പത്രത്തില്‍ ഇന്ന് ഉള്ളുപൊള്ളിച്ച രണ്ടു വാര്‍ത്തകള്‍ കണ്ടു. എന്റെ നാടായ പാലായില്‍ നിന്നായിരുന്നു രണ്ടു വാര്‍ത്തകളും. ഒറ്റയ്ക്കു താമസിച്ചിരുന്ന രണ്ട് അമ്മമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന്. ഒരാളുടെ ജഡത്തില്‍നിന്ന് ദുര്‍ഗന്ധം ഉയര്ന്നപ്പോളാണത്രെ കണ്ടെത്തിയത്. സമാനമായ അനേകം വാര്‍ത്തകള്‍ കേരളത്തിലെമ്പാടും നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്.

ഇനിയും ഇത്തരം മരണങ്ങളുടെ എണ്ണം കൂടുകയേയുള്ളു. ഈ സംഭവങ്ങളില്‍ ആരെയാണ് പഴി ചാരുക എന്ന് ചിന്തിച്ചു തലപുണ്ണാക്കാന്‍ വരട്ടെ. മക്കള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതും ശരിയല്ല. പാലായില്‍നിന്നു വരുന്ന എനിക്കറിയാം, അവിടത്തെ മാതാപിതാക്കളുടെ മനോഭാവം. മക്കളെ വളര്‍ത്തി വലുതാക്കി ജോലിക്ക് അകലങ്ങളിലേക്ക് അയച്ചത് ഈ മാതാപിതാക്കള്‍ തന്നെയാണ്. വാര്‍ധക്യത്തില്‍ തങ്ങളെ നോക്കാനുള്ള നിക്ഷേപമായല്ല അവര്‍ മക്കളെ കാണുന്നത്. മക്കള്‍ തങ്ങളുടെ കരിയറും ജീവിതവും കെട്ടിപ്പടുത്ത് സന്തോഷമായി ജീവിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുക. അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഞങ്ങളുടെ പെണ്ണുങ്ങള് നഴ്സിങ് പാസായി കടല്‍ കടന്നത്. അച്ഛനെയും അമ്മയെയും നോക്കി കുടുംബത്തിന്റെയോ നാടിന്റെയോ നാലതിരിനുള്ളില്‍ കുടുങ്ങിക്കിടക്കരുത് മക്കള്‍ എന്ന് അവര്‍ ആഗ്രഹിച്ചു. അതില്‍ അതിജീവനശേഷി കൂടുതലുള്ളവര്‍ വാര്‍ധക്യത്തില്‍ മക്കളോടൊപ്പം വിദേശരാജ്യങ്ങളില്‍ പോയി താമസം തുടങ്ങി. “നീ പൊക്കോ കൊച്ചേ… ഞാനീ ഇടവകപ്പള്ളീം പുണ്യാളച്ചനും കപ്പക്കാലായും കൈതക്കാടും തോട്ടിറമ്പും വിട്ട് എങ്ങോട്ടുമില്ല” എന്നു പറഞ്ഞ് മക്കളെ ധൈര്യപൂര്‍വം യാത്രയാക്കി നാട്ടില്‍ നിന്നവരാണ് മറ്റു ചിലര്‍. അവരില്‍പ്പെട്ടവരാണ് ഇങ്ങനെ വീട്ടില്‍ ഒറ്റയ്ക്കാകുന്നതും ആരുമറിയാതെ മരിച്ചുവീഴുന്നതും ദ്രവിച്ചുതീരുന്നതും. അതേ… അവരാരും ഇത്തരം മോശമൊരു മരണം അര്‍ഹിക്കുന്നില്ല. അപ്പോള്‍ പരിഹാരമെന്തെന്നു നമുക്കൊന്നു ചിന്തിക്കേണ്ടേ…
വികസിത രാജ്യങ്ങളിലേതു പോലെ വയോജനങ്ങളുടെ ക്ഷേമം സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാകണ്ടേ… ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ ധാരാളം വൃദ്ധസദനങ്ങള്‍ ഉണ്ടാകട്ടെ. നല്ല പരിരക്ഷയും ചികിത്സയും ലഭിക്കുന്ന ഇടങ്ങള്‍. സാമ്പത്തിക ഭേദമില്ലാതെ അവിടെ വയോജനങ്ങള്‍ക്ക് പ്രവേശനം നല്‍കണം. പക്ഷേ നിലവിലെ വൃദ്ധസദനങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന വീടിന് അടുത്തായിരുന്നു കോട്ടയത്തെ സര്‍ക്കാര്‍ വൃദ്ധസദനം. ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഞങ്ങള്‍ക്കും അവിടത്തെ അന്തേവാസികള്‍ക്കും ഒരേ ബൂത്ത് ലഭിച്ചു. അങ്ങനെ അവരില്‍ ചിലരെ കാണാനിടയായി. വല്ലാതെ നോവിച്ചു ആ കാഴ്ച. പലതവണ അലക്കി നിറം മങ്ങി പിഞ്ഞിത്തുടങ്ങിയ വസ്ത്രം ധരിച്ച ഒരു കൂട്ടം വയോജനങ്ങള്‍. ഒരമ്മയുടെ കാലില്‍ തേഞ്ഞു തീരാറായ ചെരിപ്പ്, അതും രണ്ടു കാലിലും രണ്ടു തരം. ഒരു ജന്മത്തിന്റെ ദുരിതം മുഴുവന്‍ ആ മുഖത്ത് കാണാനുണ്ട്. കയ്യില്‍ അപ്പോളുണ്ടായിരുന്ന നൂറു രൂപ ഓടിച്ചെന്ന് ആ അമ്മയുടെ കയ്യില്‍ പിടിപ്പിച്ചപ്പോള്‍ അവര്‍ അമ്പരന്നു നോക്കി. പിന്നെ കണ്ണുനിറഞ്ഞ് എന്നെയൊന്നു കെട്ടിപ്പിടിച്ചു. ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഉരിയാടാനായില്ല. പിന്നീടൊരിക്കില്‍ ജനപ്രതിനിധികളുമായി സംവദിക്കേണ്ടി വന്നപ്പോള്‍ ഞാന്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. പക്ഷേ ഇന്നും കാര്യമായ മാറ്റങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. മാത്രമല്ല, ഈ വകുപ്പുകളില്‍ കാര്യപ്രാപ്തിയോടൊപ്പം അല്‍പ്പം ദീനാനുകമ്പ കൂടിയുള്ളവര് ഉദ്യോഗസ്ഥരായിരുന്നെങ്കില്‍ എന്നും മോഹിച്ചു പോകുന്നു.
സ്വകാര്യ ശരണാലയങ്ങളുടെ ഭാഗമായുള്ള വൃദ്ധസദനങ്ങളില്‍ ചിലയിടങ്ങളില്‍ സ്ഥിതി ഭേദമാണ്. എന്നാല്‍ എല്ലായിടവും അങ്ങനെയല്ല. ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നരകതുല്യമാണ് അന്തേവാസികളുടെ അവസ്ഥ.
ഇനി പണം കൊടുത്ത് താമസിക്കാവുന്ന ഇടങ്ങളുമുണ്ട്. ഒറ്റയ്ക്കു താമസിച്ച് ഇറ്റുവെള്ളം കിട്ടാതെ മരിച്ചുവീഴുന്നതിലും നന്നല്ലേ ഈ സ്ഥാപനങ്ങളിലെ ജീവിതം. ഇത്തരം സ്ഥാപങ്ങള്‍ അന്തേവാസികളുടെ സന്തോഷത്തിനാകണം മുന്‍ഗണന നല്‍കേണ്ടത്. പൂക്കളും സംഗീതവും പുസ്തകങ്ങളും പ്രാര്‍ഥനകളും സന്ദര്‍ശകരുടെ കൂട്ടത്തിലെ കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരികളും നിറയുന്ന ഇടങ്ങളാവണം അത്. അവിടെ കര്‍ശന ചിട്ടകള്‍ വേണ്ടേ വേണ്ട.
ഇനി കാഴ്ചക്കാരായി നില്ക്കുന്ന നമുക്കും ചിലതു ചെയ്യാം. നമ്മുടെ വീട്ടില്‍ ഇത്തരമൊരു അവസ്ഥയില്ലെന്നു കരുതി ഈ പ്രശ്നത്തെ നിസ്സാരമായി കാണരുത്. നമ്മുടെ സമീപത്തെ ഒരു വീട്ടില്‍ തൊണ്ട നനയാന്‍ തുള്ളി വെള്ളമില്ലാതെ, നോവേറുമ്പോള്‍ മരുന്നോ ആശ്വാസ വാക്കോ ഇല്ലാതെ ഒറ്റയ്ക്കൊരു അച്ഛനോ അമ്മയോ മരണത്തിലേക്ക് നടന്നുപോയാല്‍ ആ പാപചിന്ത നമ്മെ വിട്ടകലുമോ… ഓരോ പഞ്ചായത്തിലും ജനമൈത്രി പൊലീസിനെ പോലെ ജനങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൂടേ… ഇത്തരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധജനങ്ങളുടെ കണക്കെടുത്ത ശേഷം എല്ലാ ദിവസവും അവരെ ഒന്ന് സന്ദര്‍ശിച്ചു പോകാന്‍ അയല്‍വാസികളടക്കം ആരെയെങ്കിലും ഒന്നു ചുമതലപ്പെടുത്താമല്ലോ… അവരുടെ അവസ്ഥ കൃത്യമായി മക്കളെ അറിയിക്കുകയും വേണം.
വിദേശത്തുള്ള മക്കളും, അയല്‍വാസികളുമായും നാട്ടിലുള്ള ബന്ധുജനങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കണം. കാരണം, വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓഫിസിനും യാത്രകള്‍ക്കുമായി പകുക്കാനേ പല ദിവസങ്ങളിലും സമയം തികയൂ. അപ്പോള്‍ അവര്‍ക്ക് ദൈനംദിനം നാട്ടിലേക്കു വിളിച്ച് അന്വേഷിക്കാന്‍ കഴിയണമെന്നില്ല. അപ്പോള്‍ നാട്ടിലുള്ള ബന്ധുവോ അയല്‍വാസിയോ പോയി അച്ഛനമ്മമാരെ അന്വേഷിച്ചു കൊള്ളും.
നമ്മളെ ഊട്ടിവളര്ത്തിയവരാണ്, പഠിപ്പിച്ച് ഒരു നിലയിലാക്കാനും ഒരു വീസ തരപ്പെടുത്താനുമായി ഉള്ളതെല്ലാം പണയപ്പെടുത്തിയവരാണ്, നല്ല പങ്കാളികളെ കണ്ടെത്തിത്തന്ന് ജീവിതം സുഭദ്രമാക്കിയവരാണ്, നമ്മുടെ കുഞ്ഞുങ്ങളെ കൂടി വളര്‍ത്താന്‍ കൂടെനിന്നവരാണ്… അവര്‍ ആദരം അര്‍ഹിക്കുന്നവരാണ്, അല്ലാതെ മരണമെത്തുന്ന നേരത്ത് ആരോരുമടുത്തില്ലാതെ ലോകംവിടുകയും, ആരുമറിയാതെ ചീഞ്ഞുനാറുകയും ചെയ്യേണ്ടവരല്ല…
Remya Binoy