കോൺഗ്രസ്സ് തകരുന്നത് ഒരിയ്ക്കലും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചകമല്ല

191

Resmitha Ramachandran

കോൺഗ്രസ്സ് തകരുന്നത് ഒരിയ്ക്കലും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചകമല്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുമെത്തുന്ന പാർട്ടി സ്ട്രക്ച്ചറുള്ള, ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന, പണ്ഡിറ്റ് നെഹ്രു എന്ന മത നിരപേക്ഷ നേതാവിൻ്റെ പെരുമ പേറുന്ന ഈ പാർട്ടിയ്ക്കാണ് ഇന്നും സംഘപരിവാരത്തിനെ നേരിടാൻ ഏറ്റവും സാധ്യതകളുള്ളത്. സംഘ പരിവാരം പ്രചരിപ്പിയ്ക്കുന്ന എല്ലാ പിൻതിരിപ്പൻ ആശയങ്ങൾക്കും ഗുണനച്ചിഹ്നം ഇട്ടാൽ എതിർ ഭാഗത്ത് എഴുതാൻ പറ്റുന്നത് നെഹ്രു എന്ന പേരാണ്. അതു കൊണ്ട്, കോൺഗ്രസ്സിനെ സംഘ പരിവാരം ക്ഷീണിപ്പിയ്ക്കുമ്പോഴൊക്കെ ട്രോളുകൾ ഇറക്കാൻ തോന്നാറില്ല. കോൺഗ്രസ്സിൻ്റെ മുൻ കാലങ്ങളിൽ ഉജ്ജ്വലമായ ക്ഷുഭിത യൗവ്വനത്തിൻ്റെ ചരിത്രമുണ്ട് – നെറികേടുകളെ നേരം നോക്കാതെ ചോദ്യം ചെയ്ത ചരിത്രം! ഒരു കൂട്ടം ചെറുപ്പക്കാർ അന്നത്തെ വൃദ്ധ നേതൃത്വത്തിൻ്റെ മുൻപിൽ ചെന്ന് ഇനിയും നിങ്ങൾ സ്ഥാനങ്ങൾ കൈയ്യടക്കി വച്ച് യയാതിമാരായിരിയ്ക്കുന്നത് ശരിയല്ല എന്നു പറഞ്ഞു, ആ നേതൃത്വം സംയമനത്തോടെ അതൊക്കെ അംഗീകരിയ്ക്കുകയും ചെയ്തു. എ.കെ ആൻ്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ വിരൽ ചൂണ്ടാൻ മടിക്കാത്ത ഇന്നലെയുടെ അഭിമാന നാമങ്ങളാണ്. അവർ മന്ത്രിമാരും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരുമായ പ്രായം നോക്കൂ. വി.ഡി.സതീശനിൽ തുടങ്ങുന്ന ഇന്നത്തെ യുവനിരയേയും നോക്കൂ… എന്തുകൊണ്ടാണ് യുവ നിരയ്ക്ക് ഇനിയും നിലവിലുള്ള കോൺഗ്രസ്സ് നേതൃത്വത്തെ കൺവിൻസ് ചെയ്യാൻ സാധിയ്ക്കാത്തത്? അല്ലെങ്കിൽ യുവാക്കളിൽ കൺവിൻസ്ഡ് ആകാത്തതുപോലെ നിലവിലുള്ള നേതാക്കൾ നടിയ്ക്കുന്നത്? ചെറുപ്പക്കാരുടെ യൗവ്വനം വീണ്ടും വീണ്ടും തട്ടിയെടുക്കുന്ന യയാതിമാരാണോ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൻമാർ? കാലത്തിൻ്റെ ചുവരെഴുത്തുകൾ കാണാതെ പോകുന്ന കോൺഗ്രസ്സിൻ്റെ അന്ധതയ്ക്ക് ഉടനടി ചികിത്സ ആവശ്യമല്ലേ?!