“നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടേ രാവീടുകൾ ? ഡേ കെയർ പോലെ തന്നെ നൈറ്റ് കെയർ സെന്ററുകളും ഉണ്ടാകണം”

255

Remya Binoy

“നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടേ രാവീടുകൾ…”

അമ്മുക്കുട്ടിക്ക് ഒരു വയസ്സുള്ള കാലം. അവളെ നോക്കാൻ നിന്നിരുന്ന പെൺകുട്ടിക്ക് മടങ്ങിപ്പോകേണ്ടി വന്നു. മറ്റാരും സഹായിക്കാനില്ല. അങ്ങനെ കോട്ടയത്തെ ഏജൻസിയിൽ പോയി ഒരു ആയയെ എടുത്തു. വന്നു കയറിയ ദിവസം തന്നെ അവർ സ്വന്തം കഥ പറഞ്ഞു. ഭർത്താവിന് മാനസിക പ്രശ്നമുണ്ട്, ചികിത്സയിലാണ്. രണ്ടാൺമക്കളുണ്ട്. അതോടെ ഏറെ കഷ്ടപ്പെടുന്ന ആ ഭാര്യയെ, മക്കളെ പിരിഞ്ഞുനിൽക്കേണ്ടി വരുന്ന അമ്മയെ ഹൃദയംകൊടുത്ത് ഞാനങ്ങ് സ്നേഹിക്കാൻ തുടങ്ങി.

ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ എല്ലാം ഭദ്രം. പിന്നെ കക്ഷിക്ക് ആഴ്ചയിൽ മൂന്നു ദിവസം പ്രാർഥനയ്ക്കു പോകണോന്നായി. രാവിലെ പോയാൽ ഉച്ചതിരിഞ്ഞേ മടങ്ങിവരൂ. അതിനിടയിൽ, ഈ ദിവസങ്ങളിലെല്ലാം വീടിനു സമീപത്തു വരെ ഒരു പുരുഷനോടൊപ്പം വന്ന് അവിടെനിന്ന് പിന്നെയും അര മണിക്കൂർ സംസാരിച്ച ശേഷമാണ് ഇവർ മടങ്ങിവരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. അതോടെ ഞാനൽപ്പം അലർട്ടായി. അന്ന് ബിനോയ് വനിതയിൽ റിപ്പോർട്ടറാണ്. കൂടെക്കൂടെ യാത്രകളുണ്ടാകും. വരാൻ വൈകുന്ന ദിവസങ്ങളിൽ ബിനോയ് വീട്ടിലേക്കു വിളിക്കും. അന്ന് മൊബൈൽ ഫോൺ വ്യാപകമായിട്ടില്ല. ബിനോയ് വീട്ടിലേക്ക് വിളിക്കുന്ന നേരങ്ങളിലെല്ലാം വീട്ടിൽ ഫോൺ എൻഗേജ്ഡ്.

അങ്ങനെയൊരു ദിവസം ബിനോയ് ഏതാണ്ട് ഒന്നര മണിക്കൂറോളം വീട്ടിലേക്ക് വിളിച്ചപ്പോഴും ഇതേ അവസ്ഥ. ഒടുവിൽ ഓഫിസിലായിരുന്ന എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ അന്നത്തെ ചീഫ് ക്രിസ് സാറിനോടു പറഞ്ഞു പെർമിഷൻ വാങ്ങി തൊട്ടടുത്തു തന്നെയുള്ള വീട്ടിലേക്കു പാഞ്ഞു. ഒരു വീടിന്റെ അപ്സ്റ്റെയറിലാണ് താമസം. പടികൾ കയറി ചെന്ന ഞാൻ വാതിലിനു പുറത്ത് അൽപ്പനേരം നിന്നു. അകത്ത് ആ സ്ത്രീ ആരോടോ കൊണ്ടുപിടിച്ച സല്ലാപം. കുറച്ചു കഴിഞ്ഞു ഞാൻ വാതിലിൽ മുട്ടിയപ്പോൾ ആകെ പരിഭ്രമിച്ച് വാതിൽ തുറന്നു. ആരായിരുന്നു ഫോണിൽ എന്നു ചോദിച്ചപ്പോ “അത് ഏതോ റോങ് നമ്പറെ”ന്ന് മറുപടി. ആ റോങ് നമ്പറുമായാണ് കഴിഞ്ഞ ഒന്നരമണിക്കൂർ സല്ലപിച്ചത്!!!

അകത്തു കയറി നോക്കിയപ്പോൾ മോൾ നല്ല ഉറക്കം. അതോടെ ഞാൻ കാര്യം പറഞ്ഞു തിരികെപ്പോയി. മൂന്നു മണിക്കൂറിനു ശേഷം ബിനോയ് വന്നപ്പോളും കുഞ്ഞ് ഉറക്കം തന്നെ. ബിനോയ് അവളെ എടുത്ത് മുഖം കഴുകിച്ചിട്ടും കുട്ടി ഉണരുന്നില്ല. കുറെക്കൂടി കഴിഞ്ഞ് കുഞ്ഞ് ഉണർന്നപ്പോൾ വല്ലാതെ ക്ഷീണിച്ച് താളിൻതണ്ടു പോലെ വാടിക്കിടക്കുന്നു. ബിനോയ് അവളെയുമെടുത്ത് താഴെ താമസിക്കുന്ന വീട്ടുടമയുടെ അടുത്തെത്തി. മോളെ സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കുന്ന ആ ചേച്ചി പറഞ്ഞു, “ഞാൻ പറയാൻ ഇരിക്കുവാരുന്നു. പുതിയ ജോലിക്കാരി വന്ന ശേഷം നിങ്ങൾ പോയിക്കഴിഞ്ഞാൽ കുഞ്ഞിന്റെ അനക്കം കേൾക്കാനില്ല. എന്തോ കുഴപ്പമുണ്ടെ”ന്ന്. ആകെ ഭയന്നുപോയ ബിനോയ് എന്നെ വിളിച്ചു. അന്നു രാത്രി ഞങ്ങൾക്ക് ഉറങ്ങാനായില്ല. അപ്പോഴേക്കും ആ സ്ത്രീ ജോലിക്കെത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു.

പിറ്റേന്ന് രാവിലെ ജോലിക്കാരിയോട് ഒരുങ്ങിയിറങ്ങാൻ പറഞ്ഞ് ഞങ്ങൾ കുഞ്ഞിനെയുമെടുത്ത് ഏജൻസിയിലെത്തി. കുഞ്ഞിന് ഈ സ്ത്രീ എന്തോ മയക്കുമരുന്ന് കൊടുത്തുവെന്ന സംശയം പറഞ്ഞു. ഏജൻസി ഉടമ വിരട്ടി ചോദിച്ചപ്പോർ അവർ എല്ലാം തുറന്നുപറഞ്ഞു. ആ സ്ത്രീക്ക് ഒരു കാമുകനുണ്ട്. അയാളെ കാണാനാണ് ഇടയ്ക്കിടെ പുറത്തുപോകുന്നത്. രാത്രി അയാളുമായി സംസാരിക്കണം. അതിനായി കുഞ്ഞിന് ഭക്ഷണത്തിൽ ഇത്തിരി ഉറക്കഗുളിക നല്കും. ഭർത്താവിന് മനോരോഗമുള്ളതിനാൽ ഉറങ്ങാൻ കൊടുക്കുന്ന ഗുളിക കയ്യിൽ കരുതിയാണ് ജോലിക്കു പോന്നിരിക്കുന്നത്.

ഞാനും ബിനോയിയും തകർന്നുപോയി. മടങ്ങിവന്ന് കുറെ കരഞ്ഞു. കുഞ്ഞിനെ പുറത്ത് ഒരാളെ ഏൽപ്പിക്കാൻ വയ്യ. പിന്നെ ഒന്നും നോക്കിയില്ല. മോളെയും വാരിയെടുത്ത് പാലായിലെ എന്റെ ചേച്ചിയുടെ വീട്ടിലേക്കു പോയി. ഒരു മാസം അവിടെനിന്നു പോയിവന്നു ജോലി ചെയ്തു. രാത്രി രണ്ടു മണിയാകും ജോലി കഴിയാൻ. അതിനു ശേഷം ഒരു മണിക്കൂർ യാത്ര. പക്ഷേ ഒരു സമാധാനമുണ്ട്. വീട്ടിൽ ചെല്ലുമ്പോൾ കാണാം ചേട്ടന്റെയും ചേച്ചിയുടെയും നടുക്ക് കിടന്നു ശാന്തമായി അവളുറങ്ങുന്നത്. (അന്നുമിന്നും അമ്മുക്കുട്ടിക്ക് ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവരാണ് മിന്നമ്മയും ബിജുവച്ഛയും എന്ന് അവൾ വിളിക്കുന്ന വലിയമ്മയും വലിയച്ഛനും.) പിന്നീടങ്ങോട്ട് ഒരുപാട് തുഴയേണ്ടി വന്നു മക്കളെ വളർത്താനും ജോലിയിൽ പിടിച്ചുനിൽക്കാനും.

***

ടൈംസ് മാസിക അടുത്തിടെ നൽകിയ ഒരു ലേഖനത്തിൽ ഈ പ്രശ്നം ഗൌരവമായി ചർച്ച ചെയ്യുന്നുണ്ട്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ചൈൽഡ് കെയർ ചെലവേറിയ കാര്യമായി മാറിയിരിക്കുന്നു. യുഎസിൽ ഒരു കുട്ടിയെ സർവകലാശാലയിൽ ബിരുദത്തിന് പഠിപ്പിക്കുന്നതിനെക്കാൾ ചെലവേറിയതാണ് മൂന്നു വയസ്സുവരെ വളർത്തുന്നതെന്നാണ് ഒരമ്മ പറയുന്നത്. സർവകലാശാലാ പഠനത്തിന് കുട്ടി അതു വരെ എത്തുന്നതിനുള്ള പതിനെട്ടു വർഷങ്ങളിലെ നമ്മുടെ സമ്പാദ്യവും ബാങ്ക് ലോണുമൊക്കെ സഹായകമാകുമ്പോൾ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം മുതൽ കയ്യിൽ ഒന്നുമില്ലാതെ, സഹായിക്കാൻ ബാങ്ക് പോയിട്ട് വീട്ടുകാർ പോലുമില്ലാതെ ചെലവ് നമ്മൾ വഹിക്കേണ്ടി വരുന്നു.

കുഞ്ഞിനെ വളർത്താനായി ജോലി ഉപേക്ഷിക്കുകയോ മികച്ച ജോലി ഓഫറുകൾ വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ നല്ല ജോലിയിൽ നിന്ന് അത്രയൊന്നും ഹിതകരമല്ലാത്ത ജോലിയിലേക്ക് മാറുകയോ ചെയ്തവരുടെ എണ്ണം ഓരോ വർഷവും ദശലക്ഷക്കണക്കിനാണത്രെ.

കേരളത്തിൽ മാതാപിതാക്കളുടെ സഹായമുള്ള പലർക്കും ഈ പ്രശ്നം നേരിടേണ്ടി വരാറില്ല. പക്ഷേ ആരും സഹായത്തിനില്ലാത്ത ലക്ഷക്കണക്കിനു യുവദമ്പതിമാർ ഇവിടെയുണ്ട്. ഏജൻസിയിൽ നല്ലൊരു തുക അടച്ച് സ്വന്തം വരുമാനത്തിന്റെ മൂന്നിലൊന്ന് ആയമാർക്ക് നൽകേണ്ടി വരുന്നവർ. പക്ഷേ അപ്പോഴും കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പില്ല. മുൻപ് ഡേകെയറുകൾ ഒരു പരിധി വരെ സഹായകമായിരുന്നെങ്കിൽ ഇന്ന് ജോലിയുടെ സ്വഭാവം മാറിയിരിക്കുന്നു. എന്നെയൊക്കെ പോലെ രാത്രി ജോലി ചെയ്യേണ്ടി വരുന്ന അനേകം അച്ഛനമ്മമാർ. ജോലി ഉപേക്ഷിച്ചാൽ കുഞ്ഞ് വളർന്ന ശേഷം, രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് എത്തുമ്പോളേക്കും നമ്മൾ പഴകിപ്പോയവരാകും. പിന്നെ ജോലി വിപണിയിൽ നമുക്ക് ഇടിവ് സംഭവിക്കും. സ്വന്തമായി എന്തെങ്കിലും ചെയ്തു വിജയിക്കുന്നവരുണ്ട്. പക്ഷേ എല്ലാവർക്കും അതിനുള്ള സാഹചര്യമോ സാമ്പത്തിക പിൻബലമോ ആശയമോ ഉണ്ടാകാറില്ല.

അപ്പോൾ ഡേ കെയർ പോലെ തന്നെ നൈറ്റ് കെയർ സെന്ററുകളും ഉണ്ടാകണം. അത് കിഡ്സ് ഫ്രണ്ട്ലി ആയിരിക്കണം. പരിശീലനം നേടിയ ആയമാരുണ്ടാകണം. മികച്ച അന്തരീക്ഷം ഉണ്ടാകണം. അങ്ങനെയൊക്കെ വരുമ്പോൾ സ്വകാര്യ മേഖലയിൽ അത് ചെലവേറിയതാകുമെന്ന് ഉറപ്പ്. വൃദ്ധസദനങ്ങളുടെ കാര്യത്തിലെന്ന പോലെ തന്നെ ഇക്കാര്യത്തിലും സർക്കാർ സംവിധാനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ… സൌജന്യമായി വേണ്ട. ഓരോ അച്ഛനമ്മമാരിൽ നിന്നും അവരുടെ വരുമാനത്തിന് അനുസൃതമായി ഒരു തുക ഈടാക്കണം. നടത്തിപ്പിന് കൃത്യമായ മാനദണ്ഡങ്ങളും ഉണ്ടാകണം. സാമൂഹികക്ഷേമ വകുപ്പിന് ഇതിൽ എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്ന് ഉറപ്പ്.

അതല്ലെങ്കിൽ മിടുക്കും കാര്യശേഷിയുമുള്ള യുവാക്കളിൽ നല്ലൊരു പങ്ക് വീടിനുള്ളിൽ കുടുങ്ങിപ്പോയേക്കാം. അവരുടെ ക്രിയാത്മകതയും ഉത്പാദനക്ഷമതയും പാഴായിപ്പോകുന്നതു വഴി രാജ്യത്തിന്റെ സാമ്പത്തികശേഷിക്കു തന്നെ നഷ്ടമുണ്ടാകാം. യുഎസിന്റെ സാമ്പത്തികശേഷിയിൽ ഇതുണ്ടാക്കുന്ന നഷ്ടം 57 ബില്യൻ ഡോളറിന്റേതാണെന്നാണ് റെഡി നേഷൻ എന്ന സംഘടന നൽകിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അത്രയേറെ ഭീമമല്ലെങ്കിലും നമ്മുടെ രാജ്യത്തിനും യുവശേഷിയുടെ നഷ്ടം കനത്ത ആഘാതം തന്നെയാണ്.
***
ടൈംസ് ലേഖനത്തിൽ കുഞ്ഞിനെ നോക്കാൻ നാനിയെ ഏൽപ്പിക്കുന്ന വകേൻഡ ടൈലർ എന്ന വനിതാ സർജൻ പറയുന്ന ഒരു വാചകമുണ്ട്

“ഒരു കുഞ്ഞിനെ വളർത്താൻ ഒരു ഗ്രാമം തന്നെ കൂടെയുണ്ടാകണം…”

ഗ്രാമമൊന്നും വേണ്ട, അമ്മ മനസ്സുള്ള കുറച്ചുപേരുണ്ടായാൽ മതി, സഹാനുഭൂതിയുള്ള ഒരു അധികാരിസമൂഹവും.

Remya Binoy