Connect with us

Memories

റേഷൻകട ചരിത്രവും സ്മരണകളും

റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം

 69 total views

Published

on

റേഷൻകട ചരിത്രവും സ്മരണകളും

റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം. എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം റേഷൻ കാർഡിൽ കുട്ടികൾക്ക് എന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം. നാട്ടിലില്ലാത്ത മക്കളുടെയും പേര് കാർഡിൽ ഉണ്ടായിരുന്ന കാലം. കൊല്ലങ്ങളായി കാർഡിലെ വാർഷിക വരുമാനം 1200 രൂപയിൽ കൂടാതെയും, കുറയാതേയും കൃത്യമായി ആളുകൾ കൊണ്ടുനടന്നിരുന്നു. ഇന്ന് സ്വർണ്ണം പണയം വയ്ക്കുമ്പോലെ പണ്ട് റേഷൻ കാർഡ് പത്തും പതിനഞ്ചും രൂപയ്ക്ക് പണയം വച്ചിരുന്ന കാലം . പലിശ റേഷൻ സാധനങ്ങൾ.
അന്ന് രണ്ട് കാർഡുകളേ സാധരണക്കാർക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻ കാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും കുട്ടികളുടെ പേടിസ്വപ്നം ആയിരുന്നു. റേഷൻ കടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു. അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും .അതേ ഇനി നമുക്ക് കുറച്ച് പിന്നോട്ട് പോവാം.

വെള്ളി ആഴ്ച്ചയും ശനിയാഴ്ച്ചയും ആയിരിക്കും റേഷൻ കടയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. വൈകുന്നേരം നാല് മണിക്ക് റേഷൻ കാർഡും സഞ്ചിയും, മണ്ണെണ്ണക്കുപ്പിയും, ടിന്നുമായി ജനങ്ങൾ വീട്ടിൽ നിന്നറങ്ങി റേഷൻ പീടികയിലേക്ക് മാർച്ച് ചെയ്യും. റേഷൻ മേടിക്കാൻ പോകുന്നു എന്ന് ചിലരും, കൺട്രോളരി മേടിക്കാൻ പോകുന്നു എന്ന് ചിലരും ഈ ആഴ്ചതോറുമുള്ള ഈ പോക്കിനെ വിളിച്ചിരുന്നു. മണ്ണെണ്ണ വാങ്ങാനുള്ള ടിൻ അമേരിക്കയിൽനിന്നും സ്കൂളുകളിൽ കൊടുവരുന്ന ഉപ്പുമാവ് ഉണ്ടാക്കാനുള്ള ഓയിൽ കൊണ്ടുവരുന്ന ടിൻ ആയിരുന്നു. ചാക്കരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങി റേഷൻകടയിൽനിന്ന് കിട്ടുന്നതെന്തും വാങ്ങുന്നവരായിരുന്നു അന്നത്തെ ശരാശരി മലയാളി. റേഷനരി കഴിക്കുന്ന കാര്യത്തിൽ ആരും വലുപ്പച്ചെറുപ്പമൊന്നും നോക്കിയിരുന്നില്ല. നല്ല തടിയുള്ള ചിലരെക്കാണുമ്പോൾ ‘എവിടുന്നാ റേഷൻ’ എന്നു ചോദിക്കുന്ന ഒരു നാട്ടിൻപുറ ഫലിതം ഒരുകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രചരിച്ചിരുന്നു. അന്നൊക്കെ റേഷൻകടകൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന വലിയ സത്യം ഈ കുഞ്ഞു തമാശയിൽ ഒളിച്ചിരിപ്പുണ്ട്.

നാട്ടിൻ പുറത്തെ പല ചരക്കുകടക്കാരനും ചായക്കടക്കാരനും രാവിലെ വന്നു കട തുറന്നു വിളക്കു കത്തിച്ച് പ്രാർത്ഥിച്ചു ഇന്നു നല്ല കച്ചവടം കിട്ടണേയെന്നു പറയും ‘ ഐശ്വര്യമുള്ള കൈ നീട്ടവും വാങ്ങും. പണ്ടത്തെ റേഷൻ കടക്കാരൻ പതിവുപോലെ കട തുറന്നു പ്രാർത്ഥിയ്ക്കും ദൈവമേ ഇന്നും ആരും റേഷൻ വാങ്ങാൻ വരരുതേയെണ്. കാരണം കരിഞ്ചന്ത. മുതിർന്നവർക്ക് രണ്ട് യൂണിറ്റ് അരിയും കുട്ടികൾക്ക് (12 വയസ്സിന് താഴെയുള്ളവർക്ക്) ഒരു യൂണിറ്റ് അരിയുമായിരുന്നു ഒരാഴ്ചയിൽ നൽകിയിരുന്നത് (1 യൂണിറ്റ്_770 gm) കുട്ടികളുടെ പ്രായം കൂട്ടി എഴുതി 12 ന് മുകളിൽ ആക്കിയിരുന്നതിന്റെ ഗുട്ടൻസ് അതായിരുന്നു. അന്ന് ഒരാൾക്ക്‌ 250ഗ്രാം വച്ച്‌ പഞ്ചസാര കിട്ടിയിരുന്നത്. അത്‌ അടുത്ത കടയിൽ കൊടുത്താൽ മാർക്കറ്റ്‌ വിലകിട്ടും.. അത്‌ കൊണ്ട്‌ മറ്റാവശ്യസാധനങ്ങൾ വാങ്ങും.

വീട്ടിൽ എല്ലാവരും മധുരമില്ലാത്ത കാപ്പി കുടിക്കും. അഥിതികൾക്കായി പ്രത്യേകം പഞ്ചസാര കരുതിയിരുന്നു. രണ്ടിൻ്റെയും, അഞ്ചിൻ്റെയും, പത്തിൻ്റെയും മുഷിഞ്ഞ നോട്ടുകൾ കൈയ്യിൽ ചുരിട്ടി പിടിച്ചായിരിക്കും മിക്കവാറും ആളുകൾ വരിക. പൈസ ഇല്ലാത്ത ചിലർ മറ്റു ചിലരോട് പൈസ കടം വാങ്ങി റേഷനരി വാങ്ങാൻ വരും. എന്നാൽ അപൂർവ്വം ചിലർക്ക് റേഷനരി വാങ്ങാൻ കഴിയില്ല. നാട്ടു ഭാഷാ നിഘണ്ടുവിൽ അതിനെ ” ആ ആഴ്ച്ചയിലെ അരി ഒഴിഞ്ഞ് പോയി” എന്നാണ് സൂചിപ്പിക്കുന്നത് . ‘റേഷൻകട’യെന്നോ,ന്യായവില ഷോപ്പ് എന്നോ പിന്നീടാണ് (‘പൊതുവിതരണകേന്ദ്ര’മെന്നപേര് വന്നത്) എഴുതിവച്ച കുറ്റമറ്റ ബോർഡുകൾ അപൂർവം കടകളിൽ മാത്രം ആർഭാടമെന്നോണം നിലകൊണ്ടു. മറ്റു പലയിടങ്ങളിലും മതിലിലെ വട്ടെഴുത്തായും കോലെഴുത്തായും റേഷൻകട എന്ന പേരും അതിന്റെ നമ്പരും മുഖംകുനിച്ചു നിന്നു.

എല്ലാ കടകളിലും കണ്ടിരുന്ന മറ്റൊന്ന് ‘ലൈസൻസി’യുടെ പേരാണ്. ലൈസൻസി എന്ന വാക്കിനർഥം അന്ന് ഭൂരിഭാഗം കുട്ടികൾക്കും പിടികിട്ടിയിരുന്നില്ലെങ്കിലും റേഷൻ കട നടത്തുന്ന ചേട്ടന്റെ പേരാണതെന്ന് അവർ തിരിച്ചറിഞ്ഞു. അതായത്, റേഷൻ കടയുടെ മുതലാളി!
റേഷൻ കട എന്ന ബോർഡ് വെച്ച ഒറ്റമുറി പീടികയിൽ മേശയിട്ട് റേഷൻ കടക്കാരൻ ഇരിക്കും. കടയിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്ക് പ്രകാശിക്കുന്നുണ്ടാവും. അല്ലെങ്കിൽ അരിക്കലാമ്പ് വിളക്ക്. അതിൻ്റെ അരണ്ട വെളിച്ചം അന്ന് കുറവായി തോന്നിയിരുന്നില്ല . കടക്കാരൻ ഇരിക്കുന്നതിന് പിന്നിലായി സാധനങ്ങളുടെ സ്റ്റോക്ക് ബോർഡ് തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെള്ള ചോക്ക് കൊണ്ട് സാധനങ്ങളുടെ വില രേഖപ്പെടുത്തി വെച്ചിരിക്കും. കടയിലേക്ക് വരുന്നവർ ഓരോരുത്തരും അവരവരുടെ കാർഡുകൾ മേശപ്പുറത്ത് അട്ടിവെക്കും.മഞ്ഞ നിറമുള്ള തുണിയുടെ പുറംചട്ടയുള്ള കാർഡുകൾ. കുറേക്കഴിഞ്ഞു ഈ കാർഡുകളുടെ അട്ടി അപ്പം മറിക്കുന്നപോലെ തിരിച്ചുവയ്ക്കും. ആദ്യം വന്നവരെ ആദ്യം വിളിക്കാനാണിത്.
“പിന്നെ ഒരു കാത്തിരിപ്പാണ്- നീണ്ട കാത്തിരിപ്പ് ” “……….

അതിനിടയിൽ റേഷൻ കടകളുടെ ഒരു ഭിത്തിയിൽ കുടുംബാസൂത്രണത്തിന്റെ ചുവന്ന ത്രികോണമുള്ള” കുട്ടികൾ അഞ്ചോ ആറോ മതി “എന്ന പരസ്യം പലവട്ടം വായിക്കും. സന്താന സൗഭാഗ്യം കൊണ്ടു ഒരു വിധം വീടുകളിൽ 8ഉം 10ഉം കുട്ടികളുമുണ്ടായിരുന്നു അന്ന്.
അക്കാലത്ത് കേരളം കാത്തിരുന്ന റേഷൻകടയറിയിപ്പുകൾക്ക് രണ്ടോ മൂന്നോ വാക്കേ നീളമുണ്ടാകൂ. ‘പഞ്ചസാര തീർന്നു’, ‘ഗോതമ്പ് അടുത്തയാഴ്ച’, ‘മണ്ണെണ്ണ 2 ലീറ്റർ മാത്രം’, ‘പച്ചരി ഇല്ല….’ ആ കാത്തിരിപ്പിനിടയിൽ വന്നവരുമായി നേരം പോക്കിന് കഥകളും പറയും. അവസാനം റേഷൻ കടക്കാരൻ ഗൃഹനാഥൻ്റെ പേരും വീട്ടുപേര് ചേർത്ത് ഉച്ചത്തിൽ അലറി വിളിക്കും. നമ്മുടെ പേരാണ് വിളിക്കുന്നതെങ്കിൽ നമുക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറെടുക്കാം .കാർബൺ പേപ്പർ വെച്ചാണ് ബില്ല് എഴുതുക. ബില്ലിലെ അക്ഷരങ്ങൾ ലോകത്തിലെ ഒരു ഭാഷാ പണ്ഡിതൻമാർക്കും ഇത് വരെ പിടികിട്ടിയിട്ടില്ല. അരിയും , ഗോതമ്പും, മാസ അവസാനമാണെങ്കിൽ പഞ്ചസാരയും, മണ്ണെണയും ഉണ്ടാവും. ബിൽ തുക നൽകിയാൽ ബാക്കി ചില്ലറ തരാനില്ലെങ്കിൽ കാർഡിൻ്റെ പിൻവശത്ത് ആ തുക രേഖപ്പെടുത്തി വെക്കും.ബില്ല് എഴുതുന്നതിനിടയിൽ അടുത്ത ചായ കടക്കാരൻ നേരത്തെ കൊണ്ട് വെച്ച തണുത്ത് പോയചായ അയാൾ പെട്ടെന്നെടുത്ത് കുടിക്കും.കടയിലെത്തിയ ചിലരോട് റേഷൻ കടകാരൻ ബാലൻ കെ നായർ ജയനോട് സംസാരിക്കുന്നത് പോലെ ചാടി കടിക്കുന്ന രീതിയിൽ സംസാരിക്കും മറ്റു ചിലരോട് പ്രേംനസീർ ഷീലയോട് സംസാരിക്കുന്നതു പോലെ മധുരമായി സംസാരിക്കുന്നതായും കാണാം.

ഓരോ റേഷൻ കടയിലും കടക്കാരന് വിശ്വസ്തനായ ഒരു സഹായി ഉണ്ടായിരിക്കും. ഒറ്റ കൈ കൊണ്ട് അരിപ്പാട്ട തൂക്കി അയാളുടെ ഒരു കൈയ്യിലെ മസിൽ മറു കയ്യിലെ മസിലിനേക്കാൾ ദൃഢപെട്ടിരിക്കുന്നതായി കാണാം. ഓരോ അരി മണിയും സ്വർണ്ണം തൂക്കുന്നതു പോലെ ആണ് അയാൾ തൂക്കുക. പുതിയ പഞ്ചസാര ചാക്ക് ആണ് എടുക്കുന്നതെങ്കിൽ തുന്നിയ നൂൽ പാവാടയുടെ വള്ളി വലിച്ച് ഊരുന്നത് പോലെ അയാൾ വലിച്ചൂരിയെടുക്കും. അത് പോലെ തന്നെ കാലി ആയ ചാക്കുകൾ കടയ്ക്ക് അകത്ത് ഭംഗിയായി മടക്കി വെക്കും.
അന്ന് പഞ്ചസാരയും അരിയും വരുന്ന ചക്കുകൾ ക്വിന്റൽ ചാക്കുകൾ എന്നാണ് വിളിച്ചിരുന്നത്. ഓരോ ചാക്കും നൂറു കിലോ കാണും. എല്ലാവർക്കും പൊക്കാൻ സാധിക്കാത്ത അത്രയും വലിയ ചാക്കിറക്കാൻ പ്രത്യേക ആൾക്കാർ ഉണ്ടായിരുന്നു. റേഷൻ കടക്കാർ വെട്ടിപ്പിന്റെ ആശാന്മാർ ആയിരുന്നു. പഞ്ചസാര തൂക്കുന്ന പാട്ടയുടെ നാലുമൂലക്കും കട്ടിപിടിച്ചിരുന്നിരുന്ന പഞ്ചസാര ഒരിക്കലും അവർ ക്ലീൻ ആക്കാൻ ശ്രമിച്ചിരുന്നില്ല. ഒരു കിലോ പഞ്ചസാര തൂക്കിയാൽ 900 ഗ്രാം എങ്കിലും കിട്ടുന്നവർ ഭാഗ്യവാന്മാർ ആയിരുന്നു. കാശിന്റെ കുറവുമൂലം ആ ആഴ്ചയിൽ ഒരാൾ തന്റെ വിഹിതം മുഴുവൻ വാങ്ങിച്ചില്ലെങ്കിലും മുഴുവനായി വാങ്ങിച്ചെന്ന് രേഖപ്പെടുത്തിയിരുന്നു. അതിൽ ഒരു കാർടുടമയും പരാതി പറഞ്ഞില്ല.

Advertisement

റേഷൻ കടയിലെ അരി തൂക്കുന്ന ത്രാസിന്റെ മുകളിലായി ഒരു ചെറിയ കല്ല് തൂക്കിയിട്ടതായി കാണാം. അത് എന്തിനാണ് തൂക്കിയിട്ടിരിക്കുന്നതെന്ന് അന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അരി തൂക്കുന്ന പാട്ടയുടെ തൂക്കത്തിനുള്ള കല്ലാണ് കെട്ടിത്തൂക്കുന്നത്. അതായത് ആ പാത്രത്തിന്‍റെ തൂക്കത്തിനുളള തൂക്കക്കട്ടി കിട്ടില്ലല്ലോ. അരി കിട്ടാത്ത നാളിൽ ഇരട്ടി അളവിൽ നെല്ല് കിട്ടുമായിരുന്നു. സൂചി ഗോതമ്പു് പൊടി, പാം ഓയിൽ, കോറത്തുണി ( കട്ടിയുള്ള മുണ്ട് ) എന്നിവയും കിട്ടിയിരുന്നു എന്നത് പുതിയ തലമുറകൾക്ക് അത്ഭുതം ആവും.
കിട്ടിയിരുന്ന തുണികൾ കട്ടിയുള്ള ഒറ്റക്കളർ തുണികൾ ആയിരുന്നു. പശമുക്കി വടിപോലെയിരിക്കുന്ന തുണികൾ അലക്കിൽക്കഴിഞ്ഞാൽ വലപോലെ ആയി മാറും. നിലവാരം കുറഞ്ഞ തുണികളെ ” റേഷൻ തുണിപോലെ” എന്നൊരു ചൊല്ല് ആ നാളുകളിൽ ഉണ്ടായിരുന്നു.
അരിയും പഞ്ചസാരയും , ഗോതമ്പും വാങ്ങി കഴിഞ്ഞാൽ മാത്രമാണ് മണ്ണെണ്ണ തരിക. വലിയ ഉരുണ്ട വീപ്പയിലെ മണ്ണെണ്ണയെ വളരെ സുക്ഷ്മതതോടെ പ്ളാസ്റ്റിക്കിൻ്റെ സുതാര്യമായ പെപ്പിലൂടെ അറബികൾ ഹുക്ക വലിക്കുന്നത് പോലെ വായ കൊണ്ട് വലിച്ച് മറ്റൊരു ചെറിയ പാത്രത്തിലാക്കുന്നു. വായിൽ കയറിയ മണ്ണെണ്ണ കാറിതുപ്പും. പിന്നീട് വലിയ കോളാമ്പി പോലുള്ള വലിയ കുനിൽ വച്ച്( ചോർപ്പ) പച്ചവെള്ളം പോലുള്ള മണ്ണെണ്ണ എല്ലാവർക്കും കന്നാസിൽ അളന്ന് കൊടുക്കുന്നു. മണ്ണെണ്ണ സൂക്ഷിച്ച വലിയ വീപ്പാക്കടുത്ത് ചിലപ്പോൾ നായകളെ കാണാം. അത് അവിടെ വന്ന ആളുകളെ അനുഗമിച്ച് വീട്ടിൽ നിന്നും വന്ന വളർത്ത് നായകൾ ആണ്.
അരിയും മറ്റ് സാധനങ്ങളും സഞ്ചിയിലാക്കി കെട്ടി തലയിൽ വെച്ച് ഒരു കൈകൊണ്ട് ചെറുതായി താങ്ങി പിടിക്കും. മറുകയ്യിൽ മണ്ണെണ്ണ കഴുത്തിൽ കയറുകെട്ടിയുണ്ടാക്കിയ കൊഴയിൽ തൂക്കി പിടിക്കും. നടത്തത്തിന് വേഗത കൂടുമ്പോൾ കുപ്പിയുടെ പുറത്ത് കൂടി ചിലപ്പോൾ മണ്ണെണ്ണ ഒലിക്കും. ചിലർ സാധനങ്ങൾ വാങ്ങി ഹെർക്കുലീസ് സൈക്കിളിൽ വെച്ച് ഗമയോടെ പോവുന്നതായി കാണാം. മറ്റു ചിലർ തലയിൽ അരി സഞ്ചിയും ഇടത്തേ കയ്യിൽ ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ഉണക്ക മീനും, വലത് കയ്യിൽ മണ്ണെണ്ണ കുപ്പിയുമായി കാവടിയാട്ടക്കാരെ പോലെ നടന്നു നീങ്ങുന്നതായി കാണാം.

ചാക്കരി വരുന്ന സമയം കടകളിൽ പതിവില്ലാത്ത തിരക്കായിരിക്കും. പച്ചരിയിൽ പലപ്പോഴും പുഴുവിന്റെ കൂടുകൾ വരെ ഉണ്ടാകുമായിരുന്നെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല. പലപ്പോഴും ചോറിന്റെ ദുർഗന്ധം “വാറ സോപ്പ് ” ( ബാർ സോപ്പിന് അങ്ങനാണ് പറഞ്ഞിരുന്നത് ) ഇട്ടു കഴുകിയാലും പോകില്ലായിരുന്നു. സാധനങ്ങളുമായി വീട്ടിലെത്താൻ ഏഴ് മണി ആവും. പുരയിലെത്തിയാൽ ആദ്യം കുപ്പിയിലെ മണ്ണെണ വീടിലെ കെടാറായ വിളക്കിൽ ഒഴിച്ച് അതിന് ജീവൻ വെപ്പിക്കും. പിന്നീട് ആ മണ്ണെണ വിളക്കിൻ്റെ വെളിച്ചത്തിൽ സഞ്ചിയിലെ അരി നാഴി കൊണ്ട് അളന്നെടുത്ത് മുറത്തിലാക്കി അരിയിൽ നിന്ന് കല്ലും, മണ്ണും ,ചെള്ളും മാറ്റി ചോറുണ്ടാക്കി തിന്നും . റേഷൻകടയോളം ചർച്ചാവിഷയമായ മറ്റൊന്നുകൂടി എൺപതുകളിൽ കേരളത്തിലെത്തി. മാവേലി സ്റ്റോറുകൾ! റേഷൻകടയിൽ കിട്ടാത്ത പാമോയിലായിരുന്നു അവിടുത്തെ ഗ്ലാമർ താരം. സെക്കൻഡ് ഷോ കഴിഞ്ഞ് റേഷൻകാർഡുമായി മാവേലി സ്റ്റോറുകൾക്കു മുന്നിൽ ക്യൂ നിന്നവർവരെ അക്കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ മാവേലി സ്റ്റോറിൽനിന്ന് വില കുറച്ചു വാങ്ങിയ പാമോയിലും പലചരക്കുമൊക്കെ തോളത്തു വച്ച് ദിഗ്വിജയം കഴിഞ്ഞ രാജകുമാരന്മാരെപ്പോലെ അവർ വീടുകളിലേക്ക് മടങ്ങി.
ചരിത്രം

1942-ല്‍ രണ്ടാം ലോക മഹായുദ്ധകാലയളവില്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട സാഹചര്യത്തില്‍ ജനങ്ങൾ നടത്തിയ സമരം മൂലം ബ്രിട്ടീഷ് ഭരണാധികാരികള്‍ അനുവദിച്ച് തുടക്കമിട്ടതാണ് കേരളത്തിലെ പൊതുവിതരണരംഗം. കേന്ദ്രം മിച്ച ഭക്ഷ്യധാന്യം ഏറ്റെടുത്ത് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനായിരുന്നു പ്രക്ഷോഭം.റേഷൻ സംവിധാനം തുടങ്ങുന്നതിനു മുമ്പ് തന്നെ 1957 ലെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലുള്ള അരിവിതരണം തുടങ്ങിയിരുന്നു. 1964ലെ ഭക്ഷ്യക്ഷാമ കാലംവരെ അത് തുടര്‍ന്നു.
1963ല്‍ എഫ് സി ഐ നിലവില്‍ വരികയും 64 അവസാനത്തോടെ റേഷന്‍ സംവിധാനത്തിനു രൂപം കൊടുക്കുകയും ചെയ്തു. അറുപതുകളില്‍ കേരളത്തെ ഞെരിച്ച ഭക്ഷ്യക്ഷാമത്തിന് അറുതി വരുത്താന്‍ 1965 ല്‍ തുടക്കമിട്ട റേഷന്‍ സംവിധാനത്തിന്റെ പങ്ക് പ്രധാനമായിരുന്നു. 1980 ൽ എത്തുമ്പോള്‍ രാജ്യത്ത് സ്തുത്യര്‍ഹമായ എല്ലാവർക്കും റേഷന്‍ കൊടുക്കുന്ന സമ്പ്രദായമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളം നേടി.

കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും, തുണിയും ഒക്കെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. റേഷൻ കടകളിൽ കൂടിയും, മാവേലി സ്റ്റോറുകൾ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സമ്പ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. 500 കുടുംബങ്ങൾക്ക് ഒരു റേഷൻ കട എന്ന രീതിയിൽ 1950-കൾക്ക്ശേഷം പ്രവർത്തിച്ച കേരളത്തിലെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം കേരളത്തിൽ വളരെയേറെ ഉയർത്തി. ‘ 2007ല്‍ സര്‍ക്കാര്‍ ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ് നല്‍കി.

2013 ൽ ആണ് കേന്ദ്ര ഗവണ്മെന്റ് ഭക്ഷ്യസുരക്ഷനിയമം പാസ്സാക്കിയത്. 2017 മുതൽ കേരളം ഈ നിയമമനുസരിച്ച് റേഷൻ വിതരണം നടപ്പാക്കിത്തുടങ്ങി. അർഹരായ എല്ലാ ജനങ്ങൾക്കും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
എപിഎൽ എന്നും ബിപിഎൽ എന്നുമൊക്കെ സമൂഹത്തെ വിഭജിച്ചു. ഈ പുതിയ കാലത്തും പല നിറത്തിൽ റേഷൻ കാർഡുകളുണ്ട്. പണ്ടത്തേതിൽ ഗൃഹനാഥനായിരുന്നെങ്കിൽ ഇന്ന് ഗൃഹനാഥയാണ് അതിന്റെ പരമാധികാരി.ഇപ്പോൾ അഞ്ചു കളറിലുള്ള റേഷൻ കാർഡുകൾ ഉണ്ട്. ഏറ്റവും അവസാനത്തെ ബ്രൗൺ കാർഡുകൾ അർഹരായ സന്യാസിനികൾക്കും, അച്ചന്മാർക്കും, വൃദ്ധസദനങ്ങളിൽ ഉള്ളവർക്കുമാണ്. ഇതിനിടയിൽ 1987 ൽ മണ്ണെണ്ണക്ക് പെർമിറ്റ്‌ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.
ഈ പെർമിറ്റിന് നമ്മുടെ നിത്യജീവതത്തിൽ ഇത്ര പ്രാധാന്യം ഉണ്ടെന്ന് ഇതിനുവേണ്ടിയുള്ള അഭൂതപൂർവ്വമായ തിരക്ക് ഓർക്കാൻ കഴിയുന്നവർക്ക് അറിയാം. ഈ മാസം മൂന്നുമാസത്തിൽ ഒരിക്കലാണ് ഇനി മണ്ണെണ്ണ ലഭിക്കുക. കാർഡിന്റെ തരം അനുസരിച്ച് 8 ലിറ്റർ മുതൽ അര ലിറ്റർ വരെയാണ് ലഭിക്കുക.

സ്മാർട്ട്‌ ആകുന്ന റേഷൻ കാർഡ് .

കാലം മാറുന്നതനുസരിച്ച് റേഷൻ കടയുടേയും കാർഡിന്റെയും കോലവും മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറുകയാണ്. ആധാർ കാർഡ് മോഡലിലുള്ള സ്മാർട്ട് റേഷൻ കാർഡ് ആണ് ഇനി മുതൽ ലഭിക്കാൻ പോകുന്നത്. ആധാർ കാർഡിന്റെ വലുപ്പത്തിൽ രണ്ടുവശത്തും പ്രിന്റ് ചെയ്ത് കാർഡുകളിൽ ഫോട്ടോ പതിച്ച രീതിയിലാകും പുതിയ സ്മാർട്ട് റേഷൻ കാർഡ്.

Advertisement

റേഷൻ കട ഒരു മിനി ബാങ്ക്

കേരളത്തിലെ റേഷന്‍ കടകളില്‍ ബാങ്കിങ്ങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നു. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളെ സമീപിച്ചാല്‍ മതിയാവും . ഏഴ് ജില്ലകളിലെ തിരഞ്ഞെടുത്ത 100 റേഷന്‍ കടകളെയാണ് ആദ്യഘട്ടത്തില്‍ മിനി ബാങ്കുകളാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഇതിനാവശ്യമായ പരിശീലനം കാനറ ബാങ്ക് നല്‍കും.

e റേഷൻ കാർഡ്

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഓൺലൈൻ ആയി അപ്ലിക്കേഷൻ കൊടുത്താൽ എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പ്രിന്റ് ചെയ്തെടുക്കാൻ പറ്റും

സമർപ്പണം – റേഷൻ കടയിൽ വരി നിന്ന് അരി വാങ്ങി ചോറ് തിന്നവർക്ക്…

(കടപ്പാട് Saju Joseph)

 70 total views,  1 views today

Advertisement
Advertisement
Entertainment12 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment2 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement