വിജയ് ഫാൻസിന്റെ പ്രതീക്ഷകൾ തകിടംമറിക്കാത്ത ഒരു കംപ്ലീറ്റ് എന്റർറ്റെയ്‌ന്മെന്റ്

0
85


Revathy M Radhakrishnan

മാസ്റ്റർ ഒറ്റവാക്കിൽ അടിപൊളി പടം. സ്ഥിരം വിജയ് രക്ഷകൻ എന്നൊക്കെ അസൂയാലുക്കൾ പറയുമായിരിക്കും. എന്നിരുന്നാലും ഓരോ തവണയും അണ്ണൻ രക്ഷിക്കുന്ന കൂട്ടരേ വേറേ താൻ മവനേ! പൊങ്കൽ മുൻകൂട്ടി ഇറങ്ങിയ പടം ശരിക്കും ഒരു ആഘോഷം തന്നെ. മാസ്റ്ററിലെ വളരെ പോപുലർ ആയ ആ മ്യൂസിക് കേൾക്കുമ്പോൾത്തന്നെ വിരൽത്തുമ്പും കാൽപ്പാദങ്ങളും താളംപിടിക്കും. അതിനോടൊപ്പം തോൾ ചെരിച്ചു ആടുന്ന വിജയ്നെ സ്ക്രീനിൽ കാണുമ്പോൾ എന്തൊക്കെ പ്രോട്ടോക്കോൾ പറഞ്ഞാലും ഒന്നു ചുവടുവെച്ചുപോകും.

സിനിമയുടെ ആദ്യപകുതി കുറച്ചു ഏറ്റങ്ങളും കുറച്ചു നേർരേഖയുമുള്ളൊരു ഗ്രാഫ് ആണെങ്കിൽ ഇടവേളയ്ക്ക് ശേഷം ഒരൊറ്റ കുതിപ്പാണ്. വിജയും വിജയ് സേതുപതിയും നിറഞ്ഞാടുകയാണ്. വിജയ് സേതുപതിയുടെ വില്ലൻ വേഷം കലാഭവൻ മണിയെ ഓർമ്മിപ്പിച്ചു. ചിരിപ്പിക്കുന്ന വില്ലൻ! കോമ്പിനേഷൻ സീനുകളിൽ ഇരുവരുടേയും ത്രാസ് ഒരേപോലെ നിർത്താൻ സംവിധായകൻ ശ്രമിച്ചില്ല എന്നതുതന്നെയാണ് മറ്റൊരു എടുത്തുപറയേണ്ട പ്രത്യേകത. വിജയ് സേതുപതി…, ഈ ജാഡയില്ലാത്ത അഭിനയമാണ് നിങ്ങളെ മക്കൾ സെൽവൻ ആക്കുന്നത്. നിങ്ങൾ വില്ലനാണെങ്കിലും നമുക്ക് ഓകെ ബേബി 😍.

ബിഗിൽ സിനിമയിൽ കുറേ സീനുകളിൽ വിജയ്‌നേക്കാൾ കൂടുതൽ ജൂനിയർ താരങ്ങളായ ഫുട്‌ബോൾ കളിക്കാരികളാണ് സ്കോർ ചെയ്തത്. മാസ്റ്ററിലും അതുപോലത്തെ രംഗങ്ങൾ കാണാൻ സാധിക്കും. എത്ര സിമ്പിളായാണ് മാസ്സ് കാണിക്കാൻ ഉതകുന്ന രംഗങ്ങൾ ജൂനിയർ താരങ്ങൾ മനോഹരമാക്കിയിരിക്കുന്നത്.

പിന്നെ, മാസ്റ്റർ പ്രത്യേകിച്ചൊരു കക്ഷിരാഷ്ട്രീയവും പറയുന്നില്ലെങ്കിലും ചില സീനുകൾ എന്തൊക്കെയോ ഓർമ്മിപ്പിച്ചു. ക്യാമ്പസിൽ വിദ്യാർത്ഥികളെന്ന വ്യാജേന കടന്നുകയറിയ അക്രമികളും ഒരു കയറിന്റെ രണ്ടു അറ്റത്തു തൂങ്ങിയാടുന്ന സഹോദരങ്ങളും എന്തൊക്കെയോ ഓർമ്മിപ്പിച്ചു.

ഇനിയാണ് എന്റെ പേഴ്‌സണൽ ഫേവറിറ്റ് സംഭവം. രണ്ടു നായികമാർ ഉണ്ടെങ്കിലും വിജയ് ഇതിൽ സിംഗിൾ ആണ്😂. അണ്ണന്റെ റൊമാൻസ് വളരെ ക്യൂട്ട് ആണെങ്കിലും, അത് കാണുമ്പോൾ എന്റെ ഹൃദയത്തിന്റെ വടക്കോ കിഴക്കോ ഒരു ചെറിയ വേദന വരുമെന്നേ. എന്തായാലും മാസ്റ്റർ ആ വേദന തന്നില്ല.

OTT റിലീസ് ചെയ്യാൻ തയ്യാറാകാതിരുന്ന ടീമിന് ഒരു വലിയ താങ്ക്സ്. തിയേറ്റർ എക്സ്പീരിയൻസ് തരുന്ന ഫീൽ ഒന്നുവേറേയാണ്. വിജയ് ഫാൻസിന്റെ പ്രതീക്ഷകൾ തകിടംമറിക്കാത്ത ഒരു കംപ്ലീറ്റ് എന്റർറ്റെയ്‌ന്മെന്റ് ആണ് മാസ്റ്റർ.