സഹജീവികളോടുള്ള സ്നേഹം മനുഷ്യന് വേണ്ട ഏറ്റവും നല്ല ക്വളിറ്റിയാണ് . നിർഭാഗ്യവശാൽ പലർക്കും അതിനിയും മനസിലായിട്ടില്ല. വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നത് ജാഡയായും പൊങ്ങച്ചമായും കരുതുന്നവരുണ്ട്. എന്നാൽ അതല്ല, നല്ല മനസുകൾക്ക് മാത്രമേ അത് സാധ്യമാകൂ. രശ്മി സ്റ്റാലിൻ എഴുതിയ ഈ കുറിപ്പിൽ നമ്മൾ അക്കാര്യത്തെ കുറിച്ച് മനസിലാക്കേണ്ടതായ എല്ലാമുണ്ട്.
Resmi Stalin എഴുതുന്നു
ചില മനുഷ്യരുണ്ട് സ്വന്തംകാര്യം സിന്ദാബാദ് …!! ഒരു പട്ടിയ്ക്കോ പൂച്ചയ്ക്കോ എന്തിന് ഒരു പറവയ്ക്ക് സ്വല്പം ദാഹജലം കൊടുക്കില്ല . ആരെങ്കിലും ഇതൊക്കെ ചെയ്താല്‍ അവരെ പരമാവധി കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ഈ ഭൂമിയിലെ ഏറ്റവും നന്ദികെട്ട ജീവി മനുഷ്യന്‍ മാത്രമാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും . നമ്മളെ സഹായിച്ചിട്ടുള്ളവരെയെല്ലാം നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കും . നമുക്ക് കുറച്ച് ക്യാഷും കൂടി ആയാല്‍ പിന്നെ നമ്മള്‍ വന്നവഴിയൊക്കെ ആലോചിക്കുന്നതോ ആരെങ്കിലും പറഞ്ഞ് കേള്‍ക്കുന്നതോ പോലും നമുക്ക് പിടിക്കില്ല .പക്ഷെ ജീവികളുടെ സ്നേഹം അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ് . ഇത്രയും ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായി ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ സ്നേഹിക്കില്ല .
ഇടുക്കി സ്വദേശിനി ആര്യ, ജാഡയും പത്രാസും കാണിക്കാനോ വാര്‍ത്തകളില്‍ ഇടം പിടിക്കാനോ ആകില്ല ആ നായയെ കൂടെ കൂട്ടിയത് . അരുമയായി വളര്‍ത്തുന്ന ഒരു ജീവിയേയും നല്ലൊരു മനുഷ്യനും ഉപേക്ഷിച്ച് പോകാന്‍ ആകില്ല. ചില നായകള്‍ അതിനെ വളര്‍ത്തുന്ന ആളല്ലാതെ വേറെ ആര് എന്തു ഭക്ഷണം കൊടുത്താലും കഴിക്കില്ല .
എന്റെ സര്‍ജറിയ്ക്ക് ശേഷം ഞങ്ങള്‍ 2015 നവംബറില്‍ ബംഗളൂരുവിന് പോയപ്പോള്‍ , എന്റെ പെറ്റ് ഡോഗായിരുന്ന ജിമ്മിയെന്ന GSD ന്റെ വെറും ഒരു മാസം പ്രായമുള്ള അച്ചു എന്ന നായക്കുട്ടിയെ കൂടി കൂടെ കൂട്ടി . ബംഗളൂരുവിലെ ഞങ്ങടെ വാടക വീട്ടില്‍ ഞങ്ങളവളെ വളര്‍ത്തി . തൊട്ടടുത്ത മാസത്തെ ചെക്കപ്പിനായി ഞങ്ങള്‍ എറണാകുളം വന്നപ്പോള്‍ അവളെ തൊട്ടടുത്ത ഫ്ളാറ്റിലെ ചേട്ടന്മാരെ ഏല്‍പ്പിച്ചു. പാലും അവള്‍ ഡെയ്ലി കഴിക്കുന്ന എല്ലാ ഫുഡും ഞങ്ങള്‍ വാങ്ങി അവരെ ഏല്‍പ്പിച്ചു . പക്ഷെ ഞങ്ങള്‍ തിരികെ ചെല്ലുന്നതുവരെ അവള്‍ ഒരു തുള്ളി പാല് പോലും കുടിച്ചില്ല . പിന്നീടുള്ള എല്ലാ ചെക്കപ്പിലും ഞങ്ങള്‍ അവളെ കൂടി കൂട്ടി . അതിനായി ട്രെയിന്‍ ഒഴിവാക്കി കാറില്‍ അത്രയും ദൂരം വരേണ്ടി വന്നു . എങ്കിലും അവള്‍ ഞങ്ങള്‍ക്കൊപ്പം വളരെ സന്തോഷവതിയായി ഇരിക്കുന്നതായിരുന്നു ഞങ്ങടെ സന്തോഷം. ഇങ്ങനെയൊക്കെ ചിലവ് ചെയ്ത് ജീവിച്ചതിനാലാണ് ഞങ്ങള്‍ പാപ്പരായി പോയതെന്ന് വേണമെങ്കില്‍ പറയാം , എങ്കിലും നമ്മള്‍ കഴിക്കുന്നതുപോലെ മൂന്നുനേരം വേറൊരു ജീവിക്കും വയറു നിറയെ കൊടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് .
ഒരു നായയെ വളര്‍ത്തുമ്പോള്‍ അതിന് വേണ്ട സോപ്പ്, ഷാംപു , കോംബ് , പാത്രങ്ങള്‍ , ബെഡ് , ലീഷ് , കോളര്‍ , മരുന്നുകള്‍ , ഫുഡ് , വാക്സിനേഷന്‍ , കെയറിംഗ് അങ്ങനെ ഒരുപാട് ചിലവുകള്‍ വരും .പക്ഷെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും ബെസ്റ്റ് മെഡിസിനുകളാണ് പെറ്റ്സ് പ്രത്യേകിച്ച് നായകള്‍ . ചിലപ്പോഴൊക്കെ എന്റെ അച്ചു എന്നെ അല്‍ഭുതപ്പെടുത്താറുണ്ട് . 2018 -ല്‍ എന്റെ കാല് ഇന്‍ഫക്ഷനായി കിടന്നപ്പോള്‍ അവളെന്റെ റൂമിലേക്ക് പോലും വന്നില്ല . എനിയ്ക്ക് വേദന കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ അവള്‍ എന്റെ ബെഡ്ഡില്‍ കയറുകയോ എന്നോട് കളിക്കാന്‍ വരുകയോ ഇല്ല . ഞാന്‍ ഗ്ളൂമിയായിരുന്നാല്‍ അവളും ഒട്ടും ഹാപ്പിയാകില്ല . ചില ദിവസങ്ങളില്‍ വേദന കാരണം ഉപ്പൂറ്റി നിലത്ത് കുത്താന്‍ പറ്റില്ല . ഞാന്‍ റൂമീന്ന് കിച്ചണിലേക്കോ ഹാളിലേക്കോ പോകുന്ന വഴിയില്‍ വല്ലോം അവള്‍ കിടക്കുകയാണെങ്കില്‍ വഴി ബ്ളോക്ക് ചെയ്യാതെ പെട്ടന്ന് എഴുന്നേറ്റു മാറും . അവളെ കുളിപ്പിക്കുമ്പോള്‍ , അവളുടെ പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ , അവളുടെ ശരീരം ചീകി വൃത്തിയാക്കുമ്പോള്‍ അങ്ങനങ്ങനെ അവളുടെ ഓരോ കാര്യങ്ങളും ചെയ്യുമ്പോള്‍ അവള്‍ കണ്ണിലേക്ക് കണ്‍ ചിമ്മാതെ നോക്കും . അവളുടെ പല തരത്തിലുള്ള സൗണ്ടുകള്‍ എന്തിനൊക്കെയാണെന്ന് എന്നെപോലെ വേറെ ആര്‍ക്കും കൃത്യമായി അറിയില്ല .ഞാന്‍ പുറത്തെവിടെങ്കിലും പോയി വരുമ്പോള്‍ അവള്‍ ഓടി വന്ന് ബാഗൊക്കെ മണപ്പിക്കും . അവളുടെ പ്രതീക്ഷ തെറ്റിക്കാതെ എപ്പോഴും ഞാന്‍ എന്തെങ്കിലും കരുതും .
പൂച്ച , പട്ടി , പക്ഷികള്‍ അങ്ങനെ എല്ലാത്തിനേയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണ് .. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് , ജോലി ചെയ്യുന്ന സ്വാമില്ലിനടുത്ത് പെറ്റുകിടക്കുന്ന പട്ടിയ്ക്ക് അഡീഷണല്‍ ചോറ് പൊതിയുമായി പോകുന്ന അച്ഛനെ എനിയ്ക്ക് മറക്കാന്‍ കഴിയില്ല . പക്ഷെ പട്ടിയായാലും പൂച്ചയായാലും എങ്ങനെയാണ് വൃത്തിയായും അനുസരണയോടും കൂടി സ്റ്റാന്‍ഡേര്‍ഡായി വളര്‍ത്തേണ്ടതെന്ന് എനിയ്ക്ക് കാണിച്ചു തന്നത് എന്റെ ഏട്ടനാണ് .ഞങ്ങടെ വീട്ടില്‍ വരുന്ന എല്ലാ പക്ഷികള്‍ക്കും ഞങ്ങള്‍ പച്ചരിയും ചോറും ഗോതമ്പും വെള്ളവും കൊടുക്കും .വിശന്ന് വരുന്നവര്‍ ആരായാലും അവര്‍ക്ക് വയറു നിറയെ ആഹാരം കൊടുക്കും .
ഈ പ്രപഞ്ചം നമ്മുടേത് മാത്രമല്ല , നമ്മളെ പോലെ എല്ലാത്തിനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട് . ഏറ്റവും ബുദ്ധിയും വകതിരിവുമുള്ള മനുഷ്യനാണ് അത് മനസിലാക്കേണ്ടത് . നന്മയും സഹജീവി സ്നേഹവുമുള്ള മനുഷ്യര്‍ ഇവിടെ വേണ്ടുവോളമുള്ളതിനാലാണ് എന്തൊക്കെ വന്നിട്ടും ഈ ഭൂമി അപ്പാടെയങ്ങ് അസ്തമിച്ച് പോകാത്തത് .നമ്മളെ കൊണ്ട് ഒന്നിനും ആശ്രയം കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട .ചെയ്യുന്നവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യാതെയെങ്കിലുമിരുന്നു കൂടെ ? ജീവന്‍ അത് എല്ലാത്തിനും ഒരേപോലെയാണ് .യുദ്ധ മുഖത്തും എല്ലാ ജീവനുകള്‍ക്കും തുല്യവിലയാണ് .സ്നേഹം കൊടുത്താല്‍ ഇരട്ടിയായി കിട്ടും ,പക്ഷെ ഉള്ളു തുറന്ന് കൊടുക്കണമെന്നു മാത്രം ….😊
ആര്യ തീര്‍ച്ചയായും മനസില്‍ കാരുണ്യമുള്ള കുട്ടിയാണ് .തീര്‍ച്ചയായും ഒരു ഡോക്ടര്‍ ആകാന്‍ യോഗ്യതയുള്ളവള്‍ . സെെറയും ആര്യയും തമ്മിലുള്ള ലൗ ബോണ്ട് അത്രയ്ക്ക് ശക്തമാണ് .അവരുടെ സ്നേഹം എന്നും എപ്പോഴും അങ്ങനെ തന്നെ ശക്തമായിരിക്കട്ടെ .ആര്യയ്ക്കും സെെറയ്ക്കും എല്ലാ നന്മകളും ആശംസിക്കുന്നു .