ജീവഭയം കാരണം മതവാദികൾ സയൻസ് പറയുന്നതനുസരിച്ചു ജീവിക്കുന്ന അപൂർവ്വകാഴ്ച

92

എഴുതിയത് – Renson V.M

കോവിഡ് രോഗത്തിനെതിരെ ഇന്ത്യ പൊരുതുമ്പോൾ രാജ്യത്തു മറ്റൊരു ‘പോരാട്ടവും’ നടക്കുകയാണ്. സോഷ്യൽ മീഡിയയാണു പ്രധാന ‘യുദ്ധക്കളം’. ആരാധനാലയങ്ങൾ അടച്ചു ദൈവങ്ങളൊക്കെ പോയില്ലേ കൊറോണയ്ക്കെതിരായി ശാസ്ത്രത്തിനു മാത്രമേ പരിഹാരമുണ്ടാക്കുവാൻ കഴിയൂ എന്നു നിരീശ്വരവാദികൾ പറയുന്നു. ശാസ്ത്രത്തിന്റെ അട്ടിപ്പേർ നിരിശരവാദികൾ എടുക്കേണ്ടെന്നും പ്രമുഖ ശാസ്ത്രജ്ഞന്മാരൊക്കെ മതവിശ്വാസികളായിരുന്നു എന്നും മതവിശ്വാസികൾ അവകാശപ്പെടുന്നു. കോവിഡ് കാലത്തു പൊതുവേ മതബോധം കൂടുതലായ ഇന്ത്യയിലെ ജനങ്ങളെ സയൻസ് കണ്ടെത്തിയ അറിവുകളനുസരിച്ചു ശ്രദ്ധയോടെ ജീവിക്കാൻ പ്രേരിപ്പിച്ചതിൽ മതനേതൃത്വത്തിനുള്ള പങ്കു ശ്രദ്ധേയവും അഭിനന്ദനീയവുമാണ്. അതുകൊണ്ടു കടുത്ത മതവാദികളൊഴിച്ച് എല്ലാവരും ആരോഗ്യവിദഗ്ദ്ധരെ അനുസരിക്കുന്നുണ്ട്.

പക്ഷേ, പൊതുവേ പ്രമാണാധിഷ്ഠിതമായ മതങ്ങൾ കൊറോണക്കാലത്തു നേരിടുന്നതു വലിയ പ്രതിസന്ധിയാണ്. അത് മതങ്ങളുടെ ജ്ഞാനസമ്പാദനരീതിയും പ്രപഞ്ചവീക്ഷണവുമൊക്കെയായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളുമാണ്. ഇതുവരെ തങ്ങളുടെ സംഖ്യാബലം കാണിച്ചു രാഷ്ട്രീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയിരുന്നു മതനേതൃത്വവും വിശ്വാസികളും. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അവരൊക്കെ സ്റ്റേറ്റു പറയുന്നതു കേട്ടു ജീവിക്കുന്ന സെക്യുലർ പൗരന്മാരായി മാറേണ്ടി വന്നു.

നാളിതുവരെ നടന്ന പല ശാസ്ത്ര-മത ‘യുദ്ധങ്ങളും’ സിദ്ധാന്തപരമായിരുന്നു. പരിണാമ സിദ്ധാന്തവും സൃഷ്ടിവാദവും തമ്മിലുള്ള പോരാട്ടം ഒരുദാഹരണം. ശാസ്ത്രത്തിന്റെ സാങ്കേതികവിദ്യയും മതങ്ങളുമായി നടക്കുന്ന പോരാട്ടങ്ങളുമുണ്ട്. വാക്സിൻ വിരുദ്ധത, ഗർഭനിരോധന ഉപാധികളോടുള്ള എതിർപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ പോരാട്ടങ്ങളിൽ പല ശാസ്ത്രസ്നേഹികൾക്കും ജീവനും നഷ്ടമായിട്ടുണ്ട്.

സയൻസിനോടുള്ള ‘ശത്രുത’ തത്ക്കാലം മാറ്റിവച്ച് അതു പറയുന്നതംഗീകരിച്ചു ജീവിക്കണമെന്ന് എന്തുകൊണ്ടാണ് മതങ്ങൾ ചിന്തിച്ചത്? പ്രഥമവും പ്രധാനമായതുമായ കാര്യം ജീവഭയം തന്നെയാണ്. കൊറോണ വൈറസ് അപകടകരമായി പകരും എന്നും ആളുകൾ മരിക്കുമെന്നും സയൻസു പറയുകയും അതിന്റെ തെളിവ് ഇറ്റലിയിൽ കിട്ടുകയും ചെയ്തതോടെ മറ്റൊരു വഴിയില്ലാതായി.സയൻസിന്റെ സാങ്കേതിക വിദ്യ മതപ്രചാരണത്തിന് ഉപയോഗിക്കുകയും അതിന്റെ രീതിശാസ്ത്രം ആളുകളെ പഠിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ആധുനിക മതങ്ങൾക്കു വെല്ലുവിളിയാകും വിധം ശാസ്ത്രം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടുകയാണിന്ന്.

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തത്വങ്ങൾ രൂപീകരിക്കുക എന്ന രീതി സാധാരണക്കാർ പരിചയപ്പെടുകയാണ്. ഈ തത്വങ്ങളാണ് സാങ്കേതിക വിദ്യയായി തങ്ങളുടെ ജീവിതത്തിലേക്കിറങ്ങി വരുന്നതെന്നും അവർ തിരിച്ചറിയുകയാണ്. ഇതാണു മതങ്ങൾ ഭയപ്പെടുന്നത്. ഈ രീതി ജനങ്ങൾ കൂടുതലായി മതതത്വങ്ങളിൽ പ്രയോഗിക്കുന്നതോടെ മതങ്ങൾ പ്രതിസന്ധിയിലാകും.

ജനങ്ങളൊക്കെ നിരീശ്വരരാകും എന്നല്ല ഇതിനർത്ഥം അവരുടെ എണ്ണം കൂടും അതോടൊപ്പം മതവിശ്വാസം പരിഷ്കരിക്കപ്പെടും കൂടുതൽ ജനാധിപത്യപരമാകും. മതവിശ്വാസികളുടെ സ്വാതന്ത്രവും മതത്തിനകത്തു വർദ്ധിക്കും. സയൻസ് കത്തോലിക്ക സഭയുടെ തിയോളജിയെ സ്വാധീനിച്ചതിനൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ആദ്യകാലങ്ങളിൽ സ്വർഗ്ഗം, നരകം ഇവയെല്ലാം ഒരു ഭൗതിക സ്ഥലമെന്നാണു സഭ പഠിപ്പിച്ചിരുന്നത്. ബൈബിളിലും അതേ സൂചന തന്നെയാണ്. പരന്ന ഭൂമി എന്ന സങ്കല്പത്തിൽ ഈ കാര്യം വിശദമാക്കാൻ ബുദ്ധിമുട്ടില്ല. ഭൂമിക്കു മുകളിൽ സ്വർഗ്ഗത്തിനു നിലനില്ക്കാം. പക്ഷേ, മനുഷ്യൻ ശൂന്യാകാശത്തു പോകുകയും ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കുകയും ചെയ്തതോടെ ഈ സ്വർഗ്ഗ സങ്കല്പം വിശദീകരിക്കാൻ ബുദ്ധിമുട്ടായി. ഇന്നു സഭ പഠിപ്പിക്കുന്നത് സ്വർഗ്ഗം ദൈവവുമായുളള മനുഷ്യന്റെ നിത്യമായ സ്നേഹാനുഭവം ആണെന്നാണ്.

അതായതു പിതാവും പുത്രനും പരിശുദ്ധാത്മാവും മനുഷ്യനുമൊക്കെ പ്രപഞ്ചത്തിൽ (സ്വർഗ്ഗത്തിൽ) ലയിച്ചിരിക്കുക എന്നാകും അർത്ഥമാക്കുക. അപ്പോൾ സഭയുടെ ദൈവസങ്കല്പം താത്വികമായി ബ്രഹ്മസങ്കല്പത്തിലേക്കു മാറും. ഇതുമൂലം അടുത്ത പ്രശ്നം ഉത്ഭവിക്കും. വെളിപാടു ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സ്വർഗ്ഗത്തിൽ നിന്നുള്ള യേശുവിന്റെ വരവും അനുബന്ധ കാര്യങ്ങളും യുക്തിസഹമായി വിശദീകരിക്കാനാകാതെ വരും.. ഇതു സഭയ്ക്കംഗീകരിക്കാൻ പറ്റില്ല. ഇതു മറികടക്കാൻ സാമാന്യ യുക്തിയിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടായ നിഗൂഢമായ വിശ്വാസ രഹസ്യമായി സഭ ‘സ്വർഗ്ഗത്തെ’ വ്യാഖ്യാനിക്കും. ശാസ്ത്രീയ വിദ്യാഭ്യാസം നേടുന്ന വിശ്വാസിക്കിതു വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. അവനതു ചോദ്യം ചെയ്യാനുള്ള സാധ്യത വർദ്ധിക്കും.

ഇതുപോലുള്ള പ്രശ്നം മറ്റു മതങ്ങളും നേരിടുന്നുണ്ട്. ക്വാറന്റൈൻ കണ്ടുപിടിച്ചതു പ്രവാചകനാണെന്നും ശാസ്ത്രത്തിനു മറ്റെന്താണു ചെയ്യാനുള്ളതെന്നും പറയുന്ന ഉസ്താദുമാരും, ഭാരതീയ ഋഷി പാരമ്പര്യത്തിലുളള ആയുർവ്വേദവും യോഗയും ധ്യാനവും ഗോമൂത്രവുമൊക്കെക്കൊണ്ട് പ്രതിസന്ധി മറികടക്കാമെന്ന സ്വാമിമാരുടെ ചിന്തയുമൊക്കെ ഇൗ പ്രതിസന്ധിയുടെ ബഹിസ്പുരണമാണ്.അതായത്, ഈ പ്രശ്നം മതങ്ങളുടെ പേരിൽ അച്ചന്മാരും ഉസ്താദുമാരും സ്വാമിമാരുമൊക്കെ നടത്തുന്ന ചൂഷണം അവസാനിപ്പിച്ചുകൊണ്ടു പരിഹരിക്കാവുന്ന കാര്യമല്ലെന്നു വ്യക്തം. ഇത് സയൻസും മതങ്ങളും പ്രപഞ്ചത്തെ സംബന്ധിക്കുന്ന അറിവുകൾ സമ്പാദിക്കുകയും അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന അടിസ്ഥാന രീതികൾ തമ്മിലുള്ള വ്യത്യാസത്തിന്റെ പ്രശ്നമാണ്.അനുദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കാര്യങ്ങൾ കൂടുതലായി കണ്ടെത്തുന്നതുകൊണ്ടും മാറ്റങ്ങൾ ഉൾക്കൊളളാനുളള കഴിവുകൊണ്ടും ഇവിടെ സയൻസിനു മുൻഗണന ലഭിക്കും. മതത്തിന്റെ മേഖലയായിക്കരുതിയിരുന്ന ധാർമ്മികത, പ്രപഞ്ചാസ്തിത്വം മുതലായ വിഷയങ്ങളും സയൻസ് ഇന്ന് പരിഹരിക്കാൻ ശ്രമിക്കുകയാണ്.

പക്ഷേ, മതത്തിനു സ്വാധീനം നഷ്ടപ്പെടുമോ എന്നു ചോദിച്ചാൽ സാമൂഹ്യശാസ്ത്രജ്ഞർ പറയുന്നത് അതൊരു സാംസ്കാരിക ഘടകമായി നിലനില്കുമെന്നു തന്നെയാണ്. ഇന്ന് മനുഷ്യൻ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന സ്കാൻഡിനേവിയയിൽ മതമങ്ങനെയാണ് നിലനില്ക്കുന്നത്. യാതൊരു അധികാരവും മതമവിടെ ജനങ്ങളുടെ മേൽ പ്രകടിപ്പിക്കുന്നില്ല.
അതേ സമയം മതം അധികാരം പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥലങ്ങളിലാണ് ഏറ്റവും കുറവ് മനുഷ്യാവകാശങ്ങൾ ഉളളതെന്നും കാണാം.മതേതര ജനാധിപത്യ രാഷ്ട്രീയം വിജയം വരിച്ച സ്ഥലങ്ങളിൽ തങ്ങളുടെ അധികാരങ്ങൾ കയ്യൊഴിഞ്ഞു മനുഷ്യാവകാശ പോരാട്ടങ്ങളിൽ സഹകരിക്കുന്ന ശക്തിയായും പലപ്പോഴും മതം പരിവർത്തനം ചെയ്തിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭരണഘടനാധിഷ്ഠിത മതേതര രാഷ്ട്രീയവും ഹിന്ദുത്വരാഷ്ട്രീയവും തമ്മിൽ ജ്ഞാനോദയകാലത്തു യൂറോപ്പിൽ നടന്നതു പോലെ പരസ്പരം പോരടിക്കുകയാണ്. മതേതര രാഷ്ട്രീയവുമായി നമുക്കു വേണമെങ്കിൽ ജീവിക്കാൻ സാധിക്കും എന്നതിന്റെ പ്രായോഗിക തെളിവാണ് കൊറോണ കാലഘട്ടം നല്കുന്നത്. പതിവുപോലെ ഇവിടെയും വർഗ്ഗീയ ശക്തികൾ മുതലെടുപ്പിനു ശ്രമിക്കുന്നുണ്ട്. അതിനെ പൗരന്മാരുടെ ഇച്ഛാശക്തികൊണ്ട് മറികടന്നു പ്രകൃതി ‘നമ്മിലടിച്ചേല്പിച്ച’ മതേതരത്വവും സാമൂഹിക ജനാധിപത്യവും ജൈവികമായി സ്വാശീകരിക്കാനാകുമോ എന്ന നിർണ്ണായക ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ‘ഇന്ത്യ’യെന്ന ആശയത്തിന്റെ ഭാവി.