ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്സ്

P.T. Muhamed Sadik സോഷ്യൽ മീഡിയയിൽ എഴുതിയത്

മിഷണറിയും റവല്യൂഷണറിയും രണ്ടാണ്. മിഷണറി റവല്യൂഷണറിയാകാന്‍ പാടില്ല. മദര്‍ റാണി മരിയക്ക് സഭയുടെ താക്കീതായിരുന്നു അത്. പ്രൊവിന്‍ഷ്യല്‍ മദര്‍ പലവട്ടം ആ താക്കീത് ആവര്‍ത്തിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ച് മിഷണറി പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട റാണി മരിയക്ക് പക്ഷേ, അവിടുത്തെ ആദിവാസി ഊരുകളില്‍ നടത്താനുണ്ടായിരുന്നത് റവല്യൂഷണറി പ്രവര്‍ത്തനമായിരുന്നു.

നരകത്തില്‍ ജീവിക്കുന്ന ആദിവാസികളെ മറ്റൊരു നരകം കാട്ടി അവര്‍ക്ക് പേടിപ്പിക്കേണ്ടതില്ലായിരുന്നു. സ്വന്തം കാലില്‍, അഭിമാനത്തോടെ ജീവിക്കാനൂള്ള അവകാശത്തിനപ്പുറം മറ്റൊരു സ്വര്‍ഗ്ഗം അവര്‍ക്ക് വാഗ്ദാനം ചെയ്യാനുമില്ലായിരുന്നു. സ്വന്തം മണ്ണില്‍ ആത്മാഭിമാനത്തോടെയുള്ള ജീവിതമാണ് സിസ്റ്റര്‍ റാണി മരിയ അവര്‍ക്ക് വാഗ്ദാനം ചെയ്തത്. കർത്താവിൻ്റെ കൃപയല്ല, അധികാരികളുടെ കുപയാണ് അവർക്ക് വേണ്ടത്. അത് അധികാരികളുടെ കൃപയല്ല, ഈ മനുഷ്യരുടെ അവകാശമാണെന്ന തിരിച്ചറിവാണ് അവർക്ക് ഉണ്ടാകേണ്ടതെന്നും സിസ്റ്റർ തിരിച്ചറിയുന്നു.

മണ്ണും കാര്‍ഷികോല്‍പന്നങ്ങളും വെള്ളവുമൊക്കെ കയ്യടക്കിവെച്ച ജന്മി മേലാളന്‍മാര്‍ക്കെതിരെ പോരാടാന്‍ മണ്ണിൻ്റെ മക്കളെ സജ്ജരാക്കുക എന്നതായിരുന്നു ആ ഊരുകളില്‍ മദര്‍ റാണി മരിയയുടെ ദൗത്യം. ദൗത്യം പൂര്‍ത്തിയാക്കുമ്പോഴേക്കും അവര്‍ക്ക് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നു.1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലെ നേച്ചമ്പൂര്‍ മലയിടുക്കില്‍ ബസില്‍ വെച്ച കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന സിനിമയാണ് ജയപാല്‍ ആനന്ദന്‍ തിരക്കഥയെഴുതി ഷെയ്‌സണ്‍ പി ഔസേപ്പ് സംവിധാനം ചെയ്ത ഫെയ്‌സ് ഓഫ് ഫെയ്‌സ്ലെസ്സ് എന്ന സിനിമ.

മിഷണറി പ്രവര്‍ത്തനവുമായി ഉദയനഗറിലെത്തിയ സിസ്റ്റര്‍ റാണി മരിയയുടെ ജീവിത കഥയാണ് പറയുന്നതെങ്കിലും അവിടുത്തെ ആദിവാസി ഊരുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതം വരച്ചു വയ്ക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിരുക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. മേല്‍ജാതിക്കാരുടെ കിണറില്‍നിന്ന് വെള്ളമെടുത്തതിന് രണ്ട് കീഴ്ജാതിക്കാരായ സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന സീനിലേക്കാണ് പുതിയ ദൗത്യവുമായി സിസ്റ്റര്‍ റാണി മരിയ ബസിറങ്ങുന്നത്. ആ കാഴ്ചയാകാം ഇവിടെ മിഷണറി പ്രവര്‍ത്തനമല്ല, റെവല്യൂഷണറി പ്രവര്‍ത്തനമാണ് തന്റെ ദൗത്യമെന്ന തിരിച്ചറിവിലേക്ക് അവരെ നയിക്കുന്നത്.

ഊരിലെ കാഴ്ചകള്‍ അവരുടെ മനസ്സിനെ വേദനിപ്പിക്കുന്നു. ആ വേദന ഒപ്പുന്നതില്‍പരം വലിയ സ്‌നേഹമില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. മണ്ണില്‍ പകലന്തിയോളം പണിയെടുത്താലും അവര്‍ക്ക് കൂലിയില്ല. വിളകള്‍ വിറ്റു കിട്ടുന്ന പണം വിത്തിന്റേയും വളത്തിന്റേയും പേര് പറഞ്ഞ് ജന്മിമാര്‍ പിടിച്ചു പറിക്കുന്നു. അക്ഷരം അവര്‍ക്ക് അന്യമാണ്. രോഗം വന്നാല്‍ ഊരില്‍ കിടന്നു ചാവുകയല്ലാതെ നിവൃത്തിയില്ല. അവിടെയാണ് സിസ്റ്റര്‍ വിപ്ലവം സൃഷ്ടിക്കുന്നത്.

കണ്ണീരോടെയാണ് ഈ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് തിരക്കഥാകൃത്ത് ജയപാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. കണ്ണീരോടെയല്ലാതെ ഈ സിനിമ കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല.നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഈ ചിത്രം കേരളത്തില്‍ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തിരുവനന്തപുരം കൈരളി തിയേറ്ററിയില്‍ ഇന്നലെ 6.15 ന്റെ ഷോ കാണുമ്പോള്‍ പ്രതീക്ഷിച്ചതിലധികം പ്രേക്ഷകരുണ്ടായിരുന്നു.

വിന്‍സി അലേഷ്യസാണ് സിസ്റ്റര്‍ റാണി മരിയയായി അഭിനയിക്കുന്നത്. വിന്‍സിയെ ഇഷ്ടപ്പെടുന്നവര്‍ ഈ സിനിമ കണ്ടില്ലെങ്കില്‍ അവരുടെ മികച്ച പ്രകടനം കാണാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുത്ത നടീ നടന്മരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. പലരേയും സ്‌ക്രീനില്‍ ആദ്യം കാണുകയാണ്. പക്ഷേ, എന്തൊരു പ്രകടനം! പ്രത്യേകിച്ച കേര്‍ളി (സോനാലി ഷര്‍മിഷ്ഠ), പൂര്‍ബ (അഞ്ജലി സത്യനാഥന്‍) എന്നീ ആദിവാസി സ്ത്രീകളെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍.
ഈ സിനമയേയും മിഷണറി പ്രവര്‍ത്തനമായാണ് വിലയിരുത്തപ്പെട്ടേക്കാം. ഇന്നും മാറ്റമില്ലാത്ത ഇന്ത്യയിലെ ആദിവാസികളുടെ ജീവിതത്തിനാണ് പക്ഷേ സിനിമ ഊന്നല്‍ നല്‍കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സിനിമയിലെ സംഭവങ്ങൾ നടക്കുന്നതെന്ന് ഓർക്കണം. ഒടുവില്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ ഊന്നല്‍ വെളിപ്പെടുത്തുന്ന സ്വാമിയച്ഛന്റെ സംഭാഷണം മാത്രമാണ് സിനിമയുടെ മിഷണറി സൂചന.. സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെടുന്നത് മിഷണറി പ്രവര്‍ത്തനത്തിന്റെ പേരില്‍ അല്ലല്ലോ. ആദിവാസി ഊരുകളില്‍ നടത്തിയ റെവല്യൂഷണറി പ്രവര്‍ത്തനത്തിന്റെ പേരിലാണല്ലോ.
ഞാന്‍ ശ്രദ്ധിച്ചൊരു കാര്യം, പില്‍ക്കാലത്ത് വാഴ്തപ്പെട്ടവളായി പ്രഖ്യാപിച്ച ഒരു കന്യാസ്ത്രീയുൂടെ ജീവിതം പറയുമ്പോഴും അതില്‍ മതം കടന്നു വരുന്നില്ലെന്നതാണ്. അവിടെ തിരക്കഥാകൃത്തിന് ഒരു സല്യൂട്ട് കൊടുക്കാവുന്നതാണ്.

ആദിവാസി ഊരുകളിലെ പ്രകൃതിയും മണ്ണും മനുഷ്യരേയും കണ്ണിനു ആനന്ദം നല്‍കും വിധമാണ് ക്യാമറാമാന്‍ മഹേഷ് പകര്‍ത്തിയിട്ടുള്ളത്. അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതം ശ്രദ്ധേയമാണ്. ഒരു ബയോപിക് എടുക്കുമ്പോള്‍ ഒട്ടും മുഷിച്ചിലുണ്ടാക്കാതെയാണ് എഡിറ്റര് രഞ്ജന്‍ എബ്രഹാം ചിത്രം വെട്ടിക്കൂട്ടിയിരിക്കുന്നത്.

You May Also Like

‘മൂന്നാംമുറയുടെ, ലാൽ ഇനീഷ്യൽ പവറിൻ്റെ 35 വർഷങ്ങൾ’, സോഷ്യൽ മീഡിയ പോസ്റ്റ്

‘മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 35 വർഷങ്ങൾ’ സഫീർ അഹമ്മദ് മോഹൻലാൽ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകൾക്കും…

ജൂലായ്‌ 29 മുതൽ കേരളത്തിലെ തിയേറ്ററുകൾ നിറഞ്ഞു കവിയുമെന്ന്

മനോജ്‌ റാംസിംഗ്. ജൂലായ്‌ 29 മുതൽ സീറ്റുകൾ നിറഞ്ഞു കവിയുന്ന സിനിമകളാൽ കേരളത്തിലെ തിയേറ്ററുകൾ മാറും…

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ – ന്യൂ പോസ്റ്റർ പുറത്തിറക്കി

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ – ന്യൂ പോസ്റ്റർ…

ഗര്ഭധാരണത്തിന് പ്രായം തനിക്കൊരു പ്രശ്നമല്ലായിരുന്നു

നാല്പത്തി എട്ടാം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായാതിന്റെ സന്തോഷത്തിലാണ് സുമാ ജയറാം. ആദ്യ മാസം തന്നെ ഉദരത്തിൽ…