മുത്തുകുടകൾക്കൊപ്പം ഉദ്ധരിച്ചു നില്ക്കുന്ന പുരുഷലിംഗങ്ങളുടെ തോന്ന്യവാസിടം കൂടിയാണ് പൂരം

370

Revathy Sampath

തൃശൂർ പൂരം സ്ത്രീകൾക്ക് ഒരു വിദൂര സ്വപ്നമാണ്. പ്രത്യക്ഷത്തിൽ ശബരിമല തടയൽ നിയമങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പുരുഷാരത്തിൻ്റെ ഉത്സവത്തിൽ നിന്ന് സ്ത്രീകൾക്ക് മാറിനില്ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?

ഒന്നരദിവസത്തെ പൂരം മുഴുവൻ കണ്ട എത്ര സ്ത്രീകളുണ്ടാകും ? പൂരനാളിൽ പുലർച്ചെ വടക്കുംനാഥനെ തൊഴാനായി നിരവധി സ്ത്രീകൾ എത്താറുണ്ട്. മഠത്തിൽവരവിലും പാറമേൽക്കാവിലെയും തിരുവമ്പാടിയിലെയുമൊക്കെ എഴുന്നള്ളത്തിലും സ്ത്രീ സാന്നിധ്യം പ്രകടമാണ്. സ്ത്രീ സാന്നിധ്യത്തിൻ്റെ അദൃശ്യരേഖ ദേവിയെ പുറത്ത് എഴുന്നള്ളിക്കുന്നതോടെ അവസാനിക്കുന്നു.
ആഘോഷം നിറഞ്ഞ ആർപ്പുവിളികളുടെയും നൃത്തച്ചുവടുകളുടെയും പുരുഷഗ്രൗണ്ടിൽ തെക്കുവശത്തും കിഴക്കുവശത്തുമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ നിന്നു മാത്രം സ്ത്രീകൾ പലപ്പോഴും ആസ്വദിക്കുന്നു.

തൃശൂർ പൂരം ഒരവധിക്കാലം കൂടിയാണല്ലോ. ആഹ്ലാദത്തിമിർപ്പിൽ പുരുഷകേസരികൾ മദംപൊട്ടിയാടുമ്പോൾ, ആട്ടം കഴിഞ്ഞു വരുന്നവർക്കും വിരുന്നുകാർക്കും വച്ചു വിളിക്കുന്ന അടുക്കള പൂരത്തിലാകും സ്ത്രീകൾ. പലപ്പോഴും പൂരത്തിൻ്റെ ദൃശ്യഭംഗികൊഴിഞ്ഞ അടുത്ത രാവിലെയുള്ള പകൽ പൂരത്തിൻ്റെ കാഴ്ചകൾ മാത്രമാണ് തൃശൂരിലുള്ള സ്ത്രീകൾ പോലും കാണുന്നത്.
ആകാശത്തിലേക്ക് ദൃശ്യഭംഗിയൊരുക്കി വിരിയുന്ന മുത്തുകുടകൾ ദൂരെ നിന്നോ ടി.വിയിലോ ആണ് പല സ്ത്രീകളും കാണുന്നത്. മുത്തുകുടകൾക്കൊപ്പം ഉദ്ധരിച്ചു നില്ക്കുന്ന പുരുഷലിംഗങ്ങളുടെ തോന്ന്യവാസിടം കൂടിയാണ് പൂരം. വരുന്ന സ്ത്രീകളെ തോണ്ടിയും വായും കൈയുമുപയോഗിച്ച് അസഭ്യവർഷം നടത്തിയും മുലകളിലേക്ക് ഒരു ഉളുപ്പുമില്ലാതെ തുറിച്ചു നോക്കിയുമാണ് ഒരു വിഭാഗം പുരുഷന്മാർ പൂരത്തെ കൊണ്ടാടുന്നത്. പല പാപ്പാന്മാരും കൂട്ടാമാരും അധികാരത്തിൻ്റെ മേൽപ്പുറത്തിരുന്ന് നടത്തുന്ന പുലമ്പലുകളുമുണ്ട്.

ആൺകൂട്ടുണ്ടോ എന്നന്വേഷിക്കുന്ന ദൈവവിശ്വാസികളുടെ സംരക്ഷണ കവചം കൂടി അവിടെയുണ്ട്. നോക്കിനില്‌ക്കെ ആൾക്കൂട്ടത്തിൽ നിന്നൊരു കൈ ശരീരത്തിലമരുകയും ആൾക്കൂട്ടത്തിലേക്ക് തന്നെ മറയുകയും ചെയ്യുന്നുണ്ടാകും. അതിൻ്റെ ഷോക്ക് മാറും മുന്നെ മറ്റൊരു കൈ വരും. ഒന്നും തിരിച്ചറിയാനാവാത്ത നിസ്സഹായതയിൽ അവിടെ നിന്നു എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള വെപ്രാളമാണ് പിന്നെ. ആരോടെങ്കിലും പറഞ്ഞാൽ അതിനിടയിൽ ചെന്നു കയറിയിട്ടല്ലേ എന്ന സിംപിൾ മറുപടിയിൽ തീരും. ട്രാൻസ്ജെൻ്റർ സമൂഹവും സമാനമായ രീതിയിൽ വലിയ അധിക്ഷേപങ്ങളും അക്രമണങ്ങളും പൂരത്തിടയിൽ നേരിടുന്നുണ്ട്.

“കാന്താ ഞാനും വരാം…തൃശൂർ പൂരം കാണാൻ.. പൂരം എനിക്കൊന്നു കാണണം കാന്താ.. പൂരത്തിൽ എനിക്കൊന്നു കൂടണം കാന്താ.. ” എന്ന് കാന്തനോട് അഭ്യർത്ഥിക്കേണ്ടി വരുന്നത് ഗതികേടാണ്. പെർമിഷൻ വാങ്ങിച്ച് ബോഡിഗാർഡോടെ ഒരു വിസിറ്റിംഗ് വിസ വാങ്ങി പോകുന്നത് തന്നെ ഒരു ചടങ്ങാണ്. ” ഇനിപ്പോ അതിനിടയിൽ പോയിട്ട് വേണം വല്ലവമാന്മാരും തോണ്ടയോ പിടിക്കയോ ചെയ്യാനെന്ന് ” പറയുന്ന രക്ഷിതാക്കളും, കൊണ്ട് പോയി തിരികെ വരുന്നതുവരെ ബാധ്യതയായി കാണുന്ന ഭർത്താക്കന്മാരും ആങ്ങളമാരും ധാരാളമാണ്.

പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. ഇവിടെ സ്ത്രീ സാന്നിധ്യം വിരളമാകുന്നതിലുപരി ദേവിയെ എഴുന്നള്ളിക്കാൻ എപ്പോഴും ആണുങ്ങൾ തന്നെ വേണമെന്നത് മറ്റൊരു വിരോധാഭാസമാണ്.നൂറ്റിയൊന്നോളം ആനകളെ മനുഷ്യൻ്റെ ഷോയ്ക്കായി നിരനിരാ നെറ്റിപ്പട്ടം കെട്ടിനിറുത്തുമ്പോൾ അവയുടെ മാനസിക ഫിറ്റ്നസ് എങ്ങനെയാകും ( മനുഷ്യരുടെ മാനസിക അവസ്ഥകളെ മനസ്സിലാകാത്തവരോടാണ് ആനകളുടെ മാനസികാവസ്ഥയെപ്പറ്റി പറയുന്നത് എന്നറിയാം).ജീവനുപോലും വില കൊടുക്കാതെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ‘ദൈവത്തിൻ്റെ തന്നെ മറ്റൊരു സൃഷ്ടിയെ’ പീഢിപ്പിക്കുമ്പോൾ ദൈവത്തിന് നിർവൃതി ലഭിക്കുമെന്നാണോ എന്തോ? ആനപ്രേമി എന്നത് ആനയെ പീഡിപ്പിച്ച് രസിക്കുന്നയാൾ എന്നാണ് ഇപ്പോൾ അർത്ഥം.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആനയും ചെവി പൊട്ടുമാറുച്ചത്തിലുള്ള പടക്കങ്ങളും ഇല്ലാത്ത തൃശൂർ പൂരം കടന്നുപോവുകയാണ്. മതത്തിൻ്റെ എല്ലാ വൈകാരികതകളെയും അടക്കിവയ്ക്കാൻ സാധിക്കുമെന്ന് മനുഷ്യർ തെളിയിച്ചു കഴിഞ്ഞു. ദൈവങ്ങളാരും തങ്ങളുടെ ബർത്ത്ഡേകൾ ആഘോഷിക്കാത്തതിൽ പരാതി പറയുന്നതുമില്ല. ആളുകളെ കൂട്ടായ്മ പഠിപ്പിക്കുന്നതാവണം പൂരത്തിന്റെയടക്കമുള്ള ആഘോഷങ്ങളുടെ ലക്ഷ്യം. വിഭിന്നതയും അതിക്രമങ്ങളും അകലേക്ക് മാഞ്ഞു പോകണം.

NB: സ്ത്രീ സാന്നിധ്യം ഉണ്ടല്ലോ ഉണ്ടില്ലല്ലോ വരണ്ടാ എന്നു പറഞ്ഞില്ലല്ലോ എന്നാക്കെ പറഞ്ഞു കരയാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്. വന്ന നിരവധി സ്ത്രീകളുടെ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയകളിലൂടെയും കേസുകളിലൂടെയും നമ്മൾ അറിഞ്ഞതാണ്. പുരുഷന്മാരുടെ ഈ മനുഷ്യവിവിരുദ്ധ യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്യുമ്പോൾ ദൈവകോപം ഉണ്ടാകുമെന്നാണെങ്കിൽ ആ ദൈവം കോപിച്ചോട്ടെ എന്ന് വയ്ക്കുന്നു. തോന്ന്യവാസം കാണിക്കുന്നവരെ പറയുമ്പോൾ ഇതു പുരുഷവർഗ്ഗത്തിനെതിരെയുള്ള ഫെമിനിസ്റ്റ് അധിനിവേശമാണെന്ന് മനസ്സിലാക്കുന്ന എല്ലാ ‘ആണുങ്ങൾ’ക്കും സമർപ്പണം.