ആ അമ്മ ഒരു പോരാട്ടം നയിക്കുകയായിരുന്നു, ഇന്ത്യയിലെ എല്ലാ അമ്മമാര്‍ക്കുമായി , ഇനിയെങ്കിലും ശാന്തമായി ഉറങ്ങട്ടെ

71

Remya Binoy

മക്കളെ അകാലത്തില്‍ നഷ്ടമായ വീടുകള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്, അതെപ്പോഴും ഗതകാലത്തിലായിരിക്കും ജീവിക്കുന്നത്. ദ്വാരകയിലെ ആ വീടും അങ്ങനെ തന്നെയായിരുന്നു. നിർഭയയുടെ വീട്… ഏഴു വര്‍ഷം മുന്‍പ് മരിച്ചുപോയ ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ള ഓര്‍മകളില്‍ മാത്രം ജീവിക്കുന്ന അച്ഛനമ്മമാരും സഹോദരങ്ങളും.അവിടേക്കു കയറിച്ചെല്ലല്‍ എളുപ്പമായിരുന്നില്ല. കാരണം, ആ അമ്മ, ആശാദേവി, എന്നും കോടതി കയറിയിറങ്ങുകയാണ്. തന്‍റെ മകളെ പിച്ചിച്ചീന്തിയവര്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കാന്‍. എന്നിട്ടും അവരെ കാണാന്‍ പോകണമെന്ന് ഓഫീസില്‍നിന്നു വിളിച്ചു പറഞ്ഞപ്പോള്‍ ഒന്നും നോക്കാതെ പിറ്റേന്നു തന്നെ വിമാനംകയറി. നോവു നീറ്റുന്ന മനസ്സുകളോട് മനസ്സ് ചേര്‍ത്തു വച്ചാണ് എന്നും ശീലം.ഭാഗ്യം കൂടെയുണ്ടായിരുന്നു. പിറ്റേന്ന് ഞായറാഴ്ചയായതിനാല്‍ ഉച്ച കഴിഞ്ഞ് അവരെ കാണാന്‍ സമയം ലഭിച്ചു. ആശാദേവിയുടെ അനേകം അഭിമുഖങ്ങള്‍ യൂ ട്യൂബില്‍ കണ്ടിരുന്നു. അവരെ കുറിച്ച് ഒരുപാട് വായിച്ചിരുന്നു. പക്ഷേ, അതിനുമൊക്കെയപ്പുറം അത്രയേറെ ബഹുമാന്യമായ വ്യക്തിത്വമുള്ള സ്ത്രീയാണവര്‍. നിശ്ചയദാര്‍ഢ്യത്തിന്റെ, കരുത്തിന്റെ ആള്‍രൂപം. അതീവ ബുദ്ധിമതി എന്ന് ബോധ്യപ്പെടുത്തുന്ന സംസാരം (മൂന്നു മക്കളും പഠനത്തില്‍ മിടുക്കരാകാതെ വയ്യല്ലോ).നിര്‍ഭയ എന്ന മകളെ കുറിച്ച്, അവള്‍ അനുഭവിച്ച കൊടിയ, നരക പീഡനങ്ങളെ കുറിച്ച് കണ്ണുനിറയാതെ അവര്‍ സംസാരിച്ചു. അവളുടെ അന്ത്യനിമിഷത്തെ കുറിച്ചുള്ള ഓര്‍മയില്‍ മാത്രം കണ്ണൊന്നു നനഞ്ഞു, പക്ഷേ തുളുമ്പാന്‍ അവര്‍ അനുവദിച്ചില്ല. കരഞ്ഞു കരഞ്ഞു കല്ലായിമാറിയവള്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സത്യമാണത്. ഒരു പെണ്‍കുട്ടിയും അനുഭവിക്കാത്തത്ര കൊടിയ പീഡനമേറ്റ മകളുടെ അമ്മയാണവര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി നീതിക്കു വേണ്ടി പോരടിച്ചു കൊണ്ടിരിക്കുകയാണ്. താന്‍ തോറ്റുപോയാല്‍ തോല്‍ക്കുന്നത് ഇന്ത്യയിലെ ഓരോ സ്ത്രീയുമാണെന്ന ബോധ്യത്തോടെയാണ് അവര്‍ പോരാടുന്നത്.അച്ഛന്‍ ബദരിനാഥും അവിടെയുണ്ടായിരുന്നു. മകളുടെ ഓര്‍മയില്‍ ഇന്നും വിതുമ്പോപ്പോകുന്ന ഒരു സാധുമനുഷ്യന്‍. നിര്‍ബന്ധിച്ചപ്പോള്‍ മാത്രം ഏറ്റം കുറഞ്ഞ വാക്കുകളില്‍ അദ്ദേഹം മകളെ ഓര്‍മിച്ചു. ആ ഓര്‍മകളില്‍ സ്വയം ഇടറുമെന്നായപ്പോള്‍ അദ്ദേഹം സംസാരം നിര്‍ത്തി.ആ അമ്മ പിന്നെയും പറഞ്ഞു. മകളെ കുറിച്ച്… അവളുടെ സ്വപ്നങ്ങളെ കുറിച്ച്… ശാരീരിക, മാനസിക പീഡനങ്ങള്‍ക്കിരയാകുന്ന പെണ്‍കുട്ടികളെ കുറിച്ച്… ആണഹന്തകളുടെ കൂര്‍ത്ത ഇരുമ്പുദണ്ഡുകളില്‍ ജീവന്‍ പൊലിഞ്ഞുപോയ മക്കളെ ഓര്‍ത്ത് എന്നേക്കും ഉറക്കം നഷ്ടമാകുന്ന അമ്മമാരെ കുറിച്ച്. അതേ…ആ അമ്മ ഒരു പോരാട്ടം നയിക്കുകയായിരുന്നു, ഇന്ത്യയിലെ എല്ലാ അമ്മമാര്‍ക്കുമായി, പെണ്‍കുട്ടികള്‍ക്കുമായി. നാളെ അതിന് ഒരവസാനമാകും. ഇനിയെങ്കിലും ഓര്‍മകളുടെ കരാളനൃത്തം അവസാനിക്കട്ടെ… ശാന്തമായ ഒരു ജീവിതം അവർക്ക് സാധ്യമാകട്ടെ.