തലപ്പാവ് ധരിക്കാൻ 1000 മാർഗങ്ങളുണ്ട്

45

Written by Ressel Ressi

നിൻ്റെ ജാതി നിൻ്റെ തലപ്പാവ്

മലകളും കുന്നുകളും ആഴിയും പുഴയും കണ്ടു മടുത്തതു കൊണ്ടാണ്… ചരിത്രന്വേഷിയുടെ
കണ്ണട വെച്ച് സംസ്കാരത്തെയും പൈതൃകത്തെയും തേടിയിറങ്ങിയത്… എൻ്റെ മൂന്നാമത്തെ പുസ്തകത്തിന് പഴമയുടെയും നനുത്ത മണ്ണിൻ്റെയും ഗന്ധം ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു.. ചരിത്രങ്ങൾക്ക് പണ്ടേ നനുത്ത മണ്ണിൻ്റെ ഗന്ധമാണല്ലോ? അതുകൊണ്ടാണ് സിറ്റിയുടെ ആരവങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും മാറി ഗ്രാമങ്ങളിലേക്ക് ബുള്ളറ്റ് ഓടിച്ചു കയറ്റുന്നത്.

പഞ്ചാബിൻ്റെ സംസ്കാരവും ചരിത്രവും പഠിക്കുന്നിടെ മൊഹാലിയിലെ പബ്ലിക് ലൈബ്രറിയിൽ പൊടിപിടിച്ചുറങ്ങികൊണ്ടിരുന്ന റാൻസിംഗ് എഴുതിയ കൾച്ചർ ആൻഡ് ഇൻറ്റഗ്രഷൻ ഓഫ് ഇന്ത്യൻ ട്രൈബ് എന്ന പുസ്തകതാളിൽ നിന്നാണ്. എറ്റവും കൂടുതൽ ചരിത്രവും ആചാരങ്ങളും അനാചാരങ്ങളുറങ്ങുന്ന രാജസ്ഥാൻ മരുഭൂമിയിലേക്ക് വീണ്ടും ഒരിക്കൽ കൂടി എന്നെ പറിച്ചു നടുന്നത്. ഈ യാത്രയിൽ എൻ്റെ വേഷം ആൻന്ത്രപോളോജിസ്റ്റാതായിരുന്നു.. കാരണം എൻ്റെ ഗവേഷണം ഗോത്രങ്ങളെക്കുറിച്ചായിരുന്നു.. കാലം മാറുമ്പോൾ എന്നിൽ ഓരോരോ വട്ടുകൾ ഉടെലെടുക്കുന്നതും സ്വാഭാവികം.

പക്ഷേ മൊഹാലിയിലെ ആരവങ്ങളിൽ നിന്ന് ആയിരം വാരം അകലെയുള്ള നിശബ്ദമാത്രം മറ്റൊലിയേൽകുന്ന സിരോഹിയിലേക്ക് ബുള്ളറ്റ് ഓടിച്ചു കയറ്റുപ്പോൾ ചുറ്റിലും അവൻ്റെ ഗർജന ശബ്ദം മാത്രമായിരുന്നു പ്രതിധ്വനിയേൽകി കൊണ്ടിരുന്നത്. മനസ്സ് എവിടെയൊ ചഞ്ചലമായി കിടക്കുമ്പോഴും അവൻ എന്നെയും കൊണ്ട് അലറി കൊണ്ട് നീങ്ങി… യാത്രക്കിടെ പെട്ടെന്ന് ഫോൺ റിംഗ് ചെയ്യുമ്പോൾ തോന്നാറുണ്ട് ഇവനെ ഞാനല്ല ഓടിക്കുന്നതെന്ന്… പലപ്പോഴും എങ്ങനെ ഇത്രയും ദൂരമെത്തിയെന്ന് പോലും ഓർമ്മ കിട്ടാറില്ല. ചെഞ്ചായം കൊണ്ട് മെഹന്തിയിട്ട കതിരവനും മണലാരങ്ങളിൽ അന്തിയുറങ്ങാൻ പാ വിരിക്കുന്ന ശൈത്യവും പിടിമുറുക്കിയപ്പോഴാണ്… എവിടെങ്കിലും തലചായ്ക്കാനൊരിടം തേടാനൊരുങ്ങിയത്.. ഗൂഗിൾ എന്ന ദൈവത്തോട് വഴി ചോദിച്ചപ്പോൾ തിരിച്ച് ബസ്റ്റാൻ്റിലേക്ക് വെച്ചു പിടിപ്പിക്കാനായിരുന്നു മറുപടി.

നക്ഷത്രങ്ങൾ പരസ്പരം കിന്നാരം പറഞ്ഞ് ചന്ദ്രനെ ഏകാകിയാകുന്നതിനു മുമ്പ് ഒരിടം കണ്ടെത്തണമെന്നുള്ള മനസ്സിൻ്റെ ഉൾവിളിയിൽ ആക്സിലേറ്ററിനെ വീണ്ടും കരയിപ്പിച്ചു.. അറ്റം കാണാതെ നീണ്ട് കിടക്കുന്ന പാടങ്ങളുടെ നടുകെ പിളർത്തിയ റോഡിലൂടെ കുതിച്ചു നീങ്ങുമ്പോൾ തലപ്പാവും നരച്ച നീളൻ താടിയും കട്ടി മീശയും ഒരാൾ കൈ കാണിക്കുന്നത്..ഇരുൾ ഈ മരുഭൂമിയെ വിഴുങ്ങി കഴിഞ്ഞാൽ വഴിയോരത്ത് കാണുന്ന മുഖമെല്ലാം പിടിച്ചുപറിക്കാരുടെ മുഖമാണോന്ന് തോന്നും. അതുകൊണ്ട് ബ്രേക്ക് ചവിട്ടാതെ പോകാമെന്നുള്ള തീരുമാനം മനസ്സ് ശരിവെച്ചു പക്ഷേ തൊട്ടടുത്ത് എത്തിയപ്പോൾ ഒരു ട്രാക്റ്റർ ശ്രദ്ധയിൽപ്പെട്ടത്. ഇരുൾ പടർന്നതുകൊണ്ട് ദൂരെ നിന്ന് അത് ശ്രദ്ധിച്ചില്ലായിരുന്നു.. എന്തോ കാല് ബ്രേക്കിലമർന്നു.പക്ഷേ അയാളിൽ നിന്ന് പത്ത് മൂപ്പത് മീറ്റർ അകലെയാണെന്ന് മാത്രം. ഒരു തീരുമാനം മാറ്റേണ്ടി വന്നതിൻ്റെ ദൂരം..

ഞാൻ ഉദ്ദേശിച്ചതു പോലെ അയാളൊരു കർഷകൻ തന്നെയായിരുന്നു .. ചന്തയിൽ ചരക്ക് വിറ്റിട്ടു വരുന്ന നേരം ട്രാക്റ്റർ പണിമുടക്കി. ഫോൺ ഉപയോഗിക്കുന്ന ശീലമില്ല… ഒരു മണിക്കൂറായി അയാൾ റോഡിൽ കിടന്ന് അഭ്യാസം കളിക്കുന്നു… പിറകിലിരുന്ന് രാജസ്ഥാനി കലർന്ന ഹിന്ദിയിൽ മൊഴിയുമ്പോൾ കാറ്റ് പല വാക്കിനെയും തട്ടി തെറിപ്പിച്ചു കൊണ്ടേയിരുന്നു.എനിക്ക് പോകേണ്ട വഴിയല്ലാഞ്ഞിട്ടും ഇരുപത് കിലോമീറ്റർ അയാളുടെ വീട് വരെ സഞ്ചരിച്ചു ചേതമില്ലാത്ത ഉപകാരമല്ല… തിരിച്ച് ബസ്റ്റാൻ്റിൻ്റെ അടുത്തുള്ള ഹോംസ്റ്റേയിലേക്ക് പോകാനൊരുങ്ങുമ്പോൾ അയാൾ പറഞ്ഞു. വിരോധമില്ലെങ്കിൽ ഇന്നിവിടെ തങ്ങാം. പുറത്ത് കട്ടിലുണ്ട്, ടോയ്‌ലെറ്റും ഉണ്ട്. ഭക്ഷണവും തരാമെന്നുള്ള അയാളുടെ ആതിഥേയ സ്വികരണത്തേ ഒരു ചെറുപുഞ്ചിരി നൽകി കൊണ്ട് ഞാൻ നിരസിച്ചു കൊണ്ട് അവിടെ നിന്ന് മടങ്ങി.പിറ്റേ ദിവസം സിരോഹിയിലേക്കുള്ള യാത്രാമധ്യേയാണ് എന്നിലെ നിരിക്ഷകനെ ഞാനുണർത്തിയത്.

ഇതിൽ എന്തിരിക്കുന്നുവെന്ന് നമ്മൾചിന്തിച്ചു കൊണ്ട് വളരെ നിസാരമായി തള്ളുന്ന പല കാഴ്ച്ചകളിലും വലിയൊരു വിസ്മയം ഉണ്ട്. രാജസ്ഥാൻ വീഥിയിലൂടെ യാത്ര ചെയ്ത എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട് അവരുടെ വേഷവിധാനങ്ങൾ.. ചിലവരെ വേഷം കൊണ്ട് മനസ്സിലാകാമെന്ന് നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ അടുത്ത് പറഞ്ഞിരുന്നു. അദ്ദേഹം മുസ്ലിം സമൂഹത്തെ വർഗ്ഗിയകരിച്ചു പറഞ്ഞതാണെങ്കിൽ പോലും അതിലൊരു കാഴ്ച്ചപ്പാടുണ്ട്. അതേ ചിലവരെ വേഷത്തിൽ നിന്ന് തന്നെ മനസ്സിലാകാം… അങ്ങനെപ്പെടുന്ന ഒരു കൂട്ടരാണ് രാജസ്ഥാനികൾ. പക്ഷേ അവരുടെ വേഷവിധാനം കൊണ്ട് മനസ്സിലാകുന്നത് അവരുടെ ജാതിയും പ്രദേശവും തൊഴിലും ഏതെന്ന് മാത്രമാണ്.

Rajasthani girls - a photo on Flickriverആദ്യം രാജസ്ഥാനി പെണ്ണിൽ നിന്നു തുടങ്ങാം.. അവരുടെ വസ്ത്രധാരണയും അധ്വനശീലവും എന്നെ ഒത്തിരി അത്ഭുതപ്പെടുത്തിട്ടുണ്ട്… എന്തിനു പറയണം എറ്റവും നന്നായി ഒരുവണ്ടി സൈക്കിൾ ചവിട്ടുന്നത് ഉത്തരേന്ത്യയിലെ പെൺകരുത്തുകളാണെന്ന് പലപ്പോഴും തോന്നിട്ടുണ്ട്..ഒരു രാജസ്ഥാനി സ്ത്രി ധരിക്കുന്നത് മൂന്ന് അല്ലെങ്കിൽ നാല് വസ്ത്രങ്ങളാണ്.. നീളൻ ബ്ലൗസ് അതിൻ്റെ മുകളിലെ ചോളി ,പാവാട, പിന്നെ മുഖം മറച്ചു പിടിക്കുന്ന ദുപ്പട്ടയും… വെള്ളം നിറച്ച കലവും ചുമന്ന് കുപ്പിവളയും കിലുക്കി മന്ദം മന്ദം നടന്നു പോകുന്ന ആ മനോഹര കാഴ്ച്ച ഇന്നും മായാതെ എന്നിൽ പ്രതിഫലിക്കുന്നു.

Image may contain: 1 personപിന്നീട് എടുത്ത് പറയേണ്ടത് രാജസ്ഥാനി ആണുങ്ങളുടെ ടർബൻ അഥവ തലപ്പാവാണ്.. രാജസ്ഥാൻ വീഥികളിലൂടെ ഓരോ പതിനഞ്ച് കിലോമീറ്റർ പിന്നിടുമ്പോഴും വ്യത്യസ്തരായ തലപ്പാവുകൾ ഉയർന്ന് വന്ന് ഓരോ ജാതിയും കുലവും വിളിച്ചു പറയാറുണ്ട്.. പക്ഷേ പഞ്ചാബികളെ പോലെയല്ല ഇവരുടെ ടർബനുകൾ.. ഇവരുടെ തലപ്പാവിനെ പൊതുവേ സഫ, പാഗ അല്ലെങ്കിൽ പഗ്രി എന്നാണ് അഭിസംബോധന ചെയ്യാറ്.

രാജസ്ഥാനിലെ സിറ്റികളിൽ തലപ്പാവ് അധികം ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല.പക്ഷേ ആചാരാനുഷ്ഠാനങ്ങൾ നടത്തുമ്പോഴും പരമ്പരാഗത ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അവരത് നിർബദ്ധമായും ഉപയോഗിക്കാറുണ്ട്. പക്ഷേ ഗ്രാമപ്രദേശങ്ങളിലേക്ക് വരുമ്പോൾ എല്ലാ ആളുകളും തലപ്പാവ് ഉപയോഗിക്കുന്നതായി കാണാം.രാജസ്ഥാനിൻ്റെ ചില പ്രദേശങ്ങളിൽ, തലപ്പാവിന്റെ വലിപ്പമാണ് ആ സമൂഹത്തിൽ ഒരു വ്യക്തിയുടെ സ്വധീനം എത്രയെന്ന് അളക്കുന്നത്. തലപ്പാവ് രാജസ്ഥാനി സംസ്കാരത്തിന്റെയും സജ്ജീകരണത്തിന്റെ ഒഴിച്ചുകൂടാനാവതെ അവിഭാജ്യ ഘടകമാണ്.

Image may contain: one or more people, people sitting and outdoorമുമ്പ് പറഞ്ഞതുപോലെ രാജസ്ഥാനിലെ ഓരോ ഗോത്രങ്ങൾക്കും വിവിധ ജാതിയിൽ ഉള്ളവരും വ്യത്യസ്ത തരം തലപ്പാവാണ് പൊതുവേ അണിയാറ്. റാം സ്നേഹി വിഭാഗകാരും ബിഷ്നോയി കുലത്തിൽ ഉള്ളവരും ജാട്ടുകളും വെളുത്ത തലപ്പാവാണ് ധരിക്കാറ്. ചില ഇടയന്മാരും വെളുത്ത തലപ്പാവ് ധരിക്കുന്നത് കാണാറുണ്ട്.കബീർ സമൂഹം തിളക്കമാർന്ന ചുവന്ന പാഗ്രിയാണ് ധരിക്കാറ്. ആത്മീയചര്യന്മാരും സന്യാസിമാരും ഓറഞ്ച് നിറമോ കാവി നിറത്തിലോ ഉള്ളതാണ് ധരിക്കാറുള്ളത്. രജപുത്രന്മാരുടെ വിഭാഗത്തിലുള്ളവർ മൂന്ന് കളറടങ്ങിയ പാഗ്രിസ് ധരിക്കുമ്പോൾ ലങ്ക കാൽബേൽസിയ ,ജിപ്സി സമുദായക്കാർ പ്രിൻ്റഡ് ടർബൻസാണ് ധരിക്കാറുള്ളത്.’
പക്ഷേ വ്യത്യസ്ത സന്ദർഭങ്ങൾക്കനുസരിച്ച് വ്യത്യസ്ത തരം തലപ്പാവ് ഉപയോഗിക്കാറുള്ളത്. ഉദാഹരണം പറയുകയാണെങ്കിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഒരു നിറം മാത്രമുള്ള ടർബനുകളാണ് ഉപയോഗിക്കാറ്.

പക്ഷേ ഇവിടത്തെ മറ്റൊരു കൗതുകം എന്തെന്നു വെച്ചാൽ വിവാഹ വേളയിൽ വധുവിൻ്റെ കുടുംബാംഗങ്ങൾക്ക് വില കൂടിയ പാഗ്രികൾ സമ്മാനിക്കുന്നത് ഒരു ആചാരമാണ്. തലപ്പാവ് ധരിക്കാൻ 1000 മാർഗങ്ങളുണ്ടെന്നുള്ള രാജസ്ഥാനി പഴമൊഴിപോലെ രാജസ്ഥാനിൽ ആയിരത്തോളം വ്യത്യസ്ത ശൈലിയിലുള്ള തലപ്പാവുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.അവയിൽ ചിലത് – ജല്ലൂരിൽ നിന്നുള്ള “ജല്ലോരി”, ജയ്‌സാൽമീറിൽ നിന്നുള്ള “ഭട്ടി”, “ഷാഹി ജോധ്പുരി പാഗ്” അല്ലെങ്കിൽ രാജകീയ തലപ്പാവ്, ജയ്സാൽമറിലെ പഗ്രി”, “ബൻസ്വര പാഗ്”, ജയ്പൂരിൽ നിന്നുള്ള “ജയ്പുരി തലപ്പാവ്”, “അൽവാർ പഗ്രി,” സിറോഹി തലപ്പാവ്.. ഇങ്ങനെ നീണ്ട് പോകുന്നു.

എന്നിരുന്നാലും, ഇവർക്ക് തലപ്പാവ് അലങ്കാരമല്ല. . ഇവരുടെ ആചാരപരമായ ജീവിതത്തിൽ രാജസ്ഥാനി തലപ്പാവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പഗ്രി അണിയുന്നത് താഴ്‌മയുടെ പ്രതീകമായിട്ടും അല്ലെങ്കിൽ ദൈവത്തിന് കീഴടങ്ങുന്നതിനു തുല്യമായിട്ടാണ് ഇവരുടെ വിശ്വസമെങ്കിലുംകത്തുന്ന രാജസ്ഥാനി സൂര്യനിൽ നിന്ന് രക്ഷനേടാനും കൂടിയാണ് .. ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന് പറയുന്നതുപോലെ ഈ തലപ്പാവ് കൊണ്ട് ചില പ്രായോഗിക പ്രയോഗങ്ങളും ഉണ്ട്. ഒരു ഡബിൾ മുണ്ടിൻ്റെ വലിപ്പം ഉള്ളതുകൊണ്ട് ഒരു തലയിണയായും പുതപ്പായും ഇതിനെ ഉപയോഗിക്കാറുണ്ട്.

കൂടാതെ കിണറ്റിൽ നിന്ന് വെള്ളം കോരാൻ കയറുകളായി ഉപയോഗിക്കുന്നതായി കാണാം രാജസ്ഥാനി തലപ്പാവ് നിർമ്മാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന തുണി മസ്ലിൻ ആണ്. ഇത് ഭാരം കുറഞ്ഞതും എന്നാൽ വളരെ വലുതും ചൂട് അധികം കടത്തിവിടാത്തതുമാണ്… അതുകൊണ്ട് അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ല.ഇനിയും എത്രയോ പറയാനുണ്ട് ജാതിയും കുലവും വിളിച്ചു പറയുന്ന ഈ തലപ്പാവുകളെക്കുറിച്ച് തന്നെ .. ചെറിയൊരു കാഴ്ച്ചാനുഭവം ആണെങ്കിൽ പോലും അറിവുകൾ കുന്നോളമാണ്.. ആരൊക്കെ വെച്ചുനീട്ടുന്ന പാഥേയങ്ങൾക്ക് വേണ്ടി ഞാനെന്ന ഭിക്ഷാംദേഹിക്ക് ഇനിയും അലയാനുണ്ട്..