മഞ്ജു വാരിയരുടെ ‘സ്പെക്റ്റാക്കുലർ റിട്ടേൺ’ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ‘അട്ടിമറി

60

രേണു രാമനാഥിന്റെ പോസ്റ്റ്

‘കന്മദം‘ കാണുന്നതു വരെ സത്യത്തിൽ മഞ്ജു വാരിയരെപ്പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ശ്രീവിദ്യയും ശോഭനയും ഉർവ്വശിയും ഗൗതമിയുമൊക്കെ ആയിരുന്നല്ലോ ആ തൊണ്ണൂറുകളിലെ മുതിർന്ന അഭിനേത്രികൾ. മഞ്ജു വാരിയർ, ചിപ്പി, ആനി തുടങ്ങിയ കിലുകിലപ്പെമ്പിള്ളേരെ സീരിയസ് ആക്റ്റേഴ്സ് ആയി കണ്ടു തുടങ്ങിയിരുന്നില്ല അന്നൊന്നും. പക്ഷെ, ‘കന്മദ‘ത്തിലും ‘പത്ര‘ത്തിലുമൊക്കെ കണ്ടപ്പോൾ, കൊള്ളാലോ എന്ന് തോന്നിത്തുടങ്ങി. അപ്പോഴേക്കും പക്ഷെ, മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടിരുന്നു. അത് കഷ്ടായീലോ എന്നും ‘പത്രം‘ കണ്ടപ്പോൾ തോന്നാതിരുന്നില്ല. പാവം, ഒന്ന് അഭിനയിച്ച് തുടങ്ങീതേ ഉണ്ടായിരുന്നുള്ളൂ എന്നും.

Manju warrier: Manju Warrier with a look that beats Meenakshi! Makeover  breaks fans! Images go viral! - actress manju warrier s latest makeover  photos went trending in social media - Archydeഒരുപക്ഷെ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ‘അട്ടിമറി‘കളിൽ ഒന്നായിരിക്കും മഞ്ജു വാരിയരുടെ ‘സ്പെക്റ്റാക്കുലർ റിട്ടേൺ.‘ വിവാഹിതയായി രംഗം വിട്ട നടി വർഷങ്ങൾക്കു ശേഷം വിവാഹമോചിതയായി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് അപൂർവസംഭവമൊന്നുമല്ലെങ്കിലും, ആ വരവ് മിക്കവാറും അമ്മ റോളുകളിലോ അല്ലെങ്കിൽ പരമാവധി ചേച്ചി റോളുകളിലോ മാത്രമാവാറാണു പതിവ്. ആ പതിവിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണല്ലോ മഞ്ജു വാരിയർ തിരിച്ചെത്തിയത്.

കുടുംബം എന്ന സ്ഥാപനത്തെയും നന്മ നിറഞ്ഞ, ത്യാഗരൂപിണിയായ, മാതൃസ്നേഹം വാർന്നൊഴുകുന്ന കുടുംബിനി എന്ന സ്റ്റീരിയോടൈപ്പിനേയും എത്ര നൈസായിട്ടാണു മഞ്ജു വാരിയർ എടുത്ത് ദൂരെക്കളഞ്ഞത് എന്നതിലാണു ഇപ്പോൾ എനിക്ക് അവരോടുള്ള ആരാധന. അജ്ജാതി ഒരു വെച്ചു കെട്ടും ഇല്ലാതെ തന്നെ, മകളെ അച്ഛൻ്റെ കയ്യിലേൽപ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവ്ക്കാൻ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാരിയർ മലയാളികൾക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.
മമ്മൂട്ടിക്ക് എഴുപതാം വയസ്സിലും യുവത്വം നിലനിർത്തിക്കൊണ്ട് പ്രത്യക്ഷപ്പെടാൻ കുടുംബം തടസ്സമാകില്ല. ഇയാൾ എന്തൊരച്ഛനാണു എന്ന് ഓഡിറ്റിംഗ് ഉണ്ടാവില്ല. പക്ഷെ, ഇത്തരം എല്ലാ ഓഡിറ്റിംഗിനെയും പ്രതീക്ഷിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും മാത്രമേ മഞ്ജു വാരിയർക്ക് മിഡിയും ടോപ്പുമിട്ട് സ്കൂൾ കുട്ടീയുടെ പ്രസരിപ്പോടെ പ്രത്യക്ഷപ്പെടാൻ സാധിക്കൂ. ഓഡിറ്റിംഗുകളെ അവഗണിക്കാനുള്ള ആ തൻ്റേടത്തിനാണു എൻ്റെ മാർക്ക്. ജീവിതം കോഞ്ഞാട്ടയായി, എല്ലാം തീർന്നു എന്നു വിചാരിച്ചിരിക്കുന്ന സ്ത്രീകളേ…. ദേ ഇങ്ങോട്ട് നോക്ക്യേ….

.രേണു രാമനാഥ്
മാർച്ച് 26, 2021