ചുവന്ന തെരുവിൽ വളർന്ന്, യുഎസ് സർവകലാശാലയിൽ പഠിച്ച് ലോകത്തിലെ 25 മിടുക്കികളിൽ ഒരാളായി മാറിയ ശ്വേതയെ അറിയാമോ… വിധി അടിച്ച വഴി പോകാതെ താൻ തിരഞ്ഞെടുത്ത വഴിയെ വിധിയെ കൊണ്ടുപോയ പെൺകുട്ടി. അവളുടെ കഥ
====
“നിന്റെ ജീവിതം എന്താ ഇങ്ങനെ ആയത്…?”
“* എന്റെ സാഹചര്യം അങ്ങനെയായിരുന്നു
* എന്റെ വീട്ടുകാരെല്ലാം മോശമാരുന്നു
* എനിക്ക് അവസരങ്ങളൊന്നും ലഭിച്ചില്ല”
ജീവിതത്തില്‍ പരാജയത്തെ നേരിടുന്ന ഭൂരിഭാഗത്തിനും പറയാന്‍ ഇത്തരം ഒരു മറുപടി ഉണ്ടാകും. വീഴ്ചകളൊന്നും എന്റെ കുറ്റം കൊണ്ടല്ലെന്ന്. അതേ… അതൊന്നും നമ്മുടെ കുറ്റം കൊണ്ടല്ലെന്നു തന്നെ ഇരിക്കട്ടെ. വീണുപോയിടത്തുനിന്ന് എഴുന്നേല്‍ക്കാതിരുന്നത് ആരുടെ തെറ്റാണ്….
***
ശ്വേത കാട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടോ… ഇല്ലെങ്കില്‍ കേള്‍ക്കണം. അപ്പോളേ അറിയൂ, വിജയത്തിലേക്ക് എത്രയോ വഴികള്‍ നമുക്ക് മുന്നിലുണ്ടായിരുന്നുവെന്ന്, ഇപ്പോഴും തുറന്നു കിടപ്പുണ്ടെന്ന്.
ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യാപാര കേന്ദ്രമായ മുംബൈയിലെ കാമാത്തിപുരയിലാണ് ശ്വേത ജനിച്ചത്; ദേവദാസിയായ സ്ത്രീയുടെ മകളായി. വളര്‍ത്തിയത് ആ ചുവന്ന തെരുവിലെ ലൈംഗിക തൊഴിലാളികള്‍. രണ്ടാനച്ഛനടക്കം അനേകം പേര് അവളുടെ കുരുന്നുശരീരത്തെ പീഡനത്തിന് ഇരയാക്കി. വളര്‍ന്നു വരുമ്പോള്‍ മറ്റൊരു ലൈംഗിക തൊഴിലാളി ആകാന്‍ എല്ലാ സാഹചര്യവും വിധി കരുതിവച്ചിരുന്നു. പക്ഷേ, ആ കെണികളില്‍ അവള് വീണില്ല.
മറാത്തി മീഡിയം സ്കൂളില്‍ പഠിക്കുമ്പോള്‍ അവള് മിക്കപ്പോഴും സഹപാഠികളുടെ പരിഹാസത്തിന് ഇരയായി. അവളുടെ സാഹചര്യങ്ങളും അവളുടെ തൊലിയുടെ നിറവും വരെ അവഹേളനത്തിന് കാരണങ്ങളായി. ‘ചാണകം’ എന്നായിരുന്നു ആ മിടുക്കര്‍ അവള്‍ക്കിട്ട ഇരട്ടപ്പേര്. കാര്യമായി വായിക്കുകയൊന്നും ചെയ്യാതിരുന്നിട്ടും തെറ്റില്ലാത്ത മാര്‍ക്ക് വാങ്ങിയ അവളെ പക്ഷേ അധ്യാപകര്‍ക്ക് ഇഷ്ടമായിരുന്നു. അവര്‍ അവള്‍ക്കു വേണ്ടി ഉച്ചഭക്ഷണം കൊണ്ടുവന്നു. അവളെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷേ, 15 വയസ്സ് വരെ അവള് അങ്ങനെയങ്ങ് ജീവിച്ചു.
പത്താം ക്ലാസ് കഴിഞ്ഞ അവധിക്കാലത്താണ് അവള് ഒരു സ്ത്രീയെ കണ്ടുമുട്ടിയത്, റോബിന് ചൗരസ്യയെ. ചുവന്ന തെരുവിലെ സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രാന്തി എന്ന സംഘടനയുടെ സ്ഥാപകയാണ് റോബിന് (ലെസ്ബിയന്‍ ആയതിന്റെ പേരില്‍, ഇന്ത്യന്‍ വംശജയായതിന്റെ പേരില്‍, കറുത്തവളായതിന്റെ പേരില്‍ അവഹേളനങ്ങളോട് ഒരുപാട് പോരാടേണ്ടി വന്ന റോബിന്റെ കഥയും ഇതുപോലെ തന്നെ വായിക്കപ്പെടേണ്ടതാണ്). റോബിന്, ശ്വേതയെ ദത്തെടുക്കുക തന്നെയായിരുന്നു എന്നു പറയാം. അവള്‍ക്കു കൗണ്‍സലിങ് നല്കി, ഇംഗ്ലിഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനു പരിശീലനം നല്കി, ആത്മവിശ്വാസം നല്കി. അങ്ങനെ പ്ലസ് ടുവിന് ഉയര്‍ന്ന വിജയം നേടിയ ശ്വേതയ്ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിച്ചത് യുഎസിലെ ബാര്‍ഡ് കോളജിലാണ്. അവിടെയും മികച്ച വിജയം നേടിയ ശ്വേതയെ തേടി പിന്നീട് നേട്ടങ്ങള്‍ വന്നുകൊണ്ടേയിരുന്നു. അമേരിക്കന്‍ മാഗസിനായ ന്യൂസ് വീക്ക് 2013ല്‍ തിരഞ്ഞെടുത്ത 25 വയസ്സില്‍ താഴെ പ്രായമുള്ള 25 മിടുക്കികളില്‍ (25-Under-25 Women to Watch list) ഒരാള്‍ ശ്വേതയായിരുന്നു. മലാല യൂസുഫ് സായെ പോലെയുള്ളവരായിരുന്നു ആ പട്ടികയിലെ മറ്റുള്ളവര്‍. യുഎന്‍ യൂത്ത് കറേജ് അവാര്‍ഡും ശ്വേതയെ തേടിയെത്തി. ചുവന്ന തെരുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന തന്റെ അമ്മയടക്കമുള്ള സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ശ്വേതയുടെ സ്വപ്നം.
ഓരോ വേദിയിലും അവള് മടി കൂടാതെ തന്റെ ജീവിതം വരച്ചുകാട്ടുന്നു. താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നുപറയുന്നു. എന്തിനാണ് വീണ്ടും വീണ്ടുമത് ആവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് അവള്‍ക്ക് ഒരുത്തരമേയുള്ളു, ഒരു തിന്മയെ ഇല്ലാതാക്കണമെങ്കില്‍ അതിനെ കുറിച്ചു സംസാരിച്ചു കൊണ്ടേയിരിക്കണം.
ശ്വേത എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്,
“ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ല. ഓരോ സ്ത്രീയിലും അപാരമായ കഴിവുകളുണ്ട്. അത് ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയേ വേണ്ടൂ…”
***
ശ്വേതയ്ക്ക് ജീവിതവിജയം ആശംസിച്ച് ആ കഥ അവിടെ നിര്‍ത്താം. ഇനി നമുക്ക് ഒന്നിൽ നിന്ന് തുടങ്ങാം. സാഹചര്യങ്ങളെ പഴിക്കുന്നത് അവസാനിപ്പിച്ച് ഇന്നു മുതല്‍ നമുക്ക് അവസരങ്ങള്‍ തേടിത്തുടങ്ങാം. ജീവിതത്തിന്റെ ഇരുണ്ട വശങ്ങള് മറന്ന് പ്രസാദാത്മകമായ ഭാവിയിലേക്ക് നടക്കാം…