ആർക്കൊപ്പം നിൽക്കും നിങ്ങൾ?

540

ചതുപ്പുനിലങ്ങളിൽ കെട്ടിടം പണിയുമ്പോ ആഴത്തിൽ അടിത്തറ കെട്ടാതെ മുകളിൽ കല്ല് വച്ചാൽ രണ്ടാം നാൾ പണിഞ്ഞതൊക്കെ മണ്ണിൽ പുതഞ്ഞ്‌ പോകും. അടിത്തറയൊരുക്കാൻ ചതുപ്പ്‌ മണ്ണടിച്ച്‌ നികത്തിയാൽ അവിടുത്തെ സന്തുലിതാവാസവ്യവസ്ഥ തകരും. അവിടെ ഭൂമിയുടെ നിലയും മണ്ണിന്റെ ബലവും ചെളിയുടെ ആഴവും നോക്കി, ഏറ്റവും പ്രായോഗികമായ ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതം മാത്രമുണ്ടാക്കി തറ കെട്ടിയിട്ട്‌ വേണം കെട്ടിടം പണിയാൻ.

പണിയാൻ പോകുന്ന കെട്ടിടത്തിനു തറയൊരുക്കാൻ ആദ്യം ചെളികോരി മണ്ണ് നീക്കണം. അത്‌ നീക്കുമ്പോ ചുറ്റുമുള്ള വെള്ളവും ചെളിയും ഇടിയാതിരിക്കാൻ ഐ ചാനൽ അടിച്ച്‌ കയറ്റി സ്ലാബോ വീതിയുള്ള മരത്തടികൾ കൊണ്ടോ തട കെട്ടണം. തടകെട്ടി, മണ്ണിന്റെ നില കാണും വരെ ചെളിയും വെള്ളവും കോരി നീക്കണം.

അതൊരു പരുവയമായാൽ പിന്നെ ഫൗണ്ടേഷനു വേണ്ടി കുറച്ചൂടെ ആഴത്തിൽ പൈലിംഗ്‌ നടത്തണം. ഡ്രില്ലഡ്‌ പൈലിംഗ്‌ വേണ്ടിടത്ത്‌ അങ്ങനാവം, ഹാമ്മർ പൈലിംഗ്‌ വേണ്ടിടത്ത്‌ അതാവാം. ഇടക്കിടെ തട പൊട്ടി വരുന്ന ചെളിയും വെള്ളവും പമ്പ്‌ ചെയ്ത്‌ കളയണം. പിന്നെ കമ്പികെട്ടൽ, അതിനു തട്ടടി, ശേഷം വേണ്ട അനുപാതത്തിൽ മിക്സ്‌ ചെയ്ത കോൺക്രീറ്റ്‌ ഇട്ട്‌ ഫൗണ്ടേഷൻ പണിയും. ഉറപ്പുള്ള ഫൗണ്ടേഷനായാൽ അവിടെ കെട്ടിടം പണിയാം. അതിനു ബലമുണ്ടാകും. ചെളിയിൽ പുതയില്ല, പരിസ്ഥിതി തകരില്ല. അതാണതിന്റെ സിവിൽ എഞ്ചിനീയറിംഗ്‌.

Aseeb Puthalath

സെപ്തംബർ 28 ന്‌ ശബരിമലയിൽ സ്ത്രീപ്രവേശനത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്‌ 4/5 വോട്ടോടെ അനുകൂലിച്ച്‌ വിധിയെഴുതി. നാഗ്പൂരിൽ നിന്ന് ആർ എസ്‌ എസിന്റെ ബൗദ്ധികപ്രമുഖരും ഡെൽഹിയിൽ നിന്ന് കോൺഗ്രസ്‌ എ ഐ സി സിയും വിധിയെ സ്വാഗതം ചെയ്തു. സംഘ്പരിവാർ മുഖപത്രങ്ങൾ ചരിത്രവിധിയെന്ന് എഡിറ്റോറിയലെഴുതി. ബി ജെ പിയുടെ ആദ്യത്തെയും മിക്കവാറും അവസാനത്തെയും എം എൽ എ രാജഗോപാൽ, മൂന്നാലുവട്ടം തോറ്റ എം എൽ എ കെ സുരേന്ദ്രൻ എന്നിവർ മുൻപ്‌ ആഗ്രഹിച്ചനുകൂലിച്ച വിധി വന്നതിൽ പുളകം കൊണ്ടു.

ഇന്നാട്ടിലെ പെണ്ണുങ്ങളുടെ വോട്ട്‌ വാങ്ങി അധികാരത്തിൽ വന്ന, അവരുടെ അന്തസ്‌ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ, സ്ത്രീസമത്വം ക്രൈമല്ല, മറിച്ച്‌ ഭരണഘടനാബാധ്യതയെന്നറിയുന്ന ഇടത്‌ സർക്കാർ, അതിനെ നയിക്കുന്ന പിണറായി വിജയൻ മേൽപ്പറഞ്ഞവരുടേ അതേ നിലപാടെടുത്തു, ശബരിമലയിൽ പെണ്ണുങ്ങൾ കയറിക്കോട്ടെയെന്ന്‌.

രണ്ട്‌ ദിവസം കൊണ്ട്‌ വോട്ടെണ്ണവും സീറ്റും അധികാരവും മുന്നിൽ കണ്ട്‌ സംഘപരിവാരവും കോൺഗ്രസും നിലപാട്‌ മാറ്റി. പെട്ടെന്നൊരു ദിവസം സുപ്രീം കോടതിവിധി ഇടതുപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തവും ബാധ്യതയുമായി മാറി.
സ്ത്രീവിരുദ്ധത, ലിംഗ അസമത്വം, വർഗ്ഗീയത, ജാതീയത മുതലായവ അടിഞ്ഞ്‌ കൂടിയ മലയാളിബോധ്യങ്ങളുടെ ചെളിക്കുണ്ടിൽ നവോത്ഥാനത്തിന്റെ, സ്ത്രീസമത്വത്തിന്റെ പുതിയപടി കെട്ടാനിറങ്ങുമ്പോൾ, വളരെ സെൻസിറ്റീവായ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുമ്പോൾ സി പി ഐ എമും ഇടതുസർക്കാരും ചതുപ്പിലാഴ്‌ന്ന് പോകുമെന്നുറപ്പിച്ച്‌ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ബണ്ട് അവർ പൊട്ടിച്ചുവിട്ടു. മറുവശത്ത്‌ ഉത്തമരും അതിവിപ്ലവകാരികളും യുക്തിയില്ലായുക്തിവാദികളും വിധി വന്നതിന്റെ പിറ്റേന്ന് മുതൽ പെണ്ണ് മല കയറാൻ സർക്കാർ പടി പണിയുന്നത്‌ കാണാൻ ചെളിപറ്റാതെ ഗാലറിയിൽ വി ഐ പി ടിക്കറ്റെടുത്തിരുന്നാർപ്പ് വിളിച്ചു.

സുവർണാവസരപ്പാർട്ടിക്കാരും അതിവിപ്ലവകാരികളും ആശിച്ചപോലെ പിറ്റേന്ന് ഒരു ലോറിയിൽ റെഡിമെയ്ഡ്‌ പടിക്കെട്ടുമായി പിണറായിയോ സർക്കാരോ പോലീസോ ചതുപ്പിലേക്കിറങ്ങിയില്ല, ടിപ്പറിൽ മണ്ണടിച്ചില്ല. പകരം, സംസ്ഥാനകമ്മറ്റി മുതൽ താഴെ തട്ട്‌ വരെയുള്ള പാർട്ടിക്കാർ ഗ്രൗണ്ടിലിറങ്ങി. ഒരു സ്റ്റേജ്‌ കെട്ടി, മൈക്ക്‌ പിടിച്ച്‌ ജനങ്ങളോട്‌ അവർക്ക്‌ മനസിലാകുന്ന ഭാഷയിൽ സംസാരിച്ചു. സോ കോൾഡ്‌ സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ ഒരേസമയം സംഘികളോടും കുടുംബക്കാരോടും അതിവിപ്ലവകാരികളോടും യുക്തിവാദികളോടും അതിന്റെ രാഷ്ട്രീയം പറഞ്ഞു. ഓരോ അന്തം കമ്മികളും തടകെട്ടി, ചെളിവാരി.

പൈലിംഗ്‌ നടത്തിയത്‌ പിണറായിയായിരുന്നു. പുത്തരിക്കണ്ടത്ത്‌, കലൂർ നെഹ്രു സ്റ്റേഡിയത്തിന്റെ പുറത്ത്‌, നാഗമ്പടത്ത്‌, മുതലക്കുളത്ത്‌, പ്രസ്സ്‌ മീറ്റുകളില്‌. അതിശക്തമായ, ആഴത്തിലുള്ള പൈലിംഗ്‌.

അന്ന് വരെ ഇന്നാട്ടിലൊരു ഭരണാധികാരിയും പറയാത്ത ആർത്തവം പെണ്ണിനശുദ്ധിയല്ലെന്നയാൾ ആവർത്തിച്ച്‌ പറഞ്ഞു. തങ്ങളുടെ അന്തസിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞത്‌, ആർത്തവം ജൈവികപ്രക്രിയയെന്ന് ആവർത്തിച്ചത്‌ ഡ്രില്ലഡ്‌ പൈലിംഗായിരുന്നു. തുളഞ്ഞ്‌ കയറിയത്‌ ഇന്നാട്ടിലെ പെണ്ണുങ്ങളുടെ മാനസിലേക്കായിരുന്നു.
നവോത്ഥാനചരിത്രത്തെപ്പറ്റി ക്ലാസെടുത്ത്‌ അയാൾ നടത്തിയ ഹാമ്മർ പൈലിംഗ്‌ ഹിറ്റ്‌ ചെയ്തത്‌ ബി ജെ പി നേതൃത്വത്തിന്റെ, തന്ത്രിക്കുടുംബത്തിന്റെ, പന്തളത്തെ ശശികുമാറിന്റെ കുടുംബത്തിന്റെ, കോൺഗ്രസിന്റെ, പരിവാരത്തിൻ്റെ സവർണ്ണബോധങ്ങൾ വിഷം ചീറ്റുന്ന തലക്കായിരുന്നു.

നാളുകൾ നീണ്ട പൈലിംഗ്‌ കണ്ട്‌ പുത്തരിക്കണ്ടം പിണറായിയെന്ന് അതിവിപ്ലവകാരികൾ കൂക്കിവിളിച്ചു. സവർണപാഴുകൾക്ക്‌ തെങ്ങുചെത്തുകാരനായി, ചോവനായി.
സംഘികൾ ധൈര്യമുണെങ്കിൽ മലയിൽ പെണ്ണുങ്ങളെ കയറ്റെന്നായി. കോൺഗ്രസിന്റെ നേതാക്കൾ, മുഖപ്പത്രം, അണികൾ ബി ജെ പിയേക്കാൾ നന്നായി വർഗീയത പറഞ്ഞു. പോലീസ്‌ സംയമനം പാലിച്ച ദിവസം മാധ്യമങ്ങൾ സംഘിനെ ഭയമാണോ എന്നും ആക്ഷനെടുത്ത ദിവസം ഭക്തരെ തല്ലുന്നുവോ എന്നുമെഴുതി. ഹൈക്കോടതിയിലെ ശുംഭന്മാർ ജനം ടിവി കണ്ട്‌ പരാമർശങ്ങൾ നടത്തി.

ഓരോ വട്ടവും ശബരിമലയിൽ അക്രമം കാണിച്ചവരെ, തടപൊട്ടിച്ച്‌ വിദ്വേഷമൊഴിക്കിയവരെ സർക്കാർ സംവിധാനങ്ങൾ കൊണ്ട്‌ പുറത്തേക്ക്‌ പമ്പ്‌ ചെയ്തു. രണ്ടായിരത്തോളം അറസ്റ്റുകളുണ്ടായി. അങ്ങനെ കെ സുരേന്ദ്രനും രാഹുൽ ഈശ്വരിനുമടക്കമുള്ളവർ ക്ലീൻഷേവിനേക്കാൾ ചേരുക താടിയാണെന്ന് മനസിലായി. അവരെന്താണെന്ന്, സംഘിന്റെ അജണ്ടയെന്തെന്ന് നാട്ടുകാർക്കും.

പിന്നെ മനുഷ്യർക്ക്‌ പങ്കാളിത്തമുള്ള എല്ലാ കൂട്ടയ്മകളേയും മുഖ്യമന്ത്രി വിളിച്ചുവരുത്തി ഫൗണ്ടേഷനു കമ്പികെട്ടി, പാർട്ടിസംവിധാനം കൊണ്ട്‌ തട്ടടിച്ചു. ആത്മാഭിമാനമുള്ള, ചിന്താശേഷിയുള്ള, ഉറച്ചമനസുള്ള പെണ്ണുങ്ങൾ അവിടെ കോൺക്രീറ്റായി.

ജനുവരി ഒന്നിന്‌, കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെ, തോട്ടം തൊഴിലാളികൾ മുതൽ സ്കൂൾ കുട്ടികൾ വരെ, വിദേശവനിതകൾ മുതൽ ആദിവാസി സ്ത്രീകൾ വരെ സ്ത്രീസമത്വത്തിന്‌, പുത്തൻ നവോത്ഥാനത്തിന്‌ മലയാളി ബോധങ്ങളുടെ ചതുപ്പുനിലത്തിൽ ഉറച്ച അടിത്തറ പണിതു.

പിറ്റേന്ന് ശബരിമലയിൽ പെണ്ണ് കയറി, ബിന്ദുവും കനകദുർഗയും മലചവിട്ടി. സാധാരണ ഭക്തർക്കിടയിലൂടെ. സംഘപരിവാരമറിഞ്ഞില്ല, അക്രമിക്കപ്പെട്ടില്ല. പക്ഷേ, അയ്യപ്പനറിഞ്ഞു, അനുഗ്രഹിച്ചു.

സന്നിധാനത്ത്‌ വെടിപൊട്ടിയില്ല, ചോരപൊടിഞ്ഞില്ല, ഉന്തലും തള്ളലുമുണ്ടായില്ല, ആക്രോശങ്ങളില്ല. യഥാർത്ഥഭക്തർക്കരികിലൂടെ ശബരിമലയിൽ ഒരിടവേളക്ക്‌ ശേഷം പെണ്ണ് കയറിയെന്ന് സ്ഥിരീകരണം വന്നു. പിണറായിയോ പോലീസോ അവകാശവാദങ്ങൾക്ക്‌ നിന്നില്ല, ‘ആ പെണ്ണുങ്ങൾ വന്നു, സംരക്ഷണം കൊടുത്തു, കയറി, പോയി’ എന്ന് സിമ്പിളായി പറഞ്ഞു. സംഘികളല്ലാതെയാരും തെരുവിലിറങ്ങിയില്ല, വിധിവന്ന ദിവസം പന്തളത്ത് തെരുവിലിറങ്ങിയവരുടെ പകുതി പോലും ഇത്തവണയിറങ്ങിയില്ല.

ഇനി ശബരിമലയിൽ പെണ്ണുങ്ങൾ എതിർപ്പില്ലാതെ കയറുമെന്നല്ല. പക്ഷേ, കയറുന്നതൊരു അസാധാരണസംഭവമെന്ന് തോന്നാത്തവിധം ആളുകളെ കഴിഞ്ഞ 95 ദിവസം കൊണ്ട്‌ അയാളും അയാളുടെ പാർട്ടിയും പരുവപ്പെടുത്തി, രാഷ്ട്രീയമായി പാകപ്പെടുത്തി. ആ മൂന്ന് മാസം കൊണ്ട്‌ ചെളിവാരി, കുഴികുത്തി, ആൺബോധങ്ങളുടെ, ആണധികാരങ്ങളുടെ, കേരളത്തിലെ പിന്തിരിപ്പൻ മനോഭാവത്തിന്റെ ചെളിക്കുണ്ടിൽ പുതഞ്ഞുപോകാതെ പെണ്ണിന് ചവിട്ടാൻ തറ കെട്ടി, ഉറപ്പുള്ള പടികെട്ടി.

സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.
പക്ഷേ, നെയ്ത്തുശാലയിൽ പണിക്ക്‌ പോയ, കണ്ണൂരിന്റെ മണ്ണിൽ സംഘിനെ കണ്ടും അറിഞ്ഞും രാഷ്ട്രീയം പഠിച്ച, അടിയന്തിരാവസ്ഥയുടെ ഇരയായ അങ്ങേർക്കതറിയാം. അങ്ങേരുടെ പാർട്ടിക്കും.

916 വിപ്ലവകാരികൾ ഇന്നലെയൊരു ദിവസം മലകയറിയ പെണ്ണുങ്ങൾക്ക്‌ അഭിവാദ്യമർപ്പിച്ച്‌, ഗാല്ലറിയിലിരുന്നപ്പോ ചന്തിയിലായ പൊടി തട്ടി എണീറ്റ്‌ പോയിട്ടുണ്ട്‌. മാധ്യമപുങ്കവന്മാർ ആർ എസ്‌ സ്സ്‌ ഈക്വൽസ്‌ സി പി ഐ എം സമീകരണങ്ങൾ തുടങ്ങിയിട്ടുണ്ട്‌. നാളെ മുതൽ സംഘക്രമങ്ങളെ പ്രതിരോധിക്കുന്ന സി പി ഐ എമ്മിന്‌ ക്ലാസെടുപ്പുള്ളതാണ്, പച്ചക്കള്ളങ്ങളെഴുതി പിടിപിക്കാനുള്ളതാണ്.

പ്രസ്ഥാനത്തിൽ ‘തലച്ചോർ പണയം വച്ച’ അന്തം കമ്മികൾ വിധിവന്ന ദിവസം മുതൽ തെരുവിലുണ്ട്‌. അവരുടെ ദേഹത്ത്‌ പറ്റുന്നത്‌ സംഘിന്റെ ആലയിൽ പണിഞ്ഞെടുത്ത കൊലക്കത്തി കയറി മുറിയുമ്പോഴുള്ള ചോരയാണ്. അവർ വെട്ടേറ്റ്‌ വീഴുന്നതും ജീവൻ വെടിയുന്നതും പാർട്ടിക്ക്‌ ഭൂരിപക്ഷം കൂട്ടാനല്ല. നാടിനെ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന്‌, സംഘപരിവാരത്തിന്റെ പച്ചിരുമ്പിനും വെടിമരുന്നിനും വിട്ടുകൊടുക്കാതിരിക്കനാണ്. ആർത്തവമുള്ള പെണ്ണശുദ്ധയല്ലെന്ന് ഉറക്കെ പറയാനാണ്.

ഏത്‌ തരത്തിലുള്ള പ്രതിരോധമാണോ ഏറ്റവും അഭികാമ്യമെന്ന് തോന്നുന്നത്‌ അവർ ചെയ്യും. സംഘപരിവാരത്തിനാകെ മനസിലാകുന്ന സോഷ്യൽ എഞ്ചിനീയറിംഗ്‌ മേൽ നോവലാണ്. ആ എഞ്ചിനീയറിംഗ്‌ പോലീസും പാർട്ടിയും ജനകീയപിന്തുണയിലങ്ങ്‌ ചെയ്തോളും. ആശയത്തിനാഴമുള്ളവർക്ക്‌ മുൻപിൽ, മാനവികരാഷ്ട്രീയത്തിന്‌ മുന്നിൽ സംഘിനായുധം പോരാതെ വരും.

എനിക്കും നിങ്ങൾക്കും ചെയ്യനാവുന്നതൊരു പക്ഷത്തുറച്ച്‌ നിൽക്കലാണ്. ഒന്നുകിൽ നാട്‌ കത്തിക്കുന്ന സംഘിനും അവർക്ക്‌ പിന്തുണ നൽകുന്ന പ്രതിപക്ഷത്തിനുമൊപ്പം. അല്ലെങ്കിൽ അവരെ പ്രതിരോധിക്കുന്ന മാനവികപക്ഷത്തിനൊപ്പം.

ആ പക്ഷത്തിനൊപ്പം എറിഞ്ഞിട്ടാൽ വീഴാത്ത മൂല്യങ്ങളുണ്ട്‌,
ചെളിയിൽ പുതയാത്ത ബോധ്യങ്ങളുണ്ട്‌,
കാലം മുന്നോട്ടാണ്‌ പോകേണ്ടതെന്നുറപ്പുള്ള ഒരു ഭരണാധികാരിയുണ്ട്‌,
ഭരണഘടനയുടെ പിൻബലമുണ്ട്‌,
പിന്നിൽ ജനങ്ങളുണ്ട്‌,
ഇന്നാട്ടിലെ പെണ്ണുങ്ങളുണ്ട്‌.

ആർക്കൊപ്പം നിൽക്കും നിങ്ങൾ.??

Facebook post of Aseeb Puthalath
Advertisements