-ആം വയസ്സിൽ അച്ഛനു ശിക്ഷ വാങ്ങിക്കൊടുത്തു.

പക്ഷേ…

Image may contain: 2 people, people smiling, people sitting and glassesക്രിസ്തുവിന്റെ പീഡാസഹനം പോലെ അവളുടെ കഥ ആയിരത്താണ്ടുകളോളം നമ്മെയും മുറിപ്പെടുത്തുമെന്ന് ഉറപ്പ്…

***

Image may contain: 1 person, close-upഓസ്ട്രേലിയക്കാരിയാണ് ജെനി ഹെയ്ൻസ്. ജെനിക്ക് നാലു വയസ്സുള്ളപ്പോഴാണ് കുടുംബം ലണ്ടനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ആ സമയത്തു തന്നെ റിച്ചാർഡ് ഹെയ്ൻസ് എന്ന നരകപ്പിശാച് തന്റെ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. ഓസ്ട്രേലിയയിൽ എത്തിയതിനു ശേഷമുള്ള 7 വർഷങ്ങൾ അത്രയേറെ യാതനകളുടേതായിരുന്നു. തികഞ്ഞ സാഡിസത്തോടെ അയാൾ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു. അവളെ മറ്റുള്ളവരോട് ഇടപഴകാൻ അനുവദിക്കാതെ, ആരോടെങ്കിലും ഇതു പറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്നു ഭയപ്പെടുത്തി, “നിന്റെ മനസ്സ് എനിക്ക് വായിക്കാൻ കഴിയും അതുകൊണ്ട് എന്നെ മറച്ച് ഒന്നും ചെയ്യാമെന്നു കരുതരുത്” എന്ന് കുടിലതന്ത്രം പ്രയോഗിച്ച് അയാൾ ആ കുരുന്നിനെ പൈശാചികമായി ഉപദ്രവിച്ചു, കടുത്ത മർദനവും ഏൽപ്പിച്ചു; അവളുടെ പതിനൊന്നാം വയസ്സിൽ ജെനിയുടെ അമ്മ അയാളിൽനിന്നു വിവാഹമോചനം നേടും വരെ. പക്ഷേ അപ്പോളേക്കും അവളുടെ ശാരീരിക, മാനസിക ആരോഗ്യം പാടെ തകർന്നിരുന്നു. താടിയെല്ലിനും നട്ടെല്ലിനും ആന്തരാവയവങ്ങൾക്കും മലദ്വാരത്തിനും വരെ മാരകമായ പരുക്കുകൾ. പലതരം ശസ്ത്രക്രിയകൾ വേണ്ടി വന്നു… വൻകുടലിനു വരെ പരുക്കേറ്റിരുന്നു. അതിനും വേണ്ടി വന്നു ശസ്ത്രക്രിയ… കൊടിയ പീഡനവും അതിനെ നേരിടാൻ അവൾ കണ്ടെത്തിയ മാർഗവും ചേർന്ന് അവളിൽ മൾട്ടിപ്പിൾ പേഴ്സനാലിറ്റി ഡിസോഡർ (Muliple personality disorder – MPD), ഡിസോസിയേറ്റിവ് ഐഡെന്റിറ്റി ഡിസോഡർ (Dissociative identity Disorder – DID) എന്നീ വ്യക്തിത്വ വൈകല്യങ്ങൾ ഉണ്ടാക്കി.

എന്നിട്ടും പഠനത്തിൽ മിടുക്കിയായ ജെനി ഫിലോസഫിയിലും ലീഗൽ സ്റ്റഡീസിലും പിഎച്ച്ഡി നേടി. എന്നാൽ മാനസിക, ശാരീരിക അനാരോഗ്യം കാരണം ഒരു തൊഴിലിൽ മുഴുകി ജീവിക്കാൻ അവൾക്ക് ആകുന്നില്ല. അതിനാൽ ഇന്നും അമ്മയോടൊപ്പം സാമൂഹികക്ഷേമ പെൻഷനെ ആശ്രയിച്ചാണ് ജീവിതം.

ജീവിതം മുഴുവൻ പിന്തുടരുന്ന ട്രോമയ്ക്ക് എവിടെയെങ്കിലും ഒരു അവസാനം ഉണ്ടാകണമെന്ന് ജെനിക്കു തോന്നിയത് 39ാം വയസ്സിലാണ്. അങ്ങനെ പത്തു വർഷം മുൻപ് ആദ്യമായി നീതി തേടി. അന്വേഷകർക്ക് ആദ്യമൊന്നും ജെനിയുടെ കഥ ഉൾക്കൊള്ളാനായില്ല. മാത്രമല്ല, സംസാരത്തിനിടയിൽ പോലും കുട്ടിക്കാല പീഡനങ്ങളിലെ സഹയാത്രികരായിരുന്ന സിംഫണിയും റിക്കുമൊക്കെ കയറിവരുന്നു. പക്ഷേ ഒടുവിൽ മനോരോഗ ചികിത്സകരും മനശാസ്ത്രജ്ഞരും മറ്റു വിദഗ്ധരുമെല്ലാം ജെനിക്കുവേണ്ടി രംഗത്തു വന്നു. റിച്ചാർഡിന്റെ പേരിൽ 367 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടു. ലണ്ടനിൽ ഏതോ കുറ്റകൃത്യത്തിനു തടങ്കലിലായിരുന്ന അയാളെ സിഡ്നിയിൽ എത്തിച്ചു വിചാരണ ചെയ്തു. ജെനിക്കു വേണ്ടി സാക്ഷ്യം പറയാനെത്തിയവർ സാധാരണക്കാരായിരുന്നില്ല. അവളുടെ കുട്ടിക്കാല പീഡനങ്ങളിലെ സഹയാത്രികരായിരുന്ന സിംഫണിയും റിക്കുമൊക്കെ കോടതിയിലെത്തി. അതായത് അവർ ഓരോരുത്തരും അനുഭവിച്ച പീഡനങ്ങൾ അവരായി തന്നെ പരകായപ്രവേശം നടത്തി ജെനി വിവരിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 6ന് റിച്ചാർഡ് ഹെയ്ൻസിന് സിഡ്നി കോടതി 45 വർഷം തടവുശിക്ഷ വിധിച്ചു. പരോൾ ലഭിക്കണമെങ്കിൽ പോലും 33 വർഷം കഴിയണം. ഇപ്പോൾ 74 വയസ്സുള്ള ആ നരാധമൻ ഇനി പുറംലോകം കാണില്ലെന്ന് നീതിപീഠം ഉറപ്പാക്കി. അപ്പോഴും, റിച്ചാർഡ് ചെയ്ത കുറ്റകൃത്യത്തെ പ്രതിഫലിപ്പിക്കാൻ ആ ശിക്ഷയ്ക്ക് ആവുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജെനിയുടെ പോരാട്ടങ്ങളിൽ താങ്ങായി നിന്നത് അമ്മയാണ്.

തന്റെ ഐഡന്റിറ്റി മറച്ചുവയ്ക്കേണ്ടതില്ലെന്ന് ജെനി കോടതിയെ അറിയിച്ചു. കാരണം, ആ നിയമക്കുരുക്കിൽ റിച്ചാർഡ് ഹെയ്ൻസിനും തന്റെ മുഖം ഒളിപ്പിച്ചുവയ്ക്കാം. പകരം താനാരെന്നും ക്രൂരത അവതാരമെടുത്ത തന്റെ പിതാവാരെന്നും ലോകമറിയണമെന്നും ജെനി ആഗ്രഹിച്ചു.
ആ വിധി വന്ന ദിവസം ജെനി ഒരു കുഞ്ഞിനെ പോലെ ചിരിച്ചുല്ലസിച്ചാണ് കോടതിയിൽനിന്നു പുറത്തുവന്നത്. ജെനി മാത്രമല്ല, അവൾക്കൊപ്പം ആ 2500 പേരും ഉണ്ടായിരുന്നു. അവളുടെ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങിയ ആ ആത്മബന്ധുക്കൾ… അവർ അവളെ വിട്ടുപോകുമോയെന്നറിയില്ല. പക്ഷേ, ജെനിക്കും ആ കൂട്ടുകാർക്കും ഇനി കാത്തിരിക്കുന്നത് സന്തോഷാനുഭവങ്ങളാകട്ടെ…

***
കേരളത്തിലുമുണ്ട് ഒരുപാട് ജെനിമാർ. അച്ഛന്റെ, അമ്മയുടെ സുഹൃത്തിന്റെ, അടുത്ത ബന്ധുക്കളുടെ ക്രൂരമായ പീഡനത്തിന് ഇരയാകുന്നവർ. അടുത്തിടെ മലപ്പുറത്ത് ഉണ്ടായ കരളുരുക്കുന്ന ഒരു പീഡനകഥയിലെ പെൺകുട്ടിക്ക് പ്രായം 12 വയസ്സ്. പത്തു വയസ്സ് മുതൽ അവളെ ഉപദ്രവിച്ചത് മുപ്പതോളം പേർ. ഒടുവിൽ കേസ് ആയപ്പോൾ അയൽക്കാരി പ്രതികരിച്ചത് ഇങ്ങനെ, “രാത്രി ആ പെങ്കുട്ടി നെലവിളിക്കുന്നെ കേൾക്കാം. ഞങ്ങളാരും നോക്കാൻ പോവില്ല. ഞങ്ങക്ക് ഞങ്ങടെ കുട്ടികൾടെ കാര്യം നോക്കണ്ടേ… ”

ഇല്ല… എനിക്കൊന്നും പറയാനില്ല…

 

Advertisements