A REVENGE, OF A SOLDIER (9 ) – ബൈജു ജോര്‍ജ്ജ്

339

Ghost-Recon-Future-Soldier-1800x2880
ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലയില്‍ നിന്നും മോചനം ഇല്ലാതെ …, ഇരുന്നും കിടന്നും .., നിന്നും .., ഓരോരുത്തരും അവരവുരുടെതായ ലോകത്ത് കഴിച്ചു കൂട്ടി ..!, ഭക്ഷണവും ., വെള്ളവും എല്ലാം തന്നെ സമയാസമയങ്ങളില്‍ ലഭ്യമായിരുന്നു ..!, കാരണം നല്ല ലേല തുക ലഭിക്കണമെങ്കില്‍ അടിമകള്‍ എല്ലാവരും നല്ല ആരോഗ്യത്തോടു കൂടി ഇരിക്കേണ്ടത് അവരുടെ ആവശ്യമാണ് …!

എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗത്തിനായി എന്റെ മനസ്സ് ഉഴലുകയായിരുന്നു …! എന്നാല്‍ സമുദ്രമദ്ധ്യത്തിലുള്ള കപ്പലിലെ അടച്ചു പൂട്ടിയ ഈ മുറിയില്‍ നിന്നും ഒരു രക്ഷപ്പെടല്‍ അസാദ്ധ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു ..!, നല്ലൊരു മാര്ഗ്ഗം തുറന്നു കിട്ടാതെ അതിനു ശ്രമിക്കുകയെന്നത് അതിസാഹസീകവും വിഡ്ഢിത്തരവും ആയിരിക്കും …!

വിനാഴികകളും .., ദിവസങ്ങളും കടന്നു പോയിക്കൊണ്ടിരുന്നു …!, പരസ്പരം ഒരു തരത്തിലുമുള്ള സമ്പര്‍ക്കങ്ങളും ഇല്ലാതെ ഒരു കൂട്ടം മനുഷ്യര്‍ .., അല്ല അടിമകള്‍ .., അനിവാര്യമായ അവരുടെ വിധിയെകാത്ത് …, ആ കപ്പലിന്റെ അടിത്തട്ടില്‍ കഴിച്ചു കൂട്ടുന്നു ..!

ആരുമായും ഒരുതരത്തിലുമുള്ള ആശയവിനിമയങ്ങളും സാദ്ധ്യമായിരുന്നില്ല .., കാരണം ഒന്നാമതു എല്ലാവരും അവരവരുടേതായ ലോകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു ..!, രണ്ടാമത് ഒരിക്കലും ഇവിടെ നിന്ന് രക്ഷപ്പെടാനാകില്ല എന്ന തിരിച്ചറിവ് .., നിരാശയുടെ ഒരു പടുകുഴിയിലേക്ക് എല്ലാവരേയും വീഴ്ത്തിയിരിക്കുന്നു ..!

പ്രതീക്ഷ നഷ്ട്ടപ്പെടുമ്പോള്‍ ഉള്ള ഇരുട്ടാണത് …!എങ്ങിനെയെങ്കിലും അങ്ങിനെ പോകട്ടെ എന്നുള്ള ഒരു ചേതനയറ്റ ചിന്ത ..!, ഏറ്റവും ഒടുവിലായി പരസ്പരം മനസ്സിലാക്കാന്‍ സാധിക്കാത്ത ഭാഷയും ..!

ആശയവിനിമയത്തിന് ഭാഷ ഒരു മുഖ്യ ഘടകമാണെങ്കിലും .., , രക്ഷപ്പെടാനുറച്ച് …, ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഒരു കൂട്ടം ആളുകള്‍ക്ക് .., ആശയവിനിമയം നടത്താന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരു പ്രധാന ഘടകവുമല്ല ..!, ആംഗ്യങ്ങളും .. , ചേഷ്ടകളും .., മാനസീകപൊരുത്തങ്ങളും .., ആശയവിനിമയത്തിന് അവിടെ ഭാഷയുടെ സ്ഥാനം ഏറ്റെടുക്കുന്നു…!

പക്ഷേ .., ഇവിടെ അവസ്ഥ നേരെ തിരിച്ചാണ് .., നിരാശരായിരിക്കുന്ന ഒരു കൂട്ടത്തെ ഉത്തേജിപ്പിക്കണമെങ്കില്‍ .., ആംഗ്യങ്ങള്‍ക്കും .., ചേഷ്ട്ടകള്‍ക്കും .., മീതേ അവരുടെ ഭാഷയിലുള്ള പ്രാവീണ്യവും ആവശ്യമാണ് . മൂര്‍ച്ചയേറിയ വാക്കുകള്‍ക്കെ …, മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കാനാകൂ .., നിരാശയെ പിഴുതെറിഞ്ഞ് .., ആത്മവിശ്വാസത്തിന്റെ ശക്തി നിറക്കാനാകൂ ..!, എന്നാല്‍ ഇവിടെ ആ രീതിയില്‍ ഞാന്‍ നിസ്സഹായനാകുന്നൂ …!

അടിമജീവിതം എത്ര ഭയാനകമാണ് ..!ഒരു ജീവിതകാലം മുഴുവന്‍ ഉറ്റവരേയും .., ഉടയവരേയും പിരിഞ്ഞ് …മറ്റൊരുവന്റെ കീഴില്‍ .., എല്ല്‌ലാവിധ സ്വാതന്ത്ര്യവും അടിയറവ് വെച്ചുകൊണ്ടുള്ള ഒരു ജീവിതം .., എത്ര ക്രൂരമാണത് …?, ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ രക്തം തിളക്കുന്നു …!

ഒരു ദേശത്തിന്റെ പടനായകനായ എന്നെ തളച്ചിടാന്‍ ഈ ചങ്ങലകള്‍ പര്യാപ്തമല്ലെങ്കിലും …, എതിരാളികളുടെ എണ്ണത്തേയും .., അവരുടെ ആയുധ വ്യാപ്തിയേയും കുറിച്ച് യാതൊരു വിധ ധാരണയും ഇല്ലാതെ എതിരിടുകയെന്നത് ആതമഹത്യാപരമായ ഒന്നാണ് …!, മാത്രമല്ല സമുദ്രത്തിലുള്ള ..; ഈ കപ്പലിന്റെ സ്ഥാനത്തെക്കുറിച്ച് …?, എങ്ങോട്ടേക്ക് പോകുന്നു …?, ഇപ്പോള്‍ എവിടെയാണ് ..?, എന്നിവയെക്കുറിച്ചൊന്നും ..; വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെയുള്ള ഒരു എടുത്തു ചാട്ടം മടയത്തരം ആയിരിക്കും …!, ആയതിനാല്‍ പറ്റിയ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് ഉചിതം …!

അതേ …, അതുവരെ കാത്തിരിക്കുക .., ഒരവസരം വരാതിരിക്കില്ല …!, ശുഭ പ്രതീക്ഷയോടെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു ..!

മിഴികള്‍ക്കു മുന്നില്‍ ഒരു തേന്‍ നിലാവായി സീത …!

************************************************************************

ശിരസ്സ് എവിടെയോ ശക്തിയായി ചെന്നിടിച്ച അമ്പരപ്പിലാണ് ഞെട്ടിയെഴുന്നേറ്റത്…! വലിയ ഓളങ്ങളില്‍ അകപ്പെട്ടത് പോലെ കപ്പല്‍ ആടിയുലയുന്നു .., ആ ചാഞ്ചാട്ടത്തിലാണ് തല എവിടെയോ ശക്തിയായി ചെന്നിടിച്ചിരിക്കുന്നത് ..!, എന്താണ് സംഭവിക്കുന്നതെന്ന് ഒന്നും തന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല ..!, ഇപ്പോള്‍ കപ്പല്‍ നിശ്ചലമായിരിക്കുന്നത് പോലെ തോന്നി ..!

പെട്ടെന്ന് വെടിയൊച്ചകളുടെയും .., കൂടെ ആക്രോശങ്ങളും .., എന്തൊക്കെയോ ശബ്ദകോലാഹലങ്ങള്‍ കപ്പലില്‍ നിന്നും ഉയരുന്നു ..!, ആര്‍ത്തനാദങ്ങള്‍ .., ഉച്ചത്തിലുള്ള ഒരിയിടലുകള്‍ .., കപ്പലിനുള്ളില്‍ ഒരു യുദ്ധം നടക്കുകയാണോ എന്നെനിക്ക് സംശയം തോന്നി ..!

എല്ലാ മുഖങ്ങളിലും പരിഭ്രാന്തി നിഴലിച്ചിരിക്കുന്നു …!, അടുത്ത നിമിഷം ..; അടഞ്ഞു കിടക്കുന്ന വാതിലില്‍ ..; ഉഗ്ര ശബ്ദത്തോടെ വെടിയുണ്ടകള്‍ പതിക്കുന്ന ശബ്ദം കേട്ട് ഞാന്‍ നടുങ്ങിപ്പോയി …!

ഒരു ഹുങ്കാരത്തോടെ തകര്‍ന്നുവീണ വാതിലിനപ്പുറത്ത് …, നീട്ടിപ്പിടിച്ച തോക്കുകളുമായി ..; പ്രാക്രതരായ ഒരു കൂട്ടം മനുഷ്യര്‍ …!,

ആര്‍ത്തട്ടഹസിച്ചുകൊണ്ട് അവര്‍ മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി …! കാണുന്നവരെയെല്ലാം .., യാതൊരു ദാക്ഷ്ണ്യവും കൂടാതെ അവര്‍ തലങ്ങും വിലങ്ങും പ്രഹരിക്കുന്നു ..!

അവസാനം ഞങ്ങളെയെല്ലാം ബന്ധനവിമുക്തരാക്കിയതിനു ശേഷം .., വരിവരിയായി നിറുത്തി കപ്പലിന്റെ മുകള്‍ത്തട്ടിലേക്ക് കൊണ്ടുപോയി …!, പോകുന്ന വഴിയില്‍ .., പലയിടത്തായി വെടിയേറ്റു വീണുകിടക്കുന്ന കപ്പല്‍ജോലിക്കാരുടെ നിശ്ചലശരീരങ്ങള്‍ …!

ആരാണിവര്‍ ..? എന്തിനാണ് ഇവര്‍ എല്ലാവരേയും കൊല്ലുന്നത് …?.., എനിക്കൊന്നും മനസ്സിലായില്ല …!

ഒരു പക്ഷേ .., കടല്‍കൊള്ളക്കാര്‍ ആയിരിക്കും എന്ന് ഞാന്‍ ഊഹിച്ചു …!

കപ്പലിന്റെ വിശാലമായ ഡെക്കില്‍ ..; കൈകള്‍ പിന്നിലേക്ക് പിണയിച്ച് .., മുട്ടുകുത്തിച്ച് അവര്‍ ഞങ്ങളെ നിറുത്തി …!കപ്പല്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിരിക്കുമെന്ന് ഞാന്‍ കരുതി …!, കാരണം ഞങ്ങളെ കൂടാതെ കപ്പലിന്റെ കപ്പിത്താന്‍ അടക്കം ഏകദേശം അഞ്ചു പേര്‍ മാത്രമേ അവിടെയുള്ളൂ …!

തോക്കുകള്‍ ചൂണ്ടി നില്‍ക്കുന്ന .., ആ കടല്‍കൊള്ളക്കാരുടെ മുന്നില്‍ ..; ഏതു നിമിഷവും കടന്നു വരാവുന്ന മരണത്തെ വരിക്കാന്‍ .., എല്ലാവരും ഭയപ്പാടോടെ നില്ക്കുകയാണ് …!

അവര്‍ ഏകദേശം പതിനഞ്ചോളം പേരുണ്ട് …!, എണ്ണത്തില്‍ അവരെക്കാള്‍ ഞങ്ങള്‍ അധികമാണ് എങ്കിലും ..; ആയുധധാരികളായ അവരുടെ മുന്നില്‍ അത് നിസ്സാരമായ ഒരു സംഖ്യ മാത്രമാണ് ..!

അവരുടെ തലവനെന്ന് തോന്നിക്കുന്ന ഒരാള്‍ .., ഞങ്ങളുടെ മുന്നില്‍ക്കൂടി തലങ്ങും വിലങ്ങും നടക്കുന്നു …!എല്ലാവരും തന്നെ എന്തോ ചവച്ചു കൊണ്ടിരിക്കുന്നു .., ഏതോ ലഹരിയായിരിക്കാം …!

മുട്ടുകുത്തി നില്‍ക്കുന്നവരെയെല്ലാം …, അവര്‍ പുറംകാലു കൊണ്ട് തൊഴിക്കുകയും .., തോക്കിന്റെ പാത്തി കൊണ്ട് മര്‍ദ്ധിക്കുകയും ചെയ്യുന്നു …! കരയുന്നവരുടെ മുഖത്തേക്ക് ലഹരി നിറഞ്ഞ ഉച്ചിഷ്ടം ചവച്ചു തുപ്പുന്നു ..!

എങ്ങും നിലവിളികളും .., ആര്‍ത്തനാദങ്ങളും .., മനുഷ്യരുടെ ദയനീയമായ കരച്ചില്‍ അവരെ കൂടുതല്‍ മത്തു പിടിപ്പിക്കുന്നു …!

മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത നരാധമന്മാര്‍ കണക്കെ .., അവര്‍ ആക്രോശിച്ചു കൊണ്ടും .., വെറുതെ ആകാശത്തേക്ക് വെടിയുതിര്‍ത്തു കൊണ്ടും .., ആ ഭീകാരാന്തരീക്ഷത്തെ ഒന്നുകൂടി ഭീകരമാക്കിത്തീര്‍ത്തു …!

കൊള്ളക്കാരുടെ തലവനെന്ന് തോന്നിക്കുന്നയാളും .., കൂടെ മറ്റൊരുവനും ചേര്‍ന്ന് കപ്പിത്താനെതിരെ ക്രൂരമര്‍ദ്ധനങ്ങള്‍ അഴിച്ചുവിട്ടു ..!, ഏതാനും നിമിഷങ്ങള്‍ക്കൊടുവില്‍ പഞ്ഞിക്കെട്ടുപോലെയായ ആ ശരീരം .., അവര്‍ കപ്പലിന്റെ പായ്മരത്തില്‍ കെട്ടിവെച്ചു ..!

ജീവനുള്ള ഒരു മാംസപിണ്ഡം കണക്കെയതെനിക്ക് തോന്നിച്ചു …!.., അടുത്തനിമിഷം അതിലൊരുവന്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് .., ഞങ്ങളുടെ നേരെ തിരിഞ്ഞു …!, അതേ നിമിഷത്തില്‍ തന്നെ അയാളുടെ കയ്യിലുണ്ടായിരുന്ന തോക്ക് തീ തുപ്പി .., ആര്‍ത്തനാദങ്ങള്‍ കടലിന്റെ മര്‍മ്മരത്തെ ഭേദിച്ച് ആകാശത്തേക്കുയര്‍ന്നു …!

ഞെട്ടിത്തരിച്ചു പോയ ഞാന്‍ കണ്ടത് .., അടിമകളുടെ ഒരാളുടെ നിശ്ചലമായ ആ ശരീരം അവര്‍ അട്ടഹാസത്തോടെ കടലിലേക്ക് എറിയുന്നതാണ് …!

അടുത്തത് മറ്റൊരുവന്റെ ഊഴമായിരുന്നു .., .., അട്ടഹസിച്ചുകൊണ്ട് അവന്റെ വിരലും കാഞ്ചിയില്‍ അമര്‍ന്നു …!, കൊലപാതകം ഉന്മാധമായി കൊണ്ടാടുന്ന നരഭോജികളെക്കാള്‍ .., പൈശാചികമാണ് ഇവരുടെ ചെയ്തികള്‍ …!

പിടഞ്ഞു വീഴുന്ന ശരീരങ്ങള്‍ അവര്‍ ആഘോഷപൂര്‍വ്വമാണ് കടലിലേക്ക് എടുത്തെറിയുന്നത് …!, ഓരോ അടിമയും തന്റെ ഊഴം കാത്ത് ഒന്നുറക്കെ കരയുവാന്‍ പോലും കരുത്തില്ലാതെ ഭയന്നു വിറച്ച് അങ്ങിനെ നില്‍ക്കുകുകയാണ് ..!

മരണം മുന്നില്‍ കാണുന്ന നിമിഷങ്ങളില്‍ ഏതു ധീരനും ഒന്നു പതറും …!
പക്ഷേ .., !, ഞാനൊരു പടത്തലവനാണ് .., എന്നും മരണത്തെ മുഖാമുഖം നേരിട്ട് വിജയം വരിക്കുന്നവന്‍ …! അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളെ സമചിത്തതയോടെ മറികടക്കേണ്ടവന്‍ വെറുമൊരു ശരാശരി മനുഷ്യന്റെ മാനസീക നിലവാരത്തിലേക്ക് ഞാനൊരിക്കലും തരം താണുകൂടാ

എന്നാല്‍ .., തുടര്‍ച്ചയായ പ്രധിസന്ധികളും തടസ്സങ്ങളും ഏതൊരു ധീരനേയും കടുത്ത മാനസീക സമ്മര്‍ദ്ധത്തിനു അടിമപ്പെടുത്തും ..!

പക്ഷേ ….ഇവിടെ എനിക്ക് ഈ പ്രതിസന്ധിയെ അതിജീവിച്ചേ മതിയാകൂ ..,,എന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി എനിക്കിവിടെ തോറ്റു കൊടുക്കാനാകില്ല ..!, ഈ കടല്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിക്കാനല്ല ..; പൂര്‍വ്വീകരുടെ അനുഗ്രഹത്താല്‍ ഇത്രയധികം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഞാനിവിടെ എത്തിചേര്‍ന്നിരിക്കുന്നത് …!എനിക്കൊരു നിമിത്തമുണ്ട് ഞാനത് പൂര്‍ത്തീകരിക്കണം …!

ഇവിടെ ഞാന്‍ തളരരുത് .., ഒന്നും പ്രതികരിക്കാതെ കടല്‍കൊള്ളക്കാരുടെ വെടിയേറ്റ് വീണു മരിക്കുന്നതിനേക്കാള്‍ നല്ലത് ..; ഒരു യോദ്ധാവിനെപ്പോലെ എതിരിട്ട് അതില്‍ വീരമരണം വരിക്കുകയാണ്

വെടിവെച്ചു കൊല്ലുന്ന അടിമകളെയെല്ലാം അവര്‍ ഒന്നൊന്നായി കടലിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്നു ..!, ഇരുപതില്‍ താഴെയായി ഞങ്ങളുടെ അംഗസംഖ്യ കുറഞ്ഞപ്പോള്‍ .., മരണത്തിന്റെ തണുപ്പ് എന്റെ നെറ്റിയില്‍ മുട്ടിയത് ഞാനറിഞ്ഞു …!

ഒരു യോദ്ധാവിന്റെ രക്തം എന്നില്‍ തിളച്ചു മറിഞ്ഞു .., പടനായകന്റെ കരുത്ത് എന്നിലേക്ക് ആവാഹിച്ചു കയറി …!മനസ്സില്‍ പ്രിയപ്പെട്ടവളുടെ മുഖം തെളിഞ്ഞു …!
പടയാളികളുടെ അലര്‍ച്ചകള്‍ കാതുകളില്‍ മുഴങ്ങുന്നു ….!

”അങ്ങാണ് പടക്കുറുപ്പ് …, അങ്ങാണ് പടത്തലവന്‍ …”!, ആ അലര്‍ച്ചകള്‍ എന്റെ ശരീരത്തെ പ്രകമ്പനം കൊള്ളിക്കുന്നു …!

പഠിച്ചെടുത്ത അടവുകള്‍ ക്ഷണനേരത്തില്‍ ശരീരത്തെ സജ്ജമാക്കി ..!, ആറാം ഇന്ദ്രീയം ഉണര്‍ന്നു ….!കണ്ണുകള്‍ സൂക്ഷ്മങ്ങളായി ….!, കാതുകള്‍ ജാഗരൂഗങ്ങള്‍ ആയിത്തീര്‍ന്നു..! ചുറ്റുപാടും ഞാനൊന്നുകൂടി കണ്ണോടിച്ചു …!, നരഹത്യ കോമാളിത്തരമാക്കി മൂന്നുപേര്‍ എന്റെ മുന്നില്‍ നില്‍ക്കുന്നു .., അതിലൊരുവന്റെ തോക്കിന്‍ കുഴല്‍ എന്റെ നെറ്റിയോട് ചേര്‍ന്നും …!

കൊള്ളക്കാരുടെ തലവനടക്കം മറ്റു രണ്ടുപേര്‍ കപ്പലിന്റെ ഒരു വശത്ത് കടലിലേക്ക് നോക്കി നില്‍ക്കുന്നു …!, രണ്ടു പേര്‍ കപ്പലിന്റെ മുന്‍ഭാഗത്തും .., രണ്ടു പേര്‍ പിന്‍ഭാഗത്തുമായി നില്‍ക്കുന്നുണ്ട് ..! ബാക്കിയുള്ളവര്‍ കപ്പലിന്റെ ഉള്‍ഭാഗത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു …!

അടുത്ത നിമിഷം ഒരു അട്ടഹാസത്തോടെ അയാള്‍ എന്റെ മുഖത്തേക്ക് ആഞ്ഞു തുപ്പി .., ചവച്ചു തുപ്പിയ ആ ലഹരി എന്റെ മുഖത്തു പതിച്ചു .., അതാണ് വെടിയുതിര്‍ക്കുന്നതിനു മുന്‍പുള്ള അടയാളം ..!

ക്രൂരമൃഗങ്ങളുടെ കണ്ണുകളില്‍ പോലും കാണാന്‍ സാധിക്കാത്ത അത്രയും കുടില ഭാവം ആ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു …!

നിമിഷങ്ങള്‍ മാത്രം …, ആ വിരലുകള്‍ തോക്കിന്‍ കാഞ്ചിയില്‍ അമരുന്നതിനു മുന്നോടിയായുള്ള ..; ആ ഒരേ .., ഒരു നിമിഷം .., ഞാനൊരു സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചു .., അതേ സമയത്തില്‍ തന്നെ എന്റെ ഇടതുകൈ .., ആ തോക്കിന്‍ കുഴലിന്റെ ഗതി മാറ്റുകയും .., വലതുകൈ ഒരു സീല്‍ക്കാരത്തോടെ അതിശക്തമായി അയാളുടെ മൂന്നാം മര്‍മ്മത്തില്‍ പതിച്ചതും ഒരേ നിമിഷാര്‍ദ്ധത്തില്‍ തന്നെയായിരുന്നു ..!

ഒന്ന് അലറിക്കരയുവാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പ് …., വായ് തുറന്നുപോയ അയാളുടെ ഉള്ളില്‍ നിന്നും കട്ട രക്തം പുറത്തേക്ക് തള്ളിയിറങ്ങി .., വിറച്ചു കൊണ്ട് കുനിഞ്ഞു പോയ അയാള്‍ അങ്ങിനെ തന്നെ താഴേക്കു വീണു …! ഞെട്ടിത്തരിച്ചു പോയ മറ്റു രണ്ടുപേര്‍ക്കും ഒന്ന് ചിന്തിക്കാന്‍ പോലും അവസരം ലഭിക്കുന്നതിനു മുന്‍പേ …; അന്തരീക്ഷത്തിലേക്ക് കുതിച്ചുയര്‍ന്ന എന്റെ കൈയ്യില്‍ .., ചത്തുവീണവന്റെ അരപ്പട്ടയില്‍ നിന്നും ഊരിയെടുത്ത വാളുമുണ്ടായിരുന്നു …!

ഒരു സീല്‍ക്കാരത്തോടെ അന്തരീക്ഷത്തില്‍ അതൊന്നു പുളഞ്ഞു ..!, ഞെട്ടറ്റ ശിരസ്സുകളില്‍ നിന്നും രക്തം പൂക്കുല പോലെ ചിതറി …., അടുത്ത നിമിഷത്തില്‍ അവരുടെ ശരീരങ്ങളില്‍ നിന്നും ഊരിയെടുത്ത കഠാരകള്‍ അന്തരീക്ഷത്തില്‍ ഒരു മൂളല്‍ ഉതിര്‍ത്തു ചീറിപ്പാഞ്ഞു …!, കപ്പലിന്റെ വാല്‍ഭാഗത്തുണ്ടായിരുന്ന രണ്ടുപേര്‍ .., ഒരു ആര്‍ത്തനാദത്തോടെ കടലിലേക്ക് നിപതിക്കുന്നത് ഞാന്‍ കണ്ടു ..!

എന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പരിഭ്രാന്തരായ കടല്‍ കൊള്ളക്കാരുടെ തലവനും .., മറ്റൊരുവനും തോക്ക് ചൂണ്ടിക്കൊണ്ട് എന്റെ നേരെ പാഞ്ഞടുത്തു …!, പക്ഷേ .., അതിനകം തന്നെ എന്റെ പ്രത്യാക്രമണത്തില്‍ ഉത്തേജനം ലഭിച്ച അടിമകള്‍ അവരെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു .., ഒന്ന് പ്രതികരിക്കാന്‍ സാധിക്കുന്നതിനു മുന്‍പുതന്നെ ആ ഏഴുപേരും വീണു കഴിഞ്ഞിരുന്നു ..!

ഇതിനിടയില്‍ ഞാന്‍ കപ്പലിന്റെ ക്യാപ്റ്റനെ ബന്ധന വിമുക്തനാക്കി .., നന്ദി സൂചകമായി ആ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു …!, ഒന്ന് വീണുപോയ ആ കപ്പിത്താന്‍ വേച്ചു കൊണ്ട് എഴുന്നേറ്റപ്പോള്‍ ..; കൊള്ളക്കാരിലോരുവന്റെ കൈയ്യില്‍ നിന്നും വീണുപോയ ഒരു തോക്കുമുണ്ടായിരുന്നു …!അതൊന്നു തീ തുപ്പി .., ഉച്ചത്തിലുള്ള ആ വെടി ശബ്ദത്തില്‍ ഞാനടക്കം എല്ലാവരും വിറച്ചു പോയി …!

അടിമകള്‍ എല്ലാം ഭയ വിഹ്വല്ലരായി ഒരു മൂലയിലേക്ക് പതുങ്ങി …!, ഒരു ഞരക്കത്തിനോടുവില്‍ കൊള്ളക്കാരുടെ തലവനെന്ന് തോന്നിക്കുന്നവന്റെ ശരീരം നിശ്ചലമായി .., കൃത്യം ശിരസ്സിലേറ്റ ആ വിടിയുണ്ട അയാളുടെ തല തകര്‍ത്തു കളഞ്ഞു ..!

വെടി ശബ്ദങ്ങളും ആര്‍ത്തനാദങ്ങളും അവരുടെ കൂട്ടാളികളെ കൂടി മുകളിലേക്ക് എത്തിച്ചു വെങ്കിലും .., ചത്തു കിടക്കുന്ന തലവനേയും .., മറ്റുള്ളവരേയും കണ്ടപ്പോള്‍ ..; ഒരു എതിര്‍പ്പിനു പോലും നില്‍ക്കാതെ .., അവരെല്ലാം കടലിലേക്ക് എടുത്തു ചാടി …

ഞാന്‍ ശരിക്കും അവശനായിക്കഴിഞ്ഞിരിക്കുന്നു …, ശരിയായ രീതിയിലുള്ള ഭക്ഷണത്തിന്റെ അഭാവവും .., നീണ്ട കടല്‍ വാസവും .., അപ്രതീക്ഷിത പ്രതിസന്ധികളും …, എല്ലാം കൂടി ചേര്‍ന്ന് ..; എന്റെ ആരോഗ്യത്തെ വളരെയധികം ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു ..!

തളര്‍ന്നു കഴിഞ്ഞ ഞാന്‍ കപ്പലിലേക്ക് നിരങ്ങി വീണു .., !, അടഞ്ഞു പോകുന്ന കണ്‍പോളകള്‍ക്കിടയിലൂടെ .., അവ്യക്തമായ രൂപങ്ങള്‍ക്കിടയില്‍ ..; എന്റെ നേര്‍ക്ക് നടന്നു വരുന്ന തോക്ക്ധാരിയായ കപ്പിത്താനെ ഒരു മൂടല്‍ മഞ്ഞു കണക്കെ ഞാന്‍ കണ്ടു ..!

***************************************************************************

ഒരട്ടഹാസത്തോടെ എന്നെ പിടിച്ച് എഴുന്നെല്പ്പിച്ച് ആശ്ലേഷിച്ചുകൊണ്ട് ..; ആ ക്യാപ്റ്റന്‍ അലറിപ്പറഞ്ഞു ..!

You’re a Brave Man,…You’re a Brave Man,.
You saved my life….! You saved my life…, Your my Brother….!”

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ആ നാവീകന്‍ കരയുകയാണ് ….!

രാജകീയമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്റെ വാസം ..!, ആ ക്യാപ്റ്റന്റെ ഏറ്റവും പ്രിയപ്പെട്ട സുഹ്രത്തായി ഞാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു …!അവരുടെ ജീവനും .., കപ്പലും .., സ്വത്ത് വകകളും സംരക്ഷിച്ച …, ഞാന്‍ അവരുടെ ഇടയില്‍ ഒരു നായകനായി മാറിക്കഴിഞ്ഞിരിക്കുന്നു ..!

എല്ലാ മുഖങ്ങളിലും ആരാധന ഭാവം .., ബഹുമാനപുരസ്സരമുള്ള പെരുമാറ്റം ..!

ദിവസങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു ..!, ഓരോ ദിവസവും കഴിയും തോറും ഞങ്ങളുടെ സുഹ്രദ്ബന്ധം കൂടുതല്‍ കൂടുതല്‍ ദ്രിഡമായി വളര്‍ന്നു …! ആ കപ്പലില്‍ ക്യാപ്റ്റനോട് സമാനമായ രീതിയില്‍ എല്ലാവിധ സൌകര്യങ്ങളും എനിക്ക് ലഭ്യമായിരുന്നു ..!, വിശാലമായ മുറിയും .., സമ്രദമായ ഭക്ഷണവും .., അങ്ങിനെ എല്ലാം തന്നെ ..!, പരസ്പരമുള്ള ആശയവിനിമയം ഒന്ന് മാത്രമായിരുന്നു ഞങ്ങള്‍ നേരിട്ട ഏക വൈഷമ്യം …!

ആദ്യമൊക്കെ ആംഗ്യ ഭാഷയില്‍ കൂടിയാണ് ഞങ്ങള്‍ ആശയവിനിമയം നടത്തിയിരുന്നത് ..; അതിന്റെ കൂടെ ഹെന്റിയില്‍ നിന്നും ഞാന്‍ പഠിച്ചിരുന്ന ചില മുറിവാക്കുകളും ഞാന്‍ ഉപയോഗിച്ചു….! എങ്കിലും .., ക്യാപ്റ്റന്റേയും .., എന്റേയും കഠിന പരിശ്രമം കൊണ്ട് കുറച്ചു ദിവസത്തിനുള്ളില്‍ ഞാന്‍ അല്പാല്പം ഇംഗ്ലീഷ് പരിജ്ഞാനം സ്വായത്തമാക്കാന്‍ തുടങ്ങിയിരുന്നു…!

ഞാനീ കപ്പലില്‍ എത്തിച്ചേര്‍ന്നിട്ട് ഏകദേശം നാല്പതു നാളുകളില്‍ അധികമായിരിക്കുന്നു..! സീതയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ ഹൃദയത്തെ കുത്തി നോവിച്ചുകൊണ്ടിരിക്കുകയാണ് ..!, വിഷാദപൂര്‍ണ്ണമായ നിമിഷങ്ങളില്‍ …, എന്നും ഞാന്‍ കടലിന്റെ നീലിമയിലെക്ക് നോക്കിക്കൊണ്ടിരിക്കുമായിരുന്നു …!

ഞങ്ങള്‍ ഒരിമിച്ചുള്ള നാളുകള്‍ മനസ്സിനുള്ളില്‍ തികട്ടിവരുംതോറും ഞാന്‍ കൂടുതല്‍ കൂടുതല്‍ ദുഖാര്‍ത്തനായി മാറുന്നു …!, എവിടെചെന്നാണ് അവളെ കണ്ടുപിടിക്കാനാകുക …?, വിശാലമായ ഈ ലോകത്തിന്റെ ഏതു കോണിലാണ് ഞാന്‍ അവളെ തിരയുക ..?.. എന്തായിരിക്കും എന്റെ പ്രിയപ്പെട്ടവളുടെ ഇപ്പോഴത്തെ അവസ്ഥ …? അസ്വസ്ഥമാകുന്ന മനസ്സ് നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നുവോ …?
അങ്ങിനെയിരിക്കെ .., ഒരു സായം സന്ധ്യയില്‍ ., ഏകാന്തതയില്‍ കപ്പലിന്റെ അമരത്തിരുന്നുകൊണ്ട് …, വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാന്‍ ..!

ബലിഷ്ഠമായ രണ്ടു കരങ്ങള്‍ എന്റെ തോളില്‍ അമര്‍ന്നപ്പൊഴാണ് ഞാന്‍ ഞെട്ടിത്തിരിഞ്ഞത് ..!

ക്യാപ്റ്റനായിരുന്നൂവത് …!

തിരിഞ്ഞു നിന്ന എന്റെ ചുമലുകള്‍ പിടിച്ചു കുലിക്കിക്കൊണ്ട് ..; ആര്‍ദ്രമായ സ്വരത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു …!

”ഞാന്‍ പലപ്പോഴും ശ്രദ്ധിക്കുന്നു …, എന്തുകൊണ്ടാണ് താങ്കള്‍ എല്ലായിപ്പോഴും ദുഖാകുലനായിരിക്കുന്നത് ..? ഈ സൌകര്യങ്ങളില്‍ താങ്കള്‍ ത്രിപ്തനല്ലേ …? എന്താണ് താങ്കള്‍ക്ക് വേണ്ടത് ..?ഈ ലോകത്ത് എനിക്ക് പ്രിയപ്പെട്ടവരായവരില്‍ ഏറ്റവും മുകളിലാണ് താങ്കളുടെ സ്ഥാനം ..!, എന്റെ ജീവിതം തന്നെ താങ്കളോട് കടപ്പെട്ടിരിക്കുന്നു ..!, അത്രത്തോളം ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു ….!”

ഒന്ന് നിറുത്തി ..; അദ്ദേഹം എന്നോട് തുടര്‍ന്ന് ചോദിച്ചു …!

”സത്യത്തില്‍ താങ്കള്‍ ആരാണ് …? , എന്താണ് താങ്കളെ അലട്ടുന്ന പ്രശനം …?, ആരുമില്ലാത്ത ഒരു ദ്വീപില്‍ നിന്നാണ് ഞാന്‍ താങ്കളെ കണ്ടെത്തിയത് ..!, താങ്കള്‍ എങ്ങിനെയവിടെ എത്തപ്പെട്ടു …?, ദയവായി എല്ലാം എന്നോട് തുറന്നു പറയൂ …’!

ഞാനൊരു നിമിഷം ….കണ്ണുകളടച്ച് നിശബ്ദനായി നിന്നു …, എന്നിട്ടാ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു …!

”ഞാനൊരു നായകനാണ് …!, ഒരു ദേശത്തിന്റെ പടത്തലവന്‍…, എന്റെ പത്‌നിയെത്തേടിയാണ് ഞാനീ മഹാസമുദ്രം തരണം ചെയ്യാന്‍ ശ്രമിക്കുന്നത് ..!, ആ യാത്രയിലാണ് താങ്കള്‍ എന്നെ ആ ദ്വീപില്‍ നിന്നും കണ്ടെത്തിയത് …!”

ആ മുഖം അത്ഭുതപരതന്ത്രമാകുന്നത് ഞാന്‍ കണ്ടു …., പതുക്കെ .., പതുക്കെ .., എന്റെ ഓര്‍മ്മചെപ്പില്‍ നിന്നും ഞാനെന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു ..!

നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറിക്കൊടുത്തു …!, കടല്‍ ശാന്തമാണ് ..ഇളം കാറ്റ് കപ്പലിന്റെ പായ്മരത്തെ താഴുകുമ്പോഴുള്ള .., ചെറിയ ശീല്‍ക്കാരം മാത്രം ഉയര്‍ന്നു കൊണ്ടിരിക്കുന്നു…!

സന്ധ്യമയങ്ങിയിരിക്കുന്നു .., അസ്തമയ സൂര്യന്റെ ചുവപ്പു രാശി .., കടലിന് സ്വര്‍ണ്ണ വര്‍ണ്ണം നല്‍കിയിരിക്കുന്നു …!

ഒരു നെടുവീര്‍പ്പോടുകൂടി ഞാന്‍ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ..; വിശ്വസിക്കാന്‍ പോലും ആകാതെ ആ കപ്പിത്താന്‍ തരിച്ചിരിക്കുകയായിരുന്നു …!, ഏതാനും നിമിഷം ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്നതിനു ശേഷം .., അദ്ധേഹം എന്റെ അടുക്കലേക്ക് വന്നു .., എന്റെ കരം ഗ്രഹിച്ച് .., ആ നെഞ്ചോട് ചേര്‍ത്ത് വെച്ചു കൊണ്ട് പറഞ്ഞു ….!

”രാമാ താങ്കള്‍ ഒരു മഹാനാണ് .., എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ .., താങ്കളെപ്പോലെ ധീരനും .., വിശ്വസ്തനും .., സ്‌നേഹസമ്പന്നന്നും ആയ ഒരാളെ ..; ഞാന്‍ കണ്ടിട്ടില്ല .., താങ്കള്‍ക്കു മുന്നില്‍ എന്റെ സ്‌നേഹാദരങ്ങള്‍ ഞാനിതാ സമര്‍പ്പിക്കുന്നു ..!

ഒന്ന് നിറുത്തിയതിന് ശേഷം അദ്ദേഹം വീണ്ടും തുടര്‍ന്നു …”

”താങ്കളുടെ ഈ യാത്രയില്‍ ..; ഇനി ഞാനുമുണ്ട് കൂടെ ..: അതിനായി എന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നാല്‍ തന്നെയും ..!, ഈ കപ്പല്‍ ഇംഗ്ലണ്ടിന്റെ തീരത്ത് നങ്കൂരമിടുകയേ വേണ്ടൂ .., എന്റെ സ്വാധീനവും , .., പണവും .., ഉപയോഗിച്ച് …, , താങ്കളുടെ പത്‌നി എവിടെയായിരുന്നാലും .., കണ്ടുപിടിക്കുന്നതിനായി എന്റെ മുഴുവന്‍ കഴിവും വിനിയോഗിച്ചു കൊള്ളുമെന്ന് ..; ഞാനിതാ ..; എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് വാഗ്ദാനം ചെയ്യുകയാണ്..!,, അത് കൂടാതെ ..; മറ്റൊരു പ്രതിജ്ഞ കൂടി ഞാനീ സന്ദര്‍ഭത്തില്‍ എടുക്കുകയാണ് …”!

”ഇനിമേല്‍ അടിമവ്യാപാരമെന്ന ഏറ്റവും നിഷ്ട്ടൂരമായ ഈ പ്രവര്‍ത്തിയും ..; ഞാനിതാ ഇവിടെ അവസാനം കുറിക്കുകയാണ് ..; അതെനിക്ക് ഏറ്റവും ലാഭകരമായ ഒന്നാണെങ്കില്‍തന്നെ കൂടിയും ..; അതും എന്റെ ഈ പ്രിയപ്പെട്ട സുഹൃത്തിനു വേണ്ടി തന്നെ …”!

വികാരം തിളച്ചു മറിഞ്ഞ ആ നിമിഷത്തില്‍ ..; ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തു കൊണ്ട് എന്റെ നന്ദി രേഖപ്പെടുത്തി …!

മനസ്സ് ഉന്മേഷഭരിതമായി മാറിക്കഴിഞ്ഞിരിക്കുന്നു …!, ആത്മവിശ്വാസം അതിന്റെ പരകോടിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതായി എനിക്ക് തോന്നി …!, ഒരു പക്ഷേ …., ലക്ഷ്യരഹിതമായിത്തീരുമോയെന്ന് ..; ഞാനൊരു വേള ഭയന്നു പോയ ..; ഈ യാത്രക്ക് .., ഇപ്പോള്‍ ഒരു ലക്ഷ്യവേഗം കൈവന്നിരിക്കുന്നു …!, സഹായിക്കുവാന്‍ ശക്തമായ കരങ്ങളുടെ പിന്തുണയുണ്ടായിരിക്കുന്നു …!

രണ്ടു കരങ്ങളും .., ആകാശത്തെക്കുയര്‍ത്തിക്കൊണ്ട് ഞാനെന്റെ പൂര്‍വ്വീകരോട് നന്ദി പറഞ്ഞു ..!

ഈ സമയം വിണ്ണില്‍ പുഞ്ചിരി പൊഴിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്ക് .., തിളക്കം ഒന്നുകൂടി വര്‍ദ്ധിച്ചുവെന്ന് എനിക്ക് തോന്നി …!
ഒരു മാസം നീണ്ട ആ കടല്‍യാത്രക്കൊടുവില്‍ .., ഇംഗ്ലണ്ടിലെ വിഖ്യാത തുറമുഖത്ത് കപ്പലടുക്കുമ്പോള്‍ .., നേരം നന്നേ പുലര്‍ന്നു കഴിഞ്ഞിരുന്നു ..!

നീണ്ട നാളുകളുക്ക് ശേഷം ..,പാദങ്ങള്‍ ഭൂമിയെ സ്പര്‍ശിച്ചപ്പോള്‍ എന്റെ ശരീരമാസകലം വിറകൊണ്ടു …!

എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് .., അലക്‌സാണ്ടര്‍ ഫ്രാങ്കളിന്‍ എന്ന ആ കപ്പിത്താന്‍ പറഞ്ഞു …!

”അപരിചിതമായ മണ്ണെന്നു കരുതരുത് ……, ക്യാപ്റ്റന്റെ സ്വന്തം നാടായിത്തന്നെ കരുതാം …!..കൂടെ എന്തിനും .., ഏതിനും .., ഞാനും എന്റെ ഈ ലോകവുമുണ്ട് …!”

തിരക്കു പിടിച്ച മണിക്കൂറുകളായിരുന്നു അത് ….!, കപ്പലിനെതിരെ സംഭവിച്ച ആക്രമണത്തെക്കുറിച്ച് അധികാരികളെ അറിയിക്കലും മറ്റുമായി.., വളരെയധികം നേരം ഞങ്ങള്‍ ചിലവഴിച്ചു ..!

എല്ലാവരുടേയും മുന്നില്‍ എന്നെ ഒരു വീരനായകനായി ..; അലക്സ്സാണ്ടര്‍ ഉയര്‍ത്തി കാട്ടിക്കൊണ്ടിരുന്നു …!

സുദീര്‍ഘമായ ആ നടപടി ക്രമങ്ങള്‍ക്കു ശേഷം .., മറ്റൊരു നല്ല കാര്യം കൂടി അദ്ദേഹം ചെയ്തു …!

കപ്പലില്‍ അവശേഷിച്ചിരുന്ന അടിമകളെ മുഴുവനും സ്വതന്ത്രരാക്കുകയും .., ഏവരെയും അവരവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു …!, അതിനോട് അനുബന്ധമായിത്തന്നെ …., ഇനി താനോ .., തന്റെ കപ്പലുകളോ … ഒരിക്കലും അടിമവ്യാപാരത്തില്‍ ഏര്‍പ്പെടുകയോ .., അത്തരം പ്രവര്‍ത്തികള്‍ക്കായി സമുദ്രാന്തര്‍യാത്രകള്‍ നടത്തുകയോ .., ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയും അദ്ദേഹം എടുത്തു ..!

ഇംഗ്ലണ്ടിലെ അപ്രധാനമല്ലാത്ത ഒരു പ്രഭു കുടുംബത്തിലെ അംഗമാണ് അലക്സ്സാണ്ടര്‍. സ്വന്തമായി പത്തോളം കപ്പലുകള്‍ അദ്ദേഹത്തിന്റെതായുണ്ട്..!

അടിമവ്യാപാരം കൂടാതെ തന്നെ .., മറ്റു വ്യാപാരാവശ്യങ്ങള്‍ക്കായി.., അദ്ദേഹത്തിന്റെ കപ്പലുകള്‍ പേര്‍ഷ്യയിലേക്കും .., മദ്ധ്യപൂര്‍വ്വേഷ്യയിലേക്കും.., യുറോപ്പ് മുഴുവനും ചുറ്റി സഞ്ചരിക്കാറുണ്ട് ..!

വളരെ ബ്രഹത്തായ ഒരു വ്യാപാരശ്രിംഗലക്ക് ഉടമയായിരുന്നുവെങ്കിലും .., അടിമകളെ കൊണ്ടു വരുന്ന കപ്പലുകളില്‍ മാത്രമേ അദ്ദേഹം കപ്പിത്താനായി യാത്ര ചെയ്തിരുന്നുള്ളൂ .., അതിലെന്തോ .., അദ്ദേഹം ഗൂഡമായ ഒരു ആനന്ദം അനുഭവിച്ചിരുന്നിരിക്കണം ..!, അതിനാണിപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത് …!

എല്ലാ തിരക്കുകള്‍ക്കുമൊടുവില്‍ …, രാജകീയമായി അലങ്കരിച്ച കുതിരവണ്ടിയില്‍ .., ഞങ്ങള്‍ അലക്‌സാണ്ടറുടെ വസതിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ..; നേരം ഏതാണ്ട് മദ്ധ്യാഹ്നത്തോട് അടുത്തിരുന്നു ….!

ലണ്ടന്‍ തുറമുഖത്തുനിന്നും ഏതാണ്ട് നൂറു മൈലുകളോളം ദൂരമുണ്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് …!ഏകദേശം പാതി ധിനത്തോളം വരുന്ന യാത്ര

എന്റെ ദുഖാര്‍ദ്രമായ മൌനം കണ്ട് ..; ആശ്വസിപ്പിക്കാനായി അദ്ദേഹം പറഞ്ഞു ….!

”എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ …., താങ്കളുടെ മനോവിഷമം എനിക്ക് ഊഹിക്കാന്‍ കഴിയാവുന്നതിലും അപ്പുറമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു .., എന്നിരുന്നാലും ഒരു നീണ്ടയാത്രയുടെ അവസാനം നമുക്ക് രണ്ടു പേര്‍ക്കും അല്‍പം വിശ്രമം അനിവാര്യംതന്നെയാണ് …!, അതിനു ശേഷം ഒരു പുതു ഊര്‍ജ്ജത്തോടെ നമ്മള്‍ നമ്മുടെ ജോലി തുടരുന്നതാണ് …!”

” എനിക്ക് ഉറപ്പുണ്ട് …, എന്റെ ഇവിടത്തെ സ്വാധീനത്താല്‍ നമുക്കവരെ കണ്ടെത്താന്‍ കഴിയുമെന്ന് …, അതിലേക്ക് നമുക്ക് ആദ്യമായി ആ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടേണ്ടതായുണ്ട് …!

യൂറോപ്പിലുള്ള മുഴുവന്‍ കപ്പലുകളുടെയും കൂട്ടായ്മയായുള്ള ഒരു സ്ഥാപനമുണ്ട് ..!”ദി അസോസിയേഷന്‍ ഓഫ് ഷിപ്പിങ്ങ് ഓണേര്ഷ് …”!, എന്നാണത് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ….!, അവിടെ അന്വേഷിച്ചാല്‍ നമുക്ക് ആ കപ്പലിനെക്കുറിച്ചും .., അതിലെ നാവികരേയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകും .., കാരണം യൂറോപ്പിലുള്ള മുഴുവന്‍ കപ്പലുകളേയും .., അതിന്റെ പൂര്‍ണ്ണ വിവരങ്ങളും .., ഈ സ്ഥാപനത്തില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കനം എന്നുള്ള നിയമമുണ്ട് …”!

” അതനുസരിച്ച് .., ആരുടേതാണീ കപ്പല്‍ …?ആരാണ് അതിന്റെ കപ്പിത്താന്‍ …?, അത് എങ്ങോട്ടേക്ക് പോകുന്നു .., എന്തിന് പോകുന്നു ..?, എന്ന് തിരിച്ചു വന്നു ..?, ഇപ്പോള്‍ എവിടെയുണ്ട് .., എന്നീ വിവരങ്ങള്‍ എല്ലാം തന്നെ കൃത്യമായി രേഖപ്പെടുത്തിയിരിക്കും …!

ഇനി ഒരു പക്ഷേ .., ആ കപ്പല്‍ സ്‌പെയിനില്‍ ആയിരുന്നാല്‍ തന്നേയും .., നമുക്ക് ഉടന്‍ തന്നെ അങ്ങോട്ട് പോകുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ കഴിയാവുന്നതാണ് …!, ആയതുകൊണ്ട് .., എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ …. ; താങ്കള്‍ ദു:ഖിതനായിരിക്കാതെ ..; സന്തോഷവാനായിരിക്കൂ ..!

താങ്കളുടെ ദു:ഖം .., എന്റെ മനസ്സിനെയും സങ്കടകുലമാക്കിത്തീര്‍ക്കുന്നു..!”

കറ കളഞ്ഞ ആ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി …!

നാഴികമണി മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നു …1
നീണ്ടു കിടക്കുന്ന ആ ഒറ്റയടിപ്പാതയിലൂടെ .., ഞങ്ങളേയും വഹിച്ചു കൊണ്ട് ആ കുതിര വണ്ടി പായുകയാണ് …!

നല്ല കുളിര്‍മ്മയുള്ള കാറ്റ് മുഖത്തേക്ക് അടിച്ചുകൊണ്ടിരിക്കുന്നു .., അതിന് പേരറിയാത്ത ഏതോ പുഷ്പങ്ങളുടെ സുഗന്ധം …!, വഴിത്താരയുടെ ഒരു വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഗിരിശ്രിംഗങ്ങള്‍ …!മറുവശത്ത് നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍ ..; അതിനു പുറകിലായി വയലു കണക്കെ പരന്നു കിടക്കുന്ന മഞ്ഞ നിറമുള്ള പുഷ്പങ്ങള്‍ …., അതങ്ങനെ ഒരു മഞ്ഞക്കടല്‍ കണക്കെ പരന്നു കിടക്കുന്നു ….!

എല്ലാം കൂടിച്ചേര്‍ന്ന് അസാധാരണമായൊരു ദ്രിശ്യ ഭംഗി ആ പ്രദേശത്തിനു നല്‍കുന്നു …!

ക്ഷീണാധിക്യത്താല്‍ അലക്‌സാണ്ടര്‍ ..; എപ്പോഴോ നിദ്രയില്‍ ആണ്ടു കഴിഞ്ഞിരുന്നു ..!

ആ മുഖത്തെ ശാന്ത ഭാവം … , കപ്പലില്‍ വെച്ചു കണ്ടതില്‍ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു …!

ഒരു പക്ഷേ…, പൂര്‍വ്വീകരുടെ കാരുണ്യമായിരിക്കാം ഇദ്ദേഹത്തെ കണ്ടു മുട്ടുവാന്‍ ഇടയാക്കിയത് …!

ഞാന്‍ വീണ്ടും .., പ്രക്രതിയുടെ ആ മനോഹര ദ്രിശ്യങ്ങളിലേക്ക് കണ്ണുകളോടിച്ചു ..!

വല്ലപ്പോഴും മാത്രം .., ചിനച്ചു കൊണ്ട് കുതിരകളെ പൂട്ടിയ രഥങ്ങള്‍ എതിര്‍വശത്തു കൂടെ ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു …!

ഏകാന്തതയുടെ ആ നിമിഷങ്ങളില്‍ .., മനസ്സ് വീണ്ടും സീതയുടെ സാമീപ്യത്തിലേക്ക് ചേക്കേറിക്കഴിഞ്ഞിരിക്കുന്നു ….!

അവളിപ്പോള്‍ എവിടെയായിരിക്കും …?, എന്തായിരിക്കും അവസ്ഥ ..? ആ ചിന്തകള്‍ എന്റെ ഹൃദയത്തെ ഞെരിച്ചു കളയുന്നു …!

എന്നാല്‍ താന്‍ സീതയുടെ വളരെയടുത്ത് എത്തിയിരിക്കുന്നതായി മനസ്സിലിരുന്നാരോ പറയുന്നു .., ആ സാമീപ്യത്തിന്റെ അദ്രശ്യമായൊരു അനുഭവം തന്നെ തലോടുന്നു ..!

മനസ്സും .., മനസ്സും .., പരസ്പരം തൊടുന്നത് പോലെ …!.., വിവരിക്കാനാകാത്ത ഒരു വികാരം .., അതിനെ ഊഷ്മളത തനിക്ക് അനുഭവഭേദ്യമാകുന്നുണ്ട് ….!, പക്ഷേ …, നയനങ്ങള്‍ക്ക് അവ കാണാനാകുന്നില്ല…,!, കൈകള്‍ക്ക് സ്പര്‍ശിക്കാനാകുന്നില്ല ..!, പക്ഷേ .., മനസ്സിന് തൊട്ടറിയാനാകുന്നുണ്ട് …!

എവിടെയാണവള്‍ …?, ഏത് കാരാഗ്രഹത്തിലാണ് തന്റെ പ്രിയ പത്‌നി തളക്കപ്പെട്ടിരിക്കുന്നത് …?, ആ ഹൃദയം തന്നെയോര്‍ത്ത് പൊട്ടിത്തകര്‍ന്നു കാണും …?, തന്നെ രക്ഷിക്കാന്‍ എന്തേ ..തന്റെ കുറുപ്പ് വന്നില്ല ..? എന്നവള്‍ കണ്ണീരോടെ പരിതപിച്ചിരിക്കും …!

ഒരു പക്ഷേ .., ഇനിയൊരിക്കലും വരില്ല ..!, ഏഴു കടലുകളും .., മലകളും താണ്ടി .., തന്നെ രക്ഷിക്കാന്‍ തന്റെ കുറുപ്പ് ആശക്തനായിരിക്കാം .., എന്നുകരുതി .., തനിക്കു വന്നു ചേര്‍ന്ന ദുരവസ്ഥയോട് അവള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുമോ ..?

”ഇല്ല .., പ്രിയേ .., ഏഴല്ല .., എഴുപത് കടലുകള്‍ താണ്ടിയാലും.., ഈ രാമക്കുറുപ്പ് നിന്നെ കണ്ടെത്തുകതന്നെ ചെയ്യും ..! അതിനുള്ള ചങ്കൂറ്റവും .., ത്രാണിയും നിന്റെ ഈ പ്രാണപ്രിയനുണ്ട് ..!, ഞാനിതാ നിന്റെ അടുക്കലേക്ക് പറന്നുകൊണ്ടിരിക്കുകയാണ് …!

നിന്റെ നിശ്വാസത്തിന്റെ ചൂട് എന്റെ നെഞ്ചില്‍ തട്ടുന്നു ..!, നിന്റെ ദുഖത്തിന്റെ തേങ്ങലുകള്‍ എന്റെ കാതുകളില്‍ അലയടിക്കുന്നു ..!, ഞാനിതാ നിന്റെ അടുത്തു തന്നെയുണ്ട് പ്രിയേ …!”

ഒരു പക്ഷേ .., അവള്‍ക്ക് എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ…?, അതായിരിക്കുമോ .., എന്റെ നിനവുകള്‍ ഇങ്ങനെ രൂപം മാറുന്നത് ..?

അതേപ്പറ്റി കൂടുതല്‍ ചിന്തിക്കുവാന്‍ കരുത്തില്ലാതെ ഞാനെന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു …!