പോക്സോ കേസില്‍ ആക്രമണത്തിന് വിധേയരാകുന്നത് എപ്പോഴും ദലിതരും പിന്നോക്കക്കാരും ആകുന്നത് എന്തുകൊണ്ട് ?

201

Remya Binoy എഴുതുന്നു

നമ്മൾ എന്ന കുലീനവർഗം*

“നീഗ്രോക്ക് കാലുകള്‍ ഉണ്ടെങ്കില്‍ അവനത് ഉപയോഗിക്കണം. എവിടെയെങ്കിലും കൂടുതല്‍ നേരം ഇരുന്നാല്‍ അവരെ ബന്ധനസ്ഥരാക്കാന്‍ ആരെങ്കിലും ശ്രമിക്കാതിരിക്കില്ല.”

Remya Binoy
Remya Binoy

ടോണി മോറിസണ്‍ എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയുടെ ബിലവ്ഡ് എന്ന നോവലിലെ പോള്‍ ഡിയുടെ വാചകമാണിത്. അതാണ് ഓരോ കറുത്തവനും പണ്ട് നേരിട്ട അവസ്ഥ. ഇതേ നോവലിലെ നായിക സേഥി സ്വന്തം കുഞ്ഞിനെ കൊന്നവളാണ്. അടിമജീവിതത്തില്‍നിന്നു രക്ഷപ്പെടാന്‍ മക്കളുമായി ഒളിച്ചോടുന്നതിനിടെ പിടിയിലാകുന്നു. തന്നെപ്പോലെ അടിമയായി ജീവിക്കുന്നതിലും ഭേദം മരണമാണെന്നു തിരിച്ചറിഞ്ഞ് അവര്‍ തന്‍റെ കുഞ്ഞു മകളെ കൊലപ്പെടുത്തുന്നു. മകള്‍ക്ക് ഏറ്റവും അനുയോജ്യമായതേ അമ്മമാര്‍ തിരഞ്ഞെടുക്കൂ. മരണത്തെക്കാള്‍ ഭീകരമാണ് ജീവിതമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സേഥി തന്‍റെ കുഞ്ഞിനെ കൊല്ലുന്നത്.


മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക് സേഥിയെ… ഇല്ല, മനസ്സിലാവില്ല. കാരണം, നമ്മളുടെ സങ്കല്‍പ്പത്തിനു പോലും ഒരുപാട് അകലെയാണ് ആ യാഥാര്‍ഥ്യം.
“ഓ… അതൊക്കെ അങ്ങ് അമേരിക്കയില്‍, ഒരു നൂറ്റാണ്ട് മുന്‍പ് നടന്നതല്ലേ” എന്നൊരു ന്യായം പറയാം. പക്ഷേ, ഇങ്ങ് കേരളക്കരയില്‍ എന്‍റെയും നിങ്ങളുടെയും പഞ്ചായത്ത് വാര്‍ഡില്‍ തന്നെ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ… അറിയില്ല. അല്ലെങ്കില്‍ അറിഞ്ഞാലും അത് നമുക്ക് ഇടപെടേണ്ട കാര്യമല്ലെന്നാണ് നമ്മുടെയൊക്കെ വിശ്വാസം.

അടുത്തിടെ മലപ്പുറത്ത് ഉണ്ടായ കരളുരുക്കുന്ന ഒരു പീഡനകഥയിലെ പെൺകുട്ടിക്ക് പ്രായം 12 വയസ്സ്. പത്തു വയസ്സ് മുതൽ അവളെ ഉപദ്രവിച്ചത് മുപ്പതോളം പേർ. ഒടുവിൽ കേസ് ആയപ്പോൾ അയൽക്കാരി പ്രതികരിച്ചത് ഇങ്ങനെ, “രാത്രി ആ പെങ്കുട്ടി നെലവിളിക്കുന്നെ കേൾക്കാം. ഞങ്ങളാരും നോക്കാൻ പോവില്ല. ഞങ്ങക്ക് ഞങ്ങടെ കുട്ടികൾടെ കാര്യം നോക്കണ്ടേ… ” അതാണ് ഈ നാട്ടിലെ അമ്മമാരെന്ന കുലീനവര്‍ഗം.

പോക്സോ കേസില്‍ ആക്രമണത്തിന് വിധേയരാകുന്നത് എപ്പോഴും ദലിതരും പിന്നാക്കക്കാരുമാകുന്നതെന്തു കൊണ്ട്… സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ തന്നെ. പിന്നെ മധ്യവര്‍ഗം രഹസ്യം സൂക്ഷിക്കാൻ അസാമാന്യ ശേഷിയുള്ളവരാണ്. തങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭംഗിയായി ഒതുക്കിത്തീര്‍ക്കും. “പുറത്തറിഞ്ഞാല്‍ കുടുംബത്തിനു മോശമല്ലേ…”
ഇതേ ന്യായം ദലിത് സ്ത്രീ പറഞ്ഞാൽ അവൾ അലംഭാവക്കാരിയായി…

ജാതിയില്‍, വര്‍ണത്തില്‍, വര്‍ഗത്തില്‍, സാമ്പത്തികത്തില്‍ തുടങ്ങി എല്ലാ തരത്തിലും സാമൂഹിക പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു സ്ത്രീ, അമ്മ എന്ന ഒറ്റ പദവി നമ്മളുമായി പങ്കിടുന്നു എന്ന കാരണത്താല്‍ അവരുടെ സാഹചര്യങ്ങള്‍, പ്രതികരണങ്ങള്‍ നമ്മുടേതു പോലെയാകണമെന്നു വാശി പിടിക്കാമോ… എന്തുകൊണ്ട് കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരുന്നില്ല എന്നാണ് ചോദ്യം. ഇക്കാലം വരെ, എന്തിന് ആ മരണങ്ങള്‍ നടന്ന ശേഷം ഈ വിധി വരും വരെയുള്ള മൂന്നു വര്‍ഷം അവര്‍ എങ്ങനെ ജീവിച്ചിരുന്നു എന്ന് ഞാനടക്കം ആരെങ്കിലും അന്വേഷിച്ചോ… ഇപ്പോള്‍ അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാമോ… വീടു നിറയെ സന്ദര്‍ശകരാണ്. വീടിനു പുറത്താകട്ടെ, ഫെയ്സ് ബുക്കിലേക്ക് സെല്‍ഫി വിഡിയോ എടുക്കുന്നവരുടെയും ലൈവ് ഇടുന്നവരുടെയും തിരക്ക്. പക്ഷേ അവരാരും ചോദിക്കുന്നില്ല, നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ എന്ന്.

ഇളയ കുഞ്ഞിനെ എങ്കിലും രക്ഷിക്കാമായിരുന്നില്ലേ എന്ന് ചോദ്യം. മൂത്ത കുട്ടിയുടെ മരണം നടന്ന് നാല്‍പ്പതു ദിവസം അവര്‍ വീട്ടില്‍ തന്നെ ഇരുന്നു. പിന്നെയാണ് പണിക്കു പോയിത്തുടങ്ങിയത്. പണിക്കു പോകാതെ വീട്ടിലിരുന്നാല്‍ ഉണ്ണാന്‍ കഴിയുന്ന സ്ഥിതി നമ്മളില്‍ എത്ര പേര്‍ക്കുണ്ട്. എന്നിട്ടാണോ കൂലിവേലക്കാരിയായ, അന്നന്നപ്പത്തിനു പോലും വകയില്ലാത്ത ഒരമ്മയ്ക്കു നേരെ വിരല്‍ ചൂണ്ടുന്നത്…

സര്‍ക്കാരിന്‍റെ തന്നെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍ വരെ കേരളത്തിലങ്ങോളമിങ്ങോളം 2514 പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അതായത്, ഒരു മാസം ഏതാണ്ട് 279 കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ഇത് പുറത്തുവന്ന കണക്കുകള്‍. ഇനി നമ്മള്‍ അറിയാതെ പോകുന്ന പീഡനങ്ങളോ…

ഇവിടെയെല്ലാം ആ കുഞ്ഞുങ്ങളുടെ അമ്മമാരാണോ മുഖ്യ പ്രതികള്‍. അതോ, പിഞ്ചു ശരീരങ്ങളോട് കാമവെറി തീർക്കുന്ന ചെകുത്താന്മാരോ… ഇതെല്ലാം കണ്ടിട്ടും അമ്മയുടെ രക്തത്തിനായി നിലവിളിക്കുന്ന നമ്മളുൾപ്പെടെയുള്ള സമൂഹമോ…

Previous articleനീലനിശീഥിനിയിലെ അശോകപൂർണ്ണിമ
Next articleവാളയാർ കേസിലെ നാല് പ്രതികള്‍ ഇവരാണ്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.