നിങ്ങളുടെ ഭാര്യയായ ആ സ്ത്രീയിൽ നിന്ന് കിട്ടാത്ത എന്ത് സുഖമാണ് ഞങ്ങളിൽ നിന്ന് കിട്ടുന്നത് ?

0
712

Ressel Ressi എഴുതിയത്

അർദ്ധനാരികൾ
(A journey with transgender)

നിങ്ങളുടെ ഭാര്യയായ ആ സ്ത്രീയിൽ നിന്ന് കിട്ടാത്ത എന്ത് സുഖമാണ് ഞങ്ങളിൽ നിന്ന് കിട്ടുന്നതെന്ന് ? അപ്പോൾ അയാൾ പറഞ്ഞ മറുപടി വളരെ ലളിതമായിരുന്നു………

ഒരിക്കൽ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് എമിറേറ്റ്സിന്റെ ഒരു കോൺട്രാക്റ്റ് കമ്പനിയുടെ ഫൈനൽ ഇന്റർവ്യൂ ഡൽഹിയിൽ വെച്ചു നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഷോർട്ട് ലിസ്റ്റ് മെയിൽ വരുന്നത്… ഞാനടക്കം കേരളത്തിൽ നിന്ന് ഇരുപത് പേർ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്നേരം പോകാൻ ഒരു പ്ലാനില്ലായിരുന്നു.. കാരണം നിരന്തരമായുള്ള തോൽവികൾ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.ഇന്റർവ്യൂ നടക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കുമ്പോഴാണ് ഒന്ന് പോയി നോക്കാം എന്നുള്ള ഉൾവിളി ഉണ്ടായത്. അന്ന് ഉച്ചക്ക് ഹാഫ് ഡേ ലീവ് എടുത്തിറങ്ങി, കൂടെ ഒരാഴ്ച്ച കൂടി ലീവും പറഞ്ഞു., ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയപ്പോൾ ഏട്ടായിരം രൂപ കടന്നിട്ടുണ്ട്, അക്കൗണ്ടിൽ ആകെയുണ്ടായത് എട്ടായിരത്തിയിരുന്നൂറ് രൂപയോ മറ്റോ ആയിരുന്നു.. ട്രെയിൻ ടിക്കറ്റ് റിസർവ്വ് ചെയ്യാൻ നോക്കിയപ്പോൾ ഇന്നത്തെ ട്രെയിൻ ചാർട്ട് ആയതു കൊണ്ട് നാളത്തെ റിസർവേഷനിലേ കിട്ടുകയുള്ളു… നാളെ യാത്ര തുടങ്ങിയാൽ ഇൻർവ്യൂക്ക് കൃത്യ സമയത്ത് എത്താൻ കഴിയില്ല. വീട്ടിൽ പോയി, കൈയിൽ കിട്ടിയ രണ്ട് കൂട്ട് ഡ്രസ്സ് ബാഗിയിലേക്കിട്ടു. തിരൂർ ഫോറിൻ മാർക്കറ്റിൽ നിന്ന് രണ്ട് പാക്കറ്റ് L&M സിഗരറ്റും വാങ്ങി. മാർക്കറ്റിൻ്റെ പിന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു..

How corporate India can make inclusion of transgender persons a reality | The News Minuteഅന്ന് തിരൂരിൽ നിന്ന് എന്നെ കൂടാതെ നാല് പേരുണ്ടായിരുന്നു. ഏവിയേഷൻ ലക്ച്ചറായ അഫ്സൽ, സനു, ബാഗ്ലൂർ എയർപ്പോർട്ടിൽ ജോലി ചെയ്തിരുന്ന പ്രിൻസ്, പിന്നെ ഷമീം.ബാക്കിയുള്ളവർ ഇന്നലെ തന്നെ ഫ്ലെറ്റ് വഴിയും ട്രെയിൻ മാർഗ്ഗവും അവിടെത്തിയിരുന്നു.ഇതിൽ അഫ്സലും സനുവും മുൻകൂട്ടി ടിക്കറ്റ് റിസർവ്വ് ചെയ്തതായിരുന്നു. ബാക്കിയുള്ള ഞങ്ങൾ മൂന്ന് പേരും സെക്കന്റ് ക്ലാസിലെ രക്തസാക്ഷികളാകാൻ തയ്യാറെടുത്തു.

ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിസൂക്തം പൂർണ്ണമായും മനസ്സിലാക്കാൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്നില്ലാ ഇതുപോലെ ഒരു സെക്കൻ്റ് ക്ലാസ് യാത്ര ചെയ്താൽ മതിയെന്ന് ഈ യാത്രയുടെ പകുതിയാവുമ്പോഴേക്കും എനിക്ക് ബോധ്യമായി..പലതരം മനുഷ്യർ പലതരം ഭാഷകൾ പലതരം വേഷങ്ങൾ, പലതരം സംസ്കാരങ്ങൾ, അതിനിടെ കുത്തിനിറച്ച ബാഗുമായി ലീവിന് നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾ, ബോഗിയിൽ നിറയുന്ന പാൻപരാഗിൻ്റെയും, വിയർപ്പിൻ്റെയും, ബീഡിയുടെയും ഗന്ധത്തിൻ്റെ കൂടെ ടോയ്ലറ്റിൽ നിന്ന് വരുന്ന രൂക്ഷഗന്ധവും കൂടിയാകുമ്പോൾ തലകറങ്ങുന്നതുപോലെ തോന്നും.അതിനിടെ തൊട്ടരികിൽ നിന്ന് കുഞ്ഞിൻ്റെ കേഴലു കൂടിയാകുമ്പോൾ കംപാർട്ട്മെൻ്റിലെ ബഹളവും അസ്വസ്ഥയും ഇരട്ടിക്കും.ഒരിറ്റ് ശുദ്ധവായുവിന് വേണ്ടി ഹൃദയം പിടയുമ്പോൾ തിങ്ങിനിറഞ്ഞ യാത്രക്കാരുടെ ഇടയിലൂടെയും ഡോറിലൂടെയും ജാലകത്തിലൂടെയും വരുന്ന തണുത്തകാറ്റ് മുഖത്ത് തട്ടുമ്പോഴുണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.. കാത്തിരിപ്പിനു ശേഷം അവസാനം ഒരു സീറ്റ് കിട്ടുമ്പോഴുള്ള സന്തോഷവും കാലിനു കിട്ടുന്ന ആശ്വാസവും മറ്റൊന്നാണ്. ഇങ്ങനെ ഒരു പര്യടനം കഴിഞ്ഞ് തിരികെയെത്തുമ്പോൾ മനസ്സിലാകും ഇന്ത്യയുടെ മറ്റൊരു ആത്മാവിനെ .. പക്ഷേ എനിക്കെന്തോ പകുതിക്കു വെച്ചു ആ ആത്മാക്കളോട് ഗുഡ് ബൈ പറയേണ്ടി വന്നു.

Odisha aid for transgenders - Telegraph Indiaഅന്ന് തിരൂർ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ കയറുന്നതിനു മുൻപു തന്നെ ബോഗി നിറഞ്ഞുകവിഞ്ഞിരുന്നു.പയ്യന്നൂർ എത്തിയപ്പോഴാണ് വിൻഡോയുടെ അടുത്തുള്ള ഒരു സിംഗിൾ സീറ്റ് കിട്ടിയതും ആ തിരക്കിനിടയിൽ ശ്വാസം വീണു..ട്രെയിൻ നിസ്സാമുദ്ദീനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു.പിറ്റേ ദിവസം രാവിലെ രത്നഗിരി എത്തിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യം അറിയുന്നത്. ജാക്കറ്റ് ഒന്നും എടുക്കാത്തത് കൊണ്ട് ജനുവരിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചു. ട്രെയിൻ സ്റ്റേഷൻ വിട്ടപ്പോൾ ബാഗ് പ്രിൻസിനെ ഏൽപ്പിച്ച് ഒരു സിഗരറ്റിന് തീ കൊളുത്തികൊണ്ട് ഡോറിനടുത്ത് നിന്നപ്പോഴാണ് അങ്ങേ അറ്റത്തു നിന്ന് കൈയ്യടി ശബ്ദം കേൾക്കുന്നത്.

നോക്കുമ്പോൾ ഒറ്റനോട്ടത്തിൽ സ്ത്രീയാണെന്ന് തോന്നി, പിന്നെയും നോക്കിയപ്പോൾ ട്രാൻസ്ജെൻഡറാണെന്ന് മനസ്സിലായി… ആളുകളുടെ കൈയ്യിൽ നിന്ന് കാശ് പിരിക്കുന്നുണ്ട് .. എല്ലാവരും കൊടുക്കുന്ന കൂട്ടത്തിൽ ഞാനും കൊടുത്തു പത്ത് രൂപ .. പിന്നീടുള്ള ഓരോ സ്‌റ്റേഷനിൽ നിന്നും രണ്ട് മൂന്നും പേർ കയറാൻ തുടങ്ങി ഇത് കണ്ട് ഷമീമിന് ഭ്രാന്താവാൻ തുടങ്ങി,.. കാരണം പുള്ളിയുടെ പോക്കറ്റിലെ പൈസ തീർന്നു കൊണ്ടേയിരിക്കുകയാണ്. അടുത്ത തവണ അവർ വന്നപ്പോൾ അവൻ ഉറങ്ങുന്നതു പോലെ അഭിനയിക്കാൻ തുടങ്ങി ,അവർ ഒത്തിരി കൈയ്യടിച്ചിട്ടും അവൻ എഴുന്നേറ്റില്ല, , പക്ഷേ അതുണ്ടോ അവരുടെ കൈയ്യിൽ ചിലവാകുന്നു ഹരേ സൽമാൻ എന്ന് പറഞ്ഞ് അവന്റെ കിടുക്കാമണിക്ക് ഒറ്റ പിടുത്തം പുള്ളി ഒരു ചാട്ടവും…

Voter forms to include third gender option in Bangladesh - TransgenderFeedഅന്ന് രാത്രി ട്രെയിനിൽ വീണ്ടും തിരക്ക് കൂടി, മുഖം കഴുകാൻ പോലു വെള്ളമില്ലാത്ത അവസ്ഥ, കള്ളുകുടിയുടെയും ബീഡി വലിയുടെയും, പാൻപരാഗിന്റെയും ഗന്ധം കാരണം പൊറുതിമുട്ടിയിട്ടാണ് ഞാൻ പുലർച്ചേ ഒരു ഒന്നര മണിയോട് അടുപ്പിച്ച് ഇറ്റാർസി ജംഗ്ക്ഷനിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്ക് തനിയെ മാറി കയറിയത്.…. ഇത്രയും നേരമായിട്ടും ആ ട്രെയിനിൽ ഒരു ടി.ടി പോലും ആ ദുരിതബോഗി വഴി വന്നിട്ടില്ലാ എന്നത് അതിശയം തന്നെയാണ്. തൽക്കാലം ഇന്ത്യയുടെ ആത്മാക്കൾ അവിടെ തന്നെ ഉറങ്ങട്ടെ..സ്ലീപ്പർ ക്ലാസിൽ കാൽ എടുത്ത് വെച്ചതും നേരെ മുന്നിൽപ്പെട്ടത് ഭോപ്പാൽ എംയിസിൽ നഴ്സിംങ്ങ് പഠിക്കുന്ന മൂന്ന് മലയാളി പെൺകുട്ടികളുടെ മുന്നിലാണ്..അവർ അടുത്ത സ്റ്റേഷനായ ഭോപ്പാലിൽ ഇറങ്ങും, അതു കൊണ്ട് അവരുടെ സീറ്റൊഴിവ് ഉണ്ടെന്ന് പറയേണ്ട താമസം ഞാൻ അവിടെ കയറിയിരുന്നു ഒന്നു നല്ലതുപോലെ ഉറങ്ങി, ഒരു പത്ത് മണിയോട് അടുപ്പിച്ച് വീണ്ടും കയ്യടി ശബ്ദം കേട്ടാണ് എഴുന്നേൽക്കുന്നത്. ഇവർ ഇവിടെയും വന്നോ എന്ന് പകച്ചു നിൽക്കുന്ന സമയം. പിന്നീട് മനസ്സിലായി അവർ സ്ലീപ്പർ ക്ലാസിൽ അധികം കയറാറില്ലെന്ന്.പക്ഷേ അന്നേരം എന്റെ കൈയ്യിൽ ചില്ലറയില്ലായിരുന്നു. കൈയ്യടിച്ചു കൊണ്ട് അവർ എന്റെ മുന്നിലേക്ക് കൈ നീട്ടി, അപ്പോൾ വന്ന ആ രൂപത്തിന് ആറരയടി പൊക്കവും അതിനൊത്ത വണ്ണവും ഒരു ഇരുണ്ട നിറവും ചായം തേച്ചു മിനുക്കിയ ചുണ്ടും ദ്രവിച്ച സാരിയും ആയിരുന്നു.. അവർ ഒന്ന് ഓങ്ങിയടിച്ചാൽ ഞാൻ ചിന്നി ചിതറും.. ഒരു നൂറ് രൂപ നോട്ട് അവരുടെ നേരെ നീട്ടിയപ്പോൾ അവർക്കാവിശ്യമുള്ള പത്ത് രൂപ എടുത്തിട്ട് ബാക്കി തൊണ്ണൂറ് രൂപ എനിക്കു നേരെ നീട്ടി.. അതു കണ്ട് ഞാനൊന്നു അമ്പരന്നു. അവരോടുള്ള പേടി ഒരു നിമിഷം കൊണ്ട് അലിഞ്ഞു ഇല്ലാതായി. അവരോട് അന്ന് മുതൽ തോന്നിയ ബഹുമാനമാണ് അവരിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്.

കൈ കൊട്ടിക്കൊണ്ട് വീണ്ടും അവർ ബോഗിയിലൂടെ നടന്നകലുന്നു. അവരുടെ പിന്നാലെ ഒരു കൗതുകം എന്നപ്പോലെ ബാഗും തോളിലിട്ടു കൊണ്ട് ഞാനും ചെന്നു.അന്ന് മൂന്ന് ബോഗി വരെ അവരുടെ പിന്നാലെ നടന്നു. അവസാനം ട്രെയിനിന്റെ വാതിലിനരികിൽ നിന്ന് അവരോട് ഒരു പുഞ്ചിരിയോടെ ഞാൻ സംസാരിച്ച് തുടങ്ങി…കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ പിന്നീടുള്ള സംസാരങ്ങൾ തമിഴിലായി…
അവരെപ്പറ്റി കൂടുതലറിയാനുള്ള താല്‍പര്യാതിശയത്തിൽ ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അവരുടെ പേര് ശിവഗംഗ (ആ രൂപത്തിനെ ഭീകരതയെ ഉള്ളൂ.. മനസ്സും സ്വഭാവവും ചെറിയ കുഞ്ഞിന്റെ പോലെ തന്നെയാണ്. പക്ഷേ അവരുടെ അറിവുകളും ജീവിതവും ഒരുപാട് മുകളിലാണെന്ന് മനസ്സിലാക്കാൻ അധികനേരം വേണ്ടി വന്നില്ല.) ചെന്നൈയിലെ തിരുച്ചിറപ്പള്ളിയാണ് സ്വദേശം.നാല് മക്കളിൽ രണ്ടാമത്തെയാൾ,ഏഴാം ക്ലാസുവരെ പഠിക്കാൻ മിടുക്കനായിരുന്നു ശിവഗംഗ എന്ന് ഇപ്പോൾ പേരുള്ള പഴയ ശിവൻ.

പക്ഷേ ചെറുപ്പം മുതലേ ശിവന്റെ സൗഹൃദം പെൺകുട്ടികളോടായിരുന്നു..പക്ഷേ ഓരോ വർഷങ്ങൾ നീങ്ങുമ്പോൾ തൻ്റെ സ്വഭാവത്തിൽ കാര്യമായി എന്തോ ഒരു മാറ്റം സംഭവിക്കുന്നുവെന്ന് ശിവന് മനസ്സിലായി. തൻ്റെ നടത്തതിലും ഭാവത്തിലും അതെല്ലാം പ്രകടമാണെന്ന് വ്യക്തമായിരുന്നു… അന്നേ അവന് ചുവന്ന നെയിൽ പോളിഷിനോടും വട്ടപ്പൊട്ടിനോടും മുക്കുത്തിയോടും കമ്മലിനോടും വല്ലാത്തൊരു ആകർഷണമായിരുന്നു.. രണ്ട് തവണ കോമ്പസ് കൊണ്ട് കാത് കുത്താൻ നോക്കിയതിനു അച്ചൻ്റെ കൈയ്യിൽ നിന്ന് കിട്ടിയ അടിയുടെ വേദന ഇപ്പോഴും അയാളുടെ ഓർമ്മകളിൽ തളം കെട്ടികിടപ്പുണ്ട്. ആദ്യമൊക്കെ പെൺകുട്ടികളോടൊപ്പം കളിക്കാനും വർത്തമാനം പറയാനുമാണ് ഇഷ്ടമെങ്കിൽ ഒമ്പതിലെത്തുമ്പോഴെക്കും അവരെപ്പോലെ കണ്ണെഴുതിയും ചുണ്ടിൽ ലിപ്സ്റ്റിക് തേച്ചും കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കാൻ തുടങ്ങി. ആരെങ്കിലും വരുന്ന കാൽ പെരുമാറ്റം കേട്ടാൽ അതൊക്കെ പെട്ടെന്ന് തന്നെ മായ്ച്ചു കളയും. നൃത്തം പഠിക്കാനായിരുന്നു അവന് കൂടുതലിഷ്ട്ടം. ഒരിക്കൽ വളയും മാലയുമൊക്കെ അണിഞ്ഞ് അമ്മയുടെ പുടവ ചുറ്റുന്നതിനിടെ അമ്മ പെട്ടെന്ന് കയറി വന്നു. എന്താടാ നീ ചെയ്യുന്നതെന്ന് ചോദിച്ച് പൊതിരെ തല്ലി… അപ്പോൾ അവൻ പറഞ്ഞു അമ്മാ, ഇത് എൻ്റെ മനസ്സിൽ നിന്ന് ആരോ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുകയാണെന്ന്.

അത് കേട്ടതോടെ അവൻ്റെ അമ്മ പേടിച്ചു ബാധ കയറിയതാണെന്ന് പറഞ്ഞ് ഓരോ മന്ത്രവാദിയുടെയും സാമിമാരുടെയും അടുത്തേക്ക് കൊണ്ടുപോകാൻ തുടങ്ങി.. അക്കാലത്ത് അവൻ്റെദേഹമാസകലം മന്ത്രച്ചരടുകൾ മാത്രമായിരുന്നു. പക്ഷേ അവിടം കൊണ്ടൊന്നും തീർന്നില്ല.കൗമാര പ്രായത്തിലേക്ക് കടന്നപ്പോൾ ആൺകുട്ടികളോട് പൂർണ്ണമായും ഒരു അകൽച്ച അവനിൽ രൂപം കൊണ്ടു. അവരോട് തൊട്ടടുത്ത് ഇരിക്കാൻ പോലും നാണമായി തുടങ്ങി… അവസാനം അവനറിഞ്ഞു തെരുവുകളിൽ കാണുന്ന തിരുനങ്കൈ.. (ട്രാൻസ്ജെൻഡർ) അവരിലേക്കാണ് അവൻ്റെ ശരീരം വളരുന്നതെന്ന്..അവൻ്റെ ഈ അവസ്ഥയെപ്പറ്റി മറ്റുള്ളവരോട് പറയാൻ തീരുമാനിക്കുന്ന നിമിഷം അതൊരു വലിയ വെല്ലുവിളിയായിരുന്നു.. ചിലപ്പോൾ അച്ചനും അമ്മയും നാണക്കേടിനെയോർത്ത് ആട്ടി പുറത്താക്കുമായിരിക്കും, ചിലപ്പോൾ സ്വന്തം മകനാണെന്ന് ഓർത്ത് ക്ഷമിക്കുമായിരിക്കും, ഇനി കൂടിപ്പോയാൽ തല്ലിക്കൊല്ലുമായിരിക്കും, രണ്ടും കൽപിച്ച് ശിവൻ അവരോട് പറയാൻ തിരുമാനിച്ചു. .. പക്ഷേ അവർക്കവനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.അന്ന് ശിവന് പത്താം ക്ലാസ്സിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു.

സഹപാഠികളുടെയും അദ്ധ്യാപകരുടെയും മോശം ഇടപെടലുകളും പുച്ഛത്തോടെയും പരിഹാസത്തോടെയുമുള്ള നോട്ടങ്ങളും സ്കൂൾ നരകമാക്കി മാറ്റി. മുൻറാതരം (മൂന്നാംതരം), ഒമ്പത് എന്ന നിരന്തര വിളികൾ അവൻ്റെ കൊച്ചു ഹൃദയത്തെ കുത്തികീറി.ശിവനെ പോലെയുള്ള ഭൂരിഭാഗ ട്രാൻസിനും ചെറുപ്പക്കാലത്ത് തന്നെ പഠനം അവസാനിപ്പിക്കേണ്ടി വരുന്നത് മറ്റുള്ളവരുടെ നാക്കിൽ നിന്നു വരുന്ന കൂർത്ത പരിഹാസവാക്കുകൾ തന്നെയാണ്.കൂട്ടം ചേർന്ന് ഒരാളെ കളിയാക്കുമ്പോൾ അയാൾ അനുഭവിക്കുന്ന മനോവേദനയും അപമാനവും സ്വയം ഒരിക്കലെങ്കിലും അനുഭവിച്ചവനേ മനസ്സിലാകൂ.ഇടയ്ക്ക് വായിലെ വെറ്റില ചവച്ച് ഒരു ചിരിയോടെ അവർ ഇത് പറയുമ്പോൾ ആ ചിരിയിൽ വർഷങ്ങളായി നീറി കത്തുന്ന ഒരു ഹൃദയം കൂടിയുണ്ടെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല.മുമ്പ് ആരോടെങ്കിലും പറയാൻ ആഗ്രഹിച്ചിരുന്നതു പോലെ സങ്കടത്തിന്റെ ഭാണ്ഡക്കെട്ട് എനിലേക്കിറക്കി വെച്ചു കൊണ്ട് അവൻ വീണ്ടും സംസാരിച്ചു തുടങ്ങി,.

അന്ന് എൻ്റെ മനസ്സും ശരീരവും മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നറിഞ്ഞപ്പോൾ സമൂഹത്തിൽ തീർത്തും ഒറ്റപ്പെട്ടു .നമുക്ക് വേണ്ടപ്പെട്ടവർ തന്നെ അകറ്റി നിർത്തുമ്പോൾ ഉള്ളൊന്നു പിടയും. വീട്ടുകാരുടെ കൂടെ പുറത്തു പോകാനോ, കല്യാണത്തിനു പോകാനോ എന്തിന് അമ്പലത്തിൽ പോകാൻ പോലും എന്നെ കൂട്ടില്ല. സഹോദരങ്ങൾവരെ നമ്മളെ അകറ്റി നിർത്തും.അവിടെ നിന്ന് വന്ന ഒറ്റപ്പെടലും നിരാശയും അപകർഷബോധവും എന്നെ വിഷാദത്തിലേക്ക് കൂപ്പുകുത്തിച്ചു.. രണ്ടിലധികം തവണ ഈ നരകജീവിതം അവസാനിപ്പിക്കാൻ ഞാൻ തുനിഞ്ഞതായിരുന്നു. പക്ഷേ എനിക്കായില്ല. അന്നേ പാതിസൃഷ്ട്ടി നൽകിയ കടവുൾ എന്തോ ഒന്ന് എന്നിൽ തീരുമാനിച്ചിരിക്കണം.പിന്നീടങ്ങോട്ട് തോറ്റു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ജീവിതത്തിനും മരണത്തിനും ഇടക്കുള്ള പോരാട്ടമായിരുന്നു.. ദിവസം കഴിയുന്തോറും വീട്ടിലെ സ്ഥിതിഗതികൾ വഷളവാൻ തുടങ്ങി… എനിക്കാണെങ്കിൽ ആൺവേഷത്തിൽ ജീവിച്ച് ശ്വാസം മുട്ടുന്നതു പോലെ തോന്നി.. അതു കൊണ്ട് പലപ്പോഴും ലിപ്സ്റ്റികും കൺമഷിയുമെല്ലാം എഴുതി നടക്കാൻ തുടങ്ങി.അത്തരമൊരു അവസ്ഥയിൽ ഞാൻ കാരണം വീട്ടുകാർ ഒത്തിരി നാണംകെട്ടു .എന്നെ കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി:, സൗഹൃദത്തിന്റെ പേരും പറഞ്ഞ് പലരും സ്വകാര്യഭാഗങ്ങളിൽ പിടിക്കാൻവരെ തുടങ്ങി.. സങ്കടത്തോടെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പേടിച്ച നാളുകൾ.. എന്തിനാണെന്നും പോലും അറിയാതെയുളള വീട്ടുകാരുടെ ശകാരവും കുത്തുവാക്കുകളും, ഇടയ്ക്ക് കുഞ്ഞു പെങ്ങൾ വരെ ഒമ്പത് എന്ന് കളിയാക്കി വിളിക്കാൻ തുടങ്ങിയതോടെ ഞാൻ തളർന്നു. കള്ളുകുടിച്ചു വരുന്ന അച്ചന് എന്നും ബഹളം ഉണ്ടാക്കാനുള്ള കാരണം ഞാനായിരുന്നു.. അയാളുടെ ബോധം മറയുന്നതു വരെ എന്നെ തെറി വിളിക്കും അമ്മ പിഴച്ചുണ്ടാക്കിയതാണെന്ന് പറഞ്ഞ് അമ്മയെ തല്ലും,.. പലപ്പോഴും വീട് വിട്ട് എങ്ങോട്ടേങ്കിലും ഓടി പോയലോന്ന് വിചാരിക്കുമ്പോൾത്തന്നെ അതിന് നിർബന്ധിതമാകേണ്ടി വന്നു..

ഞാൻ ഈ കുടുംബത്തിന്റെ ശാപമാണെന്നും സഹോദരിമാരുടെ ഭാവി കൂടി നശിക്കുമെന്ന് പറഞ്ഞ് അമ്മ കുറച്ച് പൈസയും തന്ന് എങ്ങോട്ടെങ്കിലും പോകാൻ പറഞ്ഞു.. പിന്നെ ഞാനാണ് ഈ കുടുംബത്തിൻ്റെ അപമാനമെന്ന് അമ്മയും കൂടി പറഞ്ഞപ്പോൾ പിന്നീട് ഒരു നിമിഷം പോലും എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. പക്ഷേ അതൊക്കെ പറയുമ്പോഴും അമ്മയുടെ ഹൃദയം പൊട്ടുന്ന ശബ്ദം എനിക്ക് കേൾക്കായിരുന്നു. ഇനിയൊരിക്കലും തിരിച്ചു വരില്ലാ എന്നുറപ്പോടെ പത്തൊമ്പതാം വയസ്സിൽ ഞാൻ നാടുവിട്ടു… ആ യാത്ര ഈ ലോകത്ത് എന്നെപോലെ ഞാൻ മാത്രമല്ലയെന്ന് ബോധ്യമാക്കി തരികയായിരുന്നു… എന്തായാലും പത്തൊൻമ്പത് വയസ്സ് വരെ അവർ നോക്കിയില്ലേ, ഞങ്ങളെപ്പോലുള്ളവരുടെ ജീവിതം വെറും യാതനകൾ മാത്രമാണ്. മറ്റുള്ളവരെ വെച്ചു നോക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്.പതിനാലാം വയസ്സിൽ കുടുംബത്തിൽ നിന്ന് ആട്ടിയോടിച്ചവരെ എനിക്കറിയാം കണ്ണേ…ജനിച്ച നാട്ടിൽ ഇടം ലഭിക്കാതെ വരുമ്പോഴാണ് ഞങ്ങൾക്ക് ഒരോ സംസ്ഥാനത്തിലും അഭയാർത്ഥികളാകേണ്ടി വരുന്നത്.. എന്ത് ജിവിതമാണല്ലേ ഞങ്ങളുടേത്,? സ്വന്തം കുടുംബത്തിൻ്റെ കൂടെ ജീവിക്കാൻ സാധിക്കാതെ വിദ്യാഭ്യാസം പോലും നേടാനാകാതെ.. ഒരു പൊതുപരിപാടിയിൽ പോലും പങ്കെടുക്കാൻ കഴിയാതെ.. ഞങ്ങളെ ഈ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നു… ഞങ്ങളും മനുഷ്യരാണെന്നുള്ള പരിഗണനപോലും പലപ്പോഴും തരില്ല. ഞങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്താനോ അവകാശങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടാനോ ഒരു രാഷ്ട്രീയ നേതാക്കളും മുന്നിട്ടിറങ്ങാറില്ല.. എന്തിനു പറയണം ഞങ്ങൾക്ക് ബസ്സിൽ ഇരിക്കാനോ തിയ്യേറ്റർ, ബസ്റ്റാൻ്റ് പോലെയുളള പൊതു സ്ഥലത്തെ ശൗചാലയം ഉപയോഗിക്കാനോ മറ്റുള്ളവർ അനുവദിക്കാറില്ല… എല്ലായിടത്തും അവഗണയുടെ പര്യായം മാത്രമാണ് ഞങ്ങൾ.. ഒരു ജോലിയുടെ ഫോം പൂരിപ്പിക്കാൻ നോക്കിയാൽ അതിൽ ആണോ പെണ്ണോഎന്ന കോളം പൂരിപ്പിക്കാൻ സാധിക്കില്ല… പിന്നെ ചില കമ്പനികളും ചെറുകിട വ്യവസായികളും ഞങ്ങളുടെ സ്വഭാവശുദ്ധിയാണ് പ്രശ്നം. ഞങ്ങളെ ജോലിക്കെടുത്താൽ മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയുള്ളിടത്തോളം ആരു ഞങ്ങൾക്ക് ജോലി തരില്ല. ഇതേ ചിന്തയുള്ള മറ്റു ചിലർ ഞങ്ങൾക്ക് കയറി കിടക്കാൻ ഒരിടം പോലും തരില്ല. വീട് തന്നവർ മാസം വെച്ച് ഉയർന്ന വാടക ഈടാക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു പക്ഷേ ലൈംഗികത്തൊഴിലാളിയാകേണ്ടി വരും. നെറ്റി ചുളിച്ചിട്ടു കാര്യമില്ല.ഭിക്ഷ യാചിക്കുന്നതിനേക്കാളും നല്ലതാണ് മറ്റുള്ളവർക്ക് സുഖം പകർന്നുള്ള ഈ തൊഴിൽ. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ചിലവർ ഗുണ്ടായിസത്തിലൂടെയും മോശമായ പെരുമാറ്റ രീതിയിലൂടെയും മറ്റുള്ളവരിൽ നിന്ന് പണം പിരിക്കാറുണ്ട്.. അതിനൊക്കെ കാരണം സമൂഹം തന്നെയാണ്.ഞങ്ങളെ കാണുമ്പോഴൊക്കെ അവഗണനയുടെ ദിശയിൽ മാറ്റി നിർത്തിയും പരിഹസിച്ചും നാണം കെടുത്തുമ്പോൾ ആലോചിക്കണമായിരുന്നു.. മജ്ജയും മാംസവുമുള്ള ഞങ്ങളുടെ ശരീരത്തിലും വിങ്ങുന്ന മനസ്സുണ്ടെന്ന്…ഇത്രയൊക്കെ നരകിച്ചിട്ടും ഞങ്ങൾ ജീവനൊടുക്കാത്തത് ഈ ഭൂമിയിൽ എങ്ങനെങ്കിലും ഈ ആയുസ്സ് തീർക്കുക എന്നുള്ളതു കൊണ്ട് മാത്രമാണ്… പക്ഷേ ഞങ്ങളുടെ കൂട്ടത്തിൽ ചിലർ സ്വന്തം പ്രയത്നം കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റായും ബ്യൂട്ടിഷ്യനായും കുഴപ്പമില്ലാത്ത മറ്റു പല ജോലി ചെയ്തും ഈ രാജ്യത്തിൻ്റെ പല കോണിലുമുണ്ട്… അവരെ കാണുമ്പോൾ അഭിമാനം തന്നെയാണ്..പക്ഷേ എല്ലാരുടെയും വിചാരം ഞങ്ങൾ പെൺവേഷം കെട്ടിയാളുകളെ പറ്റിക്കുന്നുവെന്നാണ്… നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ?

ഞങ്ങളിലാർക്കും ഒന്നും വെട്ടിപിടിച്ചു കോടീശ്വരനാകാനൊന്നും ആഗ്രഹമില്ല.. സാധാരണ ആളുകളെപ്പോലെ തല ചായ്ക്കാനൊരിടവും കുറഞ്ഞ വേതനത്തിൽ ഒരു ജോലിയും തന്നെ ധാരാളം. പക്ഷേ ആര് തരുന്നു കണ്ണേ? നല്ല രീതിയിൽ ജീവിക്കുന്ന ഞങ്ങളിൽ പലരെയും കാമത്തിൻ്റെയും പരിഹാസത്തിൻ്റെയും കണ്ണ് വിടർത്തിക്കൊണ്ട് നോക്കിക്കാണുന്നവരാണ് പലരും…
ഇത്രത്തോളം അറപ്പോടും വെറുപ്പോടും പെരുമാറാന്‍ ഞങ്ങൾ എന്ത് കുറ്റമാണ് ചെയ്തത്? ഞങ്ങൾക്കും അവകാശമില്ലേ ഈ ഭൂമിയിൽ?അവരുടെ ചോദ്യങ്ങൾ കേട്ടു നിൽക്കുകയെന്നല്ലാതെ എൻ്റെ കൈയ്യിൽ അവർക്കുള്ള ഉത്തരങ്ങളില്ലായിരുന്നു അക്കയ്ക്ക് പിന്നീട് നാട്ടിലേക്ക് പോകാൻ തോന്നിയിട്ടില്ലേ?
ഉം, തോന്നാതെ, പക്ഷേ വേണ്ടാ, ‘സഹോദരിയുടെയും തമ്പിയുടെയും കല്യാണം കഴിഞ്ഞിട്ടുണ്ടാകും അവരുടെ കുട്ടികളെ കാണാൻ ആഗ്രഹം ഉണ്ട്.

അവരുടെ സ്വർഗ്ഗ ജീവിതത്തിലേക്കു ഞാൻ ഒരു ശാപമായി കടന്നു ചെല്ലുകയില്ല എന്ന് വാക്ക് കൊടുത്തതല്ലേ… അമ്മയ്ക്കും അച്ഛനും വേണ്ടി പ്രാർത്ഥിക്കാറുണ്ട്.. പിന്നെ വല്ലാതെ അവരെയൊക്കെ കാണാൻ തോന്നുമ്പോൾ കുഞ്ഞുനാളിലെ നല്ല സുഖമുള്ള ഓർമ്മകളുണ്ട്… അതു വെച്ച് ആ ആഗ്രഹം പൂർത്തിയാക്കും…

ഞാൻ എന്ത് പറയാനാ അക്ക.. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് പേരിനു വെറും ആശ്വാസവാക്കായി
പോകും.. ഒരു കാര്യം ചോദിക്കാൻ മറന്നു,ട്രിച്ചിയിൽ നിന്നും എങ്ങനെ ഇവിടെയെത്തി?
അന്ന് നാട് വിട്ട് ഭാഷപോലുമറിയാതെ ഓരോ ട്രെയിൻ മാറി കയറി,സിന്തറ്റിക് ഉറകള്‍ കുമിഞ്ഞു കൂടി നാറുന്ന ഓവുചാലുകളുടെ മൂലയില്‍ക്കൂടി കെട്ടിടങ്ങളുടെ നിഴല്‍പറ്റി നടന്നു നീങ്ങുമ്പോഴും ഞാനറിഞ്ഞിരുന്നില്ല എന്നെയും കാത്ത് വലിയൊരു സമൂഹം തന്നെയുണ്ടെന്ന്.. അങ്ങനെയൊരു യാത്രയിൽ പരിചയപ്പെട്ട ഒരു തിരുനങ്കൈ ആയിരുന്നു ഐശ്വര്യ. അവളും ചേച്ചിയും എന്നെ അവരുടെ ഹമാമിലെത്തിച്ചു… ഹമാം ഞങ്ങളെ പോലെയുള്ള ഒരുപാട് പേരുടെ തറവാടായിരുന്നു.. അതിലെ മുതിർന്നൊരാൾ എന്നെ അവരുടെ മകളായി ദത്തെടുത്തു.കാരണം ഞങ്ങൾ എത്ര പെൺ വേഷം കെട്ടിയാലും ഒരു കുഞ്ഞിനെ പ്രസവിക്കാനാവില്ലല്ലോ? അതു കൊണ്ട് ഏത് പ്രായക്കാരെയും ദത്തെടുക്കാം.ഞാൻ വിചാരിച്ചതിലും വാത്സല്യമായിരുന്നു അവർക്ക് എന്നോടുണ്ടായിരുന്നത്.. അതോടെ ആരുമില്ല എന്ന തോന്നൽ മാറി.. ഒരു ദിവസം ആ അമ്മയുടെ വിയോഗം എന്നെ വീണ്ടും പല ദിക്കിലേക്ക് സഞ്ചരിപ്പിച്ചു.. പക്ഷേ മരിക്കുന്നതിനു മുമ്പ് എല്ലാം ട്രാൻസിൻ്റെയും സ്വപ്നമായ ജൽസയും കഴിഞ്ഞ് ശരീരം കൊണ്ടും മനസ്സുകൊണ്ടും സ്ത്രീയാണെന്ന പൂർണ്ണത എനിക്ക് കൈവരിക്കണമെന്ന് ആഗ്രഹമുണ്ട്.ഇനിയത് നടക്കാനൊന്നും പോകുന്നില്ല. അതെല്ലാം ഇന്ന് വെറും സ്വപ്നങ്ങൾ മാത്രമാണ്.
അതെന്താ ഈ ജൽസ
അവർ എൻ്റെ മുഖത്തു നോക്കി ചിരിച്ചു

ഒരു പെണ്ണ് ഋതുമതിയാകുമ്പോൾ ചെറിയ ആഘോഷങ്ങളോട് കൂടി ചടങ്ങുകൾ നടക്കാറില്ലേ, അതുപോലെ ഞങ്ങൾക്കും ഉണ്ട് ജല്‍സ എന്നൊരു ചടങ്ങ്.. ശാസ്ത്രക്രിയയ്ക്ക് ശേഷം നാൽപ്പതിയൊന്ന് ദിവസത്തെ വ്രതത്തിനു ശേഷം മാനസികമായും ശാരീരികമായും പെണ്ണായി മാറുന്ന ഒരു തരം ചടങ്ങാണ് കണ്ണേ,.. (അത് പറയുമ്പോൾ നാണത്തിൽ അവർ എൻ്റെ കവിളിൽ ചെറുതായി നുളളി)
പക്ഷേ കൈയിൽ പണമില്ലാത്തതു കൊണ്ട് അതിനൊന്നും മുതിർന്നിട്ടില്ല…ഓരോ തവണ സൂക്ഷിച്ചു വെക്കുന്ന മുഷിഞ്ഞ നോട്ടുകൾ മറ്റുള്ള കൂടപ്പിറപ്പുകളുടെ അസുഖത്തിന് മരുന്ന് മേടിക്കാനേ തികയുകയുള്ളൂ.. അവർ വാർദ്ധക്യം ബാധിച്ചവരാണ്,ജോലിക്കൊന്നും പോകാൻ കഴിയില്ല. ഞങ്ങൾ അല്ലാതെ അവർക്ക് വേറെയാരുണ്ട് ..നിങ്ങളൊക്കെ മനസ്സറിഞ്ഞല്ലല്ലോ സഹായിക്കുന്നത്.,
ശപിച്ചു കൊണ്ടല്ലേ ആ നോട്ടുകൾ ഞങ്ങൾക്കു നേരെ നീട്ടുന്നത്. അല്ലെങ്കിൽ ഞങ്ങൾ ശപിക്കുമെന്നുള്ള പേടിയുള്ളതു കൊണ്ടല്ലേ?
അതിനും എനിക്കു ഉത്തരമില്ലായിരുന്നു.. എൻ്റെ തല വീണ്ടും താഴ്ന്നു…
ഇനി നീ അറിയാത്ത ഒരു കാര്യം പറയട്ടെ?

നിനക്കറിയുമോ ഞങ്ങളുടെ ഇടയിലും കല്ല്യാണം കഴിക്കുന്ന സമ്പ്രാദായം ഉണ്ട്..
അതിന് നിങ്ങൾക്ക് കല്ല്യാണം കഴിക്കാൻ സാധിക്കുമോ?
പിന്നല്ലാതെ,വിശ്വസമായില്ലെങ്കിൽ നേരിൽ കാണാവുന്നതേയുള്ളൂ കണ്ണേ. തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്തുള്ള കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ? ദിവസങ്ങളോളം നീണ്ടു കിടക്കുന്ന ഉത്സവമാണ് അവിടെ ചിത്രപൗര്‍ണമി നാളിലെ മംഗല്യരാത്രി വളരെ പ്രശസ്തമാണ്. വിവിധ സംസ്ഥാനത്തിൻ്റെ നാനാഭാഗത്തു നിന്നും ഞങ്ങളെപ്പോലെയുള്ള സഹോദരിമാരും സഹോദരങ്ങളും ദേശക്കാരും ഈ അമ്പലത്തിലേക്ക് ഒഴുകിയെത്തും.. കൂത്താണ്ഡവർ, അറവാൻ എന്നറിയപ്പെടുന്ന ഇരാവാനെയാണ് അവിടെ കുടിയിരുത്തിരിക്കുന്നത്.. .അർജ്ജുനന്റെ നാലു മക്കളിൽ ഒരാളായ ഇദ്ദേഹം കുരുക്ഷേത്രയുദ്ധം ജയിക്കാൻ വേണ്ടി ബലിദാനിയാകേണ്ടി വന്നു. അന്ത്യാഭിലാഷം എന്താണെന്ന് ചോദിച്ചപ്പോൾ തനിക്ക് ഒരു ദിവസമെങ്കിലും വൈവാഹിക ജീവിതം നടത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുന്ന ഒരാളെ സ്വയംവരം ചെയ്യാൻ ആരും തയ്യാറായില്ല.. അവസാനം ഭഗവാൻ കൃഷ്ണൻ മോഹിനിയായെത്തി.. അദ്ദേഹത്തിൻ്റെ ആഗ്രഹത്തെ സഫലീകരിച്ചു.. പിന്നീട് യുദ്ധത്തിനു പോയ ഇരാവാൻ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം…അതുകൊണ്ട് ഇരാവാൻ ഞങ്ങളുടെ കൺകണ്ട ദൈവമായി മാറി.. ഉത്സവം കഴിയുന്നതിൻ്റെ അവസാന രാത്രി ഞങ്ങൾ ക്ഷേത്രത്തിൽ മോഹിനി വേഷത്തിലെത്തും എന്നിട്ട് ഒരു ദിവസം ഇരാവാൻ്റെ പത്നിമാരാകും. പിറ്റേ ദിവസമാണ് ഇരാവാൻ കൊല്ലപ്പെടുന്ന ദിവസമായി കണക്കാകുന്നത്.. അന്ന് താലിയറുത്ത് മാറ്റും..സിന്ദൂരവും മായ്ച്ച് ചിതറിയെറിഞ്ഞ ആഭരണങ്ങളും പാറിക്കളിക്കുന്ന മുടിയിഴകളുമായി ഞങ്ങൾ വിധവകളെപ്പോലെ നെഞ്ചത്തടിച്ചു ആർത്തിരമ്പും… അതുവരെയുള്ള ആഘോഷ നാളുകളുടെ ഇടയിലെ അവസാന കണ്ണീർ ദിനം അന്നായിരിക്കും.
ഇതുകൂടാതെയും ഞങ്ങളെ ശരിക്കും കല്യാണം കഴിക്കുന്നവരുണ്ട് കേട്ടോ?അന്ന് ആ കോവിലിൽ വെച്ച് എല്ലാമറിഞ്ഞ് ഞങ്ങളെ പ്രണയിച്ചു കല്ല്യണം കഴിക്കുന്നവരെയും കാണാം. പക്ഷേ അധികം കാലമൊന്നും ആ ബന്ധങ്ങൾ വാഴാറില്ല..

അവർക്ക് എങ്ങനെയാ നിങ്ങളോട് ശാരീരിക ബന്ധം പുലർത്താൻ കഴിയുന്നത്? എത്രയൊക്കെ മാറിയാലും ശരിക്കും നിങ്ങൾക്ക് ആണിൻ്റെ ഉടൽ തന്നെയല്ലേ?
അവരൊന്ന് എൻ്റെ മുഖത്ത് നോക്കി ചിരിച്ചു
ഒരിക്കൽ രണ്ട് കുട്ടികളുടെ അഛനായ ഒരാളോട് ചോദിക്കുകയുണ്ടായി.
നിങ്ങളുടെ ഭാര്യയായ ആ സ്ത്രീയിൽ നിന്ന് കിട്ടാത്ത എന്ത് സുഖമാണ് ഞങ്ങളിൽ നിന്ന് കിട്ടുന്നതെന്ന്?അപ്പോൾ അയാൾ പറഞ്ഞ മറുപടി വളരെ ലളിതമായിരുന്നു… എല്ലാത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കാത്തവരായി ആരുമില്ല. നീയൊരു പെണ്ണിൻ്റെ അത്രയും വരില്ലെങ്കിലും വ്യത്യസ്തമായൊരു സുഖം നിങ്ങളിൽ നിന്നു കിട്ടുന്നു.ഇതായിരുന്നു അയാളുടെ മറുപടി.. ഹ ഹ..ഇങ്ങനെയും ചില വ്യത്യസ്തത ആഗ്രഹിക്കുന്ന ജീവികൾ ഉണ്ടായതു കൊണ്ടാണ് ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഞങ്ങളിൽ പലരും ജീവിതം തള്ളി നീക്കുന്നത്..

ഒരാളുടെ വേദന മനസ്സിലാക്കാൻ ഒന്നു കണ്ണടച്ച് അയാൾ നിങ്ങളാണെന്ന് ഒരു നിമിഷം ചിന്തിച്ചു കൊണ്ട് അയാളുടെ വഴിയെ മനസ്സിനെ ഒന്ന് നടത്തിയാൽ മതി. അതുപോലെ ഞങ്ങൾ നിങ്ങളാണെന്ന് രണ്ട് നിമിഷം സങ്കൽപ്പിച്ചാൽ തീരാവുന്ന വെറുപ്പേ നിങ്ങൾക്ക് ഞങ്ങളോടുണ്ടാകൂ ..
എനിക്ക് വെറുപ്പൊന്നുമില്ല അക്ക,
കണ്ണേ, ഞാൻ പറയുന്നത് ഇപ്പോഴും ഞങ്ങളെ മനസ്സിലാക്കാതെ അകറ്റി നിർത്തുന്ന വലിയൊരു സമൂഹത്തിൻ്റെ കാര്യമാണ്. അവരൊന്നു ഞങ്ങളുടെ വശത്തു നിന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.. അവരുടെ ശരീരത്തിൽ അനുഭവപ്പെടുന്നത് ഒരു പെണ്ണിൻ്റെ ചേതോവികാരങ്ങളാണെന്ന് വിചാരിച്ചു കഴിഞ്ഞാൽ പിന്നീട് അവരുടെ മാനസികാവസ്ഥ എന്താകും, അവരുടെ സിരകളിലൂടെ ഓടുന്ന അന്തര്‍ഗ്രന്ഥീസ്രവങ്ങൾ പെണ്ണിൻ്റേതാണെന്ന് തിരിച്ചറിയുന്ന നിമിഷം അവർ ഭയത്തിൻ്റെ ഇരുട്ടറയിലേക്ക് ഓടി മറയും.. ഒരു നിമിഷം പോലും അവർക്ക് സ്വസ്ഥതയോ സമാധനമോ ലഭിക്കില്ല.. ഇനി വരാൻ പോകുന്ന പരിഹാസങ്ങളും അട്ടഹാസങ്ങളും അവരുടെ കാതുകളിൽ മാറ്റൊലിയേകും.. ഇതെല്ലാം മറ്റുള്ളവരോട് ഹോർമോണിൻ്റെ വ്യതിയാനങ്ങളാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും അതവർ ചെവി കൊള്ളില്ല.. എല്ലാം ദൈവത്തിൻ്റെ കുസൃതി നിറഞ്ഞ പരീക്ഷണമെന്ന് കരുതി സ്വയം ആശ്വസിക്കാനേ സാധിക്കൂ… ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ പരിഹസിച്ചു അകറ്റി നിർത്തുമ്പോൾ ഒന്നു ചിന്തിക്കുക.. നിങ്ങൾക്കല്ലെങ്കിൽ നിങ്ങളുടെ മകനോ വേണ്ടപ്പെട്ടവർക്കോ ഇത് സംഭവിക്കാം.. വയസ്സാകുന്തോറും ഇതിലും നരകയാതനയാകും ഞങ്ങൾക്ക് വരാനുണ്ടാവുക.. അപ്പോഴതെ ഞങ്ങളുടെ അവസ്ഥ ഒരാൾക്കും ആലോചിക്കാനാകില്ല.. മരണമായിരിക്കും ഒരു പക്ഷേ ഞങ്ങൾക്ക് മോക്ഷം നൽക്കുന്നത്.

ഇവരുടെ വാക്കുകളുടെ മൂർച്ചയിൽ ഭൂമി എന്തേ പിളരാത്തത്? ഞാനെന്തേ ആ പിളര്‍പ്പിലൂടെ താഴോട്ട് പോകാത്തത് എന്ന് ഒരു നിമിഷം തോന്നിപ്പോയി.
എല്ലാം ശരിയാണ് അക്ക.. എന്ത് ചെയ്യാം നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിന് ഇപ്പോഴും കണ്ണുകീറിയിട്ടില്ല. നിങ്ങളെ അംഗീകരിക്കുന്ന ഒരു ദിവസം വരും. അന്ന് ആ സമൂഹം നിങ്ങളോട് മാപ്പ് പറയും..
അതുകേട്ട് ചെറിയ പുച്ഛ ഭാവത്തോടെ അവൾ ചിരിച്ചു….
അവരുടെ പല ചോദ്യത്തിനും ഒരു ഉത്തരം പോലും നൽകാൻ കഴിയാതെ തലതാഴ്ത്തിയിരുന്ന എന്റെ മുഖത്തു താലോടി കൊണ്ട് അവർ പറഞ്ഞു.
തല താഴ്ത്തരുത്.. തല താഴ്ത്തിയാൽ അടിച്ചു താഴ്ത്താനും ഇല്ലായ്മ ചെയ്യാനും എളുപ്പമാണ്. അങ്ങനെ താഴ്ത്തിയാൽ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല എന്ന് ഞങ്ങളുടെ ജീവിതം കൊണ്ടുപഠിച്ച അധ്യായമാണ്. അതുകൊണ്ട് എന്ത് വന്നാലും തല ഉയർത്തി പിടിക്കൂ കണ്ണേ.. എന്റെ എല്ലാവിധ അനുഗ്രഹമുണ്ടെന്ന് പറഞ്ഞ് ആശീർവദിച്ചു .കുറച്ച് മുമ്പ് അവർ ബാക്കി തന്ന തൊണ്ണൂറ് രൂപ അവർക്കു നേരെ നീട്ടി.. അവർ ചിരിച്ചു കൊണ്ടു പറഞ്ഞു, ഞാൻ എനിക്കാവശ്യമുള്ളത് കുറച്ചു മുമ്പ് എടുത്തു. എന്തായാലും അധ്വാനിക്കാതെ മേടിക്കുന്ന പണമല്ലേ, ഈ പത്ത് രൂപ തന്നെ ധാരാളം..

ഇത് ഭിക്ഷയല്ല ഞാൻ സ്നേഹത്തോടെ തരുന്നതാണ് വാങ്ങിച്ചോളൂ.അപ്പോഴേക്കും ട്രെയിൻ ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തിയിരുന്നു.. അപ്പോഴും അവർ അത് വാങ്ങിയില്ല. വീണ്ടും കാണാമെന്ന ഭാവത്തിൽ അവർ അവിടെയിറങ്ങി.. ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും എന്നിലേക്ക് പകർന്നു കൊണ്ടവർ മുഖത്ത് ഒരു ചിരിയും വശീകരണ ഭാവങ്ങളുമായി വീണ്ടും ടപ്പ്‌ ടപ്പാന്നു ഉച്ചത്തില്‍ കയ്യടിച്ച് കൊണ്ട് നടന്നകന്നു…
ഓരോ യാത്രകളിൽ കാണുന്ന കാഴ്ച്ചകൾ മാത്രമല്ല സഞ്ചാരം.. ആ സഞ്ചാര പാതയിൽ അവിചാരിതമായി കണ്ടുമുട്ടുന്നവർ പോലും നമ്മുടെ യാത്രയുടെ ഭാഗമാണ്.അവരിൽ നിന്ന് കിട്ടുന്ന അനുഭവങ്ങളും അറിവുകളും പാഥേയങ്ങളുമാണ് യഥാർത്ഥ ജീവിതത്തിലെ കാഴ്ചകളും അനുഭവങ്ങളുമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.നഷ്ട പ്രണയത്തിന്റെ ഓർമ്മകളും അതിനൊത്ത നൊമ്പരങ്ങളും സമ്മാനിച്ചു കൊണ്ട് ആനി എന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ വിരഹത്തിൻ്റെ കണ്ണിലൂടെ കാണുന്ന കാഴ്ച്ചകൾക്കോ തകർന്ന ഹൃദയത്തിലേക്ക് ഒഴുകി വന്ന പച്ചയാർന്ന അനുഭവങ്ങൾക്കോ എൻ്റെ മുന്നിൽ ജീവനുണ്ടാകുമായിരുന്നില്ല. പക്ഷേ ഇന്നിപ്പോൾ നഷ്ടത്തിന്റെ വികാരത്തിലൂടെ എല്ലാം നോക്കി കാണുമ്പോൾ എല്ലാ കാഴ്ച്ചകൾക്കും പ്രത്യേക ഭംഗിയും പുതു ജീവനും ഉള്ളതുപോലെ തോന്നുന്നു.