സിനിമ; സുവ്യക്തമായി നായർ, മേനോൻ അധീശത്വം ഉള്ള ഇടം തന്നെയാണ്, അനിൽ രാധാകൃഷ്ണൻ മേനോൻ ജാതിരോഗികളുടെ പ്രതിനിധി മാത്രമാകുന്നു

270

Reshmi Kelu എഴുതുന്നു 

“ലംസം ഗ്രാന്റ് വാങ്ങുന്നവരെല്ലാം പുറത്തേക്ക് ചെല്ല്!… “

ക്ലാസ് ടീച്ചർ ഉച്ചത്തിൽ വിളിക്കുമ്പോൾ ഉറുമ്പിൻകൂട്ടം പോലെ വരിവരിയായി ഒരു കൂട്ടം കുട്ടികൾ പുറത്തേക്ക് നടക്കും. തങ്ങളിൽ നിന്ന് എന്തോ കുറവുള്ള ഒരു പറ്റമാണ് ആ പോകുന്നത് എന്നൊരു അദൃശ്യവിചാരം ആ നിമിഷം മറ്റുള്ളവരിലേക്ക് കുത്തിവയ്ക്കപെടും.

“കുഴിമ്പിലാണോ വീട്? എന്നാൽ ചോദിച്ചിട്ട് കാര്യമില്ല, അവിടിരുന്നോ…”
എന്ന് പലരേയും പല വട്ടം അദ്ധ്യാപകർ ഉപേക്ഷിച്ചിട്ടുണ്ട്! അനുസരണക്കേടിന്റെ, അജ്ഞതയുടെ, ദാരിദ്ര്യത്തിന്റെ പര്യായമായി ‘കുഴിമ്പ്’ എന്ന തൊഴിലാളി കോളനി പലതവണ തലതാഴ്ത്തി നിർത്തപ്പെട്ടു. മണൽ തൊഴിലാളികൾ, വിറക് വെട്ടുകാർ, കൂലിപ്പണിക്കാർ… തുടങ്ങി സാമ്പത്തികമായും സാമൂഹികമായും താഴേക്കിടയിലുള്ള തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരിടമാണ് കുഴിമ്പ് എന്നറിയപ്പെടുന്ന നേര്യമംഗലം പാലത്തിന്റെ സമനിരപ്പിൽ നിന്നും റോഡിന് താഴെയുള്ള കോളനി. അത്തരം പല കോളനികൾ നേര്യമംഗലത്തിന് സ്വന്തമായുണ്ട്. ഇത് എന്റെ സ്‌കൂളിന്റെ, എന്റെ നാടിന്റെ മാത്രം പ്രശ്നമായിരിക്കില്ല. ഇത്തരം എത്രയോ, സ്‌കൂളുകൾ, ഗ്രാമങ്ങൾ, പട്ടണങ്ങൾ …കൂടിച്ചേർന്നതാണ് കേരളം! നിഷ്കളങ്കരായ കുട്ടികൾക്ക് കുടുംബത്തിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നും, മതപഠനക്ലാസുകളിൽ നിന്നും ജാതിചിന്തയുടെ വിത്തുകൾ കിട്ടുന്നത് എങ്ങനെയാണ് എന്ന് പറയാൻ ശ്രമിക്കുകയായിരുന്നു.

ചുരുക്കത്തിൽ, ഒരു ജാതിവ്യവസ്ഥയും നിലനിൽക്കാത്ത ഒരു സമത്വസുന്ദര കേരളത്തിലേക്ക് പെട്ടന്ന് വന്നുപെട്ട പ്രശ്നമല്ല ശ്രീ.ബിനീഷ് ബാസ്റ്റിൻ എന്ന നടന് നേരിട്ട അപമാനം എന്നു പറയുകയായിരുന്നു. സ്‌കൂളുകൾ, മെഡിക്കൽ കോളേജുകൾ, സർവ്വകലാശാലകൾ, ആതുരാലയങ്ങൾ, കൗണ്സലിംഗ് സെന്ററുകൾ, ബസുകൾ, ലോറികൾ, ഹോട്ടലുകൾ… എന്തിന്, പെട്ടിക്കടകൾ പോലും ദൈവങ്ങളുടെ, വിശുദ്ധകളുടെ/വിശുദ്ധന്മാരുടെ പേരിൽ നിലനിൽക്കുന്ന ഒരു നാട്ടിൽ ഇരുന്നുകൊണ്ടാണ് നാം ഈ യുവനടന്റെ അപമാനം ചർച്ച ചെയ്യുന്നത് എന്നതാണ് ഫലിതം! നായർ മാട്രിമോണി, ഈഴവമാട്രിമോണി… മുതൽക്കുള്ള മാട്രിമോണികളും, പത്രത്തിലെ ക്ളാസിഫൈഡ്‌സ് പേജുകളും മറന്ന് കൊണ്ട് ഒരു ചർച്ച മുന്നോട്ട് പോവില്ല. അതുകൊണ്ട്, ജാതിചിന്തയ്ക്ക് പുറത്തുള്ള ഒരു പ്രബുദ്ധതയിലേക്ക് വളരാനുള്ള പക്വത ഇനിയും കേരളത്തിനായിട്ടില്ല എന്നതാണ് സത്യം എന്ന് നിർബന്ധപൂർവ്വം അംഗീകരിക്കാൻ ഓരോരുത്തരും ഒരുങ്ങുക. എന്തുകൊണ്ടാണ് പൗരോഹിത്യവും രാഷ്ട്രീയനേതൃത്വങ്ങളും ആവും വിധം പങ്കിട്ടെടുത്ത് ‘വേണ്ട വിധത്തിൽ’ ഉപയോഗിക്കുന്ന ജാതിത്തലച്ചോറുകൾ ഉണ്ടാകുന്നത് എന്ന് അപ്പോൾ പിടികിട്ടും.

സിനിമ; സുവ്യക്തമായി നായർ, മേനോൻ അധീശത്വം ഉള്ള ഇടം തന്നെയാണ്. ഇന്നോളം ഒരു കറുത്ത നായിക ഉണ്ടായിട്ടില്ലാത്ത, ഇപ്പോഴും ഒറ്റപ്പാലം നായരെ ആരാധിക്കുന്ന ചന്ദന മണമുള്ള വെള്ളിത്തിരയുടെ കേളീപ്രതലം! അതിലപ്പുറം സിനിമയ്ക്ക്, കക്ഷി രാഷ്ട്രീയത്തെപ്പോലും നാണിപ്പിക്കുന്ന കുതികാൽവെട്ടിന്റെ ചരിത്രം പറയാനുണ്ടാവും.

ബിനീഷ് ബാസ്റ്റിൻ, താങ്കളുടെ പ്രതികരണത്തിന് ആയിരം അഭിനന്ദനങ്ങൾ സുഹൃത്തേ.. ! താങ്കൾ അപമാനിതരായിട്ടുള്ള അനേകം പേർക്ക് വേണ്ടികൂടിയാണ് ശബ്ദിച്ചത്. ഈ സംഭവം ഒരു ഈഗോക്ലാഷ് മാത്രമായി അവതരിപ്പിക്കപ്പെടരുത്. കാരണം, ജീവിതത്തിൽ ഒരിക്കലെങ്കിലും ജാതീയമായും, തൊഴിൽപരമായും തരംതാഴ്ത്തപ്പെടുമ്പോൾ പ്രതികരിക്കേണ്ടി വന്നിട്ടുള്ളവർക്ക് മാത്രമേ വേദന മനസിലാവൂ.

അനിൽ രാധാകൃഷ്ണൻ മേനോൻ ജാതിരോഗികളുടെ പ്രതിനിധി മാത്രമാകുന്നു. ആത്മഗതം ഉച്ചത്തിൽ ആയിപ്പോയ ‘പ്രബുദ്ധമലയാളി’. സമ്പത്തിന്റെയും, ജാതി ലാളനയുടെയും പരിലാളനത്തിൽ തഴച്ചു വളർന്ന അനേകം പേരുടെ പ്രതിനിധി. “ഫൂൾ ആണെങ്കിലും ജീനിയസുകൾക്കിടയിൽത്തന്നെ ആരോ ആണ് താനെന്ന് ഇപ്പോഴും വിശ്വസിക്കുന്ന മണ്ടൻ തലച്ചോറിന്റെ ഉടമ!”