രാഘവൻ
സ്വയംഭോഗം മുതൽ വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം വരെ തെറ്റാണെന്ന് പഠിപ്പിക്കുന്ന ദുഷിച്ച മതങ്ങൾ.ലൈംഗികത എന്നാൽ ഗാംഗ്-ബാംഗും ചങ്ങലയിൽ കൈകെട്ടിയിട്ടുള്ള ചാട്ടവാറടിയും അനൽസെക്സും മാത്രമാണെന്ന് മുൻധാരണയുള്ള വിവരശൂന്യർ.വിവാഹം എന്നത് വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന മാതാവിന് സൗജന്യമായി ഹോംനഴ്സിനെ സംഘടിപ്പിക്കുന്ന സൂത്രപ്പണിയാണെന്ന് കണ്ടെത്തിയ ബുദ്ധിരാക്ഷസന്മാർ.പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് പ്രായപൂർത്തിയായവരുടെ മൗലികാവകാശമാണെന്നും അറേഞ്ച്ഡ് മാര്യേജ് എന്നത് മക്കളെ റോബോട്ടുകളായി കാണുന്ന മാതാപിതാക്കളുടെ പ്രകൃതിവിരുദ്ധനടപടിയാണെന്നുമുള്ള ബോധ്യമില്ലാത്ത ദുരന്തങ്ങൾ.ഭാര്യയുടെ മുകളിൽ കയറി കിടന്ന് കട്ടില് കുലുക്കി മൃഗീയമായി അവളെ കീഴ്പ്പെടുത്തി സന്താനങ്ങളെ ഉൽപ്പാദിപ്പിക്കാനുള്ള മാർഗ്ഗമായി സെക്സിനെ മാറ്റിയെടുത്ത “ആൺകുതിര”കൾ.ലൈംഗിക വിദ്യാഭ്യാസവും പബ്ബുകളുമൊക്കെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കണ്ടപ്പോൾ ദുർഗന്ധം വമിക്കുന്ന ആർഷഭാരതസംസ്കാരം കമന്റുകൾ ഛർദിച്ചുവച്ച കുലസ്ത്രീ-പുരുഷൻമാർ.ലൈംഗികദാരിദ്ര്യവും ലൈംഗികഅജ്ഞതയും ലൈംഗികപാപ്പരത്തവും ബുദ്ധിവികാസമില്ലായ്മയും ആവശ്യത്തിലധികമുള്ള മലയാളിസമൂഹത്തിന്റെ തലയ്ക്കു മീതെ ചൂണ്ടിയ പ്രഹരശേഷിയുള്ള തോക്ക് തന്നെയാണ് ഈ സിനിമ…!
ഒരിടത്തെങ്കിലും കൈയൊതുക്കം നഷ്ടപ്പെട്ടിരുന്നുവെങ്കിൽ മെയിൽ ഷോവനിസ്റ്റുകളുടെ ആഘോഷമായോ, റേപ്പ് ജോക്കുകൾക്ക് ഇന്നും കയ്യടിക്കുന്ന പുരുഷകേസരികളുടെ ഉത്സവമായോ മാറുമായിരുന്ന സിനിമയെ പ്രമേയതീവ്രതയും ലക്ഷ്യബോധവും ചോരാതെ ഉദ്ദേശിച്ചത് തന്നെ കൊള്ളിക്കാൻ സംവിധായകനായ നിസാം ബഷീറിന് സാധിച്ചിരിക്കുന്നു.തള്ളുകളും വാഗ്ദാനങ്ങളും അവകാശവാദങ്ങളുമില്ലാതെ തിയേറ്ററിലെത്തിയ ഈ സിനിമ വിജയം അർഹിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരേയൊരു കാരണം ഇതിന്റെ നിലവാരമാണ്.ഹായ് ഐ ആം ടോണിയിലെ സമീറും അനുരാഗകരിക്കിൻ വെള്ളത്തിലെ അഭിയും കാറ്റിലെ നൂഹുക്കണ്ണും ഉയരെയിലെ ഗോവിന്ദുമൊക്കെ വെറും തുടക്കം മാത്രമായിരുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവച്ചൻ..!
ഇമേജിനും താരമൂല്യത്തിനുമൊപ്പം ഓടാതെ സിനിമയ്ക്ക് വേണ്ടി, കഥാപാത്രത്തിനുവേണ്ടി നിലകൊള്ളുന്ന ആസിഫ്അലി എന്ന മികച്ച നടനിൽനിന്ന് മലയാളസിനിമയ്ക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം.സുരാജ് വെഞ്ഞാറമൂടിനും സൗബിനും നിവിൻപോളിക്കുമൊപ്പം മലയാളസിനിമയിൽ ഈ വർഷം ഞെട്ടിച്ച നടന്മാരുടെ ലിസ്റ്റിലേക്ക് ആസിഫ്അലിയും തന്റെ പേര് ചേർക്കുന്നു.റിൻസിയായി വന്ന വീണ നന്ദകുമാർ, അമ്മച്ചിയായി വന്ന മനോഹരി ജോയ് എന്നിവർ ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്.അജി പീറ്ററിന്റെ തിരക്കഥ, അഭിലാഷ് ശങ്കറിന്റെ ക്യാമറ, നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗ് എന്നിവ മികച്ച നിലവാരം പുലർത്തിയപ്പോൾ വില്യം ഫ്രാൻസിസിന്റെ സംഗീതം ശരാശരിയായി അനുഭവപ്പെട്ടു.
മായാമോഹിനിയും ഇട്ടിമാണിയും മിസ്റ്റർ മരുമകനും കൈയ്യടിച്ചു വിജയിപ്പിച്ച കുടുംബപ്രേക്ഷകർ തീർച്ചയായും കുടുംബത്തോടൊപ്പം തന്നെ കണ്ടറിയേണ്ട സിനിമാനുഭവമാണ് കെട്ട്യോളാണ് എന്റെ മാലാഖ. നിലവാരമുള്ള സിറ്റുവേഷണൽ കോമഡികൾക്കൊപ്പം വിടരുന്ന ചിരിയും കേരളസമൂഹം അന്നും ഇന്നും ഒരുപോലെ ആവശ്യപ്പെടുന്ന പ്രമേയത്തോടൊപ്പം പടരുന്ന ചിന്തകളുമുള്ള ലക്ഷണമൊത്ത ഫാമിലി ഡ്രാമയാണ് കെട്ട്യോളാണ് എന്റെ മാലാഖ.
റേറ്റിംഗ് : 3.5/5
വാല് : ടൈറ്റിൽ എഴുതി കാണിക്കുന്ന ഉടനെ എഴുന്നേൽക്കാതെ അവസാനത്തെ ഗാനം കൂടി കണ്ടതിനുശേഷം മാത്രം തിയേറ്റർ വിടാൻ ശ്രദ്ധിക്കുക.