അപൂർണ വിരാമങ്ങൾ

239

അപൂർണ വിരാമങ്ങൾ

രമ്യ ബിനോയ്

ഒരേ സമയം പാചകം ചെയ്യുന്നു, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നു, കുഞ്ഞിനെ ഊട്ടുന്നു, ഇതിനിടെ ഫോൺ കോളുകൾക്ക് മറുപടി പറയുന്നു… ആഹാ… എന്താ സ്മാർട്ട്നെസ്… വളരെക്കാലം എന്നെ കുടുക്കിയിട്ട ഒരു വിഡ്ഡിത്തമായിരുന്നു ഈ മൾട്ടി ടാസ്കിങ്. ഒരുപാട് കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ കഴിയുന്നവൾ എന്ന ഇമേജിൽ അഭിരമിച്ച് ഒന്നും പൂർണതയോടെ ചെയ്യാൻ കഴിയാതെ, അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിൽ കുടുങ്ങിക്കിടന്ന നാളുകൾ…

വെറുതെയാണ് എന്റെ പ്രിയപ്പെട്ടവരേ ഈ തൂവലുകൾ…

പകരം നിങ്ങൾ ഓരോന്നിനും അതിന്റേതായ സമയമെടുത്ത് അതിൽ മുഴുകി ചെയ്തുനോക്കൂ. എത്ര രസകരമാകും ഓരോ ജോലിയും. ബ്രിട്ടീഷ് ചിന്തകനായ അലൻ വാട്സ്, സെൻ ബുദ്ധിസ്റ്റുകളെ കുറിച്ച് എഴുതിയതു പോലെ, ഉരുളക്കിഴങ്ങ് തൊലി ചീന്തുമ്പോൾ അതിനിടയിൽ ദൈവത്തെ കുറിച്ചു ചിന്തിക്കാൻ പോകേണ്ടതില്ല.

Image result for multitaskingവീട്ടമ്മ റോളിൽ മാത്രം കുടുങ്ങിക്കിടന്ന സ്ത്രീകൾ ഉദ്യോഗം തേടി വീടുവിട്ടിറങ്ങിയപ്പോൾ അവളിനി വീട്ടുപണി ഉപേക്ഷിക്കുമോ എന്നു ഭയന്ന ഏതോ പിന്തിരിപ്പന്മാരും പിന്തിരിപ്പത്തികളും ചേർന്ന് നമുക്ക് ഒരുക്കിത്തന്ന കപടബിംബമാണ് പല ജോലികൾ ഒരേ സമയം മിടുക്കോടെ ചെയ്യുന്ന സ്ത്രീയുടേത്. അതിനു പകരം ഇതേ ജോലികൾക്കു തന്നെ അതിന്റേതായി സമയം വീതിച്ചുനൽകി ചെയ്താലും എല്ലാം സമയത്തു തീരും, കുറച്ചു കൂടി പൂർണതയുണ്ടാകുകയും ചെയ്യും.

ഇത്ര നാൾ തോന്നാത്ത ഒരു മടുപ്പ് ചില കാര്യങ്ങളിൽ ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. കുറെയേറെ വർഷങ്ങൾ ആവുന്നതിലേറെ ആയത്തിൽ ഓടിയതു കൊണ്ടാവും എന്നാണ് തോന്നുന്നത്. അതിന് പരിഹാരം തേടി നടന്ന ഞാൻ രസകരമായ ഒരു വസ്തുത കണ്ടെത്തി. ഇടയ്ക്ക് ചില അപൂർണ വിരാമങ്ങൾ ആവാം. Pause!!!

വിദേശ സർവകലാശാലകളിലും മറ്റും ഒരു രീതിയുണ്ട്, sabbatical എന്ന പേരിൽ. ഏഴു വർഷം ജോലി ചെയ്ത അധ്യാപകന് അല്ലെങ്കിൽ ജീവനക്കാരന് ഒരു വർഷം ലീവ് അനുവദിക്കും. ഈ സമയത്ത് തുടർപഠനമോ ഗവേഷണം നടത്തുകയോ യാത്ര ചെയ്യുകയോ ആവാം. ആ ഒരു വർഷത്തിനു ശേഷം എത്രയേറെ പ്രസരിപ്പാർന്ന മനസ്സോടെയാവും ആ വ്യക്തി തിരിച്ചുവരിക. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ അരങ്ങേറിയിരുന്ന ഒരു സ്ഥിരം കലാപാരിപാടിയുണ്ട്. അമ്മ ഇടയ്ക്കിടെ ഞങ്ങളോടും അച്ഛനോടും പിണങ്ങി സരസ്വതി അപ്പച്ചിയുടെ (അച്ഛന്റെ സഹോദരി) വീട്ടിലേക്കു പോകും. എവിടേക്കാണെന്നു പോലും ആരോടും പറയില്ല. പക്ഷേ അമ്മ അവിടെ എത്തുന്നതേ ഞങ്ങൾ മണിച്ചേച്ചി എന്നു വിളിക്കുന്ന ശ്രീദേവിച്ചേച്ചി (അച്ഛന്റെ മരുമകൾ) വീട്ടിലേക്കു വിളിച്ച് വിവരമറിയിക്കും. അവിടെ മൂന്നോ നാലോ ദിവസം നിന്ന് ഞങ്ങളുടെയും അച്ഛന്റെയും സ്നേഹമില്ലായ്മയെ കുറിച്ചൊക്കെ അവരോട് പരാതിപ്പെട്ട ശേഷം മണിച്ചേച്ചിക്കൊപ്പം മടങ്ങിയൊരു വരവുണ്ട്. അന്വേഷിച്ചു ചെല്ലാതിരുന്നതിനും വീട് അലങ്കോലമാക്കിയതിനുമെല്ലാമുള്ള ചീത്ത ഞങ്ങൾ കേൾക്കുമെങ്കിലും പിണങ്ങിപ്പോയ അമ്മയെക്കാൾ എത്രയോ നല്ലവളായിരുന്നു മടങ്ങിവരുന്ന അമ്മ…

Related imageഅതേ… അമ്മമാർക്കും ഇടയ്ക്കിടെ ആ റോളിൽനിന്ന് വിടുതൽ വേണം. അന്നപൂർണ, സർവംസഹ എന്നൊക്കെപ്പറഞ്ഞ് ആ പാവങ്ങളെ അടുക്കളവട്ടത്തിൽ കുടുക്കിയിടാതെ അവർക്ക് ഇടയ്ക്കൊക്കെയൊന്ന് പരോൾ നല്കണം. ജീവിതമേൽപ്പിച്ച മുറിവുകൾ ഉണങ്ങാൻ, വിരസത അകലാൻ ചെറിയ കാലയളവിലെങ്കിലും വിട്ടുനിൽക്കൽ ആവശ്യമാണ്. വാർധക്യത്തിലെത്തിയ സ്വന്തം അച്ഛനമ്മമാർക്കൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കണമെങ്കിൽ, കൂട്ടുകാർക്കൊപ്പമോ സഹോദരങ്ങൾക്കൊപ്പമോ, ഒറ്റയ്ക്കോ യാത്ര പോകണമെങ്കിൽ ആവട്ടെ… തീർഥാടനമാണ് താത്പര്യമെങ്കിൽ ആ വഴിക്കു പോകട്ടെ. ഇനി അതൊന്നുമല്ല പാതിയിൽ മുടങ്ങിപ്പോയ പഠനം തുടരണമെന്നാണെങ്കിൽ അതുമാവാം. വീട്ടിൽ എല്ലാവരും ചേർന്ന് അൽപ്പം കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായാൽ ഇതെല്ലാം സാധ്യമാവും. ആ ബ്രേക്കിനു ശേഷം മടങ്ങിവരുന്നയാൾ എത്രയേറെ സന്തുഷ്ടയും സ്നേഹമയിയും ആയിരിക്കുമെന്നോ… പുരുഷന്മാർക്കും ആ ബ്രേക്ക് ആവശ്യമാണ്.

The power of Pause എന്ന പുസ്തകം എഴുതിയ Terry Hershey പറയുന്നു (Becoming more by doing less എന്ന മോഹിപ്പിക്കുന്ന സബ് ടൈറ്റിൽ ആണ് ഈ പുസ്തകത്തിന്റേത്), കൂടുതൽ ഊർജത്തോടെ ജോലി ചെയ്യുന്നതിനായി, നിങ്ങൾ ഒരു ദിവസത്തേക്കോ ഒരാഴ്ചയിലേക്കോ പ്ലാൻ ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങളിൽനിന്ന് ഒരേയൊരു കാര്യം ഒഴിവാക്കിനോക്കാൻ. ഇടയ്ക്ക് ഒരു ദിവസത്തിന്റെ പാതി നിങ്ങളിലേക്കൊന്നു ചുരുങ്ങിനോക്കാൻ. ഫോൺ ഓഫ് ചെയ്തു മാറ്റിവയ്ക്കുക. കംപ്യൂട്ടറോ ടിവിയോ ഉപയോഗിക്കരുത്. സന്ദർശകരെ ഒഴിവാക്കുക. കഴിയുമെങ്കിൽ, എന്റെ വാതിലുകൾ അടച്ചുകഴിഞ്ഞു, (I’m Closed) എന്നൊരു ചിഹ്നം തന്നെ ധരിച്ചോളാനാണ് ഹെർഷി പറയുന്നത്. ആറോ പത്തോ മണിക്കൂർ നീളുന്ന ഈ തപസ്സ് നിങ്ങളെ എത്രത്തോളം ഊർജസ്വലരാക്കുമെന്നോ…എച്ചിൽപാത്രം കഴുകുന്നതും, കള പറിക്കുന്നതും, തുണി കഴുകുന്നതും പോലെയുള്ള ഏറ്റവും മുഷിപ്പനായ ജോലികൾ ഒരു പ്രാർഥനയെന്നു കണക്കാക്കി അതിൽ മാത്രം മുഴുകി ചെയ്യാനാണ് ഹെർഷിയുടെ മറ്റൊരു ഉപദേശം…

Image result for multitaskingഇനി break അല്ലെങ്കിൽ pause ഒന്നും സാധ്യമല്ലെങ്കിൽ കൂടി ഓരോരുത്തർക്കും സ്വന്തം കാര്യങ്ങളിൽ ചിലതിനെങ്കിലും മുൻഗണന നൽകാനാവണം. വായിക്കാൻ ഇഷ്ടമുള്ളവർക്ക് എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും പുസ്തകങ്ങളുടെ ലോകത്ത് ഇരിക്കാൻ പറ്റിയാൽ, പാട്ടും നൃത്തവും പാതിയിൽ നിർത്തിയവർക്ക് വാരാന്ത്യങ്ങളിലെങ്കിലും അത് പഠിക്കാൻ രണ്ടു മണിക്കൂർ ലഭിച്ചാൽ, ഓടിത്തളരുമ്പോൾ നടത്തമൊന്ന് സാവധാനത്തിലാക്കാൻ കഴിഞ്ഞാൽ, ഒരുപാട് ജോലി ബാക്കിയുള്ളപ്പോഴും വെറുതേ കിടക്കുന്നു എന്ന കുറ്റബോധമില്ലാതെ കിടക്കയിൽ ദിവാസ്വപ്നം കണ്ട് ഇത്തിരി നേരം ചുരുണ്ടുകൂടാൻ കഴിഞ്ഞാൽ ജീവിതം എത്രമേൽ മനോഹരമാകും.

അതുകൊണ്ട് ഇന്നുമുതൽ പന്തയ ഓട്ടങ്ങൾ നിർത്തി ചുറ്റുപാടുമുള്ള സാധാരണ വസ്തുക്കളിലെ ഒളിഞ്ഞിരിക്കുന്ന മനോഹാരിതകളിലേക്ക് കണ്ണയച്ച് അൽപമൊന്നു മെല്ലെ നടന്നുതുടങ്ങിയാലോ… നിത്യജീവിതത്തിലെ മുഷിപ്പൻ ഓട്ടങ്ങൾക്കിടയിൽ ഇടയ്ക്കിടെ ഒന്നു നിന്നാലോ…

രാവിലെ ഉണർന്ന് അടുക്കളയിലേക്കു പാഞ്ഞു പണി തുടങ്ങും മുൻപ് ഇഷ്ടപാകത്തിൽ ഒരു കപ്പ് കാപ്പിയുണ്ടാക്കി അതുമായി പത്തു മിനിട്ട് വീട്ടുവരാന്തയിൽ പോയി ഇരിക്കാം. മനസ്സ് ശൂന്യമാക്കി മുറ്റത്തരികിലെ പൂക്കളെ, കൂട്ടിൽനിന്ന് പറന്നിറങ്ങുന്ന ചെമ്പോത്തിണകളെ, മുസാണ്ടച്ചെടിയിൽ വട്ടം ചുറ്റുന്ന ചിത്രശലഭങ്ങളെ നോക്കിയിരിക്കാം. നിങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ഇളവെയിൽ കൊള്ളുന്നതു കാണാം. ഇത്തരം അതിസാധാരണ നിമിഷങ്ങൾ നമുക്കു സമ്മാനിക്കുക പുതിയ ദിവസത്തിലേക്കു മുഴുവൻ വേണ്ട ഊർജവും ആനന്ദവുമാണ്…