പൊതുസമൂഹം ആദ്യമേ മനസ്സിലാക്കേണ്ട ഒരു കാര്യം സെറിബ്രൽ പാൾസി ഒരു രോഗമല്ല എന്നുള്ളതാണ്

28

Resmi Pathmaragam

ഇന്ന് ലോക സെറിബ്രൽ പാൾസി ദിനം.

ദിനാചരണങ്ങൾ ഓരോന്ന് കടന്നു പോകുമ്പോഴും, ആചരിക്കലിനേക്കാൾ ആവശ്യം സമൂഹത്തിൻ്റെ മനോഭാവത്തിലുള്ള മാറ്റമാണെന്ന ഓർമ്മപ്പെടുത്തലോടെ ഒന്ന് പറഞ്ഞോട്ടെ.ഓരോ കുട്ടിയുടേയും ജനനത്തിന് മുമ്പോ, ജനനസമയത്തോ,ജനനശേഷമോ, മസ്തിഷ്കത്തിൽ ഉണ്ടാകുന്ന തകരാറുകളുടെ അനന്തര ഫലമാണ് സെറിബ്രൽ പാൾസി. പൊതുസമൂഹം ആദ്യമേ മനസ്സിലാക്കേണ്ട ഒരു കാര്യം _ ഇതൊരു രോഗമല്ല എന്നുള്ളതാണ്. തലച്ചോറിന് സംഭവിക്കുന്ന ക്ഷതത്തിൻ്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് കുട്ടികളിൽ ചലനപരമായ പ്രശ്നങ്ങളോടൊപ്പം ,സംസാരശേഷി പ്രശ്നങ്ങൾ, ബുദ്ധിക്കുറവ് ,വൈകാരിക പ്രശ്നങ്ങൾ, അപസ്മാര സാധ്യത [ എല്ലാ കുഞ്ഞുങ്ങളിലും ഒരുപോലെ അല്ല ] എന്നിവ ഉണ്ടാകും. എത്രയും നേരത്തെ കണ്ടെത്തി, വിദഗ്ദ്ധരുടെ ഇടപെടലുകൾ മൂലം കുഞ്ഞുങ്ങളെ സ്വയം പര്യാപ്തരാക്കാൻ നമുക്ക് കഴിയും.

ഓരോ കുഞ്ഞിൻ്റെയും CP തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അവരുടെ പരിമിതിയിൽ നിന്നു കൊണ്ട് മുന്നോട്ട് നയിക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ നമ്മൾ രക്ഷിതാക്കൾക്ക് സാധിക്കും .അനുഭവത്തിൻ്റെ നേർക്കാഴ്ചയിൽ നിന്നു കൊണ്ട്, ഞങ്ങളുടെ അയ്യപ്പൻ ഈ അവസ്ഥയെ ഒരു പരിധിവരെ മറികടന്ന സന്തോഷത്തിൽ തന്നെ പറയട്ടെ, എത്രയും നേരത്തെ ചികിത്സാ രീതികൾ സ്വീകരിക്കുകയും, അത്യധികം ക്ഷമയോടെ ,കുഞ്ഞ് സ്വതന്ത്രമായി ഓരോ കാര്യങ്ങളും ചെയ്യുന്നത് വരെ തെറാപ്പികൾ തുടരുകയും ചെയ്യണം.ഒന്നോ, രണ്ടോ ദിവസം ചെയ്ത ശേഷം, പിന്നീട് മുടങ്ങി, കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും ചെയ്യുന്നരീതി ഒരിക്കലും സ്വീകാര്യമല്ല. ചികിത്സാ രീതികൾ തുടർച്ചയായി, എല്ലാദിവസവും ചെയ്താലേ അതിൻ്റെ ഗുണം ലഭിക്കുകയുള്ളൂ. [അയ്യപ്പൻ്റെ അനുഭവത്തിൽ നിന്നും പറയട്ടെ, speech therapy വേണ്ട സമയത്ത്, മെച്ചപ്പെട്ട രീതിയിൽ ലഭിക്കാത്തതിനാലാണ് ഇന്നും അവൻ്റെ ഭാഷ മറ്റുള്ളവർക്ക് വ്യക്തമാകാത്തത് ]
ഇനിയും പ്രീയ സമൂഹത്തിനോട്, കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് ഘോഷിക്കപ്പെടുമ്പോഴും, നമ്മളിൽ പലർക്കും ഭിന്നശേഷിയുള്ളവരുമായി ഇടപഴകുവാനും, അവരെ ഒപ്പം കൂട്ടുവാനും സന്ദേഹമുള്ളതായി കണ്ടു വരുന്നു.

അവരും ഈ സമൂഹത്തിൽ എല്ലാ സ്വാതന്ത്യത്തോടെയും ജീവിക്കേണ്ട വ്യക്തികളാണ്. പ്രയാസങ്ങളുടെ പേരിൽ ആരും പരിഹസിക്കപ്പെടാൻ പാടില്ല. അവരെ സൗഹൃദത്തോടെ കേൾക്കാൻ [സഹതാപത്തോടെയല്ല ] ,ശ്രദ്ധിക്കാൻ ഓരോ വ്യക്തിയും തയ്യാറാകണം. അവർക്കുള്ള സാമൂഹിക സുരക്ഷിതത്വം, എല്ലാ തലങ്ങളിലും ലഭ്യമാകാൻ ഓരോ വ്യക്തിയും ശ്രദ്ധിച്ചെങ്കിൽ മാത്രമേ ,അതിൻ്റെ ഗുണഫലം ലഭിക്കുകയുള്ള.

പ്രീയപ്പെട്ടവരേ,,, നിങ്ങൾക്കറിയാമോ!? സ്വന്തം കുഞ്ഞിൻ്റെ ഒരു ചെറുപുഞ്ചിരിക്കു വേണ്ടി, അവൻ്റെ നാവിൽ നിന്നും ആദ്യമായി കേൾക്കുന്ന അമ്മേ / അച്ഛാ വിളിക്കു വേണ്ടി, സ്വതന്ത്യമായി അവരൊന്ന് നടക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന, അങ്ങനെയങ്ങനെ അവരിലുണ്ടാകുന്ന ഓരോ മാറ്റവും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളാക്കി മാറ്റുന്ന ഒരു പാട് രക്ഷിതാക്കൾ ,( ജീവിതമേ ക്വാറൻ്റൈനിൽ ആയവർ ] നിങ്ങൾക്ക് ചുറ്റുമുണ്ട്. അവരെ ഒപ്പം ചേർത്തു നിർത്താൻ ശ്രമിക്കൂ, നിങ്ങളിലെ നന്മയിലെ ഒരംശം അവർക്കായും നൽകൂ.ലോകത്തെ / സമൂഹത്തെ പാടേ മാറ്റിയെടുക്കാൻ സാധിക്കില്ലെന്നറിയാം.എങ്കിലും ഒന്ന് പറഞ്ഞോട്ടെ, ഭിന്നശേഷിക്കാർക്ക് ഒന്നും പറ്റില്ല എന്നല്ല നിങ്ങൾ ചിന്തിക്കേണ്ടത്.അവർ ഏതെങ്കിലും മേഖലയിൽ മികവുകാട്ടിയാൽ ,കുട്ടിയെ promote ചെയ്യാനായി. അമ്മ / അച്ഛൻ ചെയ്യുന്നത് എന്നൊരിക്കലും ചിന്തിക്കേരുത്.(സ്വാനുഭവം) .

കഴിവുകൾ മറ്റുള്ളവർക്കെന്ന പോലെ തന്നെ ,ഞങ്ങളുടെ മക്കളിൽ ചിലർക്കും ഈശ്വരൻ നൽകി യിട്ടുണ്ട്, എന്ന സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ.ദിന്ന ശേഷിയിലെ ഒരോ അവസ്ഥയും വ്യത്യസ്തമാണെന്ന സത്യം ഉൾക്കൊള്ളാൻ നമ്മളിൽ ഓരോരുത്തർക്കും കഴിഞ്ഞാൽ, ഈ കുഞ്ഞുങ്ങളും അവരുടേതായ വ്യക്തിത്വമുള്ളവരാണെന്ന് തിരിച്ചറിഞ്ഞ്, അതനുസരിച്ച് പെരുമാറാൻ ഓരോരുത്തരുടേയും മനസ്സ് പാകമാകുമ്പോൾ മാത്രമാണ് നമ്മുടെ കൊച്ചു കേരളം ഭിന്നശേഷി സൗഹൃദമാകുന്നത്.
“ഓരോ മനസ്സും മാറട്ടെ നന്മ പകരട്ടെ ” സ്നേഹപൂർവം എൻ്റെ എല്ലാമക്കൾക്കും വേണ്ടി,അയ്യപ്പൻ്റമ്മ.