ആവർത്തിക്കുന്ന ഹിന്ദുത്വ കളവ്

234

ആവർത്തിക്കുന്ന ഹിന്ദുത്വ കളവ്

” ബ്രിട്ടീഷ് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ സൂക്ഷിച്ചിട്ടുള്ള ടിപ്പു സുൽത്താന്റെ യഥാർത്ഥ ഫോട്ടോ ആണിത്. ഇയാളെയാണ് കട്ട മീശയൊക്കെ വെച്ച്, പുട്ടിയിട്ട് സുന്ദരനാക്കി നമ്മുടെ പാഠപുസ്തകങ്ങളിൽ ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്……”

കഴിഞ്ഞ ദിവസം ഒരു സുഹുത്ത് അയച്ചു തന്ന, ടിപ്പു സുൽത്താന്റേത് എന്ന് അവകാശപ്പെടുന്ന ‘ഒറിജിനൽ’ ഫോട്ടോയുടെ താഴെയുള്ള ദീർഘമായ കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങിനെയാണ്. നിരവധി ദേശീയ സ്മാരകങ്ങൾ തകർത്ത, തന്റെ നാട്ടിലെ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കിയ, തീർത്തും മതഭ്രാന്തനായ ടിപ്പു സുൽത്താന്റെ ക്രൂരതയുടെ കഥകളാണ് അതിൽ നിറയെ ഉണ്ടായിരുന്നത്. ഇന്ത്യയിലാകെ എത്ര ലക്ഷം മൊബൈലുകളിലേക്കാണ് ആ ചിത്രവും സന്ദേശവും ഇതിനകം എത്തിയിട്ടുണ്ടാവുക എന്നാലോചിച്ചു നോക്കൂ. എത്ര പേർ, ഇതുവരെ തങ്ങൾക്ക് പറ്റിയ ‘പിശക് ‘ അതേത്തുടർന്ന് തിരുത്തിയിട്ടുണ്ടാകും. ഇതു തന്നെയാണ് ‘സത്യാനന്തര കാല’ത്തിന്റെ പ്രത്യേകതകൾ. പച്ചപ്പരമാർത്ഥം കള്ളമാവുകയും, കല്ലുവെച്ച കള്ളങ്ങൾ യാഥാർത്ഥ്യമാവുകയും ചെയ്യും അപ്പോൾ .
ബ്രിട്ടീഷുകാർക്കെതിരായ നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ വധിക്കപ്പെടുന്നത് 1799 ലാണ്. അന്ന് ഫോട്ടോഗ്രാഫി കണ്ടു പിടിച്ചിരുന്നില്ല. ഫ്രഞ്ചുകാരനായ ജോസഫ് നിപ്സ്, ലോകത്തിലെത്തന്നെ ആദ്യത്തെ ഫോട്ടോഗ്രാഫ് ക്യാമറയിലാക്കുന്നത് 1826 ലാണ്. ഇന്ത്യയിൽ അതെത്തുന്നത് 1840 ന് ശേഷവും. അതായത്, ഫോട്ടോഗ്രാഫി കണ്ടു പിടിക്കുന്നതിനും 27 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ഒരാളുടെ ‘ഫോട്ടോ’യാണ്, ഇതാണ് ഒറിജിനൽ എന്ന പേരിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത് എന്നർത്ഥം. 2018ൽ ബി.ജെ.പിയുടെ വക്താവായിരുന്ന അശ്വിനി ഉപാദ്ധ്യായയാണ് ,വിഷലിപ്തമായ ഒരു അടിക്കുറിപ്പ് സഹിതം ഈ വ്യാജ ഫോട്ടോ ആദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അത് കള്ളമാണ് എന്ന് തെളിഞ്ഞിട്ടും, ഇപ്പോഴും അഭംഗുരമായി ആ വ്യാജനിർമ്മിതി നാടാകെ പാറി നടക്കുകയാണ്.

തദ്ദേശീയ ചിത്രകാരന്മാർ വരച്ച രണ്ട് ഛായാചിത്രങ്ങളാണ്, ടിപ്പു സുൽത്താൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റേതായി രചിക്കപ്പെട്ടിട്ടുള്ളത്. സുൽത്താന്റെ വേനൽക്കാല വസതിയായ ദാരിയാ ദൗലത്ത് ബാഗിലെ കൊട്ടാരച്ചുമരുകളിലും മേൽത്തട്ടുകളിലും വരച്ച മനോഹരമായ ചിത്രങ്ങളാണ് ആദ്യത്തേത് .ഇന്ത്യയിലെത്തന്നെ ഏറ്റവും വിസ്തൃതമായ ചുമർചിത്ര പംക്തിയാണ് ഇതെന്ന് കലാചരിത്രകാരന്മാർ പറയുന്നുണ്ട്.

രണ്ടാമത്തേത്, ബാംഗ്ലൂരിനും ഹംപിക്കും ഇടയിലുള്ള സീബിയിലെ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിലെ ചുവരിൽ വരച്ച ചിത്രമാണ്.1795- 96 കാലത്ത് വരക്കപ്പെട്ട ഈ ചിത്രം സാധാരണ ഗതിയിൽ സുൽത്താൻ കണ്ടിരിക്കാൻ ഇടയില്ല. എന്നിരുന്നാലും അതിലൊരു കാവ്യനീതിയുണ്ട്. 200 വർഷങ്ങൾക്ക് ശേഷവും, കർണ്ണാടകത്തിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ, ആദ്യം ബ്രിട്ടീഷുകാരും ഇപ്പോൾ സംഘപരിവാറും മതഭ്രാന്തനെന്ന് പ്രചരിപ്പിക്കുന്ന ടിപ്പു സുൽത്താന്റെ രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്ന് മായാതെ അവശേഷിക്കുന്നുവെന്നതാണ് അത്.

ഇന്ന് നമുക്കേറെ പരിചിതമായ ടിപ്പുവിന്റെ ചിത്രം 1805 ൽ എസ്‌വേഡ് ഓർമെ എന്ന ഇംഗ്ലീഷുകാരൻ വരച്ചതാണ്. ദൗലത്ത് ബാഗിലേയും സീബിയില്യേം ചിത്രങ്ങളെ അനുസ്മരിപ്പിക്കുകയോ അനുകരിക്കുകയോ ചെയ്യുന്നതാണ്, ആർതർ വെല്ലസ്ലിയുടെ ശേഖരത്തിൽ ഉണ്ടായിരുന്ന പ്രസിദ്ധമായ ആ പോർട്രേറ്റ്. യുവാവായ ടിപ്പുവിന്റെ ഒരു മുഴുനീള ചിത്രം 1780 ൽ ഫ്രഞ്ചുകാരനായ ജോൺ സൊഫാനിയും വരച്ചിട്ടുണ്ട്. അക്കാലത്ത് ജീവിച്ചിരുന്ന ലോകത്തിലെത്തന്നെ മികച്ച ഛായാചിത്രകാരന്മാരിൽ ഒരാളായിരുന്ന സൊഫാനി, ടിപ്പുവിനെ മോഡലാക്കി നിർത്തിയാണ് തന്റെ ചിത്രം വരച്ചത് എന്ന് കരുതാൻ ന്യായങ്ങളുണ്ട്. ചിത്രത്തിൽ സുൽത്താൻ ധരിച്ചിട്ടുള്ള മേലുടുപ്പ്, ദൗലത്ത് ബാഗിലെ മ്യൂസിയത്തിൽ, പ്രസ്തുത ചിത്രത്തിന് തൊട്ടടുത്ത് തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാർക്കെതിരെ തുടർച്ചയായി യുദ്ധം ചെയ്യുകയും, ഒടുവിൽ അടർക്കളത്തിൽ തന്നെ മരിച്ചുവീഴുകയും ചെയ്ത ഒരേയൊരു ഇന്ത്യൻ നാട്ടുരാജാവേ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അത് ടിപ്പു സുൽത്താനാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്താൻ യൂറോപ്പിലെ അവരുടെ ശത്രുവായ ഫ്രാൻസുമായി സഖ്യമുണ്ടാക്കിയ രാഷ്ട്രീയ ബുദ്ധി ഹൈദരാലിക്കും ടിപ്പുവിനും മാത്രം അവകാശപ്പെട്ടതാണ്. കൂടാതെ പലപ്പോഴായി തുർക്കി, മസ്ക്കറ്റ്, കബൂൾ, അറേബ്യ, പേഴ്സ്യ എന്നീ വിദേശ രാജ്യങ്ങളുമായും, ഡൽഹി, കാശ്മീർ ,ഔദ്, പൂന, ജോദ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ രാജാക്കന്മാരുമായും ടിപ്പു സുൽത്താൻ ഇതേ ആവശ്യത്തിനായി സഖ്യ ചർച്ചകൾ നടത്തുകയുമുണ്ടായി.

ഇന്ത്യയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ഏറ്റവും കടുപ്പം കൂടിയ അത്തരമൊരാളെ ഈസ്റ്റിന്ത്യാ കമ്പനി എങ്ങിനെയാണ് ജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ അതേ ചുവടുപിടിച്ചാണ്, ചരിത്രത്തിൽ ശത്രുക്കളെ തെരഞ്ഞുകൊണ്ടിരിക്കുന്ന സംഘപരിവാർ ഇപ്പോൾ ടിപ്പുവിനെപ്പറ്റി പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ടിപ്പു സുൽത്താനെ മതഭ്രാന്തനെന്നോ, മതേതര വാദിയെന്നോ വിളിക്കുന്നത് താഴ്ന്ന തരം ചരിത്രബോധമാണ്. കാരണം, അദ്ദേഹം ചെയ്ത കാര്യങ്ങളൊന്നും മതപരമായ ലക്ഷ്യം വെച്ചായിരുന്നില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചായിരുന്നു. അദ്ദേഹം അമ്പലങ്ങൾ കൊള്ളചെയ്തിട്ടുണ്ട്; വാരിക്കോരി അമ്പലക്കൾക്ക് സഹായം നൽകിയിട്ടുമുണ്ട്.

ഹിന്ദുക്കളായ മറാത്തർ ശൃംഗേരി മഠം ആക്രമിച്ച് സമ്പാദ്യമെല്ലാം കൊള്ളയടിച്ചപ്പോൾ, ശങ്കരാചാര്യർക്ക് രക്ഷകനായി എത്തിയത് ടിപ്പു സുൽത്താനായിരുന്നു. രാഷ്ട്രീയമായിരുന്നു അതിന്റേയും കാരണം. ടിപ്പുവിന്റെ വിശ്വസ്തനായ മന്ത്രി (ഹൈദരാലിയുടേയും ) പൂർണ്ണയ്യ എന്ന ബ്രാഹ്മണനായിരുന്നു. മുഖ്യ ശത്രുക്കളിലൊരാൾ, മുസ്ലീമായ ഹൈദരാബാദിലെ നൈസാമും .
പത്താം നൂറ്റാണ്ടിൽ കാശ്മീർ ഭരിച്ചിരുന്ന ഹിന്ദു രാജാവ് ഹർഷവർദ്ധനന്, അമ്പലങ്ങൾ കൊള്ളയടിക്കാൻ മാത്രമായി ഒരു ഉദ്യോഗസ്ഥൻ തന്നെയുണ്ടായിരുന്നു – ദേവോത്പതന നായകൻ എന്ന പേരിൽ. അദ്ദേഹത്തിന്റേയും ലക്ഷ്യം മതമായിരുന്നില്ല. സമ്പത്തും അധികാരവുമായിരുന്നു.
ഇതാണ് യാഥാർത്ഥ്യം എന്നിരിക്കേ, നമ്മുടെ ഇന്നത്തെ ആവശ്യങ്ങൾ ചരിത്രത്തിൽ ആരോപിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട് ..? ചരിത്രത്തെ വർഗീയമായ ആവശ്യങ്ങൾക്ക് വേണ്ടി അപനിർമ്മിക്കുന്ന ആ അശ്ലീലത്തിന്റെ പേരു കൂടിയാണ് സംഘ പരിവാർ എന്നത്. അതിന്റെ വിഷമേൽക്കാതെ ശ്രദ്ധിക്കുന്നതാണ് നാടിന്റെ നിലനിൽപ്പിന് ഇപ്പോൾ ഏറ്റവും അഭികാമ്യമായിട്ടുള്ള കാര്യം.

കടപ്പാട് കെ.ജയദേവൻ.
via Jamsheer Nellikode