താങ്ങും ത്രിത്വം (പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ ടീനേജുകാർക്ക് സഹായകമാകുന്ന മൂന്നു ഘടകങ്ങൾ )

235

Remya Binoy

താങ്ങും ത്രിത്വം…

ലോക മാനസികാരോഗ്യ ദിനമായിരുന്നു ഇന്നലെ.
അടുത്ത കാലത്ത് ഒരുപാടു പേരെ കണ്ടുമുട്ടി, തനിക്ക് വിഷാദരോഗമുണ്ടെന്നു തിരിച്ചറിയുകയും അതിനു പരിഹാരം തേടുകയും ചെയ്തവരെ. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. പക്ഷേ അപ്പോഴും നമ്മൾ കാണാതെ പോകുന്ന ഒരു വിഭാഗമുണ്ട്, കുട്ടികൾ പ്രത്യേകിച്ച് കൌമാരക്കാർ.
“അവർക്കിപ്പോ എന്താ ഇത്ര പ്രശ്നം, വേണ്ടതെല്ലാം ഞങ്ങൾ കൊടുക്കുന്നുണ്ടല്ലോ” എന്നാണ് പല മാതാപിതാക്കളുടെയും ചിന്ത. അതേ… ഭൗതികമായ സാഹചര്യങ്ങളെല്ലാം നിങ്ങൾ ഒരുക്കിനൽകുന്നുണ്ടാകും. പക്ഷേ അവരുടെ മാനസികമായ ആകുലതകൾ വേണ്ടത്ര അഭിസംബോധന ചെയ്യപ്പെടുന്നുണ്ടോ…

ഇല്ലെന്നാണ് തോന്നുന്നത്. മകൾ അവളുടെ കൂട്ടുകാരെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും വന്നു പറയാറുണ്ട്. ചേച്ചിമാരുടെ മക്കളും അവരുടെ സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാറുണ്ട്. നമുക്ക് തീരെ നിസാരമെന്നു തോന്നുന്ന ചില പ്രശ്നങ്ങൾ ആ കുഞ്ഞുങ്ങൾക്ക് ജീവിതപ്രശ്നം തന്നെയാണ്. കൗമാരപ്രണയം പൊളിഞ്ഞതോ, പരീക്ഷയിൽ മാർക്ക് കുറഞ്ഞതോ മാത്രമല്ല അവരുടെ സങ്കടങ്ങൾ. മുഖത്ത് അമിതമായി രോമം വളർന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുമുണ്ട്. പണക്കാരായ സഹപാഠികൾക്കൊപ്പം നല്ലൊരു വസ്ത്രം ധരിക്കാനില്ലാതെ, കൂട്ടുകാർ ഐസ്ക്രീം പാർലറിൽ കയറുമ്പോൾ ചെലവാക്കാൻ 100 രൂപ കയ്യിലില്ലാതെ വിഷമിക്കുന്ന കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളുണ്ട്. (അഹങ്കാരി എന്ന് പുച്ഛിക്കരുത്… ആ പ്രായക്കാരുടെ മനസ്സ് അത്രമേൽ പേലവമാണ്). “എനിക്ക് മരിക്കാൻ തോന്നുന്നെടീ…” എന്ന് പ്രിയപ്പെട്ട കൂട്ടുകാരിയോട് അവൾ അടക്കം പറയാറുണ്ട്. അച്ഛനും അമ്മയും കേന്ദ്രസർക്കാർ ജീവനക്കാരായ കൂട്ടുകാരിക്ക് അതൊരു തമാശ മാത്രം. പക്ഷേ മറുവശത്ത് നിൽക്കുന്ന പെൺകുട്ടിക്ക് അത് ആഴത്തിലുള്ള മുറിവാണ്. ഹോർമോൺ മാറ്റങ്ങളുടെ കാലത്ത് അവരുടെ മനസ്സ് പോകുന്ന വഴികൾ എത്രയോ വിചിത്രമാണ്.

കൗമാരക്കാർ അവരുടെ പ്രശ്നങ്ങൾ പലപ്പോഴും പങ്കുവയ്ക്കുന്നത് കൂട്ടുകാരോടാണ്. അവരുടെ അതേ പ്രായത്തിലുള്ള ആ കുട്ടികൾക്കും പ്രശ്നങ്ങളുടെ പരിഹാരം നിർദേശിക്കാൻ ആവുന്നുണ്ടാകില്ല. അച്ഛനമ്മമാർക്ക് പലപ്പോഴും കുട്ടികളോടൊത്തു ചെലവഴിക്കാൻ സമയം ഉണ്ടാകാറില്ല. ഉണ്ടെങ്കിൽ തന്നെ കുട്ടികളെ പലപ്പോഴും മനസ്സിലാവാറില്ല. അതിനു പക്ഷേ ചിലപ്പോളെങ്കിലും നമ്മുടെ ഓമനക്കുഞ്ഞുങ്ങളുടെ ജീവൻ തന്നെ വിലയായി കൊടുക്കേണ്ടിവരും.
സ്നേഹിച്ച പുരുഷൻ മോശക്കാരനെന്നറിഞ്ഞു തിരിഞ്ഞുനടന്നതിന്റെ പേരിൽ എത്രയോ പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞുകഴിഞ്ഞു. കൂടെ ജീവനൊടുക്കിയ ആൺകുട്ടികളുമുണ്ട്. ജയിലറയിൽ എത്തിപ്പെട്ടവരുണ്ട്. ഫലത്തിൽ രണ്ടുപേരുടെയും ജീവിതം തീരുകയാണ്. പ്രശ്നങ്ങളുടെ തുടക്കത്തിൽ തന്നെ ആൺകുട്ടിയും പെൺകുട്ടിയും അച്ഛനമ്മമാരെ സമീപിച്ചിരുന്നെങ്കിൽ, അവർക്കതിനു പരിഹാരം തേടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. പ്രണയം നഷ്ടമായി വരുന്ന മകന് ഒരു രാത്രി മുഴുവൻ കൂട്ടിരിക്കാൻ അച്ഛനും അമ്മയ്ക്കും ആവണം. അവന്റെ മനസ്സ് ശാന്തമാകുന്നുവെന്നു തോന്നിയാൽ വഴിമാറി നടക്കാൻ അവനോടു പറയണം. “അവൾ പോയതു കൊണ്ട് നീ മോശക്കാരനാകുന്നില്ല” എന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം ഓരോരുത്തർക്കും അവരവരുടെ ചോയ്സിന് അവകാശമുണ്ട് എന്ന് പറഞ്ഞുകൊടുക്കണം. കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും എന്ന് നേരമ്പോക്കിൽ കലർത്തിയ ജീവിതസത്യം ഇടയ്ക്കിടെ ഉരുവിടണം. വിഷാദത്തിന്റെയും പകയുടെയും ലോകത്തുനിന്ന് അവർ മടങ്ങി വരും വരെ കൂടെനടക്കണം.

അടുത്തിടെ ടൈംസ് കോളമിസ്റ്റായി ലൊറെയ്ൻ കാൻഡി എഴുതിയ ഒരു ലേഖനം വായിച്ചു. കൗമാരക്കാരെ മാനസിക പ്രതിരോധം പഠിപ്പിക്കാനുള്ള വഴികളായിരുന്നു അതിലുണ്ടായിരുന്നത്. കോളറ്റ് സ്മാർട്ട് എന്ന ചൈൽഡ് സൈക്കോളജിസ്റ്റിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് കാൻഡി എഴുതിയിരുന്നത്. അതിൽ പറഞ്ഞിരുന്ന ഒരു കാര്യം മനസ്സിനെ ഏറെ സ്പർശിച്ചു. കുട്ടികൾക്ക്, പ്രത്യേകിച്ച് ടീനേജ് പ്രായക്കാർക്ക്, ഒരു Support Triad – താങ്ങും ത്രിത്വം എന്നു മലയാളീകരിക്കാം – വേണമത്രെ. അതായത് ഒരു പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ അവർക്ക് മൂന്നു ഘടകങ്ങളുണ്ടാവണം.
1.ഏതിരുട്ടിലും കൂടെ നടക്കുമെന്ന് ഉറപ്പുള്ള മൂന്നു പേർ
2. ഏതു രാത്രിയിലും കയറിച്ചെല്ലാവുന്ന മൂന്നിടങ്ങൾ
3. ഏതു വീഴ്ചയെയും അതിജീവിക്കാൻ സഹായിക്കുന്ന മൂന്നു പ്രവൃത്തികൾ (ഹോബിയോ പാഷനോ എന്തുമാകട്ടെ…)

അതേ… നമ്മുടെ കുട്ടികളോടും ഇതെക്കുറിച്ച് ചർച്ച ചെയ്യണം. ഇതു തിരഞ്ഞെടുക്കാൻ നമ്മുടെ സഹായവും അവർക്ക് ആവശ്യമായേക്കും. നാളെ ഒരിക്കൽ നമ്മൾ അവർക്കൊപ്പമില്ലെങ്കിലും അവർ ദുരവസ്ഥകളെ അതീജീവിക്കുമെന്ന് ഉറപ്പാണ്.
ഇനി കുട്ടികളുടെ കാര്യം അവിടെ നിൽക്കട്ടെ… ഇത്തരമൊരു പിന്തുണ നമുക്കും വേണ്ടേ… താങ്ങും ത്രിത്വം.
നമ്മുടെ കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള മൂന്നു പേരുണ്ടോ… അമ്മ, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, പങ്കാളി തുടങ്ങി ആരെങ്കിലും മൂന്നു പേർ…
തളർന്നു പോകുമ്പോൾ ചെന്നു കയറി വീണുറങ്ങാൻ ഒന്നല്ല, മൂന്നിടങ്ങൾ (ഇത് നമ്മുടെ വീടാവേണ്ട. കാരണം അവിടെ ചിലപ്പോളെങ്കിലും നമുക്ക് അന്യഥാത്വം അനുഭവപ്പെടാം.)
ഏറ്റവും വേദനിപ്പിക്കുന്ന അനുഭവത്തെയും അതിജീവിക്കാൻ സഹായിക്കുന്ന മൂന്നു പ്രവൃത്തികൾ… എഴുത്തോ സംഗീതമോ നൃത്തമോ യാത്രകളോ പെയിന്റിങ്ങോ കൃഷിപ്പണിയോ പൂന്തോട്ട നിർമാണമോ അങ്ങനയങ്ങനെ…

ഇതു വായിച്ചു തീരുമ്പോൾ സ്വയമൊന്ന് ചോദിക്കൂ… ഉണ്ടോ എനിക്കാ ത്രിത്വമെന്ന്. ഇല്ലെങ്കിൽ അതു കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കോളൂ…

(ചിത്രത്തിനു കടപ്പാട്: ലയ ബിനോയ്)

Remya Binoy