ഏതെങ്കിലുമൊരു മതഭ്രാന്തൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് താനും അവസാനിച്ചേക്കുമെന്ന അറിവോടുകൂടെത്തന്നെയാണ് അയാൾ നമ്മോട് ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നത്

857

Resmitha Ramachandran എഴുതുന്നു

പി ആർ സുനിലിനെ എനിക്ക് അടുത്തറിയില്ല, കാണുമ്പോഴുള്ള ചെറിയ ചിരിയ്ക്കും രണ്ടു വാക്കിലെ കുശലത്തിനുമപ്പുറം ഒരു ചായയിലേക്ക് പോലും സൗഹൃദം വളർന്നിട്ടില്ല. പക്ഷേ, ദില്ലിയിലെ തെരുവുകൾ ഭ്രാന്തമായപ്പോൾ സമചിത്തതയോടെ നേരിന്റെ നാവായ് ആ പത്രപ്രവർത്തകൻ മാറുന്നത് കണ്ടു.

തെരുവുകൾ കത്തിച്ചതാരെന്നും മീനാരങ്ങൾ തകർത്തതെങ്ങനെയെന്നും മാധ്യമ പ്രവർത്തകരായ ആണുങ്ങളുടെ ജനനേന്ദ്രിയം അക്രഡിറ്റേഷൻ കാർഡുകളായി എങ്ങനെ മാറിയെന്നും അയാൾ പറഞ്ഞു. അയാൾക്കു ചുറ്റും ആളുകൾ ഭീതിയോടെ പരക്കം പായുന്നതും പ്രാണനു വേണ്ടി യാചനകൾ ഉയരുന്നതും കുഞ്ഞുങ്ങൾ അനാഥമാകുന്നതും ശവം കരിഞ്ഞമണത്തിന് വേണ്ടികഴുകന്മാർ ഘ്രാണിക്കുന്നതും നാമറിഞ്ഞു. ഏതെങ്കിലുമൊരു മതഭ്രാന്തൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് താനും അവസാനിച്ചേക്കുമെന്ന അറിവോടുകൂടെത്തന്നെയാണ് അയാൾ നമ്മോട് ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നത്! സത്യാനന്തര കാലത്തിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നായിരുന്നു അത്! ആയുസ്സ് മുഴുവൻ നുണപ്പായസം നുണയലാണ് മാധ്യമ പ്രവർത്തനമെന്ന് കരുതിയവർക്കുള്ള മറുപടി കൂടിയായി അത്! അര നിമിഷമാണ് ജീവിക്കുന്നതെങ്കിൽ കൂടി അന്തസ്സായിത്തന്നെ വേണം എന്ന് തീരുമാനിച്ചവന്റെ രീതിയായിരുന്നത്!

പക്ഷേ, സത്യാനന്തര കാലത്ത് സത്യം പറയാൻ നിന്നവന് ഭരണകൂടം വിധിച്ചത് അടിയും പുളി കുടിയും കരം കെട്ടലുമാണ്! പണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞവന് വിഷചഷകം ശിക്ഷയായി നീട്ടിയ ഇരുണ്ട കാലത്ത് നാം തിരിച്ചെത്തിയോ?! ഇല്ല, ദില്ലിയെ ഇരുൾ മൂടിയ ദിവസങ്ങളിൽ നിങ്ങൾ തെളിച്ചു തന്ന സത്യത്തിന്റെ ആ ദീപ നാളമുണ്ട് മുന്നിൽ. ഗീബൽസുമാർ കൂട്ടം കൂടി ആയിരവട്ടം കളവു പറഞ്ഞ് ഉറപ്പിക്കാൻ ശ്രമിച്ചാലും ഉറയ്ക്കാതെപോകുംവണ്ണം ദൃഢതയുണ്ട് നിങ്ങൾ കൊളുത്തി വച്ചനേരിന്റെ നേർക്കാഴ്ചകൾക്ക് – നിവൃത്തികേടിന്റെ ഒരു മാപ്പു പറച്ചിലിൽ ആ കാഴ്ചകളൊന്നും മങ്ങുന്നില്ല. Keep it up P.R. Sunil, keep it up!!