സിഖ് വംശജർ ഭിക്ഷ യാചിക്കുന്നത് കാണാൻ കഴിയില്ല, കാരണം എന്താകും ?

0
254

Written by Ressel Ressi

സിഖ് സമൂഹം ഭിക്ഷ യാചിക്കാറില്ല. ശരിയാണ്. അവരിലെ യാചകരെ നിങ്ങൾക്ക് കാണാനും കഴിയില്ല.. ഒന്നര മാസങ്ങൾക്ക് മുമ്പ് ഷിംലയിൽ പാറി പറക്കുന്ന സമയത്ത് ഇപ്പോഴൊ വീണു കിട്ടിയ സമയത്തിനിടെ ആരോ ഇതിനെ പറ്റി എഴുതിയ ആർട്ടിക്കിൾ വായിച്ചിരുന്നു. അയാൾ പറഞ്ഞത് ശരിയാണ്… ഞാനും മുമ്പ് ശ്രദ്ധിച്ചിരുന്നു.. ഇത്രയും കാലത്തിനിടെ ആറ് രാജ്യങ്ങളും ഇന്ത്യയിലെ പതിനേഴിലധികം സംസ്ഥാനങ്ങൾ പിന്നിട്ട എൻ്റെ യാത്ര ജീവിതത്തിൽ സിഖ് വംശജർ യാചിക്കുന്നത് കണ്ടിട്ടില്ല… പക്ഷേ ഇതുപ്പോലെ നിങ്ങൾ അവരെ പറ്റിയറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി പറയണമെന്ന് തോന്നി.

May be an image of 2 people, beard and turbanഒരു നാടിനെ അടുത്തറിയണമെങ്കിൽ അവരുടെ സംസ്കാരവും പൈതൃകവും അടുത്തറിയണമെങ്കിൽ ആ നാട്ടിൽ ആറ് മാസം എങ്കിലും താമസിച്ച് ജോലി ചെയ്തു കൊണ്ട് വേണം എന്ന് കരുതുന്ന ചുരുക്കം ഭ്രാന്തമാരിൽ ഒരാളാണ് ഞാനും. ഹിന്ദിയും ഇംഗ്ലിഷും ബ ബ ബയടിക്കാതെ സംസാരിക്കാൻ കഴിയുമെങ്കിൽ ഇന്ത്യയിൽ എവിടെയും ജോലി കിട്ടുമെന്നുള്ള വിശ്വസം തന്നെയാണ് എന്നെ അതിലേക്ക് നയിക്കുന്നതും..

പഞ്ചാബിലെ സംസ്കാരവും ഭക്ഷണത്തിൻ്റെ രുചിയും മുമ്പ് ഞാൻ അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഷിംലയിലെ ആകാശ കരാർ കഴിഞ്ഞാൽ ഉടനെ പഞ്ചാബിലേക്ക് കൂട് മാറാൻ ഞാൻ തീരുമാനിച്ചു…പക്ഷേ അത് അടുത്താഴ്ച്ച തന്നെ സാധിക്കുമോന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.കൊറോണയുടെ ഭീതിയിൽ ആകാശസഞ്ചാരികൾ കുറഞ്ഞപ്പോൾ പൈലറ്റ്മാരോട് കമ്പനി ലീവിലേക്ക് പ്രവേശിക്കാൻ പറഞ്ഞു.കൂടാതെ കടുത്ത മഞ്ഞുവീഴ്ച്ചയും അന്തരീക്ഷത്തെ വരിഞ്ഞുമുറുകിയതും ഒരു കാരണമായിരുന്നു.

അന്നേരം ഹിമാചൽ എല്ലാം കണ്ടു തീർത്തിരുന്നു. രണ്ടാഴ്ച്ചയും കൂടി ഷിംലയിൽ തങ്ങിയ ശേഷംമാറാപ്പും തൂക്കി നേരെ വെച്ചുപിടിപ്പിച്ചത് അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്ന പഞ്ചാബിലേക്കാണ്..സംസ്കൃതത്തിൽ പഞ്ചനദഃ എന്ന വാക്കിൽ നിന്നാണ് പഞ്ചാബ് രൂപം എടുക്കുന്നത്. ഒരു ഭാഗം ഇന്ത്യയിലും മറുഭാഗം പാകിസ്ഥാനിലുമാണ്. ഭൂരിഭാഗവും പാകിസ്ഥാൻ കൈവശപ്പെടുത്തിയെന്ന് പറയാം… പിന്നെ മറ്റൊരു കാര്യം എല്ലാം പഞ്ചാബികളും സിഖ് വിശ്വസികളല്ല എന്ന സത്യം മനസ്സിലാക്കിയാൽ നല്ലത്…

അങ്ങനെ സിഖ് സംസ്കാരത്തെ പറ്റിയറിയാൻ ചെന്നെത്തിയത് മൊഹാലിയിലെ ഒരു പഴയ സിക്ന്ദർ സിംഹത്തിൻ്റെ ഹോം സ്റ്റേയിലായിരുന്നു… ഒരുപാട് അലഞ്ഞതിനു ശേഷമാണ് പഞ്ചാബി ഹോംലി ഫുഡ് ലഭിക്കുന്ന ഹോംസ്റ്റേ കണ്ടെത്തിയത്.
Are you muslim എന്ന് അയാൾ ചോദിച്ചപ്പോൾ എന്താ നിങ്ങൾ മുസ്ലിംമിന് താമസിക്കാൻ അനുവദിക്കില്ലേ, എന്ന് തിരിച്ചു ചോദിച്ചു.
അതല്ല ബേട്ടാ, അഡ്രസ്സ് കണ്ടപ്പോൾ ചോദിച്ചു വെന്നെയുള്ളു.. ഇവിടെയുള്ളവർ മതം നോക്കിയല്ല ജനങ്ങളെ വേർതിരിച്ചു കാണുന്നത്..
ഓക്കെ ജി അങ്ങനെ അവിടെ താമസം തുടങ്ങി..

സഹവാസിയായി കിട്ടിയത് ഹർഷ് പ്രിത് സിംഗിനെയും… പുള്ളി അവിടത്തെയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. പിറ്റേ ദിവസം അഞ്ച് മണിക്ക് സിഖ് ഗുരുദ്വാരയിൽ നിന്നുള്ള പ്രകാശ് ഭജന കേട്ടിട്ടാണ് എഴുന്നേൽക്കുന്നത്. വൈകിട്ട് സൗഹസ്സൻ എന്ന ഭജനയും ഉണ്ടാകും.ബാങ്ക് വിളിപ്പോലെ ഓരോ സമയവും ഇടവിട്ട് ഇത് കേൾക്കാം.പക്ഷേ ഇത് ഒന്നര മണിക്കൂറോളം നീണ്ട് നിൽക്കും.ഇതിൻ്റെ സാരം തേടിയപ്പോൾ സിഖു മത വിശ്വസിക്കൾ ദൈനംദിനമായി ചെയ്യ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് എന്നാണ് അറിയാൻ കഴിഞ്ഞത്… ചിന്തിച്ചു നോക്കു എത്ര നല്ല കാര്യമാണ്… അവരുടെ സമൂഹം വഴി പിഴച്ചു പോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.

രണ്ടാംനാൾ എൻ്റെ ആഗമന ഉദ്ദേശ്യം ഹർഷിനെ അറിയിച്ചപ്പോൾ ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല… അദ്ദേഹം എല്ലാം വിശദമായി പരിചയപ്പെടുത്തി തന്നു.കേട്ടറിവിനെക്കാലും വലുതാണ് കണ്ടുകൊണ്ട് മനസ്സിലാകുന്നതെന്ന സത്യം ഞാൻ ഓർമ്മിപ്പിക്കുന്നു..
സംസ്കൃത പദമായ ശിഷ്യ (വിദ്യാർത്ഥി) അല്ലെങ്കിൽ siksa (സിക്സ) എന്നിവയിൽ നിന്നാണ് സിഖ് എന്ന പദം ഉടലെടുക്കുന്നത്. ഇസ്ലാം മതവിശ്വസികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അസ്സലാമു അലൈക്കും എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്നതു പോലെ സിഖുകാർ പരസ്പരം അഭിസംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാചകമാണ് “സത് ശ്രീ അകാൽ ” സത്യം അനന്തം ആണെന്നാണ്” അതിൻ്റെ ഏകദ്ദേശ അർത്ഥം.

ഇനി എറ്റവും വലിയ പ്രത്യേകത അവർ അണിയുന്ന വേഷവിധാനങ്ങളിലാണ്.. അവർ ധരിക്കുന്ന തലപ്പാവാണ് ടർബൻ.. അതവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും, ഭക്തിയേയും, ആത്മീയതെയും എല്ലാം കാണിക്കാൻ ഉപയോഗിക്കുന്നു. തങ്ങളുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അഭിവാജ്യ ഘടകമാണെന്നാണ് അവർ പറയുന്നത്… അതുകൊണ്ട് തന്നെ ഹെൽമെറ്റ്‌ നിർബന്ധമില്ലാത്ത ഒരേ ഒരു മതവിഭാഗം ഇവർ തന്നെയാണ്.ഇസ്ലാം കാര്യം അഞ്ച് എന്ന് പറയുന്നതുപോലെ സിഖുകാർ പിന്തുടരേണ്ട അഞ്ച് ‘ക’ കൾ എന്ന മതനിയമങ്ങളുണ്ട്.

കേശം – ഇവരുടെ മതനിയമപ്രകാരം ഇവർക്ക് തലമുടി അഥവാ കേശം മുറീക്കുന്നത് നിഷിദ്ധമാണ്. നീണ്ട മുടി ഇവർ തലക്കുമുകളിൽ ഗോളാകൃതിയിൽ കെട്ടിവക്കുന്നു. ചിഗ്നോങ് (ചിഗ്നൊൻ) എന്നാണ് ഈ കെട്ടിന് പറയുന്നത്. അതിനു ശേഷം ഒരു തലപ്പാവ് കെട്ടി മറക്കുന്നു. അതു കൊണ്ടാണ് സിഖുകാർ മീശയും താടിയും നീട്ടി വളർത്തുന്നത്.. ചിലർ നീട്ടി വളർത്തുന്ന താടിയെ കറുത്ത നിറമുള്ള ഒരു വല കൊണ്ട് തലക്കു മുകളിലേക്ക് ഒതുക്കി കെട്ടിവക്കാറുമുണ്ട്.. ഈ കാരണത്താൽ പോലിസിലും പട്ടാളത്തിലും ഇവർക്ക് മുടിവെട്ടുന്നതും ഷേവ് ചെയ്യുന്നതും ബാധകമല്ല.

കംഘ – മരം കൊണ്ടുള്ള ഒരു ചീർപ്പാണിത്. തലക്കു മുകളിലെ മുടിക്കെട്ടിൽ ഇത് കുത്തിയിറക്കി വക്കുന്നു. ഒരിക്കൽ റൂമിൽ ഹർഷ് സിംഗിൻ്റെ കംഘ കാണാതായപ്പോൾ തെരഞ്ഞെടുത്ത് കൊടുത്തത് ഞാനായിരുന്നു.കിർപാൺ/കൃപാൺ – നീളം കുറഞ്ഞ ഒരു വാളാണിത്. അവരുടെ മതനിയമപ്രകാരം ഇതും നിർബന്ധമായും കൈയിൽ കരുതേണ്ടതാണെങ്കിലും ഇക്കാലത്ത് ഇത് നിർബന്ധമായി പിന്തുടരുന്നില്ല.. പക്ഷേ ഷിംലയിലെ സോളനിൽ വെച്ച് ഒരു സിഖിൻ്റെ കൈവശം ഞാൻ ഈ വാൾ കണ്ടിട്ടുണ്ട്.

കഛ് – സിഖുകാർ ധരിക്കേണ്ടുന്ന അടിവസ്ത്രമാണിത്
കാര – സിക്കുകാർ വലത്തെ കയ്യിൽ ധരിക്കുന്ന ഇരുമ്പോ സ്റ്റീലോ കൊണ്ടുള്ള പരന്ന ഒരു വളയാണ് കരാ സിഖ് സ്ത്രീകളും ഇത്തരം വളകൾ ധരിക്കുന്നതായി കാണുന്നുണ്ട്.
ഇവരുടെ ആചാര്യമാരായ ഗുരു നാനകിന്റെ വിശ്വാസപ്രമാണങ്ങളാണ്‌ സിഖ് സമൂഹത്തിന്റെ വിശ്വാസങ്ങളുടെ ആധാരം.
ഖുർഹാൻ,ബൈബിൾ, ഭഗവത്ഗീത പോലെ

സിഖ്കാരുടെ പുണ്യഗ്രന്ഥമാണ്‌ ഗുരു ഗ്രന്ഥസാഹിബ്. ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം ഗുരു നാനാക് ഉയർത്തിക്കാട്ടി. മോചനത്തിന്റെ പാതയിൽ ജാതി, വംശം, ലിംഗം എന്നീ വിവേചനങ്ങൾ അപ്രധാനമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ഗുരു നാനകിന്റെ വിശ്വാസപ്രമാണങ്ങൾ ഹിന്ദു, ഇസ്ലാമിക വിശ്വാസരീതികളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഒന്നായിരുന്നു

ഒരു മുസ്ലീം നെയ്ത്തുകാരൻ ആയിരുന്ന കബീർദാസ് എന്ന ഭാരതം കണ്ട കവിയും സർവ്വോപരി സിദ്ധനുമായ
ഇദ്ദേഹത്തിൻ്റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനും കൂടിയായിരുന്നു ഗുരു നാനക് .. കാരണം കബീർ ദാസിൻ്റെ കൃതികൾ എല്ലാം ആത്മീയവും യോഗാത്മകവും അഗാധമായ യോഗാനുഭൂതിയിൽ നിന്നുറവെടുത്തവയുമായിരുന്നു.. അത് ആ പുണ്യ ഗ്രന്ഥത്തിൽ ഉൾക്കൊളിച്ചിട്ടുമുണ്ട്.സത്യത്തിൽ ഗുരുനാനാക്.ഇസ്ലാം മതത്തിന്റെയും ഹിന്ദു മതത്തിന്റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു അങ്ങനായാണ് പതിനാറാം നൂറ്റാണ്ടിൽ സിഖ് മതം ഉടലെടുക്കുന്നത്.’ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. അദ്ദേഹം ജാതിവിഭജനത്തിൽ വിശ്വസിച്ചിരുന്നില്ല. വിഗ്രഹാരാധനയെ ഗുരു നാനാക്ക് ശക്തിയുത്തം എതിർത്തിരുന്നു.

അന്ന് നാനക്കിന്റെ പ്രബോധനത്തിൽ ആയിരങ്ങൾ ആകൃഷ്ടരായി. തുടർന്ന് അവരിൽ പുരുഷന്മാർക്ക് സിംഹം എന്ന് അർഥം വരുന്ന സിംഗ് എന്നും സ്ത്രീകൾക്ക് സിംഹിണി എന്ന് അർഥം ഉള്ള കൌർ എന്നും പേരിനോടൊപ്പം അദ്ദേഹം ചേർത്ത് കൊടുക്കുകയായിരുന്നു..നാനക്, ഈ മതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നെങ്കിലും സിഖ് മതത്തെ ചിട്ടപ്പെടുത്തിയതും ഏകമായ ഒരു സമ്പ്രദായത്തിലേയ്ക്ക് ഉരുക്കിച്ചേർത്തതും ഇവരുടെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾക്കും ജീവിതരീതിക്കും പേരിന്റെ അവസാനമുള്ള സിങ്/സിംഹ് എന്ന പൊതുവായ ഭാഗത്തിനും രൂപം കൊടുത്തത് ഗുരു ഗോബിന്ദ് സിങ് ആണ്.. അദ്ദേഹം തന്നെയായിരുന്നു അഞ്ച് ‘ക’ കൾ എന്ന മതനിയമങ്ങൾക്ക് രൂപം നൽകിയതും…പതിനൊന്ന് ഗുരുക്കുമാരിൽ നിന്ന് പകർന്ന സിഖ് മതം ഇന്ന് ഇന്ത്യയിൽ രണ്ടു കോടിയോളം വിശ്വസികളിലേക്കെത്തി.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്. പൊതുവേ ധൈര്യശാലികളായ ഇവർ കൈവെയ്ക്കാത്ത മേഖലകൾ കുറവാണ്. സ്വന്തം കഴിവിലുള്ള ഉറച്ച വിശ്വസം തന്നെയാണ് അതിനുള്ള കാരണം. ഭഗത് സിംഗിൽ തുടങ്ങി ബോളിവുഡിലും യുവരാജിലും മിൽഖയിലും അവസാനിക്കാതെ അവർ കുതിക്കുകയാണ്…. ഇന്ത്യയുടെ ശിരസ്സ് വാനോളം ഉയർത്താൻ …..

പിന്നെ സിഖ് മതക്കാരിൽ യാചകരെ കാണത്തത് അവരുടെ ഐക്യമാണ്.. അവരിലൊരാൾ യാചനയുടെ വക്കിൽ എത്തുമ്പോഴെക്കും അവരെ കൈപിടിച്ചുയർത്തേണ്ടത് യഥാർത്ഥ സിഖ് വിശ്വസിയുടെ കടമയായിട്ടാണവർ കാണുന്നത്. കാശ് കൊടുത്ത് അപ്പോഴത്തെ ബുദ്ധിമുട്ട് തീർത്തു കൊടുക്കാതെ അവർക്ക് ജീവിക്കാനുള്ള മാർഗ്ഗം അല്ലെങ്കിൽ ജോലി തരപ്പെടുത്തി അവർ കൊടുക്കുന്നു.. അതു തന്നെയാണ് അവരിൽ യാചകരെ കാണാത്തതും… ഓട്ടോയോടിക്കുന്നവരും ചെറിയ ചായക്കച്ചവടം ചെയ്യുന്ന സിഖ് പാജികളെയും കാണാം എന്നിരുന്നാലും അവർ ആരും ഭിക്ഷക്കായി കൈ നീട്ടാറില്ല.. അധ്വനിച്ച പണം മതിയവർക്ക് .. കൂടാതെ ആത്മഭിമാനം ഇവർ പണയം വെക്കില്ല. അത് മറ്റുള്ളവരായി നഷ്ടപ്പെടുത്താനും ഇവർ സമ്മതിക്കില്ല… ഞാൻ കണ്ടെടുത്തോളം ഭൂരിഭാഗപ്പേരും സത്യസന്ധമാരായിട്ടാണ് തോന്നിയിട്ടുള്ളത്… വഴിയറിയാതെ പകച്ചു നിന്നപ്പോൾ ഒരു പ്രതിഫലവും മേടിക്കാതെ ലക്ഷ്യസ്ഥാനത്ത് എന്നെ എത്തിച്ചവരുണ്ട് ആ കൂട്ടത്തിൽ.. സിഖ് വിശ്വസം മുറുക്കെ പിടിക്കുന്നതു കൊണ്ട് മറ്റുള്ളവനെ പറ്റിച്ചും ചതിച്ചും ജീവിക്കാൻ ഈ കൂട്ടർ ആഗ്രഹിക്കുന്നില്ല … എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ മുഖഛായ തന്നെ മാറുമായിരുന്നു. പക്ഷേ ആരും ചിന്തിക്കില്ല… ഇനിയാരും കൈ കൊടുത്തു എഴുന്നേൽപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല മണ്ണിട്ട് മൂടാതെയിരുന്നാൽ മതി.

Always singh is king
ഇവിടത്തെ നിയോഗത്തിന് പരിസമാപ്തി നൽകിയാൽഏകനായുള്ള എൻ്റെ അടുത്ത പ്രയാണം ട്രക്കിങ്ങിനു വേണ്ടി ഉത്തരാഖണ്ഡിലോട്ടാണ്. മഞ്ഞിൻ്റെ പുടവചുറ്റിയ ബ്രഹ്മതാൽ ഒന്ന് കയറിയിറങ്ങണം അവിടെന്ന് നേരെ ബദരിനാഥ് കേദർനാഥ് വഴി രാജസ്ഥാനിലെ പുഷ്ക്കറിലേക്ക്, അതു കഴിഞ്ഞ് 2021 ‘ൽ തന്നെ പന്ത്രണ്ട് വർഷങ്ങളിൽ ഒരിക്കൽ നടക്കുന്ന ഹരിദ്വാറിലെ കുംഭമേളയും കണ്ട് ആ വർഷത്തിനും പരിസമാപ്തികുറിക്കണം.. പിന്നീട് കാണാൻ ആയുസ്സ് കിട്ടിയെന്ന് വരില്ല…